പ്രൊപോസൽ

"i love you ദിയ ....."

അല്ലേൽ വേണ്ട .....ഒരുപാട് സിനിമകളിൽ കേട്ട് തഴമ്പിച്ച ഒരു പൈങ്കിളി പ്രണയ വാചകം .ഇതുംകൊണ്ട് അവളുടെ അടുത്തു ചെന്നാൽ ഫോണിൽകൂടെ ആണേലും അവൾ എന്നെ പഞ്ഞിക്കിടും .ആകെ കൺഫ്യൂഷൻ ആയല്ലോ....

"എനിക്ക് നിന്നെ ഇഷ്ടമാണ് "എന്നു മാതൃഭാഷയിൽ വച്ച് കാച്ചിയാലോ..? വേണ്ട ബോർ ആവും.
പിന്നെ...

"മേം തുജേ പ്യാർ കർത്താ ഹും "..... ഇതിന്റ grammar ഒക്കെ ശരിയാണോന്ന് ദൈവത്തിനറിയാം .....
. ഇനി എനിക്ക് ടെൻഷൻ ആയിട്ട് idea ഒന്നും കിട്ടാത്തതാണോ...? ആ....
അല്ലേൽ ഇന്ന് തന്നെ പറയണംന്നുണ്ടോ ..?
നന്നായിട്ട് ആലോചിച്ചു നാളെ പറഞ്ഞാൽ പോരേ ....?

"പോരാ...ഇന്ന് തന്നെ വേണം, കഴിഞ്ഞ 3, 4 ദിവസമായിട്ട് ഇത് തന്നെയല്ലേ പറയുന്നേ ? ഇങ്ങനെ പോയാൽ അവളുടെ കല്യാണം കഴിഞ്ഞാലും നീ ഇത് തന്നെ പറഞ്ഞോണ്ട് ഇവിടെ ഇരിക്കത്തെ ഉള്ളു, " ഇതെവിടുന്നാ ഒരു ശബ്ദമില്ലാത്ത ശബ്ദം...?

മനസ്സിലായി .....'ഹൃദയം' മച്ചാൻ ആണ്, മച്ചാന് ഈയിടെയായിട് ഇത് തന്നെയാണ് പണി ...വെറുതെ മനസ്സിലേക്കു ഓരോ വികാരങ്ങൾ അങ്ങ് കയറ്റി വിട്ടേക്കും ...അല്ല മച്ചാനെ കുറ്റം പറഞ്ഞിട്ടും കാര്യവില്ല ,കഴിഞ്ഞ പത്തിരുപത്തിരണ്ടു വര്ഷങ്ങളായി ഈ കണ്ട കുഴലായ കുഴലിലൊക്കെ അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുത്ത് അളവും കുറിയും തെറ്റാതെ ബ്ലഡ് ഉം പമ്പ് ചെയ്ത് ബാക്കി ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളും നിറവേറ്റുന്ന കഠിനാദ്ധ്വാനി ആണ്. അങ്ങനെയുള്ള നമ്മടെ പൊന്നു മച്ചാൻ ആദ്യമായിട്ട് ഒരു ആഗ്രഹം പറയുമ്പോ നമ്മളതിനെ കണ്ടില്ലെന്നു വെക്കുന്നത് വലിയ ദ്രോഹമല്ലേ ..?..ഇനിയും ഒരുപാട് കാലം മച്ചാൻ ഇതുപോലെ തന്നെ പിണക്കവും പരിഭവവും ഒന്നുമില്ലാതെ പ്രവൃത്തിക്കേണ്ടതല്ലേ....,

പ്രണയം ഹൃദയവികാരം ആണെന്നാണല്ലോ വെപ്പ് .അതു ശരിയാണ്,പ്രണയം ഉണ്ടാവുമ്പോളാണ് ഇങ്ങനൊരു സംഭവം ഉള്ളിൽ തുടിക്കുന്നതിന്റ 9d feel കിട്ടുന്നത്.
സമയം വീണ്ടു പോകുന്നു ...ആലോചന മാത്രം നടക്കുന്നു. ഒരു ഏത്തും പിടീം കിട്ടുന്നില്ല അവളോട് ഇ സംഗതി എങ്ങനെ പറയണമെന്നതിന്റെ..

