അമ്മയാണ് താരം

അമ്മയാണ് താരം
******************

"പൊന്നൂ..നീയിങ്ങോട്ടു ഇറങ്ങിവരുന്നുണ്ടോ.. അതോ ഞാനങ്ങോട്ടു കേറിവരണോ ?"
അകത്തേക്ക് നോക്കി 'അമ്മ വിളിച്ചു പറഞ്ഞു..
പടിഞ്ഞിറ്റകത്തെ വാതിലിനിടയിലൂടെ  കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞുമുഖം അമ്മയെ എത്തിനോക്കി ..ആകാശനീലയിൽ വെള്ളപ്പൂക്കളുള്ള പുതിയ ഉടുപ്പും ,നീല റിബ്ബൺ കൊണ്ട് രണ്ടുവശത്തും കെട്ടിയ മുടിയും..ഉണ്ടക്കണ്ണുകളിൽ നിറയെ..'അമ്മ എഴുതിക്കൊടുത്ത കണ്മഷി തിരുമ്മിതിരുമ്മി
മുഖം നിറയെ ആക്കി..കരിച്ചട്ടിയിൽ തലയിട്ട
പൂച്ചക്കുട്ടിയുടെ മുഖവുമായി നിൽക്കുന്ന ഗുണ്ടുമണി ആണ് ഞാൻ.ഇന്നെന്റെ ഒന്നാം ക്‌ളാസിലേക്കുള്ള പ്രവേശനോത്സവം മൂന്നാം
ദിവസമാണ്..കാരണം ഇന്നലെയും മിനിഞ്ഞാന്നും
പോയതിനേക്കാൾ വേഗത്തിൽ ഞാൻ തിരിച്ചു പോന്നു..

ആദ്യത്തെ ദിവസം സ്‌കൂളിൽ ചേർത്ത് പുറത്തിറങ്ങിയ അച്ഛനെക്കാൾ മുന്നേ റോഡിലിറങ്ങി ഞാൻ മാതൃക ആയി..ടീച്ചർ എന്നെ പിടിച്ചോണ്ട് പോയെങ്കിലും..ജനലിലൂടെ തല പുറത്തിട്ടുള്ള എന്റെ ദയനീയ വിലാപത്തിൽ അച്ഛൻ വീണു..എന്നെയും എടുത്തോണ്ട് അച്ഛൻ തിരിച്ചുപോന്നു..പിറ്റേന്ന് മാമനാണ് കൊണ്ടോയത്
അലറിക്കരഞ്ഞ എന്നെ ക്ലാസിലിരുത്തി ഇറങ്ങിയ മാമന്റെ പുറകെ ഓടി പൂഴിയിൽ കിടന്നുരുണ്ടു ഞാൻ ..പിടിക്കാൻ വന്ന ടീച്ചറിന്റെ കയ്യും കടിച്ചു
പറിച്ചു..ബാക്കിയുള്ള പിള്ളേരും കൂടെ അലറാൻ
തുടങ്ങിയതോടെ ടീച്ചർ തിരിഞ്ഞോടി..ഞാൻ മാമനെക്കാൾ മുന്നേ റോഡിലേക്കും ഓടി..അങ്ങനെ രണ്ടീസം രക്ഷപെട്ടു..ഇന്നാണ് മൂന്നാം ദിവസം..അതാണ് 'അമ്മ നേരിട്ടിറങ്ങിയത്

