Kissakal

പാട്ടും പാടി സ്കൂൾ കഴിഞ്ഞു വരുമ്പോഴാണ് അന്ന് പതിവില്ലാതെ വീടിനുമുൻപിൽ ഒരു അംബാസിഡർ കാറ് കിടക്കുന്നത് കണ്ടത്... കാറിനോട് ചേർന്ന് കാക്കി വേഷമണിഞ്ഞ ഒരാൾ പല്ലിൽ കുത്തി നിൽപ്പുണ്ട്... ആ നിൽപ്പും ഭാവവും കണ്ടാൽ ആർക്കും മനസ്സിലാകും അയാളാണ് ആ പേടകത്തിന്റെ സാരഥിയെന്ന്.....

അടുത്ത് ചെന്ന് ഞാൻ അയാളെ തുറപ്പിച്ചൊന്നു നോക്കി...

'എന്താടാ ചെക്കാ' എന്ന മട്ടിൽ എന്നെ നോക്കി അയാൾ കണ്ണിറുക്കി.....

തോൾകൊണ്ട് ഒന്നുമില്ല എന്ന് ആംഗ്യം കാണിച്ച് ഞാൻ അകത്തേക്കു കയറാൻ ഒരുങ്ങിയപ്പോഴാണ് അകത്തുനിന്നും ആരുടെയൊക്കെയോ കൂട്ടച്ചിരി കേട്ടത്... ഒട്ടും പരിചയമില്ലാത്തവരുടെ ശബ്ദം ആയതുകൊണ്ടാവണം ഞാൻ എന്ന അഞ്ചാം ക്ലാസ്സുകാരന് അകത്തേക്ക് കയറാൻ ഒരു മടി...

ശബ്ദം ഉണ്ടാക്കാതെ വീണ്ടും മുറ്റത്തേക്കിറങ്ങി, പിന്നാമ്പുറത്തേക്ക് മന്ദം മന്ദം നടക്കുമ്പോൾ ആ കാക്കി വേഷധാരി വാ പൊളിച്ചു എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു...

അടുക്കള വാതിലൂടെ അകത്തേക്ക് കയറുമ്പോൾ അമ്മ തിരക്കിട്ട പണികളിൽ മുഴുകിയിരിക്കുകയായിരുന്നു... തിളച്ചു കൊണ്ടിരിക്കുന്ന പാലിനരികിൽ അണിഞ്ഞൊരുങ്ങി എന്റെ ചേച്ചി കിനാവും കണ്ടു നിൽക്കുന്നുണ്ടായിരുന്നു...

എന്നെ കണ്ടിട്ടും ആരുടേയും മുഖത്തൊരു ഭാവമാറ്റവുമില്ല... ഇനിയെന്റെ വരവ് അറിഞ്ഞുകാണില്ലേ എന്ന ചിന്തയിൽ നന്നായൊന്നു ചുമച്ചു നോക്കി... ഇല്ല.. ആരും എന്നെ നോക്കുന്നേയില്ല...

''ഒന്നു പെട്ടന്നാവട്ടെ സുജേ... ഇതെത്ര നേരമായി...''

അകത്തളത്തിൽ നിന്നും വെപ്രാളപ്പെട്ട് അച്ഛൻ വന്നു അമ്മയോട് പറഞ്ഞു...

''ദേ ചായകൂടി ആയാൽ മതി ഏട്ടാ... ഏട്ടൻ അപ്പുറത്തേക്ക് ചെല്ലൂ...''

തിളച്ചുപൊന്തുന്ന പാലിൽ ചായപ്പൊടി ഇടവേ അമ്മ പറഞ്ഞു...

കനത്തിലൊന്നു മൂളികൊണ്ടു അച്ഛൻ വീണ്ടും അകത്തേക്ക് പോയി...

കാര്യമെന്തന്നറിയാതെ ഞാൻ എല്ലാം മിഴിച്ചു നോക്കികൊണ്ടിരുന്നു...

ലഡ്ഡുവും ജിലേബിയും അച്ചപ്പവും കുഴലപ്പവും ഓരോരോ പാത്രങ്ങളിലായി നിറഞ്ഞു... ഒടുവിൽ ഒരു കുഞ്ഞി പാത്രത്തിൽ എന്റെ ടൈഗർ ബിസ്ക്കറ്റും...

