കാലൻ കോഴി കൂകിയാൽ (121)

കാലൻ കോഴി കൂകിയാൽ

ഫുൾ പാർട്ട്

കാലന്‍  കോഴിയെ കുറിച്ച്  ഞാന്‍ കുറെ ഏറെ കഥകള്‍ കേട്ടിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങളും കേട്ടിരിക്കാം ഒരുപക്ഷെ എന്നെ പോലെ കണ്ടവരും ഉണ്ടായിരിക്കാം.  കെട്ടു കഥകള്‍ക്കും അപ്പുറം ഇതില്‍ എന്തൊക്കെയോ സത്യങ്ങളുണ്ടെന്ന്  തോന്നിപ്പിക്കുന്ന പല സംഭവങ്ങളും നാട്ടില്‍ എന്‍റെ കുട്ടിക്കാലത്ത്  നടന്നതായി ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്‌.

  കാലന്‍കോഴിയുടെ ശബ്ദം കേട്ട ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ പലരും മരണപ്പെട്ടു. കാലന്‍കോഴി കരയുന്നത് ശ്രദ്ധിച്ചു കേട്ടാല്‍ ഒരു കാര്യം നമുക്കും മനസിലാകും "പോവാ ..പോവാ " എന്ന രീതിയിലാണ് കരച്ചില്‍. എന്‍റെ കൂടെ പോരുന്നോ, എന്നാണു കാലന്‍  കോഴി ചോദിക്കുന്നത്. അറിയാതെ എങ്ങാനും "എന്നാ ശരി ..പോവാ " എന്ന് നമ്മുടെ മനസ്സ്  പറഞ്ഞാല്‍  അതോടു കൂടെ കാര്യങ്ങള്‍ തീരുമാനമായി എന്ന് കൂട്ടിക്കോ. പിന്നെ ചെയ്യാവുന്ന ഏക കാര്യം എല്ലാവരോടും യാത്ര പറഞ്ഞ്, നല്ല വസ്ത്രം ഒക്കെ ഇട്ടു കൊണ്ട് മൂക്കില്‍ പഞ്ഞിയും വച്ച് ഉമ്മറത്ത് ഒരു ഭാഗത്ത് കിടന്നു കൊടുക്കുക എന്നതാണ്.

  നിങ്ങള്‍ക്ക് ഇപ്പോളും ഞാന്‍ പറയുന്നതിന്‍റെ ഗൌരവം മനസിലായിട്ടില്ല ല്ലേ. എന്‍റെ ചില ഓര്‍മകളിലൂടെ ഒന്ന് പോയി വരാം. അപ്പൊ നിങ്ങള്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി ഏറെക്കുറെ മനസിലാകും. എല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കണം. കഴിവതും ഒറ്റയ്ക്ക്, ഇരുട്ടില്‍ ഇരുന്നു വായിച്ചാല്‍ മതി. അപ്പോളെ ഒരു എഫെക്റ്റ് ഒക്കെ കിട്ടുകയുള്ളൂ.

ഭാഗം 1

  പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളില്‍ ഒരു ആറു- ഏഴു  മണി കഴിഞ്ഞാല്‍ തന്നെ എല്ലാവരും വീടുകളില്‍ എത്തിയിരിക്കും. ഭയങ്കര നിശബ്ദതയില്‍, രാത്രിയില്‍, നെല്‍പ്പാടത്ത് കാറ്റ്  വീശുന്ന ശബ്ദം എല്ലാ വീട്ടിലേക്കും കേള്‍ക്കാം.  ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സന്ധ്യ കഴിഞ്ഞു കാണും. എന്‍റെ അമ്മൂമ്മ , മേലെ പറമ്പിലുള്ള  അമ്മാച്ചന്റെ സമാധിയില്‍ വിളക്ക് വച്ച ശേഷം വീട്ടിലേക്കു വരുകയായിരുന്നു. ദൂരെ എവിടെ നിന്നോ ഒരു മുഴക്കമുള്ള മൂളല്‍ പോലെ ഒരു കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. അന്ന് നാമം ചൊല്ലലും പ്രാര്‍ഥനയും കഴിഞ്ഞ്,   ഉമ്മറ പ്പടിയിലും വരാന്തയിലുമായി വീട്ടുകാര്‍  അല്പം സൊറ പറയാന്‍ ഇരിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു.  അന്ന് വിളക്കുമായി അമ്മൂമ്മ വീട്ടിലേക്കു കയറുന്ന സമയം അവിടെ ഇരിക്കുന്ന എല്ലാവരോടുമായി പറഞ്ഞു.

