ഇന്ന് നിന്നെ ചെക്കൻ കാണലല്ലേ

''ഇന്ന് നിന്നെ ചെക്കൻ കാണലാണല്ലേ....''

കണ്ണാടിക്കു മുൻപിൽ കുളിച്ചൊരുങ്ങി വന്നു നിൽക്കുമ്പോഴാണ് കണ്ണാടിയിലെ എന്റെ പ്രതിബിംബം ഒരു കള്ള ചിരിയോടെ എന്നോട് ചോദിച്ചത്...

ഷേവ് ചെയ്ത മുഖത്തൊന്നു തടവി, വെറുതെയൊരു ചിരി പാസാക്കി ഞാൻ മുറിയിൽനിന്നും പുറത്തിറങ്ങി...

കണ്ണാടിയിൽ പ്രത്യക്ഷപ്പെട്ട എന്റെ ആ മനസ്സിന്റെ സന്തോഷത്തിന്റെ ഒരു നുള്ളു പോലും എന്റെ മുഖത്തുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം...

കാരണം,, എനിക്കറിയാം... ഈ വിവാഹം ഒരു സ്വപ്നമായി തന്നെ അവശേഷിക്കും...

ദുബായിലെ ജോലിക്കിടയിലാണ് എന്റെ ഒരു സുഹൃത്ത് മുഖേന എനിക്കൊരു ആലോചന വരുന്നത്... ദുബായിൽ തന്നെ സ്വന്തമായി ബിസ്സിനസ്സുള്ള ഒരു കോടീശ്വരന്റെ മകൾ...

കേട്ടപ്പോൾ ഞാനും ഒരു നിമിഷം ശങ്കിച്ചു... നാട്ടിലെ റിട്ടയേർഡ് സ്കൂൾ മാസ്റ്റർ ഗോപാലൻമാഷിന്റെ ഈ മകനു കോടീശ്വരന്റെ മകളോ!!!

അതേ... ദുബായിലെ എന്റെ ജോലിയും ജീവിതവും കണ്ടാൽ ആരും പറയില്ല.. വെറുമൊരു മാഷിന്റെ മകനാണ് ഞാനെന്ന്... ഏൽപ്പിക്കുന്ന ജോലിയെല്ലാം കൃത്യമായി ചെയ്തതുകൊണ്ടാകാം വളരെ പെട്ടന്നു തന്നെ എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചതും നല്ലൊരു സ്ഥാനത്തെത്തിയതും.... അതുകൊണ്ടു തന്നെ ജീവിത രീതിയിൽ അല്പം മാറ്റവും വരുത്തി... താമസവും, ഭക്ഷണവും, ധരിക്കുന്ന വസ്ത്രങ്ങൾപോലും കിട്ടാവുന്നതിൽ നല്ലത് തന്നെ തിരഞ്ഞെടുത്തു...

അല്ലേലും കഴിവുള്ളവനു അല്പം അഹങ്കരിക്കുന്നതിൽ തെറ്റില്ലല്ലോ...  ഒരുപക്ഷേ കുടുംബത്തിലെ മറ്റുവള്ളവരെ അപേക്ഷിച്ച് നോക്കിയാൽ തൊലി വെളുപ്പും അല്പം കൂടുതൽ എനിക്ക് തന്നെയായിരുന്നു...

ഇതെല്ലാംകൊണ്ടുമായിരിക്കാം ഈ ആലോചന എന്നെയും തേടിയെത്തിയത്... പെണ്ണുകാണൽ ചടങ്ങിനു മുൻപേ അവർക്ക് എന്റെ കുടുംബത്തെ പറ്റിയും, ചുറ്റുപാടുകളെ കുറിച്ചും നേരിട്ടു കണ്ടറിയണം എന്നൊരു നിബന്ധനയുണ്ടായിരുന്നു... അതുപ്രകാരമാണ് ഞാൻ അവധിയെടുത്തു നാട്ടിലെത്തിയതും ഈ ചെക്കൻ കാണലിന് തിരശ്ശീല ഉയർന്നതും...

മുറിയിൽ നിന്നും പുറത്തിറങ്ങിയതും, അകം തൂത്തുവാരുന്ന അനിയത്തികുട്ടി ഇടം കണ്ണിട്ടു എന്നെ നോക്കി ഒരു കള്ളച്ചിരി പാസാക്കി...

മുഷിഞ്ഞ വേഷം ധരിച്ചു നിന്നിരുന്ന അവളുടെ മട്ടും ഭാവവും എനിക്കൊട്ടും രസിച്ചില്ല...

''സൗന്ദര്യബോധമില്ലാത്തവൾ... നിനക്കൽപ്പം വൃത്തിയും വെടുപ്പുമായി നടന്നുകൂടെ??''

മുഖം ചുളിച്ചു ഞാൻ പറയുമ്പോൾ കലി തുള്ളികൊണ്ടവൾ ചൂലും കൊണ്ട്‌ അടുക്കള ഭാഗത്തേക്ക് നടന്നു...

ഉമ്മറത്തെ ചാരു കസേരയിൽ അച്ഛൻ പത്രവും വായിച്ചു മലർന്നു കിടപ്പുണ്ടായിരുന്നു...

