കരിമഷിയിട്ട കണ്ണുകൾ സുറുമ എഴുതുന്നു

❤കരിമഷിയിട്ട കണ്ണുകൾ ഇനി സുറുമയെഴുതുന്നു❤

ഫുൾ പാർട്ട്‌

ഉമ്മരക്കോലായിലിരുന്ന് ചായേം വർത്തായിം തിന്നുമ്പോഴാണ് അവൻ മുറ്റത്തിന് മുൻപിലെ ഇടവഴിയിലൂടെ നടന്നു പോണത് കണ്ടത്.

"ഉമ്മൂമ്മാ ഇതേതാ നമ്മുടെ വഴിയിലൂടെ ഒരു മെയ്ല്യാർ ചെക്കൻ"

" അല്ല കുഞ്ഞോളെ അനക്കോനെ അറിയാണ്ടായോ. ഓനന്റെ ബല്യ കളിക്കൂട്ട് കാരനായിരുന്നില്ലെ. നമ്മുടെ ആസ്യാത്താന്റെ മോൻ.ഓനിപ്പം നമ്മുടെ പള്ളീലെ മെയ്ല്യാരാ''

" പടച്ചോനെ. ആര് കുഞ്ഞിപ്പുവോ. എങ്ങനെ അറിയാനാ ഉമ്മൂമ്മാ ഓനെ കണ്ടിട്ടിപ്പം അഞ്ച് കൊല്ലാകാനായി.താടീം മീശേം ഒക്കെ വന്ന് ഓനിപ്പോ വല്യ ചെക്കനായി പോയല്ലൊ."

"കുഞ്ഞിപ്പൂന്നോ. ഓനിപ്പം അന്റെ ആ പഴയ കളിക്കൂട്ട്കാരനൊന്നുമല്ല. ദറസ് പഠിച്ച് വന്ന ചെക്കനാ. ഓൻ മാത്രല്ല ഇയ്യും ഇപ്പം ഒന്നിനുംപോന്നൊരു പെണ്ണായി. അന്റെ വായാടിത്തരോക്കെ മാറ്റി അച്ചടക്കത്തോടെ നടന്നോണ്ടി."

കുഞ്ഞിപ്പൂന്ന് കേട്ടപ്പോൾ കൈവിരലുകളറിയാതെ നെറ്റിയിലേക്ക് പാഞ്ഞു.അന്ന് മദ്രസ വിട്ട് ഹസ്സൻ കാക്കാന്റെ കടേന്ന് ചട്ടി മിഠായിയും വാങ്ങി തിന്ന് അടുത്തതായി പഞ്ചായത്ത് കിണറിനപ്പുറത്തുള്ള പുളിമരവും ലക്ഷ്യം വച്ച് ഞങ്ങൾ പാഞ്ഞു.ഓനിന്റെ കട്ട ചങ്ങായി ആയിരുന്നു. ന്നെ ബല്യ കാര്യാ.
ന്റെ ബുക്കൊക്കെ ഒനാ പിടിക്കാറ്. പുളിമര ചോട്ടീന്ന് ആദ്യത്തെ വാളൻപുളി അനക്കാട്ടോ കുഞ്ഞോളേന്നും പറഞ്ഞ് ഓൻ നീട്ടി ഒരേറ്. പുളി പെറുക്കാനുള്ള ആവേശത്തിൽ ഞാൻ പുളിമരച്ചോട്ടിലേക്ക് കുതിച്ചതും കല്ലെന്റെ നെറ്റിയിൽ കൊണ്ടതും ഒരുമിച്ചായിരുന്നു. മൂന്ന് തുന്നലിന്റെ പാട് ഇപ്പോഴുമുണ്ടൊരു സ്മാരകം കണക്കെ ന്റെ നെറ്റിയിൽ. പാവം അന്നോന്റെ ഉപ്പ രണ്ട് മൂന്ന് പാണൽ വടിയും പൊട്ടിച്ച് വടികൾ നുറുങ്ങി ഇല്ലാണ്ടാവണവരെ  തലങ്ങും വെലങ്ങും ഓനെ തല്ലി.രാത്രി ഏറെ നേരം ഞാൻ ഉമ്മാനെ ചേർത്ത് പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞത് നെറ്റിയിലെ വേദന കൊണ്ടായിരുന്നില്ല. ഓന്റെ ദേഹത്ത് വീണ ഓരോ തണർത്ത പാടും ന്റെ നെഞ്ചിലാ നീറ്റലുണ്ടാക്കിയെ. പിറ്റേന്ന് ഓന്റെ കണ്ണാകെ വെള്ളത്തിലിട്ട നിലക്കടല പോലെ വീർത്ത് തടിച്ചിരുന്നു.

"കുഞ്ഞിപ്പൂ ഇയ്യ് കുറെ കരഞ്ഞൂലെ. അനക്ക് നന്നായി നൊന്തോ?"

"അയ്യേ. ഞമ്മള് കരയേ. ഒറ്റ അടിയും ഞമ്മക്ക് വേദനിച്ചില്ല. തല്ല്ണ ഉപ്പാക്കൊരു വിഷമം വേണ്ടാന്നു കരുതിയാ ഞമ്മൾ ആർത്ത് കരഞ്ഞെ. അതൊന്നും സാരല്ല കുഞ്ഞോളേ അന്റെ നെറ്റിലെ മുറി വേഗം മാറിയാൽ മതി. ജ്ജ് വിഷമിക്കണ്ട അനക്ക് നല്ല നീണ്ട വാളൻപുളി ഞമ്മള് പറച്ച് തരും."