"എല്ലാരും ഇങ്ങനെ ഉമ്മറത്തിരിക്കാതെ അകത്തേക്ക് കയറിയിരിക്കിന്‍.. സന്ധ്യാവുമ്പോള്‍ തുടങ്ങിക്കോളും ഒരു വര്‍ത്തമാനം പറച്ചില്‍..ഹും..എല്ലാരും പറഞ്ഞത് കേക്കുണ്ടോ.."

"ഇതെന്താന്നും ങ്ങക്ക് ഞങ്ങള്‍ വര്‍ത്തമാനം പറയണത് കണ്ട്ട്ട് സഹിക്കിണില്ലേ...ന്ഹെ .." കൂട്ടത്തില്‍ ഒരിത്തിരി പ്രായമായ കാളിയമ്മ പറഞ്ഞു.

"അപ്പൊ ഇയ്യ് കേള്‍ക്കുന്നില്ലേ കാലന്‍ കോഴി കരയുന്നത്..ഇന്നാരെയാണോ നോക്കി വച്ചിരിക്കുന്നത്.. അതിന്‍റെ കണ്ണിന്റെ മുന്നിലിങ്ങനെ പോയി നിക്കണ്ടാന്നു കരുതിയാ എല്ലാറ്റങ്ങളോടും   അകത്തു കയറി പോകാന്‍ പറഞ്ഞത്..അപ്പൊ ന്റെടുത്താണോ കാള്യെ അന്‍റെ  വാശി.." അമ്മൂമ്മ ഒരിത്തിരി ഗൌരവത്തോടെ പറഞ്ഞു.

എല്ലാവരും അതും കൂടി കേട്ടപ്പോള്‍ അല്‍പ്പം മുഷിവോട് കൂടെ തന്നെ അകത്തേക്ക് കയറി പോയി. പതിവ് സൊറ പറച്ചില്‍ നഷ്ടമായ വിഷമത്തില്‍ കാളി മുഖം ഒന്ന് ഗൌനിപ്പിച്ചു. എന്നിട്ട് വീട്ടിനകത്തേക്ക്‌ സാവധാനം കയറിയിരുന്നിട്ട് കാലന്‍ കോഴിയെ കുറിച്ചു പറയാന്‍ തുടങ്ങി.

"അല്ല,  ങ്ങക്ക് ഇതെന്തിന്റെ സൂക്കേടാ ..ന്റെ ഇത്രേം കാലത്തെ ജീവിതത്തില്‍ ഇന്ന് വരെ ഈ സാധനത്തിനെ കണ്ടിട്ടില്ല.  എന്നെയൊട്ടു ഉപദ്രവിച്ചിട്ടുമില്ലാ..പിന്നെ ഞാന്‍ എന്തിനാ പേടിക്കുന്നത്..അതൊരു സാധു പക്ഷിയാ..അതിനു പിന്നെ അതിന്‍റെ ശബ്ദം ണ്ടാക്കാതെ ഇരിക്കാന്‍ പറ്റ്വോ ..? "

അമ്മൂമ്മ അതിനൊന്നും മറുപടി കൊടുക്കാതെ വിളക്കില്‍ വയ്ക്കുന്ന തിരികള്‍ ഉരുട്ടിക്കൊണ്ടിരുന്നു. മറ്റുള്ളവര്‍ ഓരോ പുസ്തകവും എടുത്ത് വായിക്കാനും തുടങ്ങി. അങ്ങനെ കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞങ്ങനെ ഇരുന്നു.   ഇനിയിപ്പോ ഇതിനെ കുറിച്ച് ഒരു ചര്‍ച്ചക്കുള്ള സ്കോപ് ഇല്ലെന്നു മനസിലാക്കിയ കാളിയമ്മ വിശദീകരണം നിര്‍ത്തിയ ശേഷം കാല്‍മുട്ട് തിരുമ്മിക്കൊണ്ട് സാവധാനം എഴുന്നേറ്റു.