പ്രേമം സിനിമയിൽ ജോർജ് മേരിയെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടി പാലത്തിൽ മുട്ടുകുത്തി നിന്ന് പ്രാക്റ്റീസ് ചെയ്യുന്ന രംഗം എന്റെ മനസ്സിൽ മിന്നിമാഞ്ഞു . അതുപോലൊരു internal പ്രാക്ടീസ് എന്റെ ഉള്ളിലും നടക്കുന്നുണ്ട്.ഇതിന്റെയും ഒടുക്കം ആ പൂമ്പാറ്റ അവിടുന്നു പറന്നു പോകുവോ...?

ഏയ് ഇല്ല ...

മനസ്സിൽ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ നടക്കുന്നു...എങ്ങോട്ട് നോക്കിയാലും കത്തിക്കേറാൻ പാത്തിരിക്കുന്ന കൊറേ ചിന്താ ശകലങ്ങൾ ....എല്ലാംകൂടെ ഒരുമിച്ചു വന്നു ഒരു silk board junction ട്രാഫിക് പോലെ ആയി നിൽക്കുന്നു .
അല്ല ഞാൻ എന്തിനാണ് ഇത്ര പേടിക്കുന്നത്....അല്ലെങ്കിൽ മണിക്കൂറുകളോളം എന്റ മണ്ടത്തരങ്ങളും വീര സാഹസങ്ങളും വീട്ടു കാര്യോം നാട്ടു
കാര്യോം ഒക്കെ പറയുന്നതല്ലേ ആ ഗുണ്ടുമണിയോട്.....അപ്പോളൊന്നുമില്ലാത്ത ഒരു ടെൻഷൻ എന്തിനാ ഇപ്പൊ...? ഉള്ളിൽ ചോദ്യങ്ങളൊരുപാട് തലപൊക്കിട്ടുണ്ട്...
ഹാ ടെന്ഷന് കാരണം ഉണ്ട് ,ഒരു പെൺകുട്ടിയോട് ,ഒരു best ഫ്രണ്ടിനോഡ് ലൈഫിലെ ഏറ്റവും important കാര്യം അല്ലെ പറയാൻ പോകുന്നത് , അതും ഒരു സൂചന പോലും നൽകാതെ ....ഈ കാലത്തിനുള്ളിൽ ഇതിലും വലിയ എന്തേലും കാര്യം അവളോട് ആരേലും പറഞ്ഞിട്ടുണ്ടാവുമോ ....?
ആ ഉണ്ടാകുമായിരിക്കും .....അതൊന്നും എനിക്കറിയില്ല...എന്തായാലും എന്റെ ആദ്യത്തെ അനുഭവമാണ്.
ഈശ്വരാ മിന്നിച്ചേക്കണേ...

ഇത് തന്നെ പറ്റിയ സമയം...രാത്രി ഏതാണ്ട് 9 മണി കഴിഞ്ഞിരിക്കുന്നു...സഹമുറിയാനായ ഹിന്ദിക്കാരൻ അത്താഴത്തിനു പോയിരിക്കുന്നു.
c b d ബേലാപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെയുള്ള ആ കമ്പനി guesthouse മുറിയിൽ ഞാൻ ഇപ്പോ ഒറ്റക്കാണ് ....രണ്ടും കല്പിച്ചു വിളിക്കാനൊരുങ്ങി ഞാൻ. വേറെന്തെലും വിഷയം അവൾ എടുത്തിടുന്നതിനു മുമ്പ് ഒറ്റയടിക്കു അങ്ങ് പറഞ്ഞേക്കണം ..ഇല്ലേൽ പിന്നെ നടക്കൂല ,

മനസ്സിൽ ഉറപ്പിച്ചു .കൂടത്തിൽ മച്ചാന്റെ ചങ്ക് സപ്പോർട്ടും ...