അമ്മയെക്കുറിച്ചു പറഞ്ഞാൽ..എല്ലാ അമ്മമാരെയും പോലെയല്ല എന്റമ്മ..ഒരു കളിയും
നടക്കൂല.."തെറിക്കുത്തരം മുറിപ്പത്തല് "നയമാണ്..അത് മറ്റാരേക്കാളും എനിക്കറിയാം.
കാരണം .ഉറങ്ങിക്കിടന്ന അനിയത്തികുട്ടിയുടെ.വായിൽ ഒരുപിടി മണ്ണ് വാരിയിട്ടതിനു ..ഒരു ദയയുമില്ലാതെ മൂന്നാം വയസിൽ നാലു വയസായെന്നും പറഞ്ഞു നഴ്സറി യിൽ ചേർത്ത ഭീകരി ആണമ്മ..രണ്ടു വര്ഷം അവിടുത്തെ പീഡനം സഹിച്ചു.. അതോടെ സ്‌കൂൾ എന്ന് പോയിട്ട് "സ" എന്ന വാക്ക് പോലും ഞാൻ വെറുത്തുപോയി..ഒരു സിസ്റ്ററമ്മ ആയിരുന്നു എന്റെ മിസ്..ഉറങ്ങാനും ഉണർത്താനും അവരുടെ ടെക്നിക് ആണ് നുള്ളിപ്പറി..ചന്തിക്കു നല്ല നുള്ളു കിട്ടും ബെല്ലടിക്കുമ്പോ ഉറങ്ങിയില്ലേലും എണീറ്റില്ലേലും..
അതേ പള്ളിവക സ്‌കൂളിലാണ് പിന്നെയും ചേർത്തിരിക്കണത്..പിന്നെങ്ങനെ പോകും ഞാൻ,

ഏതായാലും 'അമ്മ വടി പൊട്ടിച്ചപ്പോളേക്കും ഞാൻ മോങ്ങി കൊണ്ട് മുറ്റത്തിറങ്ങി..കുറച്ചു
ദൂരമേയുള്ളൂ,എന്നാലും മാമനാണ് വണ്ടിയിൽ ഇറക്കിത്തന്നത്..ഞാൻ ഓടിക്കളയണ്ടാന്നു വച്ചാവാം..ക്ലാസിലേക്കു ഇരുത്തിയപ്പോൾതന്നെ ഞാൻ അലറാൻ തുടങ്ങി.."പോകല്ലമ്മേ..പോകല്ലമ്മേ"..ന്ന്
അതോടെ ഏകദേശം അടങ്ങി വന്ന പിള്ളേരിൽ
കുറച്ചുപേർ വീണ്ടും തുടങ്ങി അലർച്ച..ടീച്ചറുടെ
കണ്ണ് തെറ്റിയ നേരം നോക്കി ഞാൻ ഇറങ്ങിയോടി.
കൃത്യം ..പുറത്തു ഒളിച്ചുനിന്ന അമ്മയുടെ കയ്യിൽ തന്നെ പെട്ടു..'അമ്മ തൂക്കിയെടുത്തു പിന്നേം ഇരുത്തി..കൂടെ അമ്മയും ഇരുന്നു..ടീച്ചർ കുറെ
മുട്ടയിയൊക്കെ തന്നു..പക്ഷെ അതൊക്കെ വാങ്ങി കയ്യിൽ വച്ച്..ഞാൻ ആത്മാർത്ഥതയോടെ അലറിക്കൊണ്ടേയിരുന്നു..ഇടയ്ക്കു ഒരു കൊച്ചു ഛർദിച്ചതോടെ അമ്മയും ടീച്ചറും അങ്ങോട്ടുപോയി..കിട്ടിയ തക്കം ഞാനിറങ്ങി ഒറ്റയോട്ടം വച്ചുകൊടുത്തു..പുറകെ അമ്മയും.