"ന്നാ ശരി കാര്‍ത്തിനിയമ്മേ ..ഞാന്‍ അങ്ങട് നടക്ക്വാണ്..ഇനി ഇപ്പൊ രാത്രിയില്‍ യാത്ര പറയുന്നില്ല .."

കാളിയമ്മ അമ്മൂമ്മയുടെ വീട്ടില്‍ നിന്നും ഒരിത്തിരി അകലെയാണ് താമസം. മക്കളും മരുമക്കളും ഒക്കെയായി സന്തോഷമായി ജീവിക്കുന്ന ഒരു പാവം സ്ത്രീ. കാണുമ്പോള്‍ ആരോഗ്യമൊന്നും തോന്നില്ലെങ്കിലും എല്ലാ കാര്യവും ഒറ്റക്കാണ് ചെയ്യാറ്. കൈയ്യില്‍ ചെറിയ ബാറ്ററി ടോര്‍ച്ചും എടുത്തു പടി ഇറങ്ങുന്ന നേരം അമ്മൂമ്മ പറഞ്ഞു.

"ഒരിത്തിരി കൂടി കഴിഞ്ഞാ ശശി വരും..അപ്പൊ അവനെക്കൊണ്ട്‌ ങ്ങളെ വീട്ടിലേക്കു ആക്കിത്തരാം..അത് പോരെ..ഇപ്പൊ പോണോ.."

"ഏയ്‌..അതൊന്നും വേണ്ട ധാ ഈ പറങ്കി മരോം , രണ്ടു പനേം കഴിഞ്ഞാല്‍ ഞങ്ങളുടെ വാഴത്തോട്ടം , പിന്നെ ഒരു നാലടി നടക്കാനല്ലേ ള്ളൂ..അതിനിപ്പോ ങ്ങള് ആരെയും ബുദ്ധിമുട്ടിക്കണ്ട ന്നും .."

അതും പറഞ്ഞ്,  ഇരുട്ടിലൂടെ ടോര്‍ച്ചും അടിച്ച് കാളിയമ്മ നടന്നകന്നു. ഒരു കൂസലുമില്ലാതെ ..അവരുടെ ധൈര്യത്തെ കുറിച്ചായിരുന്നു പിന്നെ അവിടുള്ളവര്‍ പറയാന്‍ തുടങ്ങിയത്.

ആ രാത്രിയോട്‌ കൂടി , കാളിയമ്മ ഒരു കഥയായി അവസാനിക്കുകയായിരുന്നു. ഇരുട്ടിലൂടെ നടന്നു വീട്ടിലെത്തിയ അവര്‍ പതിവ് പോലെ മക്കളും മരുമക്കളുമായി കളിച്ചും ചിരിച്ചും ആ രാത്രിയെ സന്തോഷത്തോടെ യാത്രയയച്ചു. പിറ്റേന്ന് രാവിലെ , അവര്‍ ഉണര്‍ന്നില്ല. മരണകാരണം സര്‍പ്പദംശനം ആയിരുന്നെന്നും അല്ല കാലന്‍കോഴി പ്രാണന്‍ കൊണ്ട് പോയതാണെന്നും പിന്നീട് പലരും അയല്‍ക്കൂട്ടങ്ങളില്‍ ഒരു നെടുവീര്‍പ്പോടെ കുറച്ചു കാലം വരെ സംസാരിച്ചു കൊണ്ടേയിരുന്നു. പിന്നെ എല്ലാവരും അവരെ കുറിച്ചും,  കാലന്‍ കോഴിയെ കുറിച്ചും മറന്നു പോയിരിക്കാം.

2

എന്‍റെ പ്ലസ്‌ ടു കാലത്താണ് ഇത്  നടക്കുന്നത്. ചില രാത്രി കാലങ്ങളില്‍ നായിക്കള്‍ ഒരിയിടുന്നതും കുരക്കുന്നതും  എല്ലാം കേള്‍ക്കാമായിരുന്നു. അതൊക്കെ സ്വാഭാവികം മാത്രം. ഇതില്‍ അസ്വാഭാവികമായി ഒരിക്കല്‍ ഞങ്ങള്‍ എല്ലാ വീട്ടുകാര്‍ക്കും ഒരു പോലെ തോന്നിയ ഒരു സംഭവമുണ്ടായി.