രാത്രി  തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. എന്റെ ബെഡ്ഡിനോട് ചേർന്ന ജനൽ പാളികൾ തുറന്നാൽ നേരെ കാണുന്നത് ആസ്യാത്താന്റെ വീടാണ്. മനസ്സിൽ കുന്നു കൂടിയ ചിന്തകളുടെ പ്രതികരണമെന്നോണം കൈ വിരലുകൾ ജനൽ കോളത്തിലേക്കു പാഞ്ഞു. പുറത്ത് നല്ല ഇളം നിലാവ്. മഞ്ഞ വെട്ടം ചിന്നി ചിതറി മിന്നാമിന്നികൾ വട്ടമിട്ടു പറക്കുന്നു. ദൂരെ നിന്നുയരുന്ന നിലാപക്ഷിയുടെ ഗാനം നിശയുടെ മാറ്റ് കൂട്ടി. അല്ല പക്ഷീ അന്റെ ഉറക്കോം ആരാ കാട്ടെടുത്തുപോയെ. എന്നും  മാനത്തു ഇത്രേം നക്ഷത്രങ്ങൾ വിരിയാറുണ്ടോ. താഴെ നടക്കുന്ന കുസൃതികൾ കണ്ടാവാം അവ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. നേരെ കാണുന്നതവന്റെ റൂമാണ്. സമയം പതിനൊന്നാവായനായി. അവിടേം വെളിച്ചം അണഞ്ഞിട്ടില്ല. ഉറക്കോം ഒഴിച്ചു ഈ കൊച്ചു മൊയ്‌ല്യാർ എന്താണാവോ ചെയ്യുന്നേ. ഈ കുഞ്ഞോളെ ഒക്കെ ഓർമ ഉണ്ടാവുമോ ആവോ ?

തുടരും....

സുറുമക്കോൽ: 2 
"""""""""""""""""""""""""""""
ഒഴുകിയെത്തുന്ന ഖുർആൻ പാരായണത്തിന്റെ മാധുര്യം നുകർന്നാണ് അന്ന് കുഞ്ഞോൾ മിഴി തുറന്നത്.
റബ്ബേ ജനലടക്കാതെ ആയിരുന്നോ ഞാനിന്നലെ ഉറങ്ങിയത്.

കുഞ്ഞു മൊയ്‌ല്യാർ ആളു കൊള്ളാലോ അന്നൊക്കെ മഗ്‌രിബ് ആയാലും കളി മതിയാകാത്ത ഓനെ ഓന്റുപ്പ ഹംസക്ക തല്ലി ഓടിക്കുവായിരുന്നു പതിവ്. എന്നും ഖുർആനെടുക്കണേൽ ഓന്റെ ചന്തിക്ക് രണ്ടടി വീഴണം. ഉമ്മറ കോലായിലിരുന്നു യാസീൻ വൽകുർആനിൽ ഹക്കീം ഞാനും നീട്ടി മണിച്ചോതും. അവിടുന്ന് ഓനും. അന്നത്തെ ആ ഭക്തിസാന്ദ്ര രാവുകളെല്ലാം ഇന്നസ്തമിച്ചു തുടങ്ങിയോ. ആരെയും പിടിച്ചിരുത്താൻ വിധം എന്തോരു മാസ്മരികത ആ പാരായണത്തിനുണ്ടായിരുന്നു.

കുഞ്ഞോൾ എണീറ്റു വൃത്തിയായി നിസ്കാരവും കഴിഞ്ഞു ഖുർആനെടുത്തു.

"എന്താ കുഞ്ഞോളെ അനക്കിന്നു വല്ല പരീക്ഷയുമുണ്ടോ"

വിശ്വാസം വരാതെ ഉമ്മാന്റെ ചോദ്യമാണ്.അല്ല ഉമ്മാനെ പറഞ്ഞിട്ടും കാര്യമില്ല ഉമ്മാന്റെ ചീത്ത കേട്ടല്ലാതെ എണീക്കുന്ന ദിവസം കുറവാ. ഭക്തി കൂടുന്നതാവട്ടെ വല്ല പരീക്ഷയോ മത്സരമോ ഉണ്ടാവുമ്പോൾ മാത്രവും.

"ഏടക്കാ കുഞ്ഞോളെ ഇജ്ജ് രാവിലെ തന്നെ ക്യാമറേം തോളിലിട്ട് "

"ന്റെ ഉമ്മൂമ്മാ ഒരു നല്ല കാര്യത്തിന് പോവുമ്പോൾ പുറകീന്ന് വിളിക്കല്ലീന്നും "

"ഫോട്ടോ പിടിക്കലാണോ അന്റെ നല്ല കാര്യം. അന്നേ പറഞ്ഞിട്ടും കാര്യല്ല്യ ഈ കുന്ത്രാണ്ടം അങ്ങ് ദുബായന്നയച്ചുതന്ന അന്റെ പുന്നാര അങ്ങളക്കാ രണ്ടണ്ണം കൊടുക്കണ്ടെ "

അത് വേണ്ട ഇന്റെ ഇക്കാക്കാനേ പറഞ്ഞാൽ ചുട്ട അടികിട്ടും ട്ടോ കുഞ്ഞയിഷാബിന്നും പറഞ്ഞ് ആ ചുക്കി ചുളിഞ്ഞ കവിളിൽ ഒരു നുള്ളും കൊടുത്തവൾ നടന്നുനീങ്ങി.

മൊയ്‌ലാരുടെ പള്ളീൽ പോക്കാണ് ലക്ഷ്യം.
ആ സമയം നോക്കി മുന്നിൽ ചാടിയെങ്കിലും ഫലമുണ്ടായില്ല. മുഖത്തു പോലും നോക്കാതെ തേച്ചുമിനുക്കിയ ആ വെള്ളമുണ്ടും ഷർട്ടും തലേൽ കെട്ടും ഒരത്തറിൻ സുഗന്ധം അവശേഷിപ്പിച്ച് നടന്നു നീങ്ങി. പലപ്പോളായി  കാണാറുണ്ടെങ്കിലും പുരോഗമനമൊന്നുമുണ്ടായില്ല.

"ഉമ്മാ ഇന്റെ വെള്ളികൊലുസ് എവിടെ ?"
ഒറ്റ കാലിൽ കെട്ടിയിരുന്ന കറുത്ത ചിരട് വലിചൂരുന്നതിനിടയിൽ അവൾ വിളിച്ചു ചോദിച്ചു. 

