Kissakal

പാവാടയിൽ നിന്നും ചുരിദാറിലേക്ക് മാറിയ ആ കാലം.... അന്ന്, തൂവെള്ളയും കടുംനീല നിറത്തിലുള്ള യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ പടികേറി ചെല്ലുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു.... ഒരുപക്ഷെ അന്നത്തെ ചിന്താഗതിയിൽ ഞങ്ങൾ പെൺകുട്ടികൾക്ക് പാവാടയിൽ നിന്നും ആ ചുരിദാർ യൂണിഫോമിലേക്കുള്ള മാറ്റമായിരുന്നു പ്രായത്തിന്റെയും പക്വതയുടെയും പ്രതീകം....

ആ ചുരിദാർ യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ വാതിൽ കടന്നു അകത്തേക്ക് കയറുമ്പോൾ ഞങ്ങളെ വരവേൽക്കാൻ അവിടെ അവനുമുണ്ടായിരുന്നു.... എട്ടാം ക്ലാസ്സിൽ മൂന്നുവർഷം തോറ്റു തൊപ്പിയിട്ട ആ പൊടിമീശക്കാരൻ ജിനു...

പക്ഷേ തോറ്റു തുന്നം പാടിയതിന്റെ ഒരു ജ്യാളതയും അവന്റെ മുഖത്തു നിഴലിച്ചിരുന്നില്ല... പകരം പെൻസിൽ കൊണ്ട് കറുപ്പിച്ച ആ പൊടിമീശ പിരിച്ചുവെച്ചുകൊണ്ടവൻ മുഖത്തെപ്പോഴും രൗദ്ര ഭാവം വരുത്തിക്കൊണ്ടേയിരുന്നു....

ഒപ്പം അവന്റെ തോൽവിയെ പരിഹസിച്ചിരുന്നവരുടെ മൂക്കിൽ നിന്നും അവന്റെ കൈകളാൽ ചോര തുള്ളികൾ പൊടിഞ്ഞതോടെ ആ സ്കൂൾ അങ്കണത്തെ പൂച്ചട്ടികൾ പോലും അവനെ ഭയന്നുതുടങ്ങി...

അന്ന് ആദ്യമായി ഞാൻ അവനെ വിശേഷിപ്പിച്ചു...... തെമ്മാടിയെന്നു.... വീശിയടിച്ച ഒരു കൊടുങ്കാറ്റുപോലെ ആ വിശേഷണം അവിടെയാകെ പരന്നു... ആ പേരിനെ ഊട്ടിഉറപ്പിച്ചുകൊണ്ടു ദിനവും അവന്റെ ഗുണ്ടായിസങ്ങൾ തുടർന്നുകൊണ്ടേയിരുന്നു... ഒടുവിൽ ജിനുവെന്ന അവന്റെ യഥാർത്ഥ പേര് പലരും മറന്നുതുടങ്ങി.....

''ഡാ തെമ്മാടി....''

ക്ലാസ്സെടുക്കാൻ വരുന്ന അദ്ധ്യാപകർ പോലും പലപ്പോഴും അവനെ പരിഹസിക്കുമ്പോൾ, ഒരിക്കൽ പോലും അവൻ അതിനെതിരെ പ്രതികരിച്ചില്ല.. പകരം അനുസരണയുള്ള കുട്ടിയായി അവൻ ആ വിളി കേൾക്കുമായിരുന്നു....

പരിഹാസത്തിൽ തുടങ്ങി സ്നേഹത്തോടെയുള്ള അദ്ധ്യാപകരുടെ ശാസനകളിൽ തല താഴ്ത്തി നിൽക്കുന്ന ജിനുവിനെ കാണുമ്പോൾ പലപ്പോഴും ഞങ്ങൾ കരുതിയിട്ടുണ്ട്... അവനിൽ ഇനിയൊരു മാറ്റമുണ്ടാകുമെന്ന്.... പക്ഷേ.....

ശാസനയും ഉപദേശവും നൽകി അവർ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ആ ദിവസം അവനെതിരെ പരാതി കൊടുത്തവന്റെ മൂക്കിൽ നിന്നും ചോര തുള്ളികൾ പൊടിഞ്ഞിരിക്കും....

അതുകൊണ്ടു തന്നെ അവനെതിരെ ശബ്ദമുയർത്താൻ പിന്നീടാരുടേയും നാവുയർന്നില്ല....

''ജിനു നരേന്ദ്രൻ....''

അന്ന് പുതുതായി വന്ന മാഷ് ഹാജർ പുസ്തകത്തിൽ നോക്കി ആ പേര് വിളിച്ചപ്പോൾ ഒരു നിമിഷത്തേക്ക്  ക്ലാസ് ഒന്നടങ്കം നിശബ്ദമായി....