അന്നൊക്കെ രാത്രി ഒരുപാട് വൈകി കഴിഞ്ഞാല്‍ അങ്ങാടിയില്‍ കട പൂട്ടി വരുന്നവരൊക്കെ ഞങ്ങളുടെ ഇടവഴിയിലൂടെ നടന്നു വന്ന്, പുഴക്കടവിലൂടെ ഇറങ്ങി പുഴ മുറിച്ചു കടന്നാണ് അക്കരെയുള്ള വീടുകളിലേക്കും, ചുണ്ടംപറ്റ, നാട്യമംഗലം തുടങ്ങീ പ്രദേശങ്ങളിലേക്കും പോകാറുണ്ടായിരുന്നത്. ഒരു  രാത്രി, അന്ന് ഞാന്‍ ഒറ്റക്കാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും ഒറ്റപ്പാലത്തെ തറവാട്ടില്‍ പോയിരുന്നു. ടി.വി കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ സമയം പാതിരയായത് ഞാന്‍ ശ്രദ്ധിച്ചില്ല.

സമയം ഒരുപാടായെന്നു മനസിലാക്കിയ  ഞാന്‍  ടി. വി ഓഫ്‌ ചെയ്തു. ഉറക്കം വരുന്നില്ലെങ്കിലും കിടക്കാമെന്ന് കരുതി. പക്ഷെ,  എത്ര  കണ്ണടച്ച്  കിടന്നിട്ടും  ഉറക്കം വരുന്നില്ല. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ളതു കൊണ്ട് ഫാന്‍  ഇട്ടില്ല. ഉറക്കം വരുമ്പോള്‍ വരട്ടെ എന്ന്  കരുതി  അന്തരീക്ഷത്തില്‍ നടക്കുന്ന  വിവിധ   ശബ്ദങ്ങളെ സസൂക്ഷ്മം  ശ്രദ്ധിച്ചു കൊണ്ട്  ഞാന്‍ അങ്ങനെ കിടന്നു.

            ആ നിശബ്ദതയില്‍ അപ്പുറത്തെ തൊടിയിലെ  തേക്കിന്‍ മരത്തിന്‍റെ  ഇലകള്‍ വീഴുന്ന ശബ്ദവും ,കാറ്റില്‍ ഇലകള്‍ ഉരയുന്ന  ശബ്ദവും,  ദൂരെ എവിടുന്നൊക്കെയോ നായ്ക്കള്‍ ഓരിയിടുന്നതും വ്യക്തമായി കേള്‍ക്കാമായിരുന്നു.

വീടിനു ചേര്‍ന്ന് തന്നെയാണ് ഇടവഴി എന്നുള്ളത് കൊണ്ട് ആ വഴിയില്‍ എന്ത് ശബ്ദം ഉണ്ടായാലും എനിക്ക് കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ, എന്‍റെ ശ്രദ്ധ മുഴുവന്‍  നായ്ക്കളുടെ ഓരിയിടലിലും, തേക്കിന്റെ ഇലകള്‍ വീഴുന്ന പതിഞ്ഞ ശബ്ദത്തിലും മാത്രമായിരുന്നു.  പെട്ടെന്ന്  ആ സമയത്ത് വ്യത്യസ്തമായ ഒരു ശബ്ദം കൂടി എനിക്ക് കേള്‍ക്കാന്‍ സാധിച്ചു. ഒരു വഴി യാത്രക്കാരന്റെ തേഞ്ഞു പോയ ചെരുപ്പ്  നടക്കുമ്പോള്‍  അയാളുടെ കാലിനടിയില്‍  അടിക്കുന്ന ശബ്ദമായി എനിക്കത് തോന്നി. അത് അക്കരെക്ക് വല്ലവരും നടന്നു പോകുന്നതായിരിക്കും എന്ന് ഞാന്‍ കരുതി. എന്നാലും ഈ സമയത്തൊക്കെ.. ഒറ്റയ്ക്ക് ഈ ഇരുട്ടിലൂടെ , ഇടവഴിയില്‍ കൂടി, വെളിച്ചം പോലുമില്ലാതെ...ഹോ..സമ്മതിക്കണം..