നരച്ചു തുടങ്ങിയ ഒരു കാവിമുണ്ടും, കീറി തുടങ്ങിയ ഒരു നേർത്ത ബനിയനും...

'വന്നു കയറുന്നവർ ഇത് കാണുമ്പോഴേ ഇറങ്ങി പോകും... അവരുടെ ജീവിത രീതി വെച്ചു നോക്കുമ്പോൾ അവരുടെ വീട്ടിലെ വേലക്കാരനുപോലും ഇതിലേറെ അന്തസ്സുണ്ടാകും...'

ഒരുപക്ഷേ അമ്മ പറഞ്ഞാൽ അച്ഛൻ ഈ വേഷവിധാനങ്ങളിൽ അൽപ്പം മാറ്റും വരുത്തുമെന്ന പ്രതീക്ഷയിൽ, രോഷാകുലമായ വാക്കുകൾ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ അടുക്കളഭാഗത്തേക്ക് നടന്നു...

''എന്റെ അമ്മിണീ.. ഇതെന്താ നീ ഈ കാണിച്ചു വെച്ചിരിക്കുന്നേ....''

പുറത്തേ തൊഴുത്തിൽ നിന്നും അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്... തലേന്ന് രാത്രിയിൽ നൂറു വട്ടം പറഞ്ഞതാ... ഇന്നെങ്കിലും ആ പശുവിന്റെ ചാണകം വാരാൻ നിൽക്കാതെ അകത്തു ഒതുങ്ങി കൂടിയിരിക്കാൻ...

അതിനെങ്ങനാ... എന്നേക്കാൾ വലുതല്ലേ ആ നാൽക്കാലിയോടുള്ള സ്നേഹം...

ജോലിയും നല്ല ശമ്പളവുമായപ്പോൾ ഞാൻ പറഞ്ഞതാ സിറ്റിയിൽ ഒരു വീടു വാങ്ങി അങ്ങോട്ട് മാറാമെന്ന്... പക്ഷേ ഈ കുഗ്രാമം വിട്ടുപോരാൻ ആരും തയ്യാറായില്ല... അച്ഛന് കാവും അമ്പലവും ഉത്സവങ്ങളും വിട്ടുപോരാൻ മടി..... അമ്മക്ക് ആടും കോഴിയും പശുവും പൂച്ചയുമെല്ലാം ഒറ്റക്കാവുമെന്ന ഭയം..... അനിയത്തിക്ക് മരം കേറി നടക്കാനുള്ള സ്വാതന്ത്രം നഷ്ടമാകുമോ എന്നുള്ള സംശയം....

അതുകൊണ്ടെല്ലാം എനിക്ക് നഷ്ടമാകുന്നത് എന്റെ ജീവിതമാണ്... അതിനെപ്പറ്റി ചിന്തിക്കാൻ ആർക്കും സമയമില്ല...

സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത ബന്ധമാണ് എന്റെ ഒരാളുടെ കഴിവിൽ വന്നു കയറിയിരിക്കുന്നത്... അതെല്ലാം ഇവർ കാരണം ഇല്ലാതാകുമെന്നു ഓർത്തപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം മനസ്സിൽ ഇരമ്പിക്കയറി...

ഉമ്മറത്ത് ആരുടെയോ സംസാരം കേട്ടാണ് ഞാൻ അടുക്കള ജനലഴികളിലൂടെ പുറത്തേക്ക് നോക്കിയത്...

വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന ഒരു ബെൻസ് കാർ അതാ വീടിനു മുൻപിൽ തന്നെ....

''ഈശ്വരാ... അവരെത്തിയോ....''

നെഞ്ചിൽ കൈവെച്ചുകൊണ്ട് ഞാൻ ഉമ്മറത്തേക്കോടി...

പൂമുഖത്തു നിരത്തിയിട്ട കസേരകളിൽ കാരണവന്മാർ നിരനിരയായി ഇരിക്കുന്നുണ്ടായിരുന്നു... സ്വർണ്ണ കസവുകര മുണ്ടെടുത്ത്, വെട്ടി തിളങ്ങുന്ന ഷർട്ടുമണിഞ്ഞ എന്റെ ഭാവി അമ്മായച്ഛൻ കൂടെ വന്നവർക്കന്നെ ചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു...

അപ്പോഴും പ്രതീക്ഷകൾക്ക് പോലും മങ്ങലേൽപ്പിച്ചുകൊണ്ട് അച്ഛൻ ആ ചാരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു... അതേ വേഷത്തിൽ....

തൊഴുത്തിൽ നിന്നും  അമ്മകൂടി വന്നതോടെ കാര്യങ്ങൾക്കെല്ലാം പെട്ടന്നു തന്നെ തീരുമാനമാകുമെന്നു ഉറപ്പായി...

''പയ്യനെ ഞങ്ങൾക്കെല്ലാം ഇഷ്ടമായി... പക്ഷേ....''

പെണ്ണിന്റെ അച്ഛൻ ഒരു പരുങ്ങലോടെ എല്ലാവരേയും മാറി മാറി നോക്കി...

