#kissakal

"അച്ഛൻ ഇനി എന്നെ കാണാൻ വരേണ്ട "'

അമ്മ പറഞ്ഞു പഠിപ്പിച്ച മറുപടി അച്ഛന്റെ   മുഖത്ത് നോക്കി പറയുമ്പോൾ  ഒരു വിജയിയെ പോലെ അമ്മ ചിരിക്കുന്നുണ്ടായിരുന്നു...

നീണ്ട ആറു  വർഷത്തെ പ്രവാസം അവസാനിപ്പിച്ചു അച്ഛൻ നാട്ടിൽ കൂടിയത് മുതൽ തുടങ്ങിയതായിരുന്നു അമ്മയ്ക്കു അച്ഛനോടുളള ദേഷ്യവും അവഗണനയും

. വിദേശത്ത്‌  പുതിയ ഭരണ പരിഷ്കാരങ്ങൾ വന്നതോടെ അച്ഛന്റെ ജോലി നഷ്ടമായതും എല്ലാം ഉപേക്ഷിച്ചു നാട്ടിൽ കൂടിയപ്പോൾ ആർഭാട ജീവിതത്തിനു കോട്ടം വന്നല്ലോ എന്ന ഭയമായിരുന്നു അമ്മക്കത്രയും.

കൂലിവേല എടുത്തായാലും ഉളളത് കൊണ്ട് ഓണം പോലെ കുടുംബത്തോടൊപ്പം കഴിയാമല്ലോ എന്ന സന്തോഷം അച്ഛൻ പങ്കു വെച്ചപ്പോൾ
"ഒരു കൂലിപ്പണിക്കാരന്റെ ഭാര്യയായി കഴിയാനല്ല എന്റെ അച്ഛൻ ഇങ്ങോട്ട് പറഞ്ഞയച്ചതെന്നും നിങ്ങൾ എനിക്ക് അപമാനം വരുത്തി വെക്കുമോ മനുഷ്യാ "എന്ന അമ്മയുടെ മറുപടി കേട്ടപ്പോൾ അച്ഛനിലുണ്ടായ ഞെട്ടൽ ചെറുതൊന്നുമല്ലായിരുന്നു.

മിട്ടായി പൊതിയും പലഹാരങ്ങളുമായി ജോലി കഴിഞ്ഞു വരുന്ന അച്ഛനെ ശകാരവർഷം കൊണ്ട് അമ്മ സ്വീകരിക്കുമ്പോൾ വിഷമം കൊണ്ട് പറയുന്നതാണെന്ന് പറഞ്ഞ് അച്ഛൻ സ്വയം ആശ്വാസം കണ്ടെത്തുമായിരുന്നു.

നല്ലൊരു ജോലിയും ശമ്പളവും  കിട്ടുന്ന വരെ എന്നെ പബ്ലിക് സ്കൂളിൽ നിന്നും തൊട്ടടുത്തുളള ഗവണ്മെന്റ് സ്കൂളിലേക്ക്   മാറ്റി ചേർക്കാം എന്ന അച്ഛന്റെ തീരുമാനം അമ്മയെ ചൊടിപ്പിച്ചതും എന്റെ മോളുടെ ഭാവി കൂടി തുലയ്ക്കാൻ ഞാൻ തയ്യാറല്ലെന്ന് പറഞ്ഞ് അമ്മ എന്റെ കൈപിടിച്ച് ആ പടിയിറങ്ങുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാകാം അന്ന് ആദ്യമായി അച്ഛന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടത്   .

മനസ്സ്മാറി എപ്പോഴെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ വിലക്ക് കല്പിച്ചിട്ടും പലയാവർത്തി അച്ഛൻ ഞങ്ങളെ തിരക്കി വന്നപ്പോൾ ഒന്ന് മുഖം കാണിക്കാൻ പോലും തയ്യാറാകാതെ എന്നെ അകത്തേക്ക് വലിച്ചു കൊണ്ട് പോകുന്ന അമ്മയോട് ഭർത്താവിന്റെ ഉയർച്ചയിൽ മാത്രമല്ല വീഴ്ചയിലും കൂടെ നിൽക്കുന്നവളാകാണo ഭാര്യ എന്ന്  ഉപദേശിക്കുന്ന മുത്തശ്ശിയെ നോക്കി "ഞാനും മോളും ഇവിടെ താമസിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ അത് പറയാം " എന്ന മറുപടി കൊണ്ട് അമ്മ വാ  അടപ്പിക്കുമായിരുന്നു.