ഡോറിൽ ആരോ തട്ടുന്നു .....
പോയി തുറന്നു ....ഹോ ഈ പഹയൻ ഭക്ഷണം കഴിച്ചു ഇത്ര പെട്ടെന്ന് വന്നോ ...?
അവനെ ഒന്ന് ഉള്ളിൽ പ്രാകിക്കൊണ്ട് ചിരിച്ചു കാണിച്ചു ഫോണും ചെവിയിൽ വച്ച് ഞാൻ അതേ concentration ഇൽ പുറത്തേക് നടന്നു ...ഏതോ ഉത്സവത്തിന്റ ഏതോ കരഘോഷം നടക്കുന്നുണ്ട് പുറത്ത് ...
ആകെ അലമ്പാണല്ലോ ...ഞാൻ മനസ്സിൽ ഓർത്തു .എന്നാലും വേണ്ടീല പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം .മച്ചാൻ ഉള്ളിൽ കിടന്നു കുത്തുന്നുണ്ട് ,ഇനിയെങ്ങാനും എന്റെ മനസ്സ് മാറിയാലോന്ന് വച്ച് .
ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്തി ഞാൻ,ഇവിടെ വല്യ ബഹളമില്ല..നല്ല കടൽകാറ്റ് വീശുന്നുണ്ട്.
"കടൽകാറ്റൊക്കെ പിന്നെ ആസ്വദിക്കാം" എന്ന് ഉള്ളിന്ന് ആരോ പറയുന്നുണ്ടാരുന്നു.അത് മച്ചാൻ തന്നെ,വേറെ ആര്..
ഞാൻ നമ്പർ ഡയൽ ചെയ്തു...വീട്ടിലാണെങ്കിലും അവൾ സംസാരിക്കാറുണ്ട്. വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ ഫോൺ എടുക്കുക തന്നെ ചെയ്യും...അള്ളാ....അപ്പൊ ശരിക്കും ഞാൻ

ഇപ്പോ പറയാൻ പോവ്വാ അല്ലെ.....ആ തിരിച്ചറിവിൽ ഞാൻ ആകെ ഒന്നു പ്രകമ്പനം കൊണ്ടു.....കട്ടക്ക് കൂടെ നിന്ന മച്ചാനാണെങ്കിൽ ഇപ്പോ ഒടുക്കത്തെ ടെൻഷൻ...മച്ചാൻ അവിടെ കിടന്ന് മിടിക്കുന്നത് അങ്ങ് കടലോളം കേൾക്കാം..
std call കണക്ട് ചെയ്യുന്നതിന് മുമ്പുള്ള ചെറിയ ബീപ്പ് സൗണ്ട് കേട്ടുതുടങ്ങി....call മുംബൈ തീരത്തു നിന്ന് സഞ്ചരിച്ചു കേരള തീരത്തെത്തി.....

ringing ...!..

മച്ചാൻ എന്നെ ഇപ്പൊ ഇടിടച്ചിടിച്ചു ടെന്ഷന്റെ കൊടുമുടിയിലെത്തിച്ചു.....

ആ നിമിഷം അവളെ കുറിച്ച് ഒരുപാട് ഓർമ്മകൾ എൻ്റെ മനസ്സിൽ മിന്നി മാഞ്ഞു .ചിലതു കൂട്ടത്തിൽ തെളിഞ്ഞു നിന്നു .അനശ്വരമായവ grey scale ഇൽ play ആവാൻ തുടങ്ങി .

കോളേജ് .....എഞ്ചിനീയറിംഗ് ...classes ....നാട്ടിൽ നിന്നും ആദ്യമായി ദൂരേക്ക് പറിച്ചു നടപ്പെട്ട എനിക്ക് ആ ചുറ്റുപാട് ഒരു പുതിയ അനുഭവമായിരുന്നു .
കർണാടകത്തിൽ ആയിരുന്നു കോളേജ് എങ്കിലും നല്ലൊരു ശതമാനം മലയാളികൾ മറ്റേതൊരു സ്ഥലത്തെയും പോലെ ഇവിടെയും സാന്നിധ്യം

അറിയിച്ചിരുന്നു .പുതിയ നാട്..കൂട്ടുകാർ ...ഭാഷ ...ഇവയോടൊക്കെ ഞാൻ പൊരുത്തപ്പെട്ടു .ഹാപ്പി ഡേയ്സ് സിനിമ ഒക്കെ കണ്ടു ആകെ ഉൾപുളകിതനായിട്ടാണ് ഞാൻ ആ കോളേജിൽ എത്തിയത് .നമ്മുടെ മച്ചാനും ആകെ ഹാപ്പി ആണ് .
പഠനവും ക്ലാസും ഒക്കെ തകൃതിയായി പുരോഗമിച്ചു .മച്ചാൻ ഇടക്കൊക്കെ ചുമ്മാ ഓരോ ഇടിയൊക്കെ തന്നിട്ട് പോവുമെങ്കിലും ഒരു പെൺകുട്ടിയോട് 5 മിനിറ്റ് മുഖത്ത് നോക്കി സംസാരിക്കാൻ ആത്മവിശ്വാസത്തിന്റെ ചെറു കണിക പോലും ഉള്ളിൽ ഇല്ലായിരുന്നു .പതിയെ പതിയെ ആ ശോചനീയാവസ്ഥക്കു മാറ്റം വന്നു.മച്ചാൻ ഹാപ്പി ആയി.എനിക്ക് പുതിയ കുറെ കൂട്ടുകാരെ കിട്ടി .അതിൽ വല്യ intro music ഉം build up ഉം ഒന്നും ഇല്ലാണ്ട് ദിയയും വന്നു .