പൊതുവേ ഭക്ഷണത്തോട് വിരക്തിയുള്ള ഞാൻ ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് ആ ടൈഗർ ബിസ്ക്കറ്റ്... വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോഴേക്കും ആ കുഞ്ഞി പാത്രത്തിലാക്കി കൂടെ ഒരു ഗ്ലാസ് പാലുമായി എന്റെ ചേച്ചി കാത്തിരിക്കാറുണ്ട്...

ഈ തിരക്കിനിടയിലും ഓർമ്മയോടെ അതെല്ലാം ചെയ്യുന്നത് കണ്ട ചേച്ചിയോട് എനിക്കെന്തോ വല്ലാത്തൊരിഷ്ട്ടം തോന്നിപ്പോയി...

ബാഗും വലിച്ചെറിഞ്ഞ് പുറത്തുപോയി കൈകഴുകി വരുമ്പോൾ ഒരുക്കി വെച്ചതെല്ലാം അകത്തേക്ക് എടുത്തുകൊണ്ടു പോകുന്ന അമ്മയേയാണ് ഞാൻ കണ്ടത്... കൂടെ ചായ ഗ്ലാസ്സുകൾ നിറഞ്ഞ തളികയുമായി ചേച്ചി പുറകിലും...

കാര്യമെന്തന്നു മനസ്സിലാവാതെ ഞാനും പുറകെ നടന്നു... അമ്മയുടേയും ചേച്ചിയുടേയും ഇടയിലൂടെ തിങ്ങി ഞെരിഞ്ഞ് മുൻപിൽ കയറി നിന്നപ്പോൾ, ദേ ഇരിക്കുന്നു അകം നിറയെ കിളവന്മാർ...

എല്ലാവരുടെയും കൈകൾ ആർത്തിയോടെ എന്റെ ആ ടൈഗർ ബിസ്ക്കറ്റ് ലക്ഷ്യമാക്കി നീങ്ങുന്നത് സങ്കടത്തോടെ ഞാൻ നോക്കി നിന്നു...

''അല്ലാ.. ഇതാരാ.."??

കിളവന്മാർക്കിടയിൽ നിന്നും ഒരു പൗരുഷമായ ശബ്ദം ഉയർന്നപ്പോഴാണ് ഞാൻ എനിക്കരികിലിരിക്കുന്ന ആ ചേട്ടനെ കണ്ടത്...

പാന്റും ഷർട്ടുമണിഞ്ഞ ഒരു പരിഷ്കാരി...

''ഇതാണ് ഞങ്ങൾ മുൻപേ പറഞ്ഞ ഇളയ സന്തതി... ആളിച്ചിരി വൈകിയാണെ ഈ കുടുംബത്തിലേക്ക് വന്നത്... ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു...''

ബിസ്ക്കറ്റ് വായിലാക്കികൊണ്ടിരുന്ന കിളവന്മാർ ഒന്നിച്ചൊരു അട്ടഹാസം... ഇങ്ങനെ അട്ടഹസിക്കാൻ മാത്രം ഇവിടെയിപ്പോ എന്താ ഉണ്ടായേ എന്നറിയാതെ ഞാൻ അങ്ങനെ സംശയിച്ചു നിന്നു...

''ചെക്കനും പെണ്ണിനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്കിത് ഉറപ്പിക്കാം... വരുന്ന ചിങ്ങത്തിൽ തന്നെ നല്ലൊരു മുഹൂർത്തം നോക്കാം... എന്താ നിങ്ങളുടെ അഭിപ്രായം???''

തല നരച്ച ഒരു കാരണവർ അച്ഛനേയും അമ്മയേയും മാറി മാറി നോക്കി...

''ഓഹ്.. അതിനെന്താ... ഞങ്ങൾക്ക് നൂറ്റിയൊന്ന് വട്ടം സമ്മതം... അല്ലേ സുജേ...''

ഒരു ചിരിയോടെ അച്ഛൻ പറഞ്ഞു...

അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം എനിക്ക് മനസ്സിലായത്... ചേച്ചിയെ പെണ്ണുകാണാൻ വന്നവരായിരുന്നു അവർ... അടുത്തിരുന്നിരുന്ന ആ പരിഷ്കാരിയായിരുന്നു കല്ല്യാണ ചെക്കൻ... അതായത് എന്റെ ഭാവി അളിയൻ....

