കാത്തിരിപ്പ്

എത്ര നേരമായി അവളെ കാത്തിരിക്കുന്നു.

ഓൺലൈനിൽ ഒന്ന് വന്നാലെന്താ?

ശരിക്കും അവളില്ലാത്ത ഓരോ നിമിഷവും പിരാന്ത് പിടിക്കുന്നു.

ഇത്രയും ആവേശത്തോടെ ആഗ്രഹത്തോടെ ഇന്നോളം ഞാൻ ആരേയും കാത്തിരുന്നിട്ടില്ല. ഇവളെ കണ്ട നാൾ തൊട്ട് കാത്തിരിക്കുന്നു അവളുടെ മെസ്സേജുകൾക്ക് വേണ്ടി. പുഞ്ചിരിക്കുന്ന ആ സ്മൈലിക്ക് വേണ്ടി.ഏത് പ്രതിസന്ധിയിലും താങ്ങി നിർത്തുന്ന ആശ്വാസവാക്കുകൾക്ക് വേണ്ടി.

ദാ അവൾ വന്നു..

സലാം പറഞ്ഞത് കണ്ടിട്ടും കാണാത്ത മട്ടിൽ ഞാൻ കാത്തിരിപ്പിന്റെ ദേഷ്യം പ്രകടമാക്കി.

എവിടെ ആയിരുന്നു ഇത്രയും നേരം. ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു എന്നറിയാമോ?

തിരക്കായി പോയി. ക്ഷമിക്ക്.

ഇനി എവിടെയും പോകാതെ എന്നോട് മാത്രം മിണ്ടാമോ?

ഇൻഷാ അല്ലാഹ്.

പെട്ടന്നായിരുന്നു അവളുടെ ചോദ്യം..

ങ്ങൾ ഇപ്പോ എവിടെയാ. വീട്ടിലാണോ?

അല്ല. കൂട്ടുകാരുടെ കൂടെയാണ്. ഇപ്പോൾ വീട്ടിലേക്ക് പോകും.

സമയം ഇപ്പോൾ പതിനൊന്ന് കഴിഞ്ഞല്ലോ.. ഇനി എപ്പോഴാണ്?

പോകുവാണ്.

ന്നാ വേം പോയ്ക്കോളീ.

ചാറ്റ് ചെയ്യ്ത് നടന്ന് വീടെത്തിയത് പോലും ഞാനറിഞ്ഞില്ല. മുറ്റത്ത് എന്റെ കാൽപെരുമാറ്റം കേട്ടതും വാതിൽ തുറന്നു ഉമ്മ.ഉമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിയിലേക്ക് നടന്നു.

കുഞ്ഞോനെ കഴിക്കാൻ വേണ്ടേ അൻക്?

വേണ്ട. ഞാൻ കഴിച്ചു.

മുറിയിൽ കയറി വാതിൽ അടച്ച് ചാറ്റ് തുടർന്നു. അവൾക്ക് എല്ലാം അറിയണം. ഓരോന്നും ചോദിച്ച് മനസിലാക്കി 'അങ്ങനെയല്ല വേണ്ടത് ഇങ്ങനെയാണ്' എന്ന് പറഞ്ഞ് തിരുത്താൻ ഒരു പ്രത്യേക കഴിവുണ്ട് ആ പെണ്ണിന്. അല്ലെങ്കിൽ ഒരാളുടെയും വാക്കുകൾ വകവെക്കാത്ത എന്നെ കീഴ്പ്പെടുത്താൻ ആകില്ലായിരുന്നല്ലോ.

ഉമ്മ എവിടെ ഇക്കാ?

ഇവിടെ ഉണ്ട്. അയ്ന് ഉറക്കം ഒന്നുമില്ല. ഞാൻ വീടിനങ്ങോട്ട് തിരിയുന്ന വഴിയിൽ എത്തുമ്പോഴെ അറിയും. കതകും തുറന്ന് കാത്തിരിക്കലാണ്.പല പ്രാവിശ്യം ഞാൻ പറഞ്ഞതാണ് ഉറങ്ങികൊള്ളണം. ഞാൻ വരുമ്പോൾ വിളിക്കാമെന്ന്. എത്ര പറഞ്ഞാലും മനസ്സിലാവില്ല.

ങ്ങൾ ഉമ്മായോട് സംസാരിക്കാറില്ലേ?

ഞായറാഴ്ച വീട്ടിൽ ഇരിക്കുമ്പോൾ എന്തെങ്കിലും എക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാറുണ്ട്.

അല്ലാത്ത ദിവസങ്ങളിലോ?

ഞാൻ രാവിലെ പോകും. ഈ സമയത്താണ് വരുക.

എന്നെ ങ്ങൾക്ക്‌ എത്ര നാളായി അറിയാം?

മൂന്ന് ആഴ്ച.

