ആന പാപ്പാനെ ആവശ്യം ഉണ്ട്

''ആനപാപ്പാനെ ആവിശ്യമുണ്ട്... യോഗ്യത പത്താംക്ലാസ് പാസ്സ്...''

പത്രത്തിലെ ആ വാർത്ത കണ്ടതും എന്നിലൊരു ചിരി വിടർന്നു....

'ആനയുടെ തൊഴിയേറ്റു ചാവുന്നതിനെന്തിനാ യോഗ്യതയൊക്കെ....' എന്ന് പുച്ഛത്തോടെ മനസ്സിൽ പറഞ്ഞുകൊണ്ടായിരുന്നു, ബികോം ഉയർന്ന മാർക്കോടെ പാസായ ഞാൻ എനിക്ക് യോജിച്ച ജോലിയൊഴിവുകൾ തിരഞ്ഞത്...,

പക്ഷെ ഒടുവിൽ ഞാൻ ആ യാഥാർഥ്യം മനസ്സിലാക്കുകയായിരുന്നു.....

ഒരു പ്രമുഖ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ജോലിക്കാരനു നൽകുന്നതിന്റെ ഇരട്ടി ശമ്പളമായിരുന്നു ആ ആനപാപ്പാന് വേണ്ടി അവർ വാഗ്ദാനമായി നൽകിയിരുന്നത്...

പത്രം മാറ്റി ഞാൻ ചുമരിൽ തൂക്കിയിട്ടിരുന്ന അച്ഛന്റെ മാലയിട്ട ചിത്രത്തിലേക്ക് ഒന്ന് പാളി നോക്കി....

അതെ... അച്ഛൻ എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുകയാണ്...

പണ്ട്, ആനപ്പാപ്പാന്റെ മകനെന്ന് പലരും വിളിച്ചു കളിയാക്കിയപ്പോൾ, ആ ദേഷ്യത്തിൽ പല ആവർത്തി അച്ഛനോട് കയർത്തു സംസാരിക്കുമ്പോഴെല്ലാം അച്ഛൻ പറയുമായിരുന്നു....

''ആനപാപ്പാൻ എന്നതും മഹത്വമുള്ള ഒരു തൊഴിൽ തന്നെയാണ്...''

പക്ഷെ അതിനിത്രയും മഹത്വമേറുമെന്നു ഞാൻ അറിഞ്ഞില്ല അച്ഛാ...

പത്രത്തിലെ ആ പരസ്യത്തിലെ തുക കണ്ടു ഒരു നെടുവീർപ്പോടെ എന്റെ മനസ്സ് പറയുമ്പോൾ ഉള്ളിലിരുന്നെന്റെ മനസാക്ഷി കുറ്റപ്പെടുത്തി...

നല്ലൊരു ആനപാപ്പാൻ ആക്കി എന്നെ വളർത്തിയെടുക്കണമെന്നാശിച്ച അച്ഛന്റെ ആ വാക്കുകളെ തള്ളി കളഞ്ഞതിൽ....

പത്രവും മടക്കിവെച്ചു അകത്തേക്ക് നടക്കാനൊരുങ്ങവേ, ചുമരിൽ അച്ഛന്റെ ചിത്രത്തിനരികെ തറച്ചു വെച്ചിരുന്ന അച്ഛനേറേ സ്നേഹിച്ചിരുന്ന കുട്ടിശങ്കരന്റെ തോട്ടി, ആണിയിൽ നിന്നും ഇളകി താഴെ വീണു...

'ഒരു കാറ്റുപോലുമില്ലാതെ ഇതെങ്ങനെ വീണു' എന്ന സംശയത്തോടെ ഞാൻ അത് കയ്യിലെടുത്തു.... തിരികെ വീണ്ടുമത് ചുമരിൽ ഉറപ്പിക്കുമ്പോഴെപ്പോഴോ എന്റെയും അച്ഛന്റെയും കണ്ണുകൾ തമ്മിൽ കൂട്ടിയുടക്കി...

ആ കണ്ണുകൾ എന്നോട് പറയുന്നതുപോലെ...

''ഇതൊരു തുടക്കമാകട്ടെ''...

മുറ്റത്തെ ആഞ്ഞിലി മരത്തിൽ പതിവില്ലാതെ കിളികളുടെ കളകളാരവം മുഴങ്ങി.... അവരുമെന്നോട് പറയുന്നതുപോലെ...

''ഇതൊരു തുടക്കമാകട്ടെ''...