പെണ്ണിന്റെ കഴുത്തിൽ ആണൊരു മാലയിടുന്നതാണ് കല്ല്യാണം എന്ന് മാത്രം അറിയാവുന്ന ആ അഞ്ചാം ക്ലാസ്സുകാരന്, അന്നത്തെ പെണ്ണുകാണൽ ചടങ്ങിൽ തന്റെ ടൈഗർ ബിസ്ക്കറ്റ് കാലിയാക്കിയ ആ കരണവന്മാരോട് ദേഷ്യം തോന്നിയതല്ലാതെ മറ്റൊന്നും കാര്യമായി ചിന്തിച്ചില്ല...

പക്ഷേ ആ പെണ്ണുകാണൽ എനിക്കുള്ള ഇരുട്ടടി ആയിരുന്നെന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്....

അമ്മയാണ് എന്നെ പ്രസവിച്ചതെങ്കിലും എന്നെ നോക്കി വളർത്തിയത് എന്റെ ചേച്ചിയായിരുന്നു... എന്റെയൊപ്പം കളിക്കാനും, ചിരിക്കാനും, എന്റെ കുറുമ്പുകൾക്ക് കൂട്ട് നിൽക്കുവാനും, എന്നെ പഠിപ്പിക്കുവാനും ചേച്ചി എന്റെ ഒപ്പം തന്നെയുണ്ടായിരുന്നു... അന്നു വരെ...

പക്ഷേ, കല്ല്യാണമുറപ്പിച്ച ശേഷം ചേച്ചി പലപ്പോഴും എന്നെ മറന്നുതുടങ്ങി... രാത്രി ചേച്ചിയുടെ കൂടെ കിടക്കാറുള്ള എന്റെ സ്ഥാനം അമ്മയുടെകൂടെയായി... പുസ്തകങ്ങളുമായി ഞാൻ ഒറ്റക്ക് മല്ലിട്ടു തുടങ്ങി... ചിരിയും കളിയും ഞാൻ മറന്നു തുടങ്ങിയപ്പോൾ ചേച്ചി പലപ്പോഴും ചിന്തകളിൽ മുഴുകി പരിസരം മറന്നു ചിരിക്കാൻ തുടങ്ങി...

ഓരോ നിമിഷവും ചേച്ചിയെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു തോന്നിയപ്പോൾ പലപ്പോഴും ചേച്ചിയുടെ കല്ല്യാണത്തിനു ഞാൻ എതിരു പ്രകടിപ്പിച്ചു... പക്ഷേ ആ അഞ്ചാം ക്ലാസുകാരന്റെ രോധനം ആരും കണ്ടില്ല.. കേട്ടില്ല...

അളിയന്റെ വീട്ടുകാരുടെ വിരുന്നുവരവിലും വീടുകാണാൻ പോക്കിലുമെല്ലാം ആവുന്നത്ര ഞാൻ ശ്രമിച്ചു നോക്കി ആ കല്ല്യാണം മുടക്കുവാൻ... പക്ഷേ, അടിച്ചും, പിച്ചിയും നുള്ളിയും പല കൈകളും എന്നെ നിയന്ത്രിച്ചുകൊണ്ടേയിരുന്നു...

ചുരുക്കി പറഞ്ഞാൽ ചേച്ചിയോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിയാൻ ആരുമുണ്ടായില്ല...

ഒടുവിൽ വിവാഹം കഴിഞ്ഞു... കൈപ്പിടിച്ചെന്റെ ചേച്ചിയേം കൊണ്ടയാൾ നടന്നുപോകുന്നത് കണ്ണീരിൽ കുതിർന്ന കണ്ണുകളോടെ  നിസ്സഹായനായി ഞാൻ നോക്കിനിന്നു...

അന്ന്, മുത്തശ്ശിക്കഥകളിൽ ഞാൻ കേട്ടിരുന്ന ഭൂതത്താനും, ചെകുത്താനുമെല്ലാം ആ മനുഷ്യന്റെ മുഖമായിരുന്നുവെന്ന് ഞാൻ സങ്കൽപ്പിച്ചു...