ജൻമ്മം തന്ന ഉമ്മയുടെ മനസ്സറിയാത്ത ഇങ്ങൾ എന്നെ കാത്തിരിക്കുന്നു എന്ന് പറയുന്നത്  എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞാൻ എന്റെ ഉപ്പയെയും ഉമ്മയെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവർക്ക് ശേഷമാണ് ബാക്കി എന്തും എനിക്ക്. അതാണ് പലപ്പോഴും ങ്ങൾക്ക് എന്നെ കാണാൻ കിട്ടാത്തത്തും. വില കൊടുത്ത് വാങ്ങാനാവാത്ത പലതും ഈ ലോകത്ത് ഉണ്ട് ഇക്ക. അതിൽ ഏറ്റവും മൂല്യമുള്ളതാണ് ഉമ്മയുടെ സ്നേഹം.

ങ്ങൾ പറഞ്ഞല്ലോ ങ്ങൾ എത്തീന്ന് അറിയുമ്പോൾ വാതിൽ തുറന്ന് കാത്തിരിക്കുന്ന ഉമ്മയെപ്പറ്റി.ആ പാവം ഈ സമയം വരെ ഉറങ്ങീട്ടുണ്ടാവില്ല. ങ്ങൾ ഭക്ഷണം നിരസിച്ചില്ലേ. ആ കാരണത്താൽ ഉമ്മയും പട്ടിണി കിടന്നിട്ടുണ്ടാകും. വഴിക്കണ്ണ് നട്ടിരിക്കാൻ ഉമ്മയുള്ളതാണ്ഓരോ മക്കളുടെയും ഭാഗ്യം. അതില്ലാതാവണം നമ്മൾ ഈ ഭൂമിയിൽ എത്രത്തോളം ഒറ്റപ്പെട്ടു എന്ന് മനസ്സിലാകണം എങ്കിൽ .

അവളുടെ വാക്കുകൾ മുള്ളുകളായ് എന്റെ നെഞ്ചിൽ തറക്കുന്നുണ്ട്. എന്നിട്ടും ഞാൻ നിശബ്ദനായിരുന്നു. എഴുതാൻ പോലും കൈകൾക്ക് ശക്തി ഇല്ലാതെ .

ഇക്കാ ങ്ങൾ വലുതായ ശേഷം എപ്പോഴെങ്കിലും ഉമ്മയെ ഒന്ന് കെട്ടിപ്പിടിച്ചിട്ടുണ്ടോ?

ആ കവിളിലും നെറ്റിയിലും സ്നേഹത്തോടെ ഉമ്മകൾ നൽകിയിട്ടുണ്ടോ?

ഇല്ല എന്നറിയാം. ങ്ങൾക്ക് അതിന് ആഗ്രഹം ഇലെങ്കിലും ഉമ്മക്ക് ആഗ്രഹം ഉണ്ടാകും ങ്ങളെ ഒന്ന് അടുത്ത് കിട്ടാനും തലോടാനും എല്ലാം. ഉമ്മമാർക്ക് മക്കൾ എത്ര വലുതായാലും വാത്സല്യം കുറയില്ല. മതി ഫോണിൽ കളിച്ചത്.ഉമ്മാന്റെ അടുത്ത് ഒന്ന് പോയി നോക്ക്. ഉറങ്ങിയട്ടുണ്ടാവില്ല.

മറ്റൊരാൾ പറഞ്ഞ് എന്റെ ഉമ്മയുടെ മനസ്സ് ഞാൻ അറിയേണ്ട അവസ്ഥ. ഇതിലും ഭേദം മരണം ആയിരുന്നു. എനിക്ക് ജീവിക്കാൻ പോലും അർഹത ഇല്ല. ഫോണും വലിച്ചെറിഞ്ഞ് ഉമ്മയുടെ മുറിയിലേക്ക് ചെന്നപ്പോൾ അവൾ പറഞ്ഞ പോലെ തന്നെ ഉമ്മ ഉറങ്ങിയിട്ടില്ല. പ്രതീക്ഷിക്കാതെയുള്ള എന്റെ വരവിൽ വിശ്വാസം വരാത്ത പോലെ ഉമ്മ എന്നെ നോക്കുന്നുണ്ട്.

ന്താ കുഞ്ഞോനെ.ന്തേലും വയ്യായ്ക ഉണ്ടോ ന്റെ കുട്ടിക്ക്?

ഒന്നൂല്ല ഉമ്മാ.

നെഞ്ചിന് മേലെ എന്തോ ഭാരം എടുത്ത് വെച്ച അവസ്ഥ. ഉമ്മയുടെ മടിയിൽ കിടന്നപ്പോൾ ആശ്വാസം കിട്ടിയത് പോലെ.ആ കൈകൾ നെഞ്ചോട് ചേർത്ത് വെച്ച് കരയുമ്പോൾ തിരിച്ചറിവ് ഇല്ലാതെ നഷ്ടപ്പെടുത്തിയ സ്നേഹം
നേടി എടുത്ത സന്തോഷം ആയിരുന്നു മനസ്സ് നിറയെ..

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്