അമ്മയുടെ ശാപം

#അമ്മയുടെ_ശാപം

മൂന്ന് വയസായിട്ടും മകന് ഒരു
മാറ്റവുമില്ല ...ചിരിക്കുന്നില്ല..
സംസാരിക്കുന്നില്ല , കരയുന്നുപോലുമില്ല..
ഇതൊന്നും കാണാനും കേൾക്കാനും നിൽക്കാതെ നീ എന്നെ തനിച്ചാക്കി പോയല്ലോ റഷീദാ ....
മൊബൈലിൽ ചിരിച്ചുകൊണ്ടിരിക്കുന്ന റഷീദയുടെ ഫോട്ടോയിൽ അസ്ലമിന്റെ കണ്ണുനീർ വീണ് ചിന്നിച്ചിതറി ..

റഷീദയോടൊപ്പം ജീവിച്ചുതീർത്ത സന്തോഷത്തിന്റെ നാളുകൾ മനസ്സിലേക്ക്  ഓടിക്കയറുമ്പോഴും അസ്ലമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

തന്റെ മകന്റെ മുഖത്തേക്ക് നോക്കിയതും അവന്റെ മനസ്സിന്റെ നൊമ്പരങ്ങൾ എല്ലാം ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് ചാടി.
അസ്ലം മകനെയെടുത്ത് മാറോട് ചേർത്ത്  മാറി മാറി ചുംബിച്ചു..
പ്രസവത്തോടെ ഭാര്യ മരിച്ചിട്ടും  ഒരു വർഷത്തിനുശേഷം ഉമ്മയും മരിച്ച്  താനൊരു അനാഥൻ ആയിട്ടും തുടർന്ന് ജീവിക്കാനുള്ള പ്രതീക്ഷ തന്റെ പൊന്നുമോൻ മാത്രമായിരുന്നു.
പക്ഷേ ബുദ്ധി വളർച്ച ഇല്ലാത്ത തന്റെ മകനെ താൻ എങ്ങനെ ഒറ്റക്ക് നോക്കി വളർത്തും .

അവന്റെ ചിന്തകൾ കാടുകയറി..
ഓർമ്മകൾ കൊണ്ടുപോയത് അവന്റെ കുട്ടിക്കാലത്തേക്കാണ്..
പെട്ടെന്നാണ് അവന്റെ മനസ്സിലേക്ക് രണ്ട് ദയനീയ മുഖങ്ങൾ തെളിഞ്ഞുവന്നത്..
വനജചേച്ചിയും ബുദ്ധി വളർച്ച ഇല്ലാത്ത മകൻ പ്രദീപും ..
ആ രണ്ട് മുഖങ്ങൾ അസ്ലമിന്റെ
സ്വസ്ഥത കെടുത്തി.
അവന്റെ ശരീരം വിയർത്തു തുടങ്ങി.
ഹൃദയം പടപടാ അടിക്കാൻ തുടങ്ങി..
തന്റെ മകന്റെ മുഖത്തേക്കു നോക്കുമ്പോഴെല്ലാം പ്രദീപിന്റെ മുഖം മനസ്സിലേക്ക് കയറിവന്നു തുടങ്ങി ..
വനജ ചേച്ചിയുടെവാക്കുകൾ കാതിൽ ഒരു അശരീരി പോലെ തുളച്ചുകയറി..