പക്ഷേ,,,

ചിന്തകളിൽ നിന്നും തലയുയർത്തി ഞാൻ മുൻസീറ്റിലിരിക്കുന്ന അളിയനെ നോക്കി... ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ ഞാൻ ശ്രമിച്ചപ്പോൾ അന്യജാതിക്കാരിയെന്നു മുദ്രകുത്തി വീട്ടുകാരും കുടുംബക്കാരും എതിർത്തുനിന്നപ്പോൾ,, എന്റെ ഇഷ്ടം തിരിഞ്ഞറിഞ്ഞത് എന്റെ ഈ അളിയൻ മാത്രമായിരുന്നു...

'എടാ കുഞ്ഞളിയാ... നമുക്കൊരു പെൺകുട്ടിയെ ഇഷ്ടമാകണമെങ്കിൽ അതിനൊരു കാരണമുണ്ടാകും... മറ്റുള്ളവർക്ക് ഒരിക്കലും തിരിച്ചറിയാനാകാത്ത ഒരു വലിയ കാരണം.... നിന്റെ കൂടെ ഈ അളിയനുണ്ടടാ...'

അളിയന്റെ ആ ഒറ്റവാക്കിൽ ഞാൻ നേടിയെടുത്തത് എന്റെ ജീവിതം തന്നെയായിരുന്നു... അളിയൻ പറഞ്ഞതുപോലെ നല്ല മനസ്സിനു ഉടമയായ എന്റെ പാറുവിനോട് എനിക്ക് തോന്നിയ ഇഷ്ടം, ഇന്ന് അളിയന്റെ നേതൃത്വത്തിൽ പരിസമാപ്തിയിലെത്തിയിരിക്കുന്നു... അടുത്ത ചിങ്ങത്തിൽ ഞങ്ങളുടെ വിവാഹമാണ്...

വിവാഹ നിശ്ചയം കഴിഞ്ഞു തിരിച്ചു വരവാണ്... എന്റെ അളിയൻ വന്ന ആ പഴയ അംബാസിഡർ കാറിൽ തന്നെ...

''അളിയാ... എനിക്കൊരു സംശയം... അളിയൻ പറഞ്ഞതുപോലെയാണെങ്കിൽ ഒറ്റനോട്ടത്തിൽ എന്റെ ചേച്ചിയെ ഇഷ്ടപ്പെടാനുള്ള ആ വലിയ കാരണമെന്തായിരുന്നു???''

പുറകിൽ നിന്നും ഞാൻ ചോദിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അളിയനെന്നെ തിരിഞ്ഞുനോക്കി...

''അന്ന് ഞാൻ പെണ്ണുകാണാൻ വരുമ്പോൾ എന്നെ നോക്കാതെ ടൈഗർ ബിസ്‌ക്കറ്റിലേക്ക് കണ്ണും മിഴിച്ചു നിന്നിരുന്ന ഒരു അഞ്ചാം ക്ലാസ്സുകാരൻ പയ്യനുണ്ടായിരുന്നു അവിടെ... തന്റെ ബിസ്ക്കറ്റ് ആർത്തിയോടെ വിഴുങ്ങുന്ന കിളവന്മാരെനോക്കി കണ്ണിറുക്കിയവൻ.. അവന്റെ ആ  ചെറിയ വായിൽ 'അളിയാ' എന്നുള്ള വിളി ഓർത്തപ്പോൾ മറിച്ചൊന്നും ചിന്തിക്കാൻ തോന്നിയില്ല... ഈ കുഞ്ഞളിയന്മാരെ കിട്ടുക എന്നത് ചുരുക്കം ചിലർക്ക് വിധിച്ച ഭാഗ്യമാണ്... അല്ലെടോ???''

വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഡ്രൈവറെ നോക്കി ഒരു ചിരിയോടെ എന്റെ അളിയൻ അതുപറയുമ്പോൾ ഞാനെന്ന കുഞ്ഞളിയന്റെ മനസ്സ് വീണ്ടും പറഞ്ഞു രണ്ടു തുള്ളിക്കണ്ണീരോടെ...

''ഭൂതമാണ് എന്റെ അളിയൻ..... അലാവുദ്ധീന്  കിട്ടിയ അത്ഭുതവിളക്കിൽ നിന്നും ഉയർന്നുവന്നതുപോലെയൊരു നല്ലവനായ ഭൂതം...''

Saran prakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്