"എന്തിനാപ്പം കൊലുസ്. പിരാന്തായോരെ പോലെ ഒറ്റ കാലിൽ ചരടും കെട്ടി നടപ്പായിരുന്നില്ലേ. എന്നിട്ടൊരു പേരും ഫാഷൻ ന്നു"

ഉമ്മ മുൻപിലേക്കെറിഞ്ഞ കൊലുസവൾ കയ്യിലെടുത്തു. അതിന്റെ തിളക്കം ഒട്ടും മങ്ങിയിട്ടില്ല ചില ഓർമ്മകൾ പോലെ.
അന്ന് പെട്ടന്നായിരുന്നു ഓന്റെ ഉപ്പ ഹംസകാക്ക് നെഞ്ച് വേദന വന്നത്. എല്ലാരും ഓടി കൂടി വണ്ടി ഒക്കെ വിളിച്ചു ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

പക്ഷെ ആശുപത്രി എത്തുന്നതിന് മുൻപേ അദ്ദേഹം മരിച്ചു. അതിൽ പിന്നെയാണ്  ഓനെ യതീങാനയിൽ കൊണ്ടാക്കിയത്. ഓനു തീരെ ഇഷ്ട്ടമുണ്ടായിരുന്നില്ല. പലവട്ടം അവിടുന്നു ചാടി വന്നെങ്കിലും ഓന്റെ മാമന്മാർ ആട്ടി തെളിച്ചു  വീണ്ടും അവിടെ കൊണ്ടാക്കും.

പതിയെ പതിയെ അവനും അവിടെ പൊരുത്തപെട്ടു തുടങ്ങി. വല്ലപ്പോഴും ലീവിന് വരുമ്പോൾ ഞങ്ങൾക്ക് പറയാൻ കുന്നോളം കഥകളുണ്ടായിരുന്നു. നേരെ ആൽമരചോട്ടിലേക്കോടും .അവിടിരുന്ന് ഓരോരോ കഥകൾ എണ്ണിപ്പെറുക്കും. ദറസിലെ കൂട്ടുകാരുമൊത്ത് വെള്ളമുണ്ടും മടക്കി കുത്തി വെള്ള ഷർട്ടിന്റെ കയ്യും മടക്കി  തൊപ്പി അരയിലും തിരുകി ഹോസ്റ്റൽ ചാടി സെക്കന്റ് ഷോ കാണാൻ പോയ കഥകൾ. ഹോസ്റ്റൽ ഭക്ഷണത്തിലെ പോരായ്മകൾ തുടങ്ങി ഒരുപാടൊരുപാട് വിശേഷങ്ങൾ.

അടുത്ത ലക്ഷ്യം കണാരേട്ടന്റെ ആമ്പൽ കുളമാണ്. അവിടെ നിറയെവിരിഞ്ഞു നിൽക്കുന്ന വെള്ളാമ്പലുകൾ എന്നുമെന്റെ വീക്ക്നെസ് ആയിരുന്നു.

അന്നും പതിവുപോലെ ഞാൻ കുളത്തിലും കാലിട്ടിരിപ്പാണ്. ഓനാവട്ടെ ഏന്തി വലിഞ്ഞ് എനിക്കായ് ആമ്പലുകൾ പറിച്ചു കൂട്ടുന്ന തിരക്കിലും.പെട്ടെന്നെന്റെ പൊട്ടിക്കരച്ചിൽ കേട്ടാണോൻ തിരിഞ്ഞു നോക്കിയത്.സംഭവം വേറൊന്നുമല്ല. എന്റെ കാലിലെ വെള്ളിക്കൊലുസുണ്ട് കുളത്തിലെ തെളിഞ്ഞു നിൽക്കുന്ന വെള്ളത്തിന്റെ അടിയിലിരുന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്നു.

ബുന്തൂസെ കരയാതെ എന്നും പറഞ്ഞ് വെള്ളത്തിലേക്കെടുത്തൊരൊറ്റ ചാട്ടമായിരുന്നു. നെഞ്ചിടിപ്പോടെ നോക്കി നിൽക്കുന്ന എന്റെ മുൻപിലേക്ക് കയ്യിൽ കൊലുസും പൊക്കിപ്പിടിച്ച് മുടിയിലെ വെള്ളമൊക്കെ നല്ല സ്റ്റൈലായ് കുടഞ്ഞു മാറ്റി സിനിമാ സ്റ്റൈലിൽ ഓനുണ്ട് കേറി വരുന്നു.എന്റെ ജീവിതത്തിൽ ഞാൻ നെഞ്ചിലേറ്റിയ ആദ്യത്തെ ഹീറോ.

അന്ന് കുഞ്ഞോളെന്നാൽ കുഞ്ഞിപ്പൂനം കുഞ്ഞിപ്പൂ എന്നാൽ ഈ കുഞ്ഞോൾക്കും ജീവനായിരുന്നു. ആ പഹയനാണിപ്പോ കണ്ടാലൊന്ന് മുഖത്ത്നോക്കുക പോലും ചെയ്യാതെ.... കുഞ്ഞോളുടെ ഹൃദയം വിങ്ങിപൊട്ടി.

ഇന്ന് മുറ്റത്തെ പനിനീർ പൂവിൽ വന്നിരുന്ന പൂമ്പാറ്റയുടെ പുറകെ ക്യാമറക്കണ്ണും പൊക്കിപിടിച്ച് നടക്കായിരുന്നു കുഞ്ഞോൾ. അപ്പോയാണ് ദൂരെ നിന്നും നടന്നു വരുന്ന ആസ്യാത്താനെയും കുഞ്ഞു മൊയ്ല്യാരെയും കണ്ണിൽ പെട്ടത്.അതും അവൾ നൈസായൊന്ന് ക്യാമറയിൽ പകർത്തി.