ഒരു ചെറു പുഞ്ചിരിയോടെ മീശയും പിരിച്ചുവെച്ചുകൊണ്ട് ഞാൻ ആ പത്രം വീണ്ടും കയ്യിലെടുത്തു....

ആനപാപ്പാനെ ആവശ്യമുണ്ടെന്നറിയിച്ച ആ വലിയ പ്രമാണിയുടെ അഡ്രസ്സ് മനഃപാഠമാക്കി, അച്ഛനെയും കുട്ടിശങ്കരന്റെ തോട്ടിയെയും തൊട്ടു നെറുകയിൽ വെച്ചനുഗ്രഹം വാങ്ങി, ഞാൻ ആ പുതിയ തുടക്കത്തിനായുള്ള യാത്ര തിരിച്ചു...

അടഞ്ഞുകിടക്കുന്ന വലിയൊരു പടിപ്പുര വാതിലിനു മുൻപിലായി എന്റെ ആ യാത്ര ചെന്നവസാനിക്കുമ്പോൾ, ചുമരിൽ എഴുതിവെച്ചിരുന്ന ആ പേരിലേക്ക് ഞാൻ നോക്കി...

'പ്രിയ മന്ദിർ'

അതെ... ഇത് തന്നെ വീട്....

വാതിലിനരികിലായി തൂക്കിയിട്ടിരുന്ന മണിയിൽ പതുക്കെ തൊട്ടതേയുള്ളൂവെങ്കിലും അതിന്റെ ശബ്ദം വലിയൊരു മുഴക്കത്തോടെ കാതുകളിൽ തുളച്ചു കയറി....

വാതിൽ തുറന്നു വന്ന കാര്യസ്ഥൻ എന്നെ അടിമുടിയൊന്നു നോക്കി, ആളെ തിരിച്ചറിയാത്ത വിധം മുഖം ചുളിച്ചു....

''പാപ്പാനെ ആവിശ്യമുണ്ടെന്നറിഞ്ഞു വന്നതാണ്...''

മടക്കി കുത്തിയിരുന്ന മുണ്ടിന്റെ തലപ്പഴിച്ചു എളിയ ഭാവത്തിൽ ഒരു പുഞ്ചിരിയോടെ ഞാൻ പറയുമ്പോഴും, അയാൾ എന്നെ അടിമുടി നോക്കുകയായിരുന്നു....

ഒടുവിൽ അകത്തേക്ക് കടക്കുവാനായി അയാൾ കൈകൊണ്ടു നിർദേശമേകുമ്പോൾ വലതുകാൽ വച്ച് ഞാൻ ആ പടിപ്പുര വാതിൽ കടന്നു....

പുതുക്കി പണിത ആ പഴയ തറവാടിന്റെ ഉമ്മറത്ത് കൂടി നിൽക്കുന്നവരെ കണ്ടപ്പോൾ ഞാൻ അതിശയിച്ചു....

'വെറുമൊരു ആനപാപ്പാനായി വന്ന എനിക്ക് വേണ്ടിയോ ഈ സ്വീകരണം'!!!

അരികിലെ മേശപുറത്തുനിന്നും ഒരു പേപ്പറും പേനയുമെടുത്തു അയാൾ എനിക്ക് നേരെ നീട്ടി...

മിഴിച്ചുകൊണ്ടു ഞാൻ ആ പേപ്പറിലേക്കും അയാളെയും മാറി മാറി നോക്കി...

''ഇത് പൂരിപ്പിച്ചതിനു ശേഷം ദാ ആ കാണുന്ന വരിയിൽ നിന്നോളൂ....''

''അപ്പൊ അവരെല്ലാം??"

കൂടി നിക്കണവരെ നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു....

എന്റെ ആ സംശയത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു അയാളുടെ മറുപടി...

''അതെ... തന്നെപോലെ ആനപാപ്പാനാകാൻ വന്നവർ തന്നെ....''

വായിലെ മുറുക്കാൻ കാർക്കിച്ചു തുപ്പികൊണ്ട് അയാൾ അകത്തേക്ക് നടന്നു....

''ആനപാപ്പാനാകാനും മത്സരമോ?? ശരിയാണ്.. ഇത്ര വലിയ ശമ്പളവും, ഒപ്പം താമസവും ഭക്ഷണവും വേറെ എവിടെ കിട്ടും... വെറുതെയല്ല ചുരുങ്ങിയത് പത്താംക്ലാസ് യോഗ്യത വേണമെന്ന് നിബന്ധന വെച്ചത്...  "

കൂടിനിൽക്കുന്നവരെ നോക്കി പിറുപിറുത്തുകൊണ്ട് അപേക്ഷയും പൂരിപ്പിച്ചു പ്രതീക്ഷയോടെ ഞാൻ ആ നീണ്ട വരിയിൽ കാത്തു നിൽക്കുമ്പോഴാണ് ആ വിളി ഒരിക്കൽ കൂടി എന്റെ കാതുകളിൽ മുഴങ്ങിയത്...