പടച്ചവനേ..
ആ അമ്മയുടെ ശാപവാക്കുകൾ ആകുമോ തന്റെ മോന് ഈ ഗതി വരുത്തിയത്.
ചോര തിളക്കുന്ന സമയത്ത് ഞാൻ ചെയ്ത തെറ്റിന്റെ ഫലമാകുമോ പടച്ചവൻ എന്റെ മകനിലൂടെ എനിക്കു തന്നത്..
മിണ്ടാപ്രാണിയായ ആ പാവത്തിനെ  എന്തെല്ലാം തരത്തിലാണ് താനും
കൂട്ടുകാരും ഉപദ്രവിച്ചത്

ട്രൗസറിന്റെ പിറകിൽ പടക്കം കെട്ടി പൊട്ടിച്ചും സിഗരറ്റിൻ്റെ ഉള്ളിൽ മുളക് പൊടി കയറ്റി അത് വലിപ്പിച്ചും
പാടത്തെ ചെളിയിലേക്ക് തള്ളിയിട്ടും  അവന്റെ നിസ്സഹായാവസ്ഥ കണ്ട്  പൊട്ടിച്ചിരിക്കുകയായിരുന്നില്ലേ
താനും കൂട്ടുകാരും..
പിറകിൽ കെട്ടിയ മാലപ്പടക്കം  പൊട്ടിത്തീർന്നതും പാതി പൊള്ളിയ പിറകുവശവും പൊത്തിപ്പിടിച്ച് വീട്ടിലേക്കോടിയ പ്രദീപിന്റെ മുഖം ഇപ്പോഴും മനസ്സിലേക്കോടി വരുന്നു..

അതുകണ്ട് വാവിട്ടുകരഞ്ഞുകൊണ്ട്
വനജ ചേച്ചി പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് ഇപ്പോഴും ആഴ്ന്നിറങ്ങുന്നു..
മിണ്ടാപ്രാണിയായ തന്റെ മകനെ ഉപദ്രവിച്ചു രസിച്ച നിങ്ങളോട് ദൈവം ചോദിക്കാതിരിക്കില്ല എന്ന ചേച്ചിയുടെ വാക്കുകൾ..

അതെ  ആ വാക്കുകൾ തന്നെയാണ് ഇന്ന്  ഇങ്ങനെ പടച്ചവൻ എനിക്കു കാണിച്ചു തരുന്നത്.. മകന്റെ രൂപത്തിൽ ഞാൻ ചെയ്തതിനുള്ള ശിക്ഷ..

മനസ്സിലെ കുറ്റബോധം കവിളിലൂടെ
കണ്ണീർ പുഴയായി ചാലിട്ടൊഴുകി..

വർഷങ്ങളായി അവരെ കണ്ടിട്ട് ..
ഇങ്ങോട്ട് താമസം മാറിയതിന് ശേഷം അവരെ കണ്ടിട്ടില്ല..
അവരെ ഒന്ന് കാണണം.
കാലുപിടിച്ച് മാപ്പ് പറയണം ..
അല്ലാതെ തന്റെ മനസ്സിന്റെ ഭാരം കുറയുകയില്ല..

തീരുമാനിച്ചുറച്ച അസ്ലം കുട്ടിയെയുമെടുത്ത് പുറത്തേക്കിറങ്ങി വനജചേച്ചിയുടെ വീട് ലക്ഷ്യമാക്കി വണ്ടിയോടിച്ചു..

വണ്ടി സൈഡിലൊതുക്കി അവൻ പുറത്തേക്കിറങ്ങി..
മുറ്റത്ത് കൂടിയിരിക്കുന്ന ആൾക്കൂട്ടത്തെ കണ്ടതും അവൻ അമ്പരന്നു..
മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉടലെടുത്തു..
ആളുകളുടെ ഇടയിലൂടെ  അവൻ മുറ്റത്തേക്ക് കയറി..
വീടിന്റെ വരാന്തയിൽ കിടത്തിയിരിക്കുന്ന പ്രദീപിന്റെ മൃതശരീരവും മാറത്തടിച്ച് ആർത്തു കരയുന്ന വനജ ചേച്ചിയുടെ രൂപവും കണ്ടപ്പോൾ അവന്റെ നെഞ്ചു പിടഞ്ഞു..

