Kissakal

"തിരുമേനി,, ഒരു ശത്രു സംഹാര പുഷ്‌പാഞ്‌ജലി...''

നടപ്പുരയിൽ ദേവിക്കുവേണ്ടിയുള്ള പുഷ്പങ്ങൾ കഴുകി വൃത്തിയാക്കുമ്പോഴായിരുന്നു നടയിൽ ഒരു പെൺകുട്ടി ശ്രീകോവിൽ നിന്നും ഇറങ്ങിവന്ന തിരുമേനിയോട് പറയുന്നത് കേട്ടത്...

''പേരും നാളും പറയ് കുട്ട്യേ...''

തിരുമേനി അവളോട് ചോദിക്കുമ്പോൾ ഒരു സംശയത്തോടെ അവൾ അദ്ദേഹത്തെ നോക്കി...

''ശത്രുവിന്റെയാണോ അതോ എന്റെയോ???''

നിഷ്കളങ്കമായ അവളുടെ ആ സംശയത്തിൽ കേട്ടു നിന്നിരുന്ന ഞാൻ പോലും ഒരു നിമിഷം പരിസരം മറന്നു അട്ടഹസിച്ചു..

എന്റെ അട്ടഹാസം കേട്ടിട്ടാവണം തിരിഞ്ഞു നോക്കി അവൾ കണ്ണുചുളിച്ചു.....

ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ വീണ്ടും പൂ നുള്ളി മാല കോർക്കുന്നതിലേക്ക് ഞാൻ ശ്രദ്ധ ചെലുത്തി...

''എന്തിനാ ഉണ്ണ്യേ നീ ഇങ്ങനെ ചിരിക്കുന്നത്... ആ കുട്ടി ചോദിച്ചതിലെന്താ തെറ്റ്?? നിന്റെ പക്കലുണ്ടോ അതിനുള്ള ഉത്തരം???''

തിരുമേനി അല്പം ശബ്ദം കനപ്പിച്ച് എനിക്കരികിലെത്തി...

മറുപടിയില്ലാതെ തല താഴ്ത്തി ഞാൻ നിൽക്കുന്നത് കണ്ടിട്ടാവണം പുറകിൽ നിന്നും അവളുടെ അടക്കിപ്പിടിച്ചുള്ള ചിരി ഞാൻ കേട്ടത്...

''അറിവില്ലായ്മയെ ഒരിക്കലും കളിയാക്കരുത്...''

ഒരു വലിയ ഉപദേശം ഒറ്റവാക്കിൽ പറഞ്ഞുകൊണ്ട് തിരുമേനി അവൾക്ക് നേരെ തിരിഞ്ഞു...

"നമുക്കു ദോഷമുണ്ടാക്കുന്ന നമ്മുടെ ശത്രുക്കളെ സംഹരിച്ച് നമുക്ക് നന്മ വരുത്താനുള്ള വഴിപാടാണ് ശത്രു സംഹാര പുഷ്‌പാഞ്‌ജലി... അതിനു വേണ്ടത് നമ്മുടെ പേരും നാളും തന്നെയാട്ടോ...''

അവളെ നോക്കി തിരുമേനി പറയുമ്പോൾ ശരിയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി...

''ഉണ്ണ്യേ... പുഷ്‌പാഞ്‌ജലി കഴിപ്പിച്ച് ആ പ്രസാദം കൊടുത്തോളൂ...''

തിരുമേനി എന്നെ നോക്കി പറയുമ്പോൾ ഒരു ശങ്കയോടെ അവൾ മിഴിച്ചു നിന്നു...

''അല്ല... ഇയാൾ...''???

''പേടിക്കണ്ട... എന്റെ മകനാണ്... പ്രായമായി വരല്ലേ... ഇനിയെല്ലാം ഇവനെ ഏൽപ്പിച്ചിട്ട് വേണം എനിക്ക് സ്വസ്ഥമായി വിശ്രമിക്കാൻ... അമ്മേ... ദേവി... കാത്തോളണേ...''

ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞുകൊണ്ട്, ദേവിയെ തൊഴുതുകൊണ്ട് അച്ഛൻ തിരുമേനി പുറത്തേക്ക് നടന്നു...

കഴുകി വൃത്തിയാക്കിയ പുഷ്പങ്ങളുമായി ഞാൻ ശ്രീകോവിലിനരികിലേക്കും നടന്നു...