"അല്ല കുഞ്ഞോളെ ഇയ്യ് കഥകളിക്ക് പോവ്വാണോ. വീട്ടിലെ കൺമഷി പാത്രത്തിലെ മുഴുവൻ ആമോത്തുണ്ടല്ലോ"

ചോദ്യം ആസ്യാത്താന്റെ വകയാണ്. അതും കുഞ്ഞിപ്പൂന്റെ മുന്നിൽ വെച്ച്. ഇതിലും ബേധം എന്റെ മയ്യത്തെടുക്കായിരുന്നില്ലേ ആസ്യാത്താന്നും മനസ്സിൽ ചോദിച്ച് ഉള്ളിൽ പൊങ്ങി വന്ന ചമ്മൽ കടിച്ചമർത്തി ഒരു കള്ള ചിരിയും പാസാക്കി അവളവിടുന്ന് നൈസായ് സ്കൂട്ടായി .

നേരെ റൂമിലേക്കോടി കയറി കതകും അടച്ചവൾ കണ്ണാടിയെടുത്ത് നോക്കി.കണ്ണിൽ പടർന്നിരിക്കുന്ന കൺമഷി പതിയെ തുടച്ചുമാറ്റി. ഹോ ഇനിയിപ്പം മൊയ്ലാർ ഫാമിലി കൺമഷി വിരോധികളാണേൽ ഇക്കും ഇത് മാണ്ട. രണ്ടീസം മുൻപ് വാങ്ങിയ നൂറ്റിതൊന്നൂറ്റിയെട്ട് രൂപേടെ ലാക്മെ ഐകോണിക് സ്റ്റിക് അവൾ വേസ്റ്റ് കൊട്ടയലേക്കെറിഞ്ഞു.ശേഷം കണ്ണിലേക്കായ് മുറിച്ചിട്ട് തൂക്കിയ മുടി പിന്നിലേക്ക് ക്ലിപ്പട്ടു മുറുക്കി.

വട്ട മുഖത്തിൽ ചുറ്റി കെട്ടിയ തട്ടമിട്ട് കോളജിലേക്ക് പോവാനൊരുങ്ങിയ കുഞ്ഞേളെ ഉമ്മേം ഉമ്മൂമ്മേം ആശ്ചര്യത്തോടു കൂടി നോക്കി. ഇതും മോഡലിന്റെ ഊക്കോണ്ടാണോ അതോ ചോദ്യം മുഴുവനാക്കുന്നതിന് മുൻപ് കുഞ്ഞോളെ ഉപ്പ അങ്ങോട്ട് കേറി വന്നു.

" ന്റെ കുട്ടി ഇന്ന് മൊഞ്ചത്തി ആയിക്കണല്ലോ"

" ഉപ്പാന്റെ ഈ കുഞ്ഞോൾ പണ്ടേ മൊഞ്ചല്ലേ ഉപ്പാ "

" ഉം.ആ പിന്നെ അന്റെ ഇക്കാക്കക്ക് ലീവ് ശരിയായിക്ക്ണ്. ഓൻ അടുത്താഴ്ച ഇങ്ങട്ട് എത്തും "

" ന്റെ റബ്ബേ സത്യാണോ.ഇക്കാക്ക വന്നിട്ട് വേണം ഒന്നടിച്ച് പൊളിക്കാൻ "

" ആഹ് അത് മാത്രല്ല ഓൻ ഓന്റെ പുന്നാര പെങ്ങൾക്ക് ഏതോരു രാജകുമാരനെ കണ്ടു പിടിച്ചിക്ക്."

" ഉപ്പാ അത്. "

"ഒരു അതും ഇല്ല. അനക്കിപ്പോ ക്കല്യാണപ്രായം ആയിക്ക്. ഓന്റെ ലൈഫിലെ ഏറ്റവും വലിയ മോഹാത്രെ ഇത്. ഓന്റെ അടുത്ത ഏതോ ചങ്ങായിയാണ്. അന്നെ കണ്ടിട്ടുണ്ടെന്നും ഇഷ്ട്ടാണെന്നും ആണ് പറഞ്ഞെ. അവരതൊക്കെ പറഞ്ഞുറപ്പിച്ചു. "

" പക്ഷെ ഉപ്പാ ഞാൻ..... എന്റെ പഠിത്തം...."

"ഇന്റെ പെങ്ങൾ ഇന്റെ ഇഷ്ടത്തിന് എതിരു നിക്കൂലാന്നാ ഓൻ പറയുന്നെ . ഇങ്ങളെ സ്നേഹം കണ്ട് ഈ വാപ്പാക്ക് പോലും അസൂയ തോന്നീട്ടുണ്ട്. ഇജ്ജ് ഓന്റെ ഖൽബ് വിഷമിപ്പിക്കരുത്. ഈ ഉപ്പാക്ക് അത്രേ പറയാനുള്ളു. "

തുടരും....

സുറുമക്കോൽ (അവസാന ഭാഗം )
"""""""""""""""""""""""""
ചാക്കോ മാഷ് എറിഞ്ഞ ചോക്കിന്റെ കഷ്ണം നേരെ മുൻപിൽ വന്ന് പതിച്ചപ്പോഴാണ് കുഞ്ഞോൾ ചിന്തയിൽ നിന്നുണർന്നത്.

" എന്തു പറ്റി. രൂപത്തിൽ മാത്രമല്ല ഭാവത്തിലും താൻ ഒരുപാട് മാറിയിരിക്കുന്നു. ക്ലാസ്സിൽ ശ്രദ്ധിക്കാതെ എപ്പോഴും ഓരോ ചിന്തയിൽ.... അനിപ്രോബ്ലം? "

"നോ സർ...ഒരു തലവേദന അതാ..."

ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും കുഞ്ഞോളുടെ മാനസികാവസ്ഥയിൽ യാതൊരു മാറ്റവുമില്ല. കളിയില്ല. ചിരിയില്ല ആരോടും മിണ്ടാട്ടമില്ല. വിശപ്പില്ല ദാഹമില്ല ഭക്ഷണത്തിനൊന്നും രുചിയില്ല. ആർക്കോവേണ്ടി രണ്ടുരുള തിന്നെന്നും വരുത്തി അന്നവൾ നേരത്തെ തന്നെ മുറിയിൽ കയറി വാതിലടച്ചു.ജനൽ തുറന്നപ്പോൾ പുറത്ത് നല്ല നിലാവുണ്ട്.കുഞ്ഞിപ്പൂന്റെ വീട്ടിൽ നിന്നും ഉയർന്നു വന്ന ഗസലിന്റെ താളം ആ നിലാവിൽ ലയിച്ചലിയുന്നുണ്ട്. ഇന്നെന്തോ അന്തരീക്ഷത്തിനു പോലുമുണ്ടൊരു വിഷാദ ഭാവം.

ചാക്കോ മാഷിന്റെ വാക്കുകൾ വീണ്ടുമവളുടെ ഹൃദയത്തിൽ അലയടിച്ചു. രൂപത്തിൽ മാത്രമല്ല ഭാവത്തിലും ഒരു പാട് മാറിയിരിക്കുന്നു. അതെ ഈ കുഞ്ഞോൾ ഒരു പാട് മാറി. ന്യൂ ജനറേഷൻ ചിന്തകൾക്കു പിന്നേ പാഞ്ഞ മനസ്സിനെ ഞാൻ തന്നെ ഇപ്പോൾ താഴിട്ടു പൂട്ടിയിരിക്കുന്നു. എല്ലാത്തിലും മിതത്വം പാലിച്ച് പക്വതയാർന്നൊരു പെണ്ണിനെ പോലെ ഞാനും ശീലിച്ചു തുടങ്ങി,

ചാക്കോ മാഷിനു പോലും എന്റെ മാറ്റം അനുഭവപ്പെട്ടു. എന്നിട്ടും.... അല്ല ഇവിടെ ആർക്കും മനസ്സിലാവാഞ്ഞിട്ടല്ല. ഉമ്മാക്കും ഉപ്പാക്കും ഉമ്മൂമ്മാക്കും എന്തിന് ആസ്യാത്താക്കു പോലുമറിയാം. എല്ലാരും എല്ലാമറിഞ്ഞിട്ടും അറിയാത്തപോൽ നടിക്കാണ്. ഞാൻ ഒരു കോളേജ് ഹീറോയോ അല്ലെങ്കിൽ ഈ കുടുംബത്തിന് നിരക്കാത്ത ബന്ധത്തിനോ അല്ല മോഹിച്ചത്.എന്നിട്ടും ആരും എന്റെ ഇഷ്ട്ടമെന്താ തിരിച്ചറിയാത്തെ. അല്ലെങ്കിലും ഇതിന് ഇഷ്ട്ടംന്നു പറയാൻ പറ്റോ ലേ...... ഈ കുഞ്ഞോൾക്ക് മാത്രല്ലേ ഇഷ്ട്ടള്ളൂ..... കുഞ്ഞിപ്പൂന് ഈ കുഞ്ഞോൾ ഇന്നാരുമല്ല.... ആരും ....

അവളുടെ മനസ്സിന്റെ നിയന്ത്രണം വിട്ടു തുടങ്ങി.കാർമേഘം ഇരുണ്ടു കെട്ടി ഒന്നാർത്തു പെയ്യാൻ കൊതിക്കും മഴപോൽ അവളുടെ മനസും .....പെട്ടന്നായിരുന്നു ഫോൺ ശബ്ദിച്ചത്.

" കുഞ്ഞോളെ ഇക്കാക്കയാണ്.ഇൻഷാ അള്ളാ പത്ത് മിനുറ്റൂടെ കഴിഞ്ഞാൽ ഞാൻ റൂമിന്നിറങ്ങും. നാളെ ജുമുഅക്ക് മുൻപങ്ങെത്തും "

"ഉം''

" എന്തുപറ്റി.അനക്കെന്താ ഒരു വല്ലായ്മ പോലെ "

"ഒന്നൂല്ലിക്കാ....ചെറിയൊരു തലവേദന അതാ.... "

" പിന്നെ ഉപ്പ പറഞ്ഞില്ലേ. അനക്ക് സമ്മതമില്ലാന്നുണ്ടോ?"

"ഏയ്.അങ്ങനെ ഒന്നുമില്ല.''

"ഇന്റെ അടുത്ത ചങ്ങായിയാണ്. ഓൻ വിളിച്ചു പറഞ്ഞപ്പോൾ എനിക്കൊന്നും മറുത്തു പറയാൻ കഴിഞ്ഞില്ല. ഓനന്നെ പൊന്നുപോലെ നോക്കും.അതീഇക്കാക്കുറപ്പുണ്ട്."

"ഉം'' പലതും പറയണമെന്നുണ്ടെങ്കിലും എന്ത് പറയണമെന്നറിയാതെ അവളുരുകി.

"ന്റെ കുഞ്ഞോളെ കല്യാണം അതീ ഇക്കാന്റെ ഏറ്റവും വല്യ മോഹാ. അതുഷാറാക്കീട്ട് വേണം എനി എനിക്ക് തിരിച്ചു വരാൻ. ഇന്നാ ഓക്കെ.വയ്യെങ്കിൽ ഇയ്യുറങ്ങിക്കോ. നാളെ അവിടെത്തീട്ടാവാം ബാക്കി."

"ഓക്കെ "

*****************

കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ തന്റെ ഇക്കാക്കയെ കണ്ടവൾ ഓടി ചെന്ന് കെട്ടി പിടിച്ചു.അവളുടെ കണ്ണുകൾ ചാലിട്ടൊഴുകി കൊണ്ടേയിരുന്നു.

"അയ്യേ ഇക്കാന്റെ കാന്താരി കരയാണോ."