  പക്ഷെ , ആ കാലടി ശബ്ദം അകന്നു പോകുന്നെയില്ല, വീടിനടുത്തേക്ക്  നടന്നു വരുന്ന പോലെ തോന്നി.   ഞാന്‍ വീണ്ടും ചെവി കൂര്‍പ്പിച്ചു. ഇല്ല, ഇപ്പോള്‍ കേള്‍ക്കുന്നില്ല എന്ന് മനസ്സ് പറഞ്ഞ സമയത്ത് തന്നെ എന്‍റെ റൂമിന്‍റെ ജനാലയുടെ അരികിലുള്ള മതില്‍ ആരോ ചാടിയ പോലെ തോന്നി. ഇപ്പോള്‍ ഞാന്‍ അല്‍പ്പം ഭയപ്പെടുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ നിമിഷങ്ങള്‍. ഞാന്‍ കട്ടിലില്‍ നിന്നും പതിയെ എഴുന്നേറ്റു. ലൈറ്റ് ഓണ്‍ ചെയ്യാതെ ജനാലയുടെ അടുത്തേക്ക്‌ നടന്നു. ഇത്രക്കും നിശബ്ദമായ നിമിഷങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കേട്ടിട്ടും അനുഭവിച്ചിട്ടും ഇല്ലായിരുന്നു. ജനല് തുറക്കാതെ ഇരുട്ടിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി. പെട്ടെന്ന് , രണ്ടു ചെരുപ്പടികളുടെ ശബ്ദത്തോടെ  , ആരോ ഒരാള്‍  ജനാലയുടെ ചുമരിനോട് ചേര്‍ന്ന് നിന്ന പോലെ. പോലെയല്ല   അയാള്‍ അവിടെ മറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമായി.

ജനാലയുടെ ചുമരിനോട് ചേര്‍ന്ന ആ ഭാഗത്ത്   മഴ പെയ്യുമ്പോള്‍ ചെളി ആകാതിരിക്കാന്‍ പൊട്ടിയ ഓട്ടിന്‍ കഷണങ്ങള്‍ ഇട്ടിരുന്നു. അയാളുടെ കാലുകള്‍ അതില്‍ അമരുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വളരെ വ്യക്തമായി ഞാന്‍ കേട്ടു. പിന്നെ കാത്തു നിന്നില്ല സര്‍വ ശബ്ദവും എടുത്ത് ഉറക്കെ ചോദിച്ചു "ആരാട ..ആരാടാ ..അത് ...!!!"

എന്‍റെ ശബ്ദം കേട്ടിട്ടും , ഓട്ടിന്‍ കഷണങ്ങള്‍ചവിട്ടി കൊണ്ട് അയാള്‍ ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. എന്നെ അത് വല്ലാതെ ചൊടിപ്പിച്ചു. ഇത് കള്ളന്‍ തന്നെ എന്ന ഒരു തീരുമാനത്തില്‍ ഞാന്‍ വീട്ടിലെ എല്ലാ ലൈറ്റും കത്താനുള്ള ആ ഒരു സ്വിച്ച് അമര്‍ത്തി. പിന്നെ ടോര്‍ച്ചെടുത്ത് ധൈര്യമായി പുറത്തിറങ്ങിയപ്പോള്‍ ആരെയും കണ്ടില്ല. ഞാന്‍ ഗേറ്റ് തുറക്കുന്ന ശബ്ദവും വീട്ടിലെ ലൈറ്റും കണ്ടു കൊണ്ടായിരിക്കാം അപ്പുറത്തെ വീട്ടുകാരും വാതില്‍ തുറന്ന്  പുറത്തിറങ്ങി വന്നു. എന്നോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ എല്ലാം വിശദമായി പറഞ്ഞു. അതെ സമയത്ത് തന്നെ അവര്‍ പറഞ്ഞ മറുപടി വിചിത്രമായി എനിക്ക് തോന്നി. കാരണം, കുറച്ചു നേരമായി അവരും ഞാന്‍ പറഞ്ഞ അതെ ശബ്ദങ്ങള്‍ പോലെ മറ്റ് ചില ശബ്ദങ്ങള്‍ അവരുടെ വീടിനു ചുറ്റും കേട്ടു കൊണ്ടിരിക്കുകയായിരുന്നത്രെ.

