ഉള്ളറിയാൻ പാടാണത്രെ പെണ്ണിന്റെ

നിസ്കരിക്കാൻ കൈ കെട്ടിയപ്പോഴാണ് ഇക്കാന്റ്റെ ചീത്ത വിളി.

ആരാടീ അവിടെ നിന്നെ കാണാൻ വന്നത്. ഞാൻ വീണു പോയല്ലോ. ഇനി നിന്റ്റെ ഇഷ്ടത്തിന് നടക്കാമല്ലോ..

നിസ്കാര പായയിൽ ഇരിക്കുന്ന സമയത്തല്ലാതെ എവിടെയും ഒരൽപ്പം ഇരിക്കാനാവില്ല. പിന്നെ നടു നിവർത്തുന്നത് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ്. അപ്പോഴും മൂന്നും നാലും പ്രാവശ്യം ഇക്കാ പലതിനും വിളിച്ചുണർത്തും.

യാ അല്ലാഹ് മനസ്സറിഞ്ഞ് ഒരു തെറ്റും ചെയ്യാതെ പല പഴികളും കേൾക്കേണ്ടി വന്നവളാണ് ഞാൻ. അതും സ്വന്തം ഭർത്താവിൽ നിന്നും. വലിയ വലിയ സ്വപ്നങ്ങൾ ഒന്നുമില്ല റബ്ബേ ഒന്നുകിൽ എന്റ്റെ റൂഹ് വേർപ്പെടുത്തുക. അല്ലെങ്കിൽ ഇക്കായ്ക്ക് അൽപ്പം ദയയോടെ സംസാരിക്കാനുള്ള മനസ്സ് എങ്കിലും നൽകുക. നിസ്കാരപ്പായ കണ്ണീരിൽ കുതിർന്നിട്ടും പടച്ചോന് പോലും ന്നെ വേണ്ടാതായി.

പ്രണയം ആയിരുന്നു ഞങ്ങളുടേത്.രണ്ട് വർഷം നീണ്ട പ്രണയം ഒളിച്ചോട്ടത്തിൽ എത്തിയപ്പോൾ എന്റ്റെ കുടുംബം എന്നെ തിരിച്ച് വിളിക്കുമെന്നും ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കും എന്നും ആയിരുന്നു ഇക്ക ഓർത്തത്.അതെന്നോടുള്ള സ്നേഹം അല്ലായിരുന്നു എന്ന് വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്. ഒറ്റ മോളായതും ഉപ്പയുടെ സമ്പാദ്യവും എല്ലാം ആയിരുന്നു ഇക്കാന്റ്റെ ലക്ഷ്യം. ഒന്നും നടക്കില്ലാന്ന് അറിഞ്ഞപ്പോൾ തൊട്ട് ഒഴിവാക്കാനുള്ള ശ്രമം തുടഞ്ഞി.ഒപ്പം ജീവിക്കുന്നു എന്നതല്ലാതെ നിയമപരമായി വിവാഹം കഴിച്ചതിന് ഒരു തെളിവും ഇന്നും ഇല്ല.

പാവം എന്റ്റെ ഉപ്പയും ഉമ്മയും.എത്ര പേരുടെ മുൻപിൽ തല കുനിച്ച് പരിഹാസ്യരായി നിന്നിട്ടുണ്ടാവാം. അവരുടെ കണ്ണീരാവാം ഇന്നത്തെ എന്റ്റെ അവസ്ഥ.ഒരു പെൺകുഞ്ഞിനെ ഇത്രയും ആക്കി വളർത്തി എടുക്കാൻ ഈ കാലത്ത് അവർ എത്ര പാട് പെട്ടിട്ടുണ്ടാവാം. ഒരാളുടെയും നിഴൽ പോലും ദേഹത്ത് വീഴാതിരിക്കാൻ എത്ര പ്രാർത്ഥിച്ചിട്ടുണ്ടാവാം. അവസാനം അവർക്ക് ഞാൻ നൽകിയ സമ്മാനം..

എത്ര സഹിച്ചു ഞാൻ ഇക്കാന്റ്റെ വീട്ടിൽ. ഇക്കാന്റ്റെ ഉമ്മയും പെങ്ങളും അടുക്കളക്കാരിയെ പോലെ പോലും എന്നെ കണ്ടിട്ടില്ല. ഒന്നിച്ച് ജീവിച്ച് ഏഴ് മാസം കഴിഞ്ഞ് ഒരു അപകടത്തിൽ ഇക്കാന്റ്റെ നട്ടെല്ലിന് ക്ഷതം ഏറ്റ് കിടപ്പിലായപ്പോൾ ഉമ്മ നാത്തൂന്റ്റെ വീട്ടിൽക്ക് പോയി. അന്ന് വരെ ഉണ്ടായിരുന്നതിനേക്കാൾ മാനസിക പീഡനങ്ങളാ ഇപ്പോൾ ഇക്കാ നൽകുന്നത്. സ്വന്തമായി ഒരു വരുമാനം പോലും ഇല്ലാതെ ഇക്കാനെ നോക്കാനുള്ള ഉത്തരവാദിത്വം എന്നിലായപ്പോൾ ഉപ്പ അറിയാതെ ഉമ്മയുടെ മുൻപിൽ കൈ നീട്ടാൻ പലവട്ടം പോയി.പെറ്റുമ്മ ആയി പോയത് കൊണ്ട് ഓരോ പ്രാവശ്യവും ദയ കാണിക്കും. മുൻപോട്ടുള്ള ജീവിതം എങ്ങനെ ആകുമെന്ന് ഓർക്കുമ്പോൾ ഇപ്പോഴേ ഭയം ആകുന്നു.