ഒരുപക്ഷേ കാലങ്ങൾക്ക് ശേഷം ആദ്യമായിട്ടാകണം ഒരാൾ അവന്റെ പേര് വിളിക്കുന്നത്.... അതുകൊണ്ടു തന്നെ ഞങ്ങളിലുണ്ടായ അതേ അമ്പരപ്പ് അവന്റെ മുഖത്തും നിഴലിച്ചിരുന്നു....

''ഇന്ന് മുതൽ ഇനി നീയാണ് ഈ ക്ലാസ്സിലെ ലീഡർ...''

ജിനുവിനെ നോക്കി മാഷ് പറയുമ്പോൾ ക്ലാസ്സിലുള്ളവർ പരസ്പരം മുഖത്തോടു മുഖം നോക്കി....

''കള്ളന്റെ കയ്യിൽ തന്നെ വേണം താക്കോൽ കൊടുക്കാൻ'' എന്ന് മുൻബെഞ്ചിലെ പഠിപ്പിസ്റ്റുകൾ പിറുപിറുത്തുവെങ്കിലും മൂക്കിനോടുള്ള സ്നേഹം കൊണ്ടാകാം എല്ലാവരും മാഷിന്റെ ആ തീരുമാനത്തെ കയ്യടിച്ചു പാസാക്കി....

അന്നുമുതൽ ജിനുവായിരുന്നു മാഷിന്റെ വലം കൈ.... ക്ലാസ്സെടുക്കുമ്പോൾ ഉറക്കത്തെ കൂട്ടുപിടിച്ചിരുന്ന ആ തെമ്മാടി, അന്നുമുതൽ മാഷ് ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കുവാനുള്ള ശ്രമത്തിലായിരുന്നു....

പക്ഷേ പുസ്തകകെട്ടുകളെ തലയിണകളായി മാത്രം കണ്ടിരുന്ന അവനു, ആ ലീഡർ പദവി കുരങ്ങന്റെ കയ്യിൽ കൊടുത്ത പൂമാലയാണെന്നു ഞങ്ങളെല്ലാവരും വിശേഷിപ്പിച്ചു.... അല്ലെങ്കിലും തോൽവികളിലിൽ നിന്നും തോൽവികളിലേക്ക് മൂക്കുകുത്തുന്നവർ ക്ലാസ്സിന്റെ ലീഡറായ ചരിത്രമില്ലല്ലോ....

ആ തിരിച്ചറിവ് അവനിലും ഉളവെടുത്തതുകൊണ്ടാകാം അന്ന് അവൻ പറഞ്ഞത്....

''ഈ ലീഡർ പദവി എനിക്കൊരു ഭാരമാണ്.... അതിനു അർഹതയുള്ള പലരും ഇവിടെയുണ്ട്...''

പക്ഷേ അവന്റെ ആ വാക്കുകൾക്ക് മറുപടിയെന്നോണം മാഷൊന്നു പുഞ്ചിരിച്ചു....

''പഠനത്തിൽ മികവ് പുലർത്തിയതുകൊണ്ടു മാത്രം ഒരാൾ ലീഡറാകണമെന്നില്ല.... തെറ്റുകളെ ചോദ്യം ചെയ്യാൻ, ശരികളെ ഉയർത്തി കാട്ടുവാൻ കഴിയുന്നവനാണ് യഥാർത്ഥ ലീഡർ.... ഈ ക്ലാസ്സിൽ അങ്ങനെയൊരാൾ നീയാണ്....''

മാഷിന്റെ ആ വാക്കുകളുടെ പൊരുളറിയാൻ ആ എട്ടാം ക്ലാസ്സുകാർക്ക്, അന്നത്തെ പുസ്തകകെട്ടുകളിലെ അറിവ് മാത്രം മതിയായിരുന്നില്ല... അതുകൊണ്ടു തന്നെയാകാം ഞങ്ങളുടെ സംശയത്തെ സാദൂകരിക്കാൻ മാഷൊരു കഥ പറഞ്ഞത്....

തെറ്റ് ചെയ്യുന്നവരുടെ....,,, നല്ലവരെന്ന മുഖം മൂടിയണിഞ്ഞവരുടെ....,,,, പഠിപ്പിക്കുന്ന അദ്ധ്യാപികയേയും, കൂടെ പഠിക്കുന്ന പെൺകുട്ടികളെയും വെറും പെൺശരീരങ്ങളായി കാണുന്നവരുടെയെല്ലാം മൂക്കിൽ നിന്നും ചോര പൊടിഞ്ഞ കഥ.... ആ തെറ്റുകൾക്കെതിരെ കൈകളുയർത്തിയിട്ടും തെമ്മാടിയെന്നു ഇരട്ടപ്പേര് വീണവന്റെ കഥ....

അതേ... ജിനുവെന്ന ആ തെമ്മാടി ചെറുക്കനെ ക്ലാസ്സ് ഒന്നടങ്കം മിഴിച്ചു നോക്കിയ നിമിഷങ്ങൾ....