അവനവളുടെ കണ്ണ് തുടച്ച് ചേർത്ത് പിടിച്ചു. വീട്ടിലേക്കു പോവുമ്പോൾ ഇക്കയോട് ചേർന്നിരിക്കുമ്പോഴും അവളുടെ മിഴികൾ വെറുതെ നിറയുന്നുണ്ടായിരുന്നു.

''ഉമ്മാ ഇവളാകെ മാറിയല്ലോ. എന്റെ കാന്താരിപ്പെണ്ണ് ഇത്രേം തൊട്ടാവാടി ആയിപ്പോയോ"

പെട്ടി പൊട്ടിക്കുമ്പോൾ പഴയതുപോലെ ഓരോന്ന് വലിച്ചിടാനൊ പലതിന്റെയും നേരെ അവകാശം സ്ഥാപിക്കാനോ ഒന്നും തന്നെ അവൾക്ക് തോന്നീല.ഇക്ക അവൾക്കുനേരെ നീട്ടിയ മെയ്ക്കപ്പ് സെറ്റും വാച്ചും നോക്കി അവൾ വെറുതെയൊന്ന് പുഞ്ചിരിച്ചു.

"അല്ലുമ്മാ ഈ പെണ്ണിനിതെന്താ പറ്റിയെ.ഒരു മാതിരി അവാർഡ് സിനിമയിലെ നായികമാരെ പോലെ.ഇക്കാന്റെ കുട്ടിയിവിടെ വന്നേ ഞാൻ ചോദിക്കട്ടെ."

കുഞ്ഞേളെ അവൻ റൂമിൽ കൊണ്ടിരുത്തി.

" ഇനി പറ. എന്താ അന്റെ പ്രശ്നം "

" ഒന്നൂല്ല ഇക്കാക്കാ"

"അത് വെറുതെ ആ മുഖമൊന്ന് വാടികണ്ടാൽ എനിക്കറിഞ്ഞൂടെ. കല്യാണമുറപ്പിക്കാൻ പോണതാണോ അന്റെ കുഴപ്പം ''

"ഏയ്.അങ്ങനെ ഒന്നുമില്ലന്നേ"

"അത് കള്ളം.പറ എന്താ അനക്ക് കോളേജിൽ വല്ല ലൈനോ മറ്റോ.... എന്താണേലും ഈ ഇക്കാനോട് തുറന്ന് പറയ്. ഈ പ്രായത്തിൽ അങ്ങനെ പലതും തോന്നും പക്ഷേങ്കില് ജീവിതത്തിൽ പിന്നെ അതൊരു ബെഷമായി മാറാൻ പാടില്ല."

" അങ്ങനെ ഒന്നുമില്ല.എനിക്കീ വീടും പരിസരോം ഉപ്പാനേം ഉമ്മാനേം ഇങ്ങളെ എല്ലാരേം വിട്ട് പോവാൻ വയ്യ "

"അയ്യേ.ന്റെ പൊട്ടിപ്പെണ്ണേ ഇയ്യിത്രേം തൊട്ടാവാടി ആയിപ്പോഴോ .പിന്നെ ഞാൻ കണ്ടെത്തിയ ആൾ ചിലപ്പോ ഇങ്ങൾ ന്യൂ ജെൻ പിള്ളേരെ പോലെ യോ യോ കൾച്ചർ ഒന്നുമാവില്ല. പക്ഷെ ഒാനന്റെ കണ്ണൊരിക്കലും നിറക്കില്ല. ആ ഉറപ്പ് ഈ ഇക്കാക്കുണ്ട്."

" ഉം "

"എന്ത് കും. ഇങ്ങനെ ഒരു പൊട്ടി പെണ്ണ്. "

************

"ഇക്കാക്കാ എത്ര നേരായീന്നറിയോ ഞാൻ ചായ കുടിക്കാൻ വിളിക്കുന്നു. ഈ രാവിലെ തന്നെ ഇതെവിടെ ആയിരുന്നു."

" ആണോ? ഞാനാ കുഞ്ഞിപ്പൂനോട് സംസാരിച്ച് നിക്കായിരുന്നു.''

" ഹോ.. എന്താപ്പം ഇത്രമാത്രം സംസാരിക്കാൻ."

" ആഹ് ഓര് ഇന്നിവിടുന്ന് പോവല്ലേ "

"പോവേ? ആര്.... എങ്ങോട്ട്...?"

"പോത്തേ ഇയ്യീ ലോകത്തൊന്നുമല്ലേ. ഓരിവിടുത്തെ വീടും സ്ഥലമൊക്കെ വിറ്റു. ടൗണിൽ പള്ളിയുടെ അടുത്തെ ആ പുതിയ വീടില്ലെ അത് ഓരാ വാങ്ങിയെ."

"ഏത് ആ വലിയ രണ്ട് നിലവീടോ?"

"ആഹ് അതന്നെ. പിന്നെ ഓന്റെ കല്യാണക്കാര്യോം പറയാർന്നു. ഞമ്മളൊക്കെ എങ്ങനെ കഴിഞ്ഞതാ അല്ലെ"

" അപ്പൊ കല്യാണോം ആയോ. എങ്ങനെ കഴിഞ്ഞാലെന്താ ഓനിപ്പം ഈ കുഞ്ഞോളെ അറിയുക പോലുമില്ല. ഞാൻ ഒന്നും അറിഞ്ഞില്ല. ആസ്യാത്തേം ഇപ്പൊ എന്നെ മറന്നു."

" ആഹ് ഇയ്യ് വന്നേ. ചായ എടുക്ക്.വിശന്നിട്ട് വയ്യ."

ചായ കുടി കഴിഞ്ഞ് കുഞ്ഞോൾ ക്യാമറയും തോളിലിട്ട് അടുത്തുള്ള പാടത്തേക്കിറങ്ങി. വല്ല സകടോം അലട്ടുമ്പോൾ ചറപറാന്ന് ക്ലിക്ക് ചെയ്യുന്നതവളുടെ ഒരു ശീലമാണ്. പുല്ലും പൂവും കിളിയും തുടങ്ങി കണ്ടതെല്ലാമവൾ ക്യാമറയിൽ പകർത്തിനിക്കുമ്പോഴാണ് അപ്രതീക്ഷിതമായ് അവിടയാകെ അത്തറിൻ പൂമണം പരന്നത് കൂടെ ആ വിളിയും.