''ആനപാപ്പാന്റെ മോനെ....''

തിരിഞ്ഞു നോക്കിയതും എന്റെ ചുണ്ടുകൾ ഞാനറിയാതെ മന്ത്രിച്ചു...

''പ്രിയ''...

പ്രമാണിയായ അച്ഛന്റെ മകളായി പിറന്നതിൽ, പണത്തിന്റെയും തൊലിവെളുപ്പിന്റെയും അഹങ്കാരത്തിൽ, കലാലയ മുറ്റത്തു തലയുയർത്തി പിടിച്ചു നടന്നിരുന്ന അവളെ, ബഹുമാനത്തോടെ ഏവരും നോക്കിയപ്പോൾ, അന്ന് ഞാൻ മാത്രം അവൾക്ക് നേരെ പുച്ഛം വാരിയിതറി....

ആ വാശിയിൽ അവളായിരുന്നു ആദ്യമായെന്നെ ആനപ്പാപ്പാന്റെ മകനെന്നു കളിയാക്കി വിളിച്ചത്.... പിന്നീട് അവൾക്കൊപ്പം ചേർന്ന് ആ കലാലയം ഒന്നടങ്കം എന്നെ ഓരോ നിമിഷവും കളിയാക്കികൊണ്ടിരുന്നു..... ഇന്നിപ്പോൾ ഇവിടെയും...

''തോട്ടിയും വടിയുമില്ലാതെയാണോ പാപ്പാനാകാൻ വന്നിരിക്കുന്നത്??''

കളിയാക്കിക്കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ ഞാൻ ചുറ്റുമുള്ളവരെ നോക്കി....

എല്ലാവരുടെയും പക്കൽ ഞാൻ കാണുന്നുണ്ടായിരുന്നു... ആനയെ നിയന്ത്രിക്കാനുള്ള ആയുധങ്ങൾ....

''ബലരാമന് ഇന്നൊരു ഇരയായി...''

പുച്ഛത്തോടെ പറഞ്ഞുകൊണ്ടവൾ അകത്തേക്ക് നടന്നകലുമ്പോൾ, കൂടി നിന്നവരെല്ലാം അട്ടഹസിച്ചു....

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതുകൊണ്ടാകണം ആ അട്ടഹസങ്ങൾക്ക് നടുവിലും പ്രതീക്ഷയോടെ ഞാൻ കാത്തു നിന്നു...

തോട്ടിയും വടിയുമായി പോയവർ പോലും ബലരാമന്റെ ആക്രമണത്തിന് വിധേയരായെന്നറിഞ്ഞപ്പോൾ, അതുവരെയില്ലാതിരുന്ന ഒരു ഭയം കാലിലൂടെ അരിച്ചു കയറുന്നതുപോലെ....

എന്റെ ഊഴമെടുക്കും തോറും ആ ഭയം എന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തിയിരുന്നു....

ഒടുവിൽ എന്റെ ഊഴമെത്തി...

ആയുധങ്ങളേതുമില്ലാതെ കടന്നുവരുന്ന എന്നെ കണ്ടിട്ടാകണം, മുതലാളിയും കാര്യസ്ഥനും, ഒന്നാം പാപ്പാനും എന്നെ മിഴിച്ചു നോക്കി...

പൂരിപ്പിച്ച അപേക്ഷ കാര്യസ്ഥന്റെ കൈകളിൽ നൽകി, അച്ഛന്റെ പ്രായമുള്ള ആ ഒന്നാം പാപ്പാന്റെ കാൽ തൊട്ടു വഴങ്ങി ഞാൻ ബലരാമനെ നോക്കി....

മുണ്ടിന്റെ തലപ്പ് മടക്കികുത്തിക്കൊണ്ടു ഞാൻ അവനരികിലേക്ക് നടന്നകലുമ്പോൾ പണ്ട്, അച്ഛൻ പറഞ്ഞു പഠിപ്പിച്ച ബാലപാഠങ്ങൾ ഓരോന്നായി കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു....

'ആനയെ മെരുക്കാനൊരുങ്ങുമ്പോൾ,, ആദ്യമവന്റെ വാലിലേക്ക് നോക്കണം... ഇടത്തോട്ടും വലത്തോട്ടുമായി ആടിക്കളിക്കുന്ന വാൽ, അവൻ കുപിതനല്ല എന്നതിന്റെ ലക്ഷണമാണ്...

