നവ വധു

#നവവധു

"നവവധുവിന്റെ വേഷത്തിൽ ഞാൻ അണിഞ്ഞൊരുങ്ങി കതിർമണ്ഡപത്തിലേക്കു വലതുകാൽവെച്ചു കയറി. ഒരുനിമിഷം മുഖം കുനിച്ചു.പതിയെ ധൈര്യം സംഭരിച്ച് കല്യാണം കൂടാനെത്തിയവരെയൊന്നു നോക്കി...

ഞാൻ മനസിൽ കരുതിയ രൂപത്തെ അവിടെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല.നവവരൻ സന്തോഷവാനായിരിക്കുന്നു.ഞാനെന്റെ അച്ഛനെയൊന്നു നോക്കി....

എന്റെ അച്ഛന്റെ പ്രക്ഷുബ്ദമായ മനസ്സ് ഞാനാമുഖത്ത് കണ്ടു." മോളേ അരുത്.അച്ഛനെ നീയെപ്പോഴും ഓർക്കണമെന്നൊരു മുന്നറിയിപ്പ് ആ മിഴികളിൽ തെളിഞ്ഞിരുന്നു.....

എന്റെ മനസ്സിൽ തലേദിവസത്തെ സംഭവങ്ങൾ മിന്നി മറഞ്ഞു...

"എടീ അസത്തേ ഇരുപത്തി മൂന്നു വർഷക്കാലം പോറ്റിക്കൊണ്ടു നടന്ന ഞങ്ങളെ മറന്ന് നീ അവനോടൊപ്പം പോകാൻ തീരുമാനിച്ചെങ്കിൽ എന്റെ ശവത്തിൽ ചവുട്ടിയായിരിക്കും..."

അമ്മയുടെ കരച്ചിലിനൊപ്പം നിലവിളിയും ഉയർന്നു.അച്ഛൻ മാത്രം ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു.ഞാൻ പതിയെ അച്ഛനരുകിലേക്ക് നടന്നു...

"എന്നോട് ക്ഷമിക്കണമച്ഛാ.നേരത്തെ ഞാനിതു തുറന്നു പറയണമായിരുന്നു.അവനെ മറക്കാൻ എനിക്ക് കഴിയുന്നില്ല..."

അച്ഛൻ പതിയെ തലയുയർത്തി.പുറമേ കരയുന്നില്ലെങ്കിലും ഉള്ളിന്റെയുള്ളിലെ സങ്കടക്കടൽ ഞാനറിഞ്ഞു....

"മോൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക..

അച്ഛന്റെ കാലിൽ തൊട്ടുവണങ്ങി ഉടുത്തിരുന്ന തുണിയുമായി ഞാൻ കാമുകന്റെ വീട്ടിലെത്തി. കതകിൽ മുട്ടാൻ തുടങ്ങിയപ്പോൾ അകത്തു നിന്നും അവന്റെ ശബ്ദം ഉയർന്നു...

" അമ്മയെന്താ പറയുന്നത് അവളെ സ്നേഹിച്ചുവെന്ന് കരുതി കല്യാണം കഴിക്കാൻ പറ്റുമോ.എനിക്ക് നല്ലൊരു ഗവണ്മെന്റ് ജോലിയുണ്ട്‌.താമസിക്കാൻ അത്യാവശ്യ ചുറ്റുപാടും. അവൾക് പത്തു ക്ലാസ് വിദ്യാഭ്യാസം പോലുമില്ല.സ്ത്രീധനം പോലും പ്രതീക്ഷിക്കണ്ട.അവൾക്ക് താഴെ രണ്ടു ഇളയ അനിയത്തിമാർ.വിവാഹം കഴിച്ചാൽ അവരുടെ ബാദ്ധ്യതകൂടി ഞാൻ ഏറ്റെടുക്കണ്ടി വരും..."

"മോനേ ഒരുസാധു പെണ്ണിന്റെ ശാപം വീണാൽ നമ്മുടെ കുടുംബം മുടിയും അത് മറക്കരുത്.നിനക്കും ഒരു അനിയത്തിയുളളത് മറക്കരുത്...

കാമുകന്റെ അമ്മയുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു...

" അമ്മ അമ്മയുടെ കാര്യം നോക്ക്.കൂടെ ജോലി ചെയ്യുന്ന സമ്പന്നക്ക് എന്നെയിഷ്ടമാണ്.അമ്മ ഞങ്ങളുടെ വിവാഹം നടത്താൻ നോക്ക്..."