ഒരു ആക്റ്റീവ് ഗേൾ ആയിരുന്നു അവൾ .ഒരു തരത്തിലുള്ള ഹീറോയിക് charactor .വന്നു ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സ്വന്തമായി gang ഒക്കെ ഉണ്ടാക്കി സംഘടിതമായി റാഗിങ്ങ് വെല്ലുവിളികളെയൊക്കെ അവളുടെ നേതൃത്വത്തിൽ ചെറുത്തത് കൂട്ടുകാർ പറഞ്ഞു കേട്ടിരുന്നു .ഇതുവരെ കണ്ട ക്ലീഷേ പെൺ ശിൽപ്പങ്ങളിൽ നിന്ന് വെത്യസ്തമായ ഒരു വേർഷൻ .

അങ്ങനെ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ നല്ല കൂട്ടുകാരായി.കട്ടക് കൂടെ നിൽക്കുന്ന ഒരു ചങ്ക് ബ്രോ പോലെ .
"ബ്രോ " എന്ന് വിളിച്ചതിനു അവളുടെ വായീന് പണ്ടൊരിക്കൽ കേട്ടതാ നല്ലോണം .ഇപ്പോഴും അതോർക്കുമ്പോൾ പരസ്പരം ചുംബിച്ചിരിക്കുന്ന മേൽ-കീഴ് ചുണ്ടുകൾ താനേ ചുംബന മുക്തമായി മുകളിലെ നിരയിൽ തലകീഴായി നിൽക്കുന്ന ദന്ത രാജാക്കന്മാർ 6 ,7 പേര് ബാഹ്യലോകം കാണും .ചമ്മിയ എൻ്റെ ആ ചിരി പക്ഷെ മറ്റാരും കാണാറില്ല .
പ്രണയമെന്ന ആശയത്തോട് അവൾക് പണ്ടേ താല്പര്യമില്ലായിരുന്നു. ചുറ്റും കാണുന്ന പ്രണയങ്ങളെല്ലാം വെറും കാട്ടികൂട്ടലുകളാണെന്ന് ഉദാഹരണ സാഹിതം അവൾ നീതീകരിച്ചു.
ശരിയാണ് ....ഒക്കെ വെറും കാട്ടിക്കൂട്ടലുകൾ ...

കാലത്തിന്റെയും ക്വാർട്ടസിന്റെയും ഘടികാരം 2000 rpm ഇൽ കറങ്ങുന്നതിനിടയിൽ 2 ,3 infactuations ഉണ്ടായി .അതിനൊക്കെ ഹ്രസ്വകാലാന്ത്യം സംഭിവച്ചു.അതൊക്കെ ഞാൻ വള്ളീം പുള്ളീം തെറ്റാതെ ദിയയോട് പറഞ്ഞിട്ടുണ്ട്.അങ്ങനെ ഏതൊരു കാര്യവും ഷെയർ ചെയ്യാനുള്ള ഒരു comfort zone ഞങ്ങൾക്കിടയിൽ ഉണ്ടായി .
destiny ....life ....passion ....future ഇതിനെക്കുറിച്ചൊക്കെ അവൾ ഒരുപാട് വാചാലയാവുമായിരുന്നു . ഈ
വക കാര്യങ്ങളിലൊന്നും കാര്യമായ വിവരം ഇല്ലാതിരുന്ന എനിക്ക് അവളുടെ പ്രബോധനങ്ങൾ പുതിയ അനുഭങ്ങളായി.
ക്ലാസും കോളേജുമൊക്കെകഴിഞ്ഞു .ഞങ്ങൾ നല്ല കൂട്ടുകാരായി തുടർന്നു.പല നാടുകളിൽ ജോലി ചെയ്യുന്നതിനിടയിലും ആ സുഹൃത് ബന്ധം ദൃഡമായി തന്നെ നിലനിന്നു ,കഥകളും അനുഭവങ്ങളും,കളിയാക്കലുകളും,പിണക്കങ്ങളുമായി .അതിനിടയിൽ പലരും വന്നു ,പലരും പോയി .ഏതോ അദൃശ്യ ശക്തിയാൽ വിളക്കിചേർത്തതുപോലെ ഇത് മാത്രം നിലനിന്നു .എൻ്റെ ഭ്രാന്തൻ ചിന്തകളും സംസാരവും,കത്തിവെപ്പും ,പകരം വെയ്ക്കാനാകാത്ത കട്ടച്ചളികളും കേൾക്കാനാണോ ദൈവം ഇവളെ സൃഷ്ടിച്ചത് ....?
എൻ്റെ ജീവിതം ഇങ്ങനെയൊക്കെ പോയ്കൊണ്ടിരിക്കുമ്പോൾ മറുഭാഗത് തന്റെ പ്രവർത്തന മണ്ഡലങ്ങളിലെല്ലാം അഗ്രഗണ്യയായി അവൾ ജൈത്രയാത്ര നടത്തുകയായിരുന്നു.