മകനെ സംസ്കരിക്കാൻ കൊണ്ടുപോകുമ്പോൾ നെഞ്ചത്തടിച്ച് കൂടെ ഓടുന്ന വനജ ചേച്ചിയെയും അവരെ പിടിച്ചു വെക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കുടുംബക്കാരുടെയും കാഴ്ച കണ്ടുനിൽക്കാനാവാതെ അസ്ലം വീടിന്റെ പിന്നാമ്പുറത്തേക്ക് മാറിനിന്ന് കരഞ്ഞു..

ഇനിയും താൻ ഇവിടെ നിന്നാൽ പൊട്ടിക്കരഞ്ഞു പോകുമോ എന്നു തോന്നിയതുകൊണ്ട് അസ്ലം വണ്ടിയുമെടുത്ത് തിരിച്ചു വീട്ടിലേക്ക് പോന്നു...

ഉറക്കം വരാതെ അസ്ലം തിരിഞ്ഞും മറിഞ്ഞും കിടന്നു.. കണ്ണടക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത് വനജ ചേച്ചിയുടെ മുഖം..
മകൻ വീടിന്റെ അടുത്തുള്ള വെള്ളക്കെട്ടിൽ വീണ് മരിച്ചെന്ന് അറിഞ്ഞപ്പോൾ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും അവർ..
ആലോചിക്കാന്‍ കൂടി വയ്യ..

നാളെത്തന്നെ അവരെ പോയി കാണണം.. ആശ്വസിപ്പിക്കണം.
വേണ്ടത് ചെയ്ത് കൊടുക്കണം..

അസ്ലം രാവിലെത്തന്നെ പുറപ്പെട്ടു..

ഇന്നലെ വരെ ആളനക്കമുണ്ടായിരുന്ന വീട് ഇന്ന് ശൂന്യമായിരിക്കുന്നു...
അടക്കം കഴിഞ്ഞതോടെ ബന്ധുക്കളെല്ലാം
തിരിച്ചു പോയിരിക്കുന്നു..
മനസ്സ് മരവിച്ച ഒരു സ്ത്രീ ശരീരം മാത്രം
ഈ വീട്ടില്‍ ഒറ്റപ്പെട്ടിരിക്കുന്നു...

അസ്ലം വീടിന്റെ കോലായിലേക്ക് കയറി..

വനജേച്ചീ....

കരഞ്ഞുകലങ്ങിയ കണ്ണുമായി അവര്‍ പുറത്തേക്ക് എത്തിനോക്കി..

പരിജയഭാവത്തില്‍ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു..

അസ്ലം അകത്ത് കയറി.. അവരുടെ അടുത്തുള്ള കസേരയിലിരുന്നു..
മകന്‍ അമീറിനെ നിലത്ത് വെച്ചു..

ഒന്നും പറയാനാവാതെ തലയും താഴ്ത്തിപ്പിടിച്ച് കണ്ണീരൊലിപ്പിച്ച് 
നില്‍ക്കുന്ന വനജേച്ചിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ അസ്ലം അവരെത്തന്നെ നോക്കി നിന്നു..

ഈ സമയത്താണ് കുട്ടി മുറ്റത്തേക്കിറങ്ങാന്‍ ഭാവിച്ചതും ഉമ്മറപ്പടിയില്‍ നിന്ന് വീഴാനാഞ്ഞതും..

ദൈവമേ...എന്റെ കുട്ടി...
എന്ന് പറഞ്ഞ് കൊണ്ട് ഒാടിച്ചെന്ന് കുട്ടിയെ പിടിച്ച വനജചേച്ചി അവന്റെ രൂപത്തിലും ഭാവത്തിലും ഉള്ള മാറ്റം കണ്ട് അസ്ലമിനെ സംശയത്തോടെ ഒന്ന് നോക്കി..

ആ നോട്ടത്തിന്റെ അർത്ഥം അസ്ലമിന് മനസ്സിലായി..