               എന്തായാലും കള്ളനാണോ എന്നറിയാന്‍ വേണ്ടി സമീപ പ്രദേശങ്ങളില്‍ ഞങ്ങള്‍ ഒരു മണിക്കൂറോളം പല തരത്തിലും തിരഞ്ഞു. വീടിനു പിന്നിലെ തേക്കിന്‍ തൊടിയിലൂടെ കള്ളന്‍ ഓടിയിരുന്നെങ്കില്‍ എത്ര ദൂരെയാണെങ്കിലും ആ ഇലകളില്‍ ചവിട്ടി ഓടുന്ന  ശബ്ദം കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. പിന്നെ മറ്റൊരു വഴി നീണ്ടു കിടക്കുന്ന ഇടവഴിയാണ്. അതില്‍ ബ്രൈറ്റ് ലൈറ്റ് പോലെ വെളിച്ചമുള്ള ടോര്‍ച്ചു കൊണ്ട് അപ്പോള്‍ തന്നെ അടിച്ചു നോക്കിയെങ്കിലും ആരെയും കണ്ടതുമില്ല. പിന്നെ ആകെ ഉള്ള ഒരു ചാന്‍സ് മരത്തിന്റെ മുകളില്‍ കയറി ഇരിക്കുക എന്നതാണ്. അതിന്‍റെ ഭാഗമായി ഞങ്ങള്‍ സംശയം തോന്നുന്ന മരങ്ങളിലെക്കൊക്കെ ടോര്‍ച്ചു വെളിച്ചം കൊണ്ട് പരതി.

ഞങ്ങള്‍ ചെക്കന്മാരുടെ നേതൃത്വത്തില്‍ തിരയുന്ന ഒരു കൂട്ടം ആളുകള്‍ ,  അങ്ങനെ ഒരു മരത്തിലേക്ക്  ടോര്‍ച്ചടിച്ചപ്പോള്‍  പെട്ടെന്ന് പേടിക്കുന്ന തരത്തില്‍ ഒരു കാഴ്ച കണ്ടു. ഇരുട്ടില്‍ രണ്ടു ചോര കണ്ണുകള്‍ പോലെ വലിയ ഒരു പക്ഷി ഒരു കൊമ്പത്തിരിക്കുന്നു. കൂട്ടത്തില്‍ പ്രായം കൊണ്ട്  മൂത്ത അയല്‍വാസി ഞങ്ങളോട് ഇനി ടോര്‍ച്ചടിക്കണ്ട അതിന്‍റെ മുഖത്തേക്ക് എന്ന് പറഞ്ഞതിലെ നിഗൂഡത ഞങ്ങള്‍ക്ക് അപ്പോള്‍ മനസിലായില്ല.