പക്ഷേ അവൻ ചെയ്തതും തെറ്റ് തന്നെയായിരുന്നു... തെറ്റുകളെ ചൂണ്ടി കാണിക്കുവാനേ ഞങ്ങൾക്ക് അർഹതയുള്ളൂ എന്നും, ചോദ്യം ചെയ്യാനും ശിക്ഷിക്കുവാനും ഉത്തരവാദിത്തപ്പെട്ടവർ അവിടെ ഉണ്ടെന്നും ഓർമ്മിപ്പിച്ചുകൊണ്ട് മാഷ് ആ കഥക്ക് വിരാമമിടുമ്പോൾ, പ്രതിനായക സ്ഥാനത്തു നിന്നും ആ തെമ്മാടി എന്റെ ഉള്ളിൽ നായകനായി മാറിയിരുന്നു....

തെമ്മാടിയെന്ന പേര് സമ്മാനിച്ചത് ഞാനായിരുന്നെന്നും,, ഇനിയുള്ള ജീവിതം ആ പേരില്ലാതാക്കാനായിരിക്കണമെന്നും പറഞ്ഞുകൊണ്ട് ആദ്യമായി ഞാൻ ക്ഷമ ചോദിക്കുമ്പോൾ കവിളിലൊരു ചുവന്നപാടാണ് പ്രതീക്ഷിച്ചതെങ്കിലും ഒരു പുഞ്ചിരിയോടെ അവൻ തലയാട്ടി....

പക്ഷേ.....

''തെമ്മാടി ജിനു ഇറങ്ങിയിട്ടുണ്ടേ.....''

ആരോ വിളിച്ചു കൂവുന്നത് കേട്ടാണ് ഞാൻ ഓർമ്മകളിൽ നിന്നുമുണർന്നത്.... കവലയിൽ ഗുണ്ടാവിളയാട്ടത്തിൽ മണിക്കൂറുകളോളമായി നിർത്തിയിട്ടിരുന്ന ബസ്സിന്റെ ജനലരികിൽ ഇരുന്നുകൊണ്ട് ഞാൻ ദൂരേക്ക് നോക്കി....

തന്റെ കട്ടിമീശയും പിരിച്ചുവെച്ചുകൊണ്ട് മുഖത്തു രൗദ്ര ഭാവത്തോടെയുള്ള ജിനുവിന്റെ ആ രംഗപ്രവേശനം കൂടി നിന്നിരുന്നവർക്കിടയിൽ ഒരു ഭയം ഉളവാക്കി.... പണ്ട് ആ സ്കൂളങ്കണം ഭയന്നതുപോലെ....

''തെമ്മാടി വന്ന സ്ഥിതിക്ക് ഇനി എന്തേലുമൊക്കെ നടക്കും....''

ബസിലിരുന്നവർ ആകാംക്ഷയോടെ പുറത്തേക്ക് എത്തി നോക്കി....

കാലങ്ങൾക്കിപ്പുറവും സമൂഹം അവനെ തെമ്മാടിയെന്നു തന്നെ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നു....

അല്ലെങ്കിലും കവലയിൽ കിടന്നു അടിയുണ്ടാക്കുന്നവനെ തെമ്മാടിയെന്നല്ലാതെ മറ്റെന്ത് പേരു വിളിക്കണം....

പക്ഷേ അന്നത്തെ ആ  മാഷിന്റെ വാക്കുകൾ അവന്റെ കാതിലുറച്ചിട്ടുണ്ടെന്നു ഇന്ന് അവന്റെ ആ വേഷവിധാനത്തിൽ നിന്നുമറിയാം....

അലക്കി തേച്ചൊതുക്കിയ ആ കാക്കി യൂണിഫോമിനും തലയിലിരിക്കുന്ന ആ വിജയം കൈവരിച്ച തൊപ്പിക്കും ഇന്ന് അവകാശമുണ്ട്.... തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യുവാനും, അവരെ ശിക്ഷിക്കുവാനും....

ഇന്നവൻ സർക്കിൾ ഇൻസ്‌പെക്ടർ ജിനു നരേന്ദ്രനാണ്.... തെറ്റുചെയ്യുന്നവരുടെ ഭാഷയിൽ പറഞ്ഞാൽ തെമ്മാടി ജിനു.... പക്ഷേ മടിയിലിരിക്കുന്ന എന്റെ കുഞ്ഞിനോട് ചോദിച്ചാൽ അവൻ പറയും....

''എന്റെ തെമ്മാടി അച്ഛൻ....''

അതേ.... ഞാൻ അന്ന് സമ്മാനിച്ച തെമ്മാടിയെന്ന വിശേഷണം ഇന്നും അവന്റെ പേരിനൊപ്പമുണ്ട്... നല്ലൊരു അർത്ഥത്തോടെ.....

Saran prakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്