ആ പക്ഷേയിൽ കൂടുതലൊന്നും എനിക്ക് ചിന്തിക്കേണ്ടി വന്നില്ല... അറിയാം... വീടും കുടുംബവും അവരുടെ അന്തസ്സിനു ചേരില്ലന്നു തുറന്നു പറയാനുള്ള ഒരു അപകർഷതാബോധം....

''ഞങ്ങൾക്കതിനുള്ള അർഹതയുണ്ടോ എന്നറിയില്ല....''

മാന്യത നിറഞ്ഞ സ്വരത്തോടെ അദ്ദേഹം പറയുന്നത് കേട്ട് ഒരു നിമിഷം ഞാൻ സ്തബ്ധനായി...

''റിട്ടയേർഡ് സ്കൂൾ മാസ്റ്റർ ഗോപാലൻ മാഷിന്റെ മകനു പെണ്ണാലോചിക്കാൻ മാത്രം അന്തസ്സ്, ഞങ്ങൾക്കുണ്ടോയെന്നു അറിയില്ല... അതുകൊണ്ടു തന്നെയാണ് പെണ്ണുകാണൽ ചടങ്ങിന് മുൻപേ ഞങ്ങൾ നേരിട്ടു വന്നത്... ഒരുപാട് കേട്ടിട്ടുണ്ട് മാഷിനെ പറ്റി... പാവപ്പെട്ട വിദ്യാർത്ഥികൾകളുടെ പഠനത്തിനു വേണ്ടി സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച ഒരു നല്ല മനസ്സുള്ള അദ്ധ്യാപകൻ... അവരുടെ ന്യായമായ ആവിശ്യങ്ങൾക്ക് വേണ്ടി പോരാടിയ അവരുടെ പ്രിയപ്പെട്ട നേതാവ്... ഈ സമൂഹം ഒരുപോലെ ആദരിച്ച നല്ല അദ്ധ്യാപക പട്ടത്തിനുടമ.... അന്നത്തെ കാലത്തെ കുട്ടികളുടെ മനസ്സിൽ മാഷായിരുന്നു  താരം... ഇന്നും അവർ അവരുടെ ജീവിതത്തിൽ മാതൃകയാക്കാൻ ശ്രമിക്കുന്നത് മാഷിനെത്തന്നെയാണ്.... മാഷിന്റെ ശിഷ്യയായിരുന്ന എന്റെ മകൾ പോലും....''

ഒരു ഞെട്ടലോടെയാണ് ഞാൻ അതെല്ലാം കേട്ടു നിന്നിരുന്നത്... ചാരു കസേരയിൽ ഒരു പുഞ്ചിരിയോടെ അച്ഛൻ അതെല്ലാം കേട്ടിരിക്കുമ്പോഴും, ഒരു ഭാവ മാറ്റവും ആ മുഖത്തുണ്ടായിരുന്നില്ല...

''ഇങ്ങനെയൊരു പയ്യനുണ്ടെന്നു അറിഞ്ഞപ്പോൾ, അത് മാഷിന്റെ മകൻകൂടിയാണെന്നു കേട്ടപ്പോൾ, കൂടുതലൊന്നും ഞങ്ങൾക്കോ അവൾക്കോ ചിന്തിക്കേണ്ടി വന്നില്ല...

ഇനി തീരുമാനം മാഷിന്റേതാണ്... ഇഷ്ടമാണേൽ അടുത്ത ആഴ്ച്ച പെണ്ണുകാണലിനായി അങ്ങോട്ട് വരണം...''

ആദരവോടെ കൈകൂപ്പി അച്ഛനെയും അമ്മയേയും മാറി മാറി നോക്കി പുഞ്ചിരിച്ചുകൊണ്ട് യാത്രപറഞ്ഞവർ ഉമ്മറത്തേക്കിറങ്ങി....

അപ്പോഴും നിശബ്ദനായി തല താഴ്ത്തി ഞാൻ ചുമരിൽ ചാരി നിൽപ്പുണ്ടായിരുന്നു...

അതിഥികളെ യാത്രയാക്കി തിരിച്ച് മുറിയിലേക്ക് നടക്കാനൊരുങ്ങിയ അച്ഛന്റെ കൈകളിൽ മൃദുവായി ഞാൻ പിടിച്ചു... അന്നോളം മനസ്സിലാക്കാതെ പോയ ആ മനസ്സിന്റെ നന്മയെ തിരിച്ചറിഞ്ഞെന്നവണ്ണം എന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു....

ഒരു പുഞ്ചിരിയോടെ ആ കണ്ണുനീർ തുടച്ചുമാറ്റികൊണ്ട് അകത്തേക്ക് നടന്നകലുന്ന അച്ഛന്റെ ദേഹത്തെ ആ നേർത്ത ബനിയൻ എന്നെ നോക്കി പരിഹാസത്തോടെ പറയുന്നുണ്ടായിരുന്നു...

''അന്തസ്സ് കാണിക്കേണ്ടത് ധരിക്കുന്ന വസ്ത്രത്തിലൂടെയല്ല... മനസ്സിന്റെ നന്മയിലൂടെയാണ്...''

Saran praksh

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്