അതുറപ്പാക്കിയാൽ അവന്റെ ഇടതു ഭാഗത്തുകൂടി അവനരികിലേക്ക് നടന്നടുക്കണം... എന്നിട്ടവന്റെ കണ്ണുകളിൽ നോക്കി, കൈകളുയർത്തി പതറാതെ പറയണം....'

''വലത്തോട്ട് നിക്കാനേ...''

മനസ്സിൽ മുഴങ്ങിയ അച്ഛന്റെ വാക്കുകൾക്കൊപ്പം എന്റെ ശബ്ദവുമുയർന്നപ്പോൾ  ആ തറവാടിന്റെ മുക്കിലും മൂലയിലും വരെ അത് പ്രധിധ്വനിച്ചുകൊണ്ടേയിരുന്നു....

മൂകമായ ആ അന്തരീക്ഷത്തിൽ ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ കേൾക്കുന്നുണ്ടായിരുന്നു... ഒരു ചങ്ങല കിലുക്കം....

അതെ... ഉയർന്നുപൊങ്ങിയ എന്റെ ആ ആജ്ഞാപനത്തിൽ അനുസരണയുള്ള കുട്ടിയെ പോലെ ബലരാമൻ വലത്തേക്ക് നീങ്ങിനിൽക്കുമ്പോൾ, കണ്ടു നിന്നിരുന്ന കുട്ടികൾ കൈകൊട്ടി തുള്ളിച്ചാടുന്നുണ്ടായിരുന്നു....

'ഇനി അവന്റെ തുമ്പിയിൽ ഒന്ന് തഴുകണം... ആ തഴുകൾ ചെന്നവസാനിക്കേണ്ടത് അവന്റെ കൊമ്പിന്റെ തുഞ്ചത്തായിരിക്കണം.... അതിൽ കൈയുറപ്പിച്ചു നിൽക്കുമ്പോൾ, ഏത് കൊമ്പനും അടക്കം പാലിക്കും...'

നഷ്ട്ടപെട്ടു പോയ ഊർജ്ജം വീണ്ടെടുത്ത്, അച്ഛൻ പറഞ്ഞതുപോലെ, ബലരാമന്റെ തുമ്പിയിൽ ഉഴിഞ്ഞുകൊണ്ടു, പതിയെ ആ കൊമ്പിന്റെ തുഞ്ചത്തു കൈയുറപ്പിച്ചു.

ഇരു ചെവികളും വീശിയടിച്ചു, തുമ്പിക്കൈ മണ്ണിലുരസി, ഒരു പിഞ്ചുകുഞ്ഞിനെപോലെയവൻ കുണുങ്ങി നിൽക്കുമ്പോൾ, അച്ഛൻ പറഞ്ഞതുപോലെ അതൊരു തുടക്കമായിരുന്നു.... ഞാനെന്ന ആനപാപ്പാന്റെ പിറവി...

''കൊലകൊല്ലികളായ കൊമ്പന്മാരെ പോലും വരച്ച വരയിൽ നിർത്തിയിരുന്ന ഒരച്ഛന്റെ മകനല്ലേ... ഇങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളു....''

പൂരിപ്പിച്ചു നൽകിയ അപേക്ഷയിൽ നിന്നും അച്ഛനെ തിരിച്ചറിഞ്ഞ ഒന്നാം പാപ്പാൻ എന്റെ തോളിൽ തട്ടി അഭിമാനത്തോടെ പറയുമ്പോൾ ഞാൻ അറിയുകയായിരുന്നു... അച്ഛനെന്ന ആനപാപ്പാന്റെ മഹത്വത്തെ പറ്റി...

തലയുയർത്തിപ്പിടിച്ചുകൊണ്ടു തന്നെ ആ പടി വിട്ടിറങ്ങുമ്പോൾ, പുറകിൽ നിന്നും അവളെന്നെ നീട്ടി വിളിച്ചു...

''ആനപാപ്പാനേ''....

പക്ഷെ ആ വിളിക്കിപ്പോൾ കളിയാക്കലിന്റെ സ്വരമില്ല... പകരം ബഹുമാനമായിരുന്നു.. കാരണം എന്നെപോലെ അവളും അറിഞ്ഞിരിക്കുന്നു....

ആനപാപ്പാൻ എന്നതും മഹത്വമുള്ള ഒന്നാണെന്ന്...

Saranprakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്