പിന്നീട് ഏതോ നിലാവുള്ള രാത്രിയിൽ യാതൊരു ലക്ഷ്യവും മാർഗ്ഗരേഖയുമില്ലാതെ

ഏതോ മണൽകാറ്റിൽ അലഞ്ഞു നടന്ന ഒരു ചിന്താ ശകലം മനസ്സിന്റെ മര്മത്തില് എവിടെയോ ആഞ്ഞടിച്ചു .അതിൽ ഉത്ഭവിച്ച ചിന്ത അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതും 'ഉൾപുളകിക്കുന്നതുമായിരുന്നു
'
.അതെനിക്കൊരു പുതിയ അനുഭവമായിരുന്നു.അതെനിക്കൊരു തിരിച്ചറിവാരുന്നു.
"ഇവളെയല്ലാതെ വേറെ ആരെയാണ് ഞാൻ പ്രണയിക്കേണ്ടത് ...? എനിക്കെന്താ ദിയയെ പ്രണയിച്ചാൽ...? 6 കൊല്ലാതെ ദീർഘ സൗഹൃദമുള്ള ഇവളെക്കാൾ കൂടുതൽ വേറെ ആർക്കാണ് എന്നെ മനസ്സിലാക്കാൻ സാധിക്കുക.....? ദിയയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ 'ഇതാണോ എന്റെ ഡെസ്ടിനി.....?' ഇനി ഏതു സൗന്ദര്യ ശില്പത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കേണ്ടത്...?"അങ്ങനെ ഒരായിരം ചോദ്യങ്ങൾ പൊടുന്നനെ തിളച്ച എണ്ണയിലിട്ട ഒരു പിടി കടുക് പോലെ പൊട്ടി വന്നു.....

നമ്മുടെ മച്ചാൻ അന്നാണ് അത്രയധികം ഉണർന്നത്.തൻ്റെ സാന്നിധ്യത്തിന്റെ ഒരു എക്സ്ട്രാ ഡിമെൻഷണൽ മച്ചാൻ കാണിച്ചു തന്നു.ഹൃദയ തുടിപ്പിന്റെ അതെ താളത്തിൽ വിരലുകൾ വരെ തുടിച്ചു .ഹൃദയത്തെ കുറിച്ചും മച്ചാനെ

വികാരങ്ങളെ കുറിച്ചും ഇത്രയും നാൾ കവി പാടിയതൊക്കെ സത്യമാണെന്നു തോന്നിയ നിമിഷം.
പക്ഷെ ഈ പ്രണയം അതിന്റെ പൂര്ണതയിലെത്താൻ കടമ്പകളേറെ .എല്ലാ ക്ലീഷേ സാഹചര്യങ്ങളും ഉണ്ടായിരുന്നു ഈ പ്രണയത്തിലും.ജാതി,മതം,ദേശം,കുടുംബം,അങ്ങനെ ഒരുപാട്.പക്ഷെ ഇതിനെ ഒക്കെ അതിജീവിച്ചു പ്രണയിച്ചു ജയിച്ചവരുടെ കഥകൾ അവൾ തന്നെ പണ്ട് പറഞ്ഞു തന്നത് എനിക്ക് ഓര്മ വന്നു .