" കുഞ്ഞോളെ.... "

തിരിഞ്ഞു നോക്കിയ അവൾ വിശ്വസിക്കാനാവാതെ തരിച്ച് നിന്നു. തേച്ചുമിനുക്കിയ വെള്ളമുണ്ടും ഷർട്ടുമിട്ട ഈമാനിൻ തിളക്കമുള്ള ആ മുഖം നിഷ്ക്കളങ്കമായ പുഞ്ചിരി തൂകി നിൽക്കുന്നു. ഇതു വരെ താനൊന്ന് കേൾക്കാൻ കൊതിച്ച സ്വരം. സന്തോഷം കൊണ്ടവളുടെ മിഴികൾ നിറഞ്ഞു.പതിയെ ആ ഭാവം ദു:ഖത്തിലേക്കും പിന്നെ ദേഷ്യത്തിലേക്കും വഴിമാറി.

" കുഞ്ഞോളൊ .....ആരുടെ കുഞ്ഞോൾ........ അപ്പൊ ആ പേരറിയാഞ്ഞിട്ടല്ല ല്ലേ. ഇത്ര ദിവസമെന്താ ആ വായിൽ ഔലോസുണ്ട ആയിരുന്നോ ?" അവളുടെ ദേഷ്യം അരിച്ചു കയറി.

"ഇന്ന് ഞങ്ങൾ പോവ്വാണ് "

''ഹോ നല്ല കാര്യം"

ഉള്ളിലെ സങ്കടം കടിച്ചമർത്തിയവൾ തിരിഞ്ഞു നടന്നു.പക്ഷെ ആ വിളി വീണ്ടുമുയർന്നു.

" കുഞ്ഞോളെ"

" എന്താ .... എനിയും വല്ലതും പറയാനുണ്ടോ മൊയ്ല്യാർക്ക് "

"അത് പിന്നെ നാളെ ആരോ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറയുന്നത് കേട്ടു."

" ആ വരുന്നുണ്ട്..... അങ്ങ് തുർക്കീന്നൊരു രാജകുമാരൻ... എന്തേനു"

എന്തെല്ലാമോ പിറുപിറുത്തോണ്ടവൾ വീട്ടിലേക്കോടി.ബെഡിൽ മുഖമമർത്തി ഒരു പാട് നേരം കരഞ്ഞു. പറഞ്ഞതൊരൽപ്പം കൂടി പോയോ പക്ഷെ ഞാൻ..... അവൾ വീണ്ടും പൊട്ടി പൊട്ടിക്കരഞ്ഞു. പിന്നെ പതിയെ മനസ്സിനെ പഠിപ്പിച്ച് തുടങ്ങി. ഈ ദുനിയാവിലെ മോഹങ്ങളെല്ലാം പൂവണിയുന്നതല്ല.

********

"കുഞ്ഞോളെ ഞാൻ അങ്ങാടീക്കാണ്. ഓരെയും കൂട്ടിയെ മടങ്ങി വരൂ.ഇക്കാന്റെ കുട്ടി കുളിച്ചൊരുങ്ങി സുന്ദരിയായ് നിന്നോണ്ടി"

കുഞ്ഞോൾ കുളികഴിഞ്ഞ് വന്ന് കണ്ണാടിയിൽ നോക്കി. ഇക്ക ഗൾഫിന്നു വിളിക്കുമ്പോൾ എന്ത് കൊണ്ടുവരണമെന്ന ചോദ്യത്തിനെപ്പൊഴും പറയാനുള്ള മറുപടി മെയ്ക്കപ്പ് സെറ്റ് എന്നായിരുന്നു.എന്നാലിന്നത് ഒന്നു തുറന്നു നോക്കാൻ പോലും തോന്നണില്ല.കൺമഷിയാവട്ടെ അന്ന് വലിച്ചെറിഞ്ഞതാണ്. ഇങ്ങനെ കണ്ടിട്ട് ഇഷ്ട്ടാവാണേൽ മതി. അവൾ മുറി വിട്ടിറങ്ങി.

" കുഞ്ഞോളെ ഓരെത്തീന്നാ തോന്നണെ ഇയ്യാ ചായ ക്ലാസ്സിക്ക് പാർന്നാ "

"ഉമ്മാ ചായ ആയാൽ എടുത്തോളീട്ടോ "

" എല്ലാം റെഡിയാണ് മോനെ. കുഞ്ഞോളെ ഇതിയ്യങ്ങട്ട് കൊണ്ട് കൊടുക്ക്."

" ഞാനോ.... ഉമ്മ തന്നെ കൊടുത്താ മതി."

"പോത്തേ ഉമ്മാനെ അല്ല അന്നയാ കാണാൻ വന്നേ.ഇയ്യങ്ങട് നടന്നാ "

ചായേം കൊടുത്ത് മടങ്ങിവരുന്ന കുഞ്ഞോളെ നോക്കി ഇക്കക്ക ചോദിച്ചു.

"ഇപ്പോ എങ്ങനുണ്ട് ചെക്കനെ ഇഷ്ട്ടായില്ലേ "

" ഞാൻ ചെക്കനെ ഒന്നും നോക്കീല്ല "

"പോത്തേ..... അതല്ലേ നോക്കണ്ടെ ഇയ്യ് റൂമ്ക്ക് ചെല്ല്.ഓനങ്ങോട്ട് വരും സംസാരിക്കൻ."