ചേച്ചീ...
ഇവനും നമ്മുടെ പ്രദീപിനെ പോലെയാണ്..
അവന്റെ ബുദ്ധിക്ക് വളർച്ചയില്ല..
ഞാനും കൂട്ടുകാരും ചേർന്ന് വകതിരിവില്ലാത്ത പ്രായത്തിന്റെ പ്രദീപിനെ  ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്..
പടച്ചവൻ അതിനുള്ള ശിക്ഷ എനിക്ക്
തന്നത് എന്റെ മോന്റെ രൂപത്തിലാണ്...
ചേച്ചി എന്നോട് മാപ്പാക്കണം..
അറിയാതെ ചെയ്തുപോയ തെറ്റുകൾ ആയിരുന്നു..
എന്നോട് ക്ഷമിക്കണം..
എന്നെ ശപിക്കരുത്...

അസ്ലാമിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..

അയ്യോ മോനേ...
അങ്ങനെയൊന്നും പറയരുത്.. ഇങ്ങനെയുള്ള മക്കളെ  ദൈവം എല്ലാവർക്കും കൊടുക്കില്ല..
ഇവരെ പോറ്റാൻ അർഹതയുള്ളവർക്ക് മാത്രമേ കൊടുക്കൂ..
എനിക്ക് എന്റെ മോൻ ഒരിക്കലും ഒരു ഭാരമായി തോന്നിയിരുന്നില്ല..

വനജ ചേച്ചി ആമിറിന്റെ മൂർദ്ധാവിൽ
ഒന്ന് തലോടി.. മാറോട് അടക്കിപ്പിടിച്ച നെറ്റിയിൽ ഒന്നു ചുംബിച്ചു..
ഇതുവരെ തനിക്കു കിട്ടാത്ത മാതൃത്വത്തിന്റെ നെഞ്ചിലെ ചൂട് തട്ടിയത് കൊണ്ടാകാം അമീര്‍ അവരെ പറ്റി ചേർന്ന് നിന്നു..

തന്റെ കവിളിലും കഴുത്തിലും
കുഞ്ഞു വിരലുകൾ കൊണ്ട് തലോടുന്ന  അമീറിനെ നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ച് പിടിക്കുമ്പോൾ ഒരു
മുജ്ജന്മ ബന്ധം പോലെയാണ്
വനജ ചേച്ചിക്ക് അനുഭവപ്പെട്ടത്..

നിറഞ്ഞ തുടങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് വനജചേച്ചി ചോദിച്ചു..

മോനേ... ഇവനെ എനിക്ക് തരുമോ..?
ഞാൻ പൊന്നുപോലെ നോക്കിക്കോളാം..

ഒരു നിമിഷം കൊണ്ട് മകനുണ്ടായ മാറ്റത്തിലും അപ്രതീക്ഷിതമായ ചേച്ചിയുടെ ചോദ്യത്തിലും അസ്ലം സ്തംഭിച്ചിരുന്നു പോയി..

മകനെ മടിയിലിരുത്തി താലോലിക്കുന്ന വനജചേച്ചിയെ അസ്ലം നിറകണ്ണുകളോടെ നോക്കിയിരുന്നു..
അവൻ പതുക്കെ എഴുന്നേറ്റു അവരുടെ അടുത്തേക്ക് ചെന്നു.. ചേച്ചിയുടെ  കൈയിൽ കയറിപ്പിടിച്ചു..

നിങ്ങൾ എന്റെ കൂടെ പോരുന്നോ.. ?
എന്റെ അമ്മയായിട്ട്....

വണ്ടി മുന്നോട്ട് ഓടിക്കുമ്പോഴും കണ്ണാടിയിലൂടെ അസ്ലം കാണുന്നുണ്ടായിരുന്നു തന്റെ അമ്മയുടെമാറിൽ പറ്റിച്ചേർന്ന്
ഉറങ്ങുന്ന തന്റെ മകനെ......

S_C_A

ശിഹാബ് kzm

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്