.എനിക്കുറപ്പാണ് അവളുടെ മനസ്സിൽ അങ്ങനെയൊരു ചിന്തയുടെ ചെറു മുകുളം പോലും ഉണ്ടാവില്ല .പക്ഷെ ഇതാണെന്നു എന്റെ പ്രണയം.അതിൽ എനിക്ക് എന്നോട് തന്നെ ബഹുമാനും തോന്നുന്നു.

പ്രധാന പ്രശനം ഇതൊന്നുമല്ല ..ഞാനിതെങ്ങനെ അവളോട് അവതരിപ്പിക്കും...?ആകെ കൺഫ്യൂഷൻ ആയല്ലോ ...

"ഹലോ .....ഹലോ "
പെട്ടെന്നാണ് ഞാൻ ശ്രദ്ദിച്ചത്, ഫോണിന്റെ മറുതലക്കൽ റിങ് മാറി അവളുടെ ശബ്ദം വന്നു തുടങ്ങിയിരിക്കുന്നു.ഒന്ന് ഞെട്ടി ഞാൻ.....ഇത്രയും നേരം പ്ലേയ് ചെയ്തുകൊണ്ടിരുന്ന ഓർമ്മകളുടെ ടേപ്പ് എവിടെയോ വള്ളി കുരുങ്ങി പൊടുന്നനെ

നിന്ന് പോയത് പോലെ....

"എന്താടാ ഇപ്പൊ വിളിച്ചത്..? നീയല്ലേ രാവിലെ വിളിച്ചിട്ട് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ മണ്ടത്തരം പറഞ്ഞിട്ട് കട്ട് ചെയ്തത് ...?"

അവളുടെ ശബ്ദം അന്നാദ്യമായിട് കാതിൽ ഇടിമുഴക്കം പോലെ കേട്ടു ....

ഞാൻ തുടർന്നു....

ഏയ് ....അതൊന്നുമില്ല ..അദേ ...ദിയേ .....

ഉം എന്തെ...? വീണ്ടും ഇടിമുഴക്കം,,പക്ഷെ ഇത്തവണ മൃദു ആയിട്ടുണ്ട്....

പിന്നെ കൂടുതലൊന്നും ചിന്തിക്കാൻ പോയില്ല....

"ദിയേ ...എനിക്ക് ഭയങ്കര വയറിളക്കം .....നിന്നോട് ...."ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ഞാൻ ..
മച്ചാനാനാണേൽ ഫുൾ ത്രോട്ടിലിൽ ആണ്...ഇനിം പവർ കൂടിയാൽ നെഞ്ചിന് കൂടു പൊളിച്ചു പുറത്തു വരും .....അതാണ് അവസ്ഥ ....

ലോകത്തിൽ ആദ്യമായിട്ട് പ്രണയത്തെ വയറിളക്കത്തോട് ഉപമിച്ച ഭീകരൻ ഞാൻ

ആയിരിക്കും ...ബട്ട് മച്ചാന്റെ ഫുൾ സസപ്പോർട്ട് ഉണ്ടായിരുന്നു .എൻറെ വയറിളക്കത്തിന്റ അർഥം പ്രണയമാണെന്നും കുറച്ചായി തുടങ്ങീട്ടെന്നും ഞാൻ വ്യാഖ്യാനിച്ചു.....

തിരിച്ചു എന്താ പറയുന്നതെന്നറിയാതെ ഞാൻ കണ്ണടച്ചിരിക്കുകയാണ്.എന്തിനാണ് അന്ന് കണ്ണ് ഇറുക്കെ അടച്ചതെന്നു എനിക്കിപ്പോളും മനസ്സിലായിട്ടില്ല ..

തെല്ലൊന്നു ആലോചിച്ചു അവൾ പറഞ്ഞു ...."വയറിളക്കവല്ലേ ...2 ,3 ദിവസം കഴിയുമ്പോ അങ്ങ് മാറിക്കൊള്ളുന്നെ..."

തീർന്നു......! എല്ലാം ശുഭം ...

വയറിളക്കം ഐഡിയ മനസ്സിൽ തോന്നിയ നിമിഷത്തെ ഞാൻ അറിയാതെ ശപിച്ചുപോയ്......
എങ്കിലും അവൾ ഉടനടി ഒരു മറുപടി തരില്ലെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു .....എന്നാലും എന്റെ പ്രണയം അറിയിക്കുക എന്നുള്ളത് എന്റെ കടമ ആണല്ലോ.അത് കഴിഞ്ഞും ഞാൻ പലപ്പോഴും എന്റെ പ്രണയം പറഞ്ഞു കൊണ്ടേ ഇരുന്നു .ഇതിനെക്കുറിച്ച് ഞങ്ങളുടെ ഇടയിൽ ചർച്ചകളുണ്ടായി ...ഓരോ തവണ എനിക്ക് നിന്നോട് പ്രണയമാണെന്ന് പറയുമ്പോളും

മച്ചാണ് ഫീൽ ചെയ്യുന്ന പറഞ്ഞറിയിക്കാനാവാത്ത ഒരു തരം പുളകമുണ്ട്.