സ്‌കൂളിന്റെ മുൻവശം സെമിത്തേരി ആണ്..ഓടി
അങ്ങോട്ടേക്കാണ് കേറിയത്..നമ്മുടെ വോളിബോൾ
നായകൻ ജിമ്മി ജോർജ് ഉറങ്ങുന്ന സെമിത്തേരി ആണ് കേട്ടോ..ആര് കണ്ടാലും ഒന്ന് മരിക്കാൻ
കൊതിക്കും അത്ര ഭംഗിയാണ് അവിടൊക്കെ..
നിറയെ ചെടികളാണ്..ഞാനും അമ്മയും ഓരോ കല്ലറകൾക്കിടയിലൂടെ ഓടിപ്പിടുത്തം കളിയാണ്.
ആരൊക്കെയോ നോക്കുന്നുണ്ട്..അവസാനം.അവിടെ പ്രാർത്ഥിക്കാൻ വന്ന ഒരു ചേടത്തിയുടെ  മുണ്ടിന്റെ ഞൊറിയും പിടിച്ചു
പുറകിൽ നിന്ന്.വല്യ വായിൽ നിലവിളി ആണ് ഞാൻ..പാവം ചേടത്തി..മുണ്ടൂരിപോകേണ്ടെന്നു
വച്ചായിരിക്കും.."ഇന്നൊരു ദിവസം വീട്ടിലേക്കു കൊണ്ടുപോ മോളെ"എന്നമ്മയോടു പറഞ്ഞു.
അങ്ങനെ വിജയശ്രീലാളിത ആയി മൂന്നാം
ദിവസവും ഞാൻ വീട്ടിലേക്കു...

ടാർ റോഡ് കഴിഞ്ഞതോടെ കരച്ചിലൊക്കെ നിർത്തി ഞാൻ മുട്ടായി തീറ്റ തുടങ്ങി.അല്ലേലും ഇനീപ്പോ നാളെ കരഞ്ഞാൽ മതീല്ലോ..
പുറകിൽ അമ്മയോട് വഴിയരികിലുള്ള പരിചയക്കാർ ആരൊക്കെയോ സഹതാപം പ്രകടിപ്പിക്കുന്നുണ്ട് ..ഞാനതൊന്നും മൈൻഡാക്കീല്ല..തള്ളമാരുടെയൊക്കെ പറച്ചില്
കേട്ടാൽ എന്റെ ഒന്നാം ക്ലാസാണ് ഇന്ത്യ  നേരിടുന്ന ഏറ്റവും വല്യ പ്രശ്നമെന്ന് തോന്നും.അങ്ങനെ നടക്കുമ്പോളാണ് പെട്ടന്ന് പുറകിൽ നിന്ന്.ചന്തിക്കു അടി വീണത്..അയ്യൊന്നും പറഞ്ഞു നോക്കുമ്പോ ഭദ്രകാളിയെ പോലെ 'അമ്മ..കൈയ്യിലൊരു ചെമ്പരത്തി വടിയും..
പിന്നെന്തു പറയാനാ..ഒരു കയ്യിൽ എന്നെ തൂക്കിയെടുത്തു ചറപറാ അടിയായിരുന്നു..
നീ സ്‌കൂളിൽ പൊകുല്ലെടി ?എന്ന് ഓരോ അടിക്കും ചോദിക്കുന്നുണ്ട്..പോകാമ്മേ..എന്ന് ഞാനും..അലർച്ച കേട്ട് താഴത്തെ തോട്ടിൽ അലക്കുന്ന പെണ്ണുങ്ങള് കേറിവന്നതോടെ 'അമ്മ പിടിവിട്ടു..പിന്നൊരു ഓട്ടമായിരുന്നു..ഉസൈൻ ബോൾട്ട് നാണിക്കും..അത്രേം വേഗത്തിൽ..എങ്ങനൊക്കെയോ വീടുപറ്റി..
ഒരുമൂലക്കു പോയി ചന്തിയും തടവി ഇരിക്കുമ്പോളാ അമ്മയുടെ വരവ്..മതിയായില്ല
ഭീകരിക്കു..എന്നെ തൂക്കിയെടുത്തു മുറ്റത്തു കൊണ്ടോയിട്ടു..നല്ല മഴയും..എന്നിട്ടിങ്ങനെ നോക്കി ആസ്വദിക്കയാണ്..പൂച്ചക്ക് എലിക്കുട്ടിയെ കിട്ടിയപോലെ..