ഒളിഞ്ഞും തെളിഞ്ഞും അച്ഛൻ ഞാൻ പോകുന്ന വഴിയിൽ എന്നെ കാണാൻ വരുമ്പോൾ പലപ്പോഴും മുഖം തിരിച്ചു നടന്നത് അമ്മാവന്റെ മക്കൾ അമ്മയുടെ കാതിൽ വിവരമെത്തിക്കുമെന്നുളള ഭയം കൊണ്ടായിരുന്നു.

വല്ലപ്പോഴും മാത്രം അമ്മവീട്ടിൽ അതിഥിയായി വരുന്ന ഞാൻ അവിടെ സ്ഥിരമായപ്പോൾ ആദ്യം അതന്നെ സന്തോഷിപ്പിച്ചുവെങ്കിലും പിന്നീട് അതൊരു വീർപ്പുമുട്ടലായി തോന്നാൻ അധികം കാലതാമസം വേണ്ടി വന്നില്ല..

മുത്തശ്ശിയുടെ മരണത്തോടെ അരങ്ങിൽ നിന്നും അമ്മാവൻ  അമ്മയെ  അടുക്കളക്കാരി  ആക്കുമ്പോഴും  ഞാനും അമ്മയും അവിടെയൊരു അധികപറ്റാണെന്ന്  അമ്മായി പറയുമ്പോഴും ഇതൊന്നും അച്ഛനെ അറിയിക്കരുതെന്ന് അമ്മ എന്നെ പഠിപ്പിച്ചിരുന്നു...

ഒരാഘോഷം വന്നാൽ എനിക്കൊരു ഉടുപ്പ് വാങ്ങാൻ വേണ്ടി അമ്മാവനു മുന്പിൽ അമ്മ  കൈനീട്ടുംമ്പോഴും ഞാൻ കാണാതെ അമ്മായി പലഹാരവും മിട്ടായിയും മക്കളെ മുറിയിൽ കൊണ്ട് പോയി ഊട്ടുന്നത് കാണുമ്പോഴും അമ്മയുടെ കണ്ണിൽ ഞാൻ കണ്ട കണ്ണുനീരത്രയും തിരിച്ചറിവിന്റേതായിരുന്നു.

പണകൊഴുപ്പ് കൊണ്ടും അഹങ്കാരം കൊണ്ടും ഒരു കാലത്ത് കണ്ണ് മഞ്ഞളിച്ചു ജീവിച്ച അമ്മ .. അച്ഛന്റെ  വാക്കുകൾക്കും നോട്ടത്തിനും മറുപടി കൊടുക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച അമ്മ... തൊട്ടടുത്ത ഹാജിയാരുടെ വീട്ടിൽ എന്നെ അറിയിക്കാതെ ജോലിക്ക് പോയി തുടങ്ങിയത് കഴിക്കുന്ന ഭക്ഷണത്തിനു വരെ അമ്മാവൻ കണക്ക് പറയാൻ തുടങ്ങിയപ്പോഴായിരുന്നു...

എന്നാൽ ഹാജിയാരും  അച്ഛനും  സുഹൃത്തുക്കൾ ആണെന്നും അവരുടെ  മകളും ഞാനും ഒരേ സ്കൂളിൽ  ആണ് പഠിക്കുന്നത് എന്നും  അമ്മ അറിഞ്ഞത് എന്നെയും കൂട്ടി അച്ഛൻ അന്ന്  വൈകുന്നേരം ഹാജിയാരുടെ വീട്ടിൽ ചെന്നപ്പോഴായിരുന്നു...

അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരിക്കുന്ന അമ്മയെ വലിച്ചു  കൊണ്ട് മുഖത്ത് ആഞ്ഞു വീശി 
"താലി കെട്ടിയവൻ ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കുമ്പോൾ ആര് പറഞ്ഞിട്ടാടീ നീ മറ്റൊരാളുടെ എച്ചിൽ പത്രം കഴുകാൻ പോയേ "

എന്ന് ചോദിച്ച്  അമ്മയെയുംകൊണ്ട്  അച്ഛൻ ആ  പടിയിറങ്ങുംമ്പോൾ അമ്മയുടെ  കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുളളികൾ ഓരോന്നും അച്ഛനോട് മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു..  .. ....

nafy

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്