'' വേണോ "

"വേണ്ടാണ്ട് പിന്നെ... ആഹ് വല്ല മുടന്തോ കോങ്കണ്ണോ ഉണ്ടോന്ന് ശരിക്ക് നോക്കിക്കോണ്ടി പിന്നെ ഈ ഇക്കാനെ കുറ്റം പറയരുത്. "

റൂമിൽ ജനലരികിൽ നിൽക്കുമ്പോൾ വല്ലാതെ മൗനത്തിലാണ്ട കുഞ്ഞിപ്പൂന്റെ വീട്ടിലേക്കറിയാതെ അവളുടെ മിഴികൾ പാഞ്ഞു. വേണ്ട ... സാരല്ല.... എനിയെന്റെ ഇക്കാന്റെ ഇഷ്ട്ടാണ് ഈ കുഞ്ഞോളേം ഇഷ്ട്ടം. അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു.പെട്ടന്നാണ് റൂമിലാകെ ആ അത്തറിൻ പൂമണം പരന്നൊഴുകിയത്.

" കുഞ്ഞോളെ... "

അപ്രതീക്ഷിതമായ് ആ വിളി കേട്ടവൾ പകച്ചു നിന്നു.

"കുഞ്ഞിപ്പൂ ....."

"ഏ... കുഞ്ഞിപ്പൂന്നോ.. ഇക്കാന്ന് വിളിച്ചോണ്ടി."

നാണം കൊണ്ടവളുടെ മുഖം തുടുത്തു.

"എന്താ ഇയ്യൊന്നും മിണ്ടാത്തെ ഈ തുർക്കീന്നു വന്ന രാജകുമാരനെ അനക്ക് ഇഷ്ട്ടായില്ലാന്നുണ്ടോ "

സന്തോഷം കൊണ്ടവൾ എല്ലാം മറന്ന് ആ നെഞ്ചിലേക്ക് ചാഞ്ഞ് കെട്ടി പിടിച്ച് കരഞ്ഞു.

"ഏയ് കുഞ്ഞോളെ എന്തായീ കാട്ടണെ ഞാനൊരു മൊയ്ല്യാരാണ്. ആൾക്കാര് കാണും"

" ഇങ്ങള് മെയ്ല്യാരാണെങ്കിൽ ഞാനാ മൊയ്ല്യാരുടെ കുത്തോളാണെ"

ഇയ്യ് കണ്ണ് തുടക്ക്.ഈ കുഞ്ഞിപ്പു അന്നെ വല്ലാതെ നൊമ്പരപ്പെടുത്തീരുന്നോ? ഓർമ്മ വെച്ച നാളു മുതൽ ഇന്റെ ഖൽബിൽ കൂടുകൂട്ടിയ അന്നെ ഞമ്മളു മറക്കുംന്നു കരുതിയോ. കണ്ടിട്ടും കണ്ടില്ലാന്ന് നടിക്കായിരുന്നു അന്റെ ഇഷ്ട്ടം. ഞാൻ മനസ്സിൽ കണ്ട കാര്യം ഉമ്മയായിട്ട് ഇങ്ങോട്ട് പറഞ്ഞപ്പോ വല്യ സന്തോഷായി. പിന്നെ അന്റെ കാക്കാനെ വിളിച്ചു പറഞ്ഞപ്പോ ഓനും വല്യ സന്തോഷായി. അതുപോലെ നിന്റെ വീട്ടുകാർക്കും"

" അപ്പൊ എല്ലാരും കൂടി ഈ കുഞ്ഞോളെ കളിപ്പിക്കായിരുന്നു ല്ലേ "

" ഉം. അല്ല ഇയ്യെന്താ ഇപ്പം കണ്ണെഴുതാത്തെ അന്ന് ഉമ്മ അങ്ങനെ പറഞ്ഞോണ്ടാണോ."

"ഏയ് അങ്ങനെ ഒന്നുമില്ല."

" എന്നാ എന്റെ പ്രണയിനിക്കിതാ ഒരു പ്രണയ സമ്മാനം. സുറുമയാണിത്. നമ്മുക്ക് സുന്നത്താക്കപ്പെട്ട സുറുമ ."

സന്തോഷം കൊണ്ടവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു.

" അപ്പൊ ശരി.ഞാൻ വരും ഒരുപാട് തവണ വെള്ളാമ്പൽ കോർത്ത് മാലയണിയിച്ച ആ കഴുത്തിലൊരു മഹറണിയിക്കാൻ "

കുഞ്ഞിപ്പൂ ഇറങ്ങിയ ഉടനെ ഇക്കാക്ക ആ റൂമിലേക്ക് ഓടി കയറി.
എങ്ങനുണ്ട് കാന്താരീ അനക്ക് ചെക്കനെ ഇഷ്ട്ടായോ എന്ന ചോദ്യത്തിന് ഈ കുഞ്ഞോളെ കളിപ്പിക്കായിരുന്നുലേന്നും ചോദിച്ച് തലയണയെടുത്ത് തലങ്ങും വെലങ്ങും തുരു തുരന്ന് ഓനെ തല്ലി.

"ഹ...ഹാ.... കാക്കാന്റെ കുട്ടിക്കിപ്പം പെരുത്ത് സന്തോഷായിലേ.... എത്ര ദൂരത്താണേലും ആ മനസ്സിനിക്കറിഞ്ഞൂടേ പെണ്ണെ.എന്നാലെ ഞാനോരെ യാത്രയാക്കീട്ട് വരാ. എന്നിട്ട് തരാട്ടോ ഈ അടീടെ തിരിച്ചടി."

കുഞ്ഞോളെ മുഖം ചിരി കൊണ്ട് വിടർന്നു.അവളാ സുറുമക്കോൽ നെഞ്ചോടു ചേർത്തു. പതിനാലാം രാവുദിച്ച ചേലായിരുന്നു അപ്പൊ കുഞ്ഞോളുടെ മുഖത്ത്
********
കരിമഷിയിട്ട കണ്ണുകൾ ഇനി മുതൽ സുറുമ എഴുതിത്തുടങ്ങുന്നു.....

(അവസാനിച്ചു)

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്