അന്നെനിക്കൊരു കാര്യം മനസിലായി..ഏട്ടൻ പറഞ്ഞതാണ് സത്യം..ഏട്ടനെപ്പോളും പറയും.എന്നെ പഴയ പ്ലാസ്റ്റിക് വാങ്ങാൻ വരുന്ന
അണ്ണാച്ചിക്ക് പാട്ട വിറ്റപ്പോൾ കാശിനു പകരം അമ്മക്ക് കിട്ടിയതാണെന്നു..അല്ലേൽ ആരേലും ഇങ്ങനെ ചെയ്യുമോ ?ഇനീപ്പോ അണ്ണാച്ചിയെ നോക്കിപോകാന്ന് വച്ചാൽ..വഴിയും അറീല്ലലോ..അതുകൊണ്ടു കരഞ്ഞോണ്ടങ്ങു നനഞ്ഞു..അപ്പോളും ഇടയ്ക്കിടെ അമ്മഭീകരി ചോദിക്കുന്നുണ്ട്.നാളെ രാവിലെ എണീക്കുമോ?സ്‌കൂളിൽ പോകുമോ ?എല്ലാം തലയാട്ടി... വേറെ
വഴിയില്ലലോ..കാരണം ഇനി അടി കിട്ടാൻ ചന്തിയിൽ സ്ഥലം ബാക്കിയില്ല..എന്നാ കേറിപ്പോയെന്നും പറഞ്ഞു..എന്നെ വലിച്ചോണ്ടു
പോയി 'അമ്മ..എന്നിട്ടു തുവർത്തിയെടുത്തു..

പിറ്റേന്ന് 'അമ്മ എണീറ്റ് വരുമ്പോൾ  കാണുന്നത്..അലക്കുകല്ലിൽ ഇരുന്നു പല്ലു തേക്കുന്ന എന്നെയാണ്.."പൊന്നു എന്താ നേരത്തെ എണീറ്റോ?"എന്ന അമ്മയുടെ.ചോദ്യത്തിന് അച്ചടക്കത്തോടെ
"ന്ന് സ്‌കൂളുണ്ടമ്മേ"എന്ന് പറഞ്ഞു മാതൃക ആയി ഞാൻ..ഇതായിരിക്കും കിട്ടേണ്ടത് കിട്ടേണ്ട സമയത്തു കിട്ടിയാലേ തോന്നേണ്ടത് തോന്നേണ്ട സമയത്തു തോന്നു..എന്ന് പറഞ്ഞു കേട്ടത്.

ഏതായാലും അമ്മേന്റെ അടി അറംപറ്റി..
അന്നുതൊട്ട് ഇന്നുവരെ എന്റെ ജീവിതത്തിലെ കൂടുതൽ ഭാഗവും ഞാൻ സ്‌കൂളിൽ തന്നെ..പനി
വന്നാൽ പോലും..ഹേ..ഹേ,.ലീവാക്കുല..
പഠിപ്പു കഴിഞ്ഞു പണി കിട്ടിയതും സ്‌കൂളിൽ തന്നെ..കഴിഞ്ഞ ലീവിന് പോയപ്പോൾ ഓഫീസ് വർക് എഴുതുന്ന എന്നെനോക്കി എന്റേട്ടൻ പറഞ്ഞു.."അമ്മേ..ഇങ്ങളെ അന്നത്തെ.അടി ഇവളുടെ മർമ്മത്തു എവിടെയോ ആണ് കൊണ്ടത്..കണ്ടില്ലേ അന്നുതൊട്ട് ഇന്നുവരെ ബുക്കിന്റെ മേലെന്നു കൈ എടുത്തിട്ടില്ല പെണ്ണ്"
ഏതായാലും അന്ന് എനിക്ക് ശിശു ക്ഷേമ സമിതിക്കാരെയൊന്നും അറിയാത്തോണ്ടു 'അമ്മ
രക്ഷപെട്ടു..ഞാനും..

സമർപ്പണം...എന്റെ പുന്നാര അമ്മക്ക് 😍😍😍😘😘

Vineetha Anil

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്