''പൂജയും മന്ത്രങ്ങളുമൊക്കെ വശമുണ്ടോ ഉണ്ണി തിരുമേനിക്ക്??''

കളിയാക്കികൊണ്ടുള്ള അവളുടെ ആ ചോദ്യത്തിൽ കണ്ണുതുറപ്പിച്ച് ഞാൻ അവളെ നോക്കി...

''അല്ല... അച്ഛൻ തിരുമേനി കേമനാണേ ഈ പൂജയിലും മന്ത്രങ്ങളിലുമൊക്കെ...  തിരുമേനി വിളിച്ചാൽ വിളിപ്പുറത്തെത്തും ഈ ദേവി...''

ഒരുപക്ഷേ എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ടാവണം എന്നെ അനുനയിപ്പിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞത്...

''സത്യത്തിൽ ആരാ തന്റെ ശത്രു??"

കാലുകഴുകി ശ്രീകോവിലിന്റെ പടികയറി നിൽക്കവേ ഞാൻ അവളോട് ചോദിച്ചു...

''ആരാണെന്നെനിക്കറിയില്ല... പക്ഷേ ഒരുപാട് നാളായി കുറച്ചു ബുദ്ധിമുട്ടുകൾ സഹിക്കുന്നു... ഒരു ജോലിക്കു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്... ഒരുപാടിടത്തു പോയി നോക്കി... പക്ഷേ ഒന്നും ശരിയാകുന്നില്ല... അപ്പോഴാണ് അമ്മ പറഞ്ഞു ജാതകമൊന്നു നോക്കിച്ചതും, ശത്രു ദോഷമാണെന്നു പണിക്കരു പറഞ്ഞതും... എങ്കിൽ പിന്നെ അത് തീർത്തിട്ടാവാമെന്നു കരുതി ഇന്നത്തെ ഇന്റർവ്യൂ...''

നിരാശ പടർന്ന മുഖത്തോടെ അവൾ എന്നെ നോക്കി പറഞ്ഞു...

''പേരും നാളും പറയൂ..'' ശബ്ദം അല്പം കനപ്പിച്ച് ഞാൻ ചോദിച്ചു..

''മീനാക്ഷി... തിരുവാതിര നക്ഷത്രം...''

കണ്ണുകളടച്ച് ഞാൻ അവളുടെ പേരും നക്ഷത്രവും പതിഞ്ഞ സ്വരത്തിൽ ഉരുവിട്ടു... ഒപ്പം അച്ഛൻ പഠിപ്പിച്ച വേദങ്ങളും...

''മ്മ്... ശരിയാണ്.. ശത്രു അല്പം ബലവാനാണ്..  ഈ പുഷ്പ്പാഞ്ജലിക്കൊണ്ടൊന്നും തീരുമെന്നു തോന്നുന്നില്ല...''

അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ അല്പം ഗൗരവത്തോടെ പറയുമ്പോൾ ആ കണ്ണുകളിൽ ഒരു ഭയം നിഴലിക്കുന്നുണ്ടായിരുന്നു...

''അല്പം കഠിനമായ മന്ത്രങ്ങളും പ്രയോഗങ്ങളും വേണ്ടിവരും...''

''പക്ഷേ തിരുമേനി എന്റെ കയ്യിൽ അതിനുള്ള പണമൊന്നും...''

വാക്കുകൾ മുഴുവനാക്കാതെ അവൾ തല താഴ്ത്തി...

''എത്രയുണ്ടാകും??''

എന്റെ ചോദ്യത്തിനു മറുപടിയെന്നോണം ഉള്ളം കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു നൂറു രൂപ നോട്ട് അവൾ എനിക്ക് നേരെ നീട്ടി...

''ഇതു മതി... ദാ... ഈ തളികയിൽ വെച്ച് ഒരു കുറി വരച്ചു ധൈര്യമായി പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്തോളൂ... കർമ്മങ്ങൾ കഴിയുമ്പോൾ ദേവി തന്നെ അവിടെ പ്രത്യക്ഷപ്പെട്ടുകൊള്ളും... ധൈര്യമായി പൊക്കോളൂ...''

എന്റെ വാക്കുകളിൽ അനുസരണയുള്ള കുട്ടിയെ പോലെ അവൾ എന്റെ കയ്യിലെ തളികയിൽ നിന്നും കുറിയെടുത്തു ആ വലിയ നെറ്റിയിൽ വരച്ചുകൊണ്ടു ദേവിയെ നോക്കി കണ്ണുകളിറുക്കിയടച്ചു പ്രാർത്ഥിച്ചു...