ന്താ ഇക്കാ.ന്ത് പറ്റി?

എന്നെ ഇവിടെ കിടത്തി നീ ആരുടെ ഒപ്പം പോയിരിക്കുവായിരന്നു.കുടുംബത്തിലെ സ്വഭാവം ഇവിടെ എടുക്കരുത്.

ന്റ്റെ കുടുംബം മോശമായത് കൊണ്ടാണോ ങ്ങൾ ന്നെ സ്നേഹിച്ചത്.അല്ല സ്നേഹിക്കും പോലെ അഭിനയിച്ചത്. അതെന്തേ ങ്ങൾക്ക് മോശം പെണ്ണിനെ മതിയാരുന്നോ.അതോ ങ്ങടെ സ്വഭാവത്തിന് ഞാൻ മതിയാരുന്നു എന്ന് തോന്നിയോ?

നീ കൂടുതൽ ഒന്നും പറയണ്ട. ഞാൻ കയ്യും കാലും കെട്ടി കൊണ്ടുവന്നത് അല്ലല്ലോ. നീ തനിയെ വന്നതല്ലേ. നിന്റ്റെ മനസ്സിന്റ്റെ ദുഷിപ്പ് കൊണ്ടാ ഞാൻ കിടന്ന് പോയത്.

ങ്ങൾക്ക് എന്തും പറയാം ഇക്കാ.എനിക്ക് ഇറങ്ങി പോകാൻ മറ്റൊരിടം ഇല്ലാത്ത കൊണ്ട് ഞാനത് സഹിക്കും.

അപ്പോൾ പോകാൻ ഇടം ഉണ്ടെങ്കിൽ നീ പോകും അല്ലെ?

ഞാൻ പോയാൽ നിങ്ങളെ ആര് നോക്കും. ങ്ങളെ പെറ്റ ഉമ്മ പോലും ങ്ങളെ ഒഴിവാക്കി പോയില്ലേ.അവർക്ക് പോലും ങ്ങളെ സ്വഭാവം പിടിക്കില്ല. ന്നിട്ടും ഞാൻ...

നീയും പോടീ.നിനക്കും കിട്ടും ആരേലും കാമുകന്മാരായിട്ട്. കെട്ടാൻ ഒരുത്തനും വരില്ല. എനിക്ക് പറ്റിയ അബദ്ധം ഇനി ഒരാൾക്കും പറ്റില്ലല്ലോ. നിന്റ്റെ ഇക്കെ ഉള്ളറിയാൻ പടച്ചവന് പോലും ആവില്ല.അതാ പെണ്ണ്.വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ പ്രേരിപ്പിച്ചത് മുതൽ തുടങ്ങിയതാണ് നീയെക്കെ ചതി.

നിർത്ത്. മതി പറഞ്ഞത്. ഇല്ലാത്ത കാര്യങ്ങൾ എന്നിൽ അടിച്ചേൽപ്പിച്ച് സ്വയം തൃപ്തിയടയുന്ന സുഖം ങ്ങൾ നിർത്തിക്കോ. എന്റ്റെ വീട്ടിലെ പട്ടിണിയോ സ്നേഹക്കുറവോ അല്ല ഞാൻ ങ്ങക്കൊപ്പം ജീവിക്കാനുള്ള കാരണം. വിശ്വസിച്ച് പോയി ങ്ങളെ സ്നേഹത്തിൽ. ങ്ങൾ അറിയാൻ ഒരു കാര്യം പറയാം.  എല്ലാ പെണ്ണും ഇടുന്ന വസ്ത്രത്തിന് അനുസരിച്ച് നിറം മാറുന്നവർ അല്ല. ങ്ങളെ ഉമ്മയെയും പെങ്ങളെയും പോലെ ഹ്യദയം കല്ലാക്കിയവരും അല്ല .ലോകത്തുള്ള സകല പെണ്ണുങ്ങളെയും കുറ്റം പറയുന്ന ഒരുത്തനും സ്വന്തം ഉമ്മയും പെങ്ങളും എത്ര മോശം ആണെങ്കിലും കുറ്റം പറയാറുണ്ടോ? ഇല്ല.പറയില്ല അത് നിങ്ങളുടെ രക്തമാണ്. ഭർത്താവിനെ ഉപക്ഷിച്ച് ഭാര്യ മറ്റൊരാൾക്ക് ഒപ്പം പോകുന്ന കഥ നിങ്ങൾ പറഞ്ഞ് നോവിക്കാറില്ലേ എന്നെ. ആ പെണ്ണുങ്ങളെയും കൊണ്ട് പോകുന്നത് ആണൊരുത്തൻ അല്ലേ. അപ്പോഴും അവന് കുറ്റമില്ല.അവൻക് പിന്നെയും സമൂഹത്തിൽ ഒന്നോ പത്തോ കെട്ടാം.ഒരു ചീത്ത പേരും ഇല്ല. അന്നും പെണ്ണ് ചതിച്ചവൾ. അഹങ്കാരം കൊണ്ട് പോകുന്നവർ ഉണ്ടാകാം. എന്നെ പോൽ ഉള്ളവർ പോയാൽ അത് ഗതികേട് കൊണ്ടാണ്. സഹിച്ച് മടുത്തിട്ടാവും.

ജീവൻ ഉള്ളിടത്തോളംഇനി മറ്റൊരു ജീവിതം ഞാൻ ആഗ്രഹിക്കില്ല. അത്രക്ക് പഠിച്ചു ഞാൻ. അത്രക്ക് അനുഭവിച്ചു.ന്റ്റെ ഉപ്പാന്റ്റെയും ഉമ്മാന്റ്റെയും നെഞ്ചിലെ തീ ഇന്നെനിക്ക് മനസ്സിലാവും. ഇന്നും അവർ എന്നെ ഓർത്ത് കരയുന്നുണ്ടാവും.

ഉളറിയാൻ ആവില്ലത്രേ പെണ്ണിന്റ്റെ.ങ്ങൾ തന്നെ ഇത് പറയണം. ആണിന്റ്റെ ഉളളറിയാൻ എനിക്ക് പറ്റിയില്ല. രണ്ട് വർഷം നിങ്ങൾ അരങ്ങ് തകർത്ത് അഭിനയിച്ചപ്പോഴും. അപ്പോൾ പെണ്ണിനെക്കാൾ നല്ല കലാകാരന്മാർ ആണിലും ഉണ്ട്. അതിന്റ്റെ തെളിവാണ് ങ്ങൾ. എത് നിമിഷവും തള്ളിക്കളയാൻ ആണ് ങ്ങൾ നാല് പേരറിഞ്ഞ് എന്നെ നിക്കാഹ് ചെയ്യാഞ്ഞത് എന്ന് എനിക്കറിയാം. എന്നിട്ടും ഞാൻ നിന്നത് വീണ് പോയപ്പോൾ എങ്കിലും മനസ്സറിഞ്ഞ് സ്നേഹിക്കും എന്നോർത്താണ്. ഇനി വയ്യ. പെണ്ണിന്റ്റെ ഉള്ളറിയാൻ ആവില്ലാന്ന് വിലപിക്കുമ്പോൾ എങ്കിലും പെണ്ണിനെ അറിയാൻ ഒന്ന് ശ്രമിക്കണം. ഞാൻ പോകുന്നു ന്റ്റെ വീട്ടിൽക്ക്. അവർക്ക് മാപ്പ് തരാൻ ആയില്ലെങ്കിൽ ഏതെങ്കിലും പീടിക തിണ്ണയിൽ കിടന്ന് മരിച്ചാലും ഇങ്ങട് വരില്ല.

വീട്ടിൽ എത്തുമ്പോളും ഒരൽപ്പം പ്രതീക്ഷപോലും ഇല്ലായിരുന്നു ഉപ്പാന്റ്റെ നെഞ്ചിൽ ഏൽപ്പിച്ച മുറിവ് ഉപ്പ മറക്കുമെന്ന്.
അവർ നൽകുന്ന എന്ത് ശിക്ഷ സ്വീകരിച്ചാലും അവരുടെ കണ്ണീരിനും അവർക്കേറ്റ അപമാനത്തിനും പകരമാകില്ലാന്നും അറിയാമായിരുന്നു. അടുക്കളയിൽ എങ്കിലും കിടക്കാൻ എനിക്കൽപ്പം ഇടം തന്നിരുന്നെങ്കിൽ. ന്നെ കണ്ടപാടെ ഉപ്പാന്റ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. എത്ര നാള് കൂടിയാ ഞാൻ എന്റ്റെ ഉപ്പാനെ കാണുന്നത്.
ആ കൈക്കുള്ളിൽ സുരക്ഷിതമായിട്ട് എന്നെ ചേർത്ത് നിർത്തി ഉപ്പ ഉമ്മയോട് ഉറക്കെ പറയുന്നുണ്ടായിരുന്നു..

ന്റ്റെ കുട്ടി വന്ന്ക്ക്ണ്. ആകെ വാടി തളർന്ന്. ജ് ന്റ്റെ മോൾക്ക് കഴിക്കാൻ എന്തെങ്കിലും എടുക്ക്...

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്