ഒന്നര വർഷത്തിന് ശേഷം ഇന്നും മച്ചാൻ ഇടയ്ക്കിടയ്ക്ക് പുളകിതനായിക്കൊണ്ടീ ഇരിക്കുന്നു.ഒരു മറുപടി പറയാൻ ഞാൻ അവളെ ഇതുവരെ നിര്ബന്ധിച്ചിട്ടില്ല .ഈ പ്രണയത്തിലെ പ്രായോഗികമായ ബാലികേറാമലകൾ അവൾ പല തവണ പറഞ്ഞു തന്നതുകൊണ്ടാവാം ഞാൻ അതിനു മുതിരാത്തത്.
സ്നേഹവും കരുതലും വാരിക്കോരി ചൊരിയുന്ന മാതാപിതാക്കളും ബന്ധുക്കളും ...ഒരു രാജകുമാരിയെ പോലെ എല്ലാവരും സ്നേഹിക്കുന്ന ദിയയെ പ്രണയമെന്ന പേരും പറഞ്ഞു എന്റെ ഒരാളുടെ സ്വാർത്ഥതക്ക് വേണ്ടി എന്തെങ്കിലും ചെറിയ ഒരു അസന്തുലനം ആ ബന്ധങ്ങളിൽ സൃഷ്ടിക്കാൻ എനിക്കെന്ത് അർഹതയാണ് ഉള്ളത്..അങ്ങനെ സംഭവിച്ചാൽ എൻ്റെ പ്രണയത്തിനു മറ്റുള്ളവയെക്കാൾ എന്ത് മേന്മയാണുള്ളത്.

എങ്കിലും ഞാൻ എന്റെ മച്ചാനെ പിണക്കിക്കൂടല്ലോ...എന്റെ പ്രണയം എനിക്ക് വലുതാണ് .അത് ഞാൻ നഷ്ടപെടുത്തില്ല.പ്രണയ സാക്ഷാത്കാരം വിവാഹത്തിൽ അല്ലെങ്കിൽ

ഒന്നുചേരലിലാണ് പ്രണയപൂർത്തീകരണം എന്ന സാമാന്യ സാമൂഹിക ചിന്ദാഗതിയോട് പൂർണമായും യോജിക്കാൻ കഴിയില്ലലോ.ദിയയ്‌ക്കു എന്നെ പ്രണയിക്കാതിരിക്കാൻ ഞാൻ മനസ്സിലാക്കിയിടത്തോളം സാമൂഹിക-കുടുംബ സാഹചര്യങ്ങളുടെ സമ്മര്ദങ്ങള്ക്കപ്പുറം വേറൊരു കാരണവുമില്ലെന്നു അവളുടെ മറുപടിയുടെ അഭാവത്തിലും എനിക്കുറപ്പാണ് .
അതുകൊണ്ട് എന്റെ പ്രണയം ഒരു പരാജയമല്ല .അതിപ്പോൾ എന്റെ മാത്രം പ്രണയമല്ല .ഞങ്ങളുടെ പ്രണയമാണ് .

ഇനിയൊരുനാൾ ഞങ്ങൾക്കൊന്നിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ പരാജയപ്പെടുന്നത് പ്രണയമല്ല...പ്രണയ സാക്ഷാത്കാരമാണ് .ഇത് വരെ കണ്ടും കേട്ടും അറിഞ്ഞും പ്രണയിച്ചതിനെ കാണാതെയും അറിയാതെയും കേൾക്കാതെയും പ്രണയിക്കുന്നത് സുഖമുള്ള ഒരു നോവാണ്.

കാലചക്രങ്ങളിൽ നീ എവിടെ മറഞ്ഞാലും എൻ്റെ ഹൃദയത്തിൽ നിന്നോടുള്ള പ്രണയം എന്നുമുണ്ടാവും .........ദിയേ നീയും ..........

വിപിന്‍ അലക്സ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്