പിന്നെയെനിക്ക് ഒന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.ഞാനാ വാതിലിൽ ആഞ്ഞുമുട്ടി.കതകു തുറന്നു എന്നെ കണ്ടതും അവരൊന്നു ഞെട്ടി...

"സ്നേഹിച്ചവനെ തിരക്കി സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു വന്നയെനിക്ക് തെറ്റി.ഒരുവാക്ക് നീ പറഞ്ഞിരുന്നെങ്കിൽ സന്തോഷമായി ഞാനൊഴിഞ്ഞു തരുമായിരുന്നു.അല്ലെങ്കിലും ചിലർക്കിതൊക്കെ ഒരു ടൈംപാസ് മാത്രം. ഇപ്പോൾ വന്നതിനാൽ നിന്റെ തനിനിറം മനസിലായി. എന്റെ വീട്ടുകാരുടെ അടുത്തേക്ക് ഞാനിനി ചെല്ലില്ല....."

അതു പറഞ്ഞു തീരുമ്പഴേക്കും ഞാൻ കരഞ്ഞു പോയി.പിന്നെയൊന്നും ചിന്തിക്കാതെ പിന്തിരിഞ്ഞു നടന്നു....

ഇനി ആത്മഹത്യയെന്ന് ചിന്തിക്കുമ്പോൾ തൊട്ടുമുമ്പിൽ എനിക്കായി നീട്ടിയ വാത്സല്യക്കടലായി എന്റെയച്ചൻ.മറുത്തൊന്നും ചിന്തിക്കാതെ ഞാൻ സുരക്ഷിതമണ്ഡലത്തിൽ അമർന്നു...

"അച്ഛ" എന്നു വിളിച്ചെങ്കിലും ഗദ്ഗദങ്ങളാൽ വാക്കുകൾ കണ്ഠത്തിലമർന്നു പോയി...

വീടണയുംവരെ അച്ഛനൊന്നും ശബ്ദിച്ചില്ല.വഴക്കു പറയാനെത്തിയമ്മ അച്ഛൻ ചൂണ്ടുവിരൽ വായോട് ചേർത്തു പിടിച്ചതുകണ്ട് ഒരക്ഷരം ശബ്ദിച്ചില്ല...

"എന്റെ മോൾ ചെന്നു കിടക്ക് കുറച്ചു നേരം.ബാക്കി പിന്നെ സംസാരിക്കാം..."

എന്നെ പറഞ്ഞയുക്കുമ്പോൾ അച്ഛൻ അമ്മയോട്  പറയുന്നത് ഞാൻ കേട്ടു..

"ഇങ്ങനെയൊരു സംഭവം നടന്നത് പുറത്തറിയരുത്.അറിഞ്ഞാൽ മോളുടെ ജീവിതത്തെ ബാധിക്കും..."

കുറച്ചു മണിക്കൂറുകൾക്കു ശേഷം അച്ഛനെന്റെ അരികിലെത്തിയത് ഞാനറിഞ്ഞു.എന്നിട്ടും അടച്ചു പിടിച്ച മിഴികൾ ഞാൻ ഇറുക്കിത്തന്നെ പിടിച്ചു...

നെറ്റിയിൽ ചന്ദനക്കുളിൽ സ്പരശമായൊരു തലോടൽ.മനസിനു എന്തെന്നില്ലാത്ത ആശ്വാസം. രണ്ടു മിഴിനീർത്തുള്ളികൾ അടർന്നു വീണു നെറ്റിയിൽ വീണു....

"എന്റെയച്ഛൻ കരയുന്നു..." എന്റെ ഉടലാകെ ഞെട്ടി വിറച്ചു.പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്ന് അച്ഛനെ ആലിംഗനം ചെയ്തു ഞാൻ വിതുമ്പി...

"ഞാൻ കാരണം അച്ഛൻ കരയുന്നു.എന്നോട് ക്ഷമിക്കച്ഛാ..."

"അച്ഛൻ കരഞ്ഞതല്ല മോളേ കണ്ണിലെന്തോ വീണതാണ്...."

എനിക്കറിയാം അതല്ല സത്യമെന്ന്.മകളെ ആശ്വസിപ്പിക്കാനാണു അപ്പഴും അച്ഛന്റെ ശ്രമം മുഴുവനും...