തൊഴുതു വലം വെച്ചുകൊണ്ട് അവൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ മുഖത്തിനൊരു തെളിച്ചമേറിയതുപോലെ... ആ പുഞ്ചിരിയിൽ ഒരു മനോധൈര്യം കൈവന്നതുപോലെ....

നടന്നകലുന്ന മീനാക്ഷിയേയും നോക്കികൊണ്ട്‌ പൂജാ കർമ്മങ്ങൾക്കായ് ഞാൻ ശ്രീകോവിലിനുള്ളിലേക്കും കയറി...

''വഴിപാട് ശരിക്കും ഏറ്റു...  ശത്രു മുട്ടുകുത്തി.. എനിക്ക് ജോലി കിട്ടിട്ടോ തിരുമേനി...''

ഓടി കിതച്ചുകൊണ്ടായിരുന്നു ആ സായംസന്ധ്യയിൽ അവൾ നടപ്പുരയിലേക്കെത്തിയത്... ജോലി കിട്ടിയതിന്റെ സന്തോഷം ആ മുഖത്തു പടർന്നു പന്തലിച്ചിരുന്നു...

ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി ഞാൻ ആ കിണറ്റിൻ കരയിൽ ചന്ദനമരച്ചുകൊണ്ടിരുന്നു....

''എന്നാലും ഒരു നൂറു രൂപകൊണ്ട് എങ്ങനെ സാധിച്ചു ആ ശത്രുവിനെ തളക്കാൻ...??''

ഒരു സംശയത്തോടെ എനിക്കരികിലെത്തി അവൾ എന്നോട് ചോദിച്ചു...

ഒരു ചെറുചിരിയോടെ കൈ കഴുകി തുടച്ചുകൊണ്ട്, നടപ്പുരയിലെ മേശയിലെ രസീതിൽ നിന്നും അവളുടെ പേരെഴുതിയ രസീത് കീറിയെടുത്ത് ഞാൻ അവൾക്ക് നേരെ നീട്ടി...

ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അവൾ അത് വാങ്ങിനോക്കി...

''അന്നദാന വഴിപാട്... മീനാക്ഷി വക നൂറ്...''

ഒന്നും മനസ്സിലാകാതെ അവളെന്നെ മിഴിച്ചു നോക്കി....

''വിശ്വാസങ്ങൾ വേണം... പക്ഷേ അന്ധവിശ്വാസങ്ങളാവരുത്... ഒരു മന്ത്രത്തിലൂടെയും ആർക്കും ആരെയും തോൽപ്പിക്കാനുമാവില്ല,, ആർക്കും ജയിക്കാനുമാവില്ല... നേടിയെടുക്കാനുള്ള മനോധൈര്യമുണ്ടേൽ നമുക്കെന്തും നേടിയെടുക്കാം.... ഇന്നു മീനാക്ഷി നേടിയെടുത്തയുപോലെ...

ആയിരങ്ങളും പതിനായിരങ്ങളും മന്ത്രങ്ങൾക്കും തന്ത്രങ്ങൾക്കും വേണ്ടി ചിലവിടുന്നവർ വിജയം കണ്ടെത്തുന്നതുപോലും ആ ധൈര്യത്തിലാണ്... അവർ ചിലവാക്കുന്ന ആ പണം ആരുടെയൊക്കെയോ പോക്കറ്റിലും ഒതുങ്ങി കൂടുന്നു...

പക്ഷേ,, ഇന്നു മീനാക്ഷിയുടെ ആ നൂറു രൂപ പട്ടിണി കിടന്നിരുന്ന ആരുടെയൊക്കെയോ വയറു നിറച്ചു... അവരുടെ അനുഗ്രഹം കൂടിയുണ്ടെന്നു കൂട്ടിക്കോളൂ തന്റെ വിജയത്തിൽ...''

ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് വിളക്ക് തെളിയിക്കാനായി ഞാൻ ശ്രീകോവിലിലേക്ക് നടക്കുമ്പോൾ പുറകിൽ നിന്നും അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു...

''അച്ഛൻ തിരുമേനി കേമനാണേൽ ഉണ്ണി തിരുമേനി കെങ്കേമനാട്ടോ...''

Saran prakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്