എല്ലാവരും കള്ളനെ തിരച്ചില്‍ നിര്‍ത്തി വീട്ടിലേക്കു കയറാന്‍ നില്‍ക്കുമ്പോളാണ് കാരണവര്‍ പറയുന്നത് ഞങ്ങള്‍ ആ സമയത്ത്  കണ്ടത് കാലന്‍ കോഴിയെ ആയിരുന്നെന്ന്. എന്തായാലും , കള്ളനെ ഒന്ന്  കരുതിയിരിക്കാന്‍ വേണ്ടി അടുത്തുള്ള  എല്ലാ വീടുകളിലേക്കും ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഒരു കൂട്ടുകാരന്‍ കൂടി എനിക്ക് ആ രാത്രി തുണയായി വീട്ടില്‍ നില്‍ക്കാന്‍ തീരുമാനമെടുത്തു കൊണ്ട് അയല്‍ക്കൂട്ടം പിരിഞ്ഞു. അപ്പോളും പട്ടികള്‍ ഓരിയിടുന്നുണ്ടായിരുന്നു. അന്തരീക്ഷം ആകെ മൊത്തം ഒരു പന്തികേട്‌. അന്ന് രാത്രി ആരും അത്ര പെട്ടെന്ന് ഉറങ്ങിയില്ലായിരിക്കാം. കാലന്‍കോഴിയെ കുറിച്ച് ഞാനും കൂട്ടുകാരനും അന്ന് രാത്രി സംസാരിച്ചു. ആ സമയത്ത് കേള്‍ക്കാന്‍ തുടങ്ങിയ ഒരു വികൃത ശബ്ദം കാലന്‍ കോഴിയുടെതാകാം എന്ന അനുമാനത്തില്‍ ഞങ്ങള്‍ എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേ , ദിവസം രാവിലെ , ഒരു 9 മണി കഴിഞ്ഞിരിക്കും. അപ്പുറത്തെ സദാനന്ദന്‍ ചേട്ടന്‍റെ വീട്ടില്‍ നിന്നും ഒരു കൂട്ട കരച്ചില്‍ കേട്ടു. ശബ്ദം കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട്‌ ഓടുന്നത് കണ്ടു. ഞാന്‍ കൂട്ടുകാരനെയും കൂട്ടിക്കൊണ്ട് അങ്ങോട്ട്‌ ഓടാന്‍ തുടങ്ങി. വീട് ആളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലര്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. കരച്ചിലുകള്‍ കൂടുതല്‍ ഉച്ചത്തിലായി കൊണ്ടിരിക്കുന്നു. അവിടെ നില്‍ക്കുന്നവരോട് ഞങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

എന്നും രാവിലെ പതിവ് പോലെ എഴുന്നേറ്റ്, പത്രം വായനയും, ചായ കുടിയും കഴിഞ്ഞ്, അങ്ങാടിയിലേക്ക് ഇറങ്ങാന്‍ വേണ്ടി കുളിച്ച് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ ആണ് സദാനന്ദന്‍ ചേട്ടന് തളര്‍ച്ചയും നെഞ്ച് വേദനയും വന്നത്. അപ്പോള്‍ തന്നെ തറയില്‍ കുഴങ്ങി വീണു. മരിച്ചെന്നു ഉറപ്പായെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന രംഗങ്ങളാണ് ഞങ്ങള്‍ ഇപ്പോള്‍ കണ്ടത്.

ഞാനും കൂട്ടുകാരനും അല്‍പ്പം മാറി നിന്നു കൊണ്ട് കഴിഞ്ഞ  രാത്രിയിലെ കാര്യങ്ങള്‍ പറഞ്ഞു. രാത്രി കാലന്‍ കോഴിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചപ്പോള്‍ ഇനി അടിക്കരുത് എന്ന് പറഞ്ഞത് സദാനന്ദന്‍ ചേട്ടന്‍ ആയിരുന്നു. ആ സദാനന്ദന്‍ ചേട്ടന്  പെട്ടെന്ന് ഇങ്ങനെ  ഒരു മരണംസംഭവിക്കും എന്ന് കഴിഞ്ഞ രാത്രിയില്‍ പിരിയുമ്പോള്‍ ആരും കരുതിയത്‌ പോലുമില്ല. എല്ലാവരും കുറെ നേരം ഇത് തന്നെ പറഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോളേക്കും ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സ് മൃതശരീരം കൊണ്ട് തിരിച്ചെത്തിയിരുന്നു.

അദ്ദേഹം മരിച്ചു രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ഞങ്ങള്‍ അന്ന് കാലന്‍ കോഴിയെ കണ്ടെന്നു പറയുന്ന വലിയ മരം പകുതി ഭാഗം പൊട്ടി വീണത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. വിശദീകരണങ്ങള്‍ ഒന്നും പറയാനില്ലാത്തത് കൊണ്ട് ആരും അതിനെ കുറിച്ച് കൂടുതല്‍ ഒന്നും സംസാരിച്ചതായി ഓര്‍മയില്ല.

*(ഈ കഥ വിശ്വസിച്ചാലും ഇല്ലെങ്കിലും,  ഇനി ബാക്കിയുള്ളത് നിങ്ങളുടെ  വെറും വിശ്വാസങ്ങള്‍ മാത്രം. അതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.)

Jean

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്