"മോൾ കഴിഞ്ഞതെല്ലാം മറക്കണം.നാളെ മുതൽ പുതിയൊരു ജീവിതം ആരംഭിക്കുകയാണ്.മോളായിട്ടിനി ആ പയ്യനെ കരയിക്കരുത്.നല്ലൊരു കുടുംബിനിയായി നീ ജീവിക്കണം.മക്കൾ നല്ലവരെന്ന് മറ്റുള്ളവർ പറയുമ്പഴാ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിനു പൂർണ്ണമായൊരു ഫലം ലഭിക്കുന്നത്..."

"അച്ഛന്റെ മകളിനി കരയില്ല.വിഷമിപ്പിക്കില്ല.അച്ഛനും അമ്മക്കും എന്നും നല്ലതെന്ന് പറയിക്കാൻ ശ്രമിക്കും..."

"മതി മോളിനി ഉറങ്ങിക്കൊ...."

അച്ഛൻ പോയതിനു ശേഷം ഞാൻ കുറച്ചു നേരം കരഞ്ഞു.ദൃഢമായൊരു പ്രതിജ്ഞയും എടുത്തു...

"ഇല്ല ..അവൻ വന്നട്ടില്ല.നന്നായി..."

ഞാൻ മനസ്സിൽ കരുതി..

വരൻ ചാർത്തിയ താലിമാല കഴുത്തിലേറിയപ്പോൾ മുതൽ ഞാനൊരു പുതിയ പെണ്ണായി മാറി.സിന്ദൂരം നിറുകിയിൽ അദ്ദേഹം ചാർത്തിയപ്പോൾ ഞാൻ സീമന്തിനിയായി.എന്റെ കരങ്ങൾ ഗ്രഹിച്ച് കതിർമണ്ഡപം ചുറ്റിയപ്പോൾ അദ്ദേഹത്തെ അനുസരിക്കുന്നയൊരു ഭാര്യയായി മാറി....

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ഞങ്ങളേറ്റു വാങ്ങി നല്ലൊരു മക്കളായി.യാത്ര പറയാൻ നേരം അറിയാമായിരുന്നെങ്കിലും സ്വയം മറന്നു പൊട്ടിക്കരഞ്ഞു പോയി...

കാറിലിരുന്നു വിതുമ്പി കൊണ്ടിരുന്നപ്പോൾ ഏട്ടൻ ചെവിയിൽ മന്ത്രിച്ചു...

"മതി ഇയാൾ കരഞ്ഞത്.അച്ഛൻ ഇന്നലെ തന്നെ എല്ലാം വിളിച്ചു പറഞ്ഞിരുന്നു. മോനു ഇഷ്ടമുള്ളത് ചെയ്യാമെന്ന്. ഒരുപാട് ചിന്തിച്ചു ഞാൻ. നാളെ ഞാനും ഒരച്ഛനാകും.ചിലപ്പോൾ എന്റെ മകൾക്കിത് സംഭവിക്കുന്നെങ്കിൽ ഞാനും ഇങ്ങനെ ആയിരിക്കും ചിന്തിക്കുന്നത്.നല്ലൊരു മനുഷ്യനെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിക്കളയാൻ എനിക്ക് കഴിയില്ല...."

ആ വാക്കുകൾ എന്റെയുള്ളിൽ ഒരുകുളിർമഴയായി പെയ്തിറങ്ങി...

എന്നെയദ്ദേഹം ആശ്വസിപ്പിക്കുന്നതു പോലെ ആ വിരലുകൾ എന്റെ കരങ്ങളെ ചേർത്തു പിടിച്ചു...

എല്ലാം മറച്ചുവെച്ചാലും മറ്റൊരാൾ വഴി ഏട്ടൻ അറിയുന്നതിനെക്കാൾ നല്ലത് ഇതാണ്...

എന്റെ അച്ഛൻ എന്റെ മനസ്സറിഞ്ഞ് എല്ലാം ചിന്തിച്ചു ചെയ്തിരിക്കുന്നു...

"അതേ അച്ഛനല്ലാതെ മറ്റൊരാൾക്കിങ്ങനെയൊന്നും പക്വതയോടെ   ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയില്ല..."

എന്റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു......

(Copyright protect)

A story by സുധീ മുട്ടം

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്