ഓളും_ഞാനും_പിന്നെ_മറ്റോളും

.         #ഓളും_ഞാനും_പിന്നെ_മറ്റോളും

മാളിലേക്ക് കയറിയ ഉടനേ അറിയാതെ ശ്രദ്ധ പോയത്‌ സൂപ്പർമാർക്കറ്റിന്റെ കൗണ്ടറിലേക്കാണ്....

യൂണിഫോമും ഇട്ടു മക്കനയൊക്കെ കുത്തി ആളെ മയക്കുന്ന വല്ലാത്തജാതി പുഞ്ചിരിയോടെ ഒരു മൊഞ്ചത്തി കൗണ്ടറിൽ ഇരുന്നു ബില്ലടിക്കുന്നു...

ആ തിരക്കിനിടയിൽ ഓള് ഞമ്മളെ കണ്ടിട്ടില്ലെങ്കിലും ഞമ്മള് ഓളെ നല്ലോണം കണ്ടു...
ഒറ്റ നോട്ടത്തിൽ തന്നെ പെരുത്ത് ഇഷ്ടാവുകയും ചെയ്തു....

ഫുഡ്കോർട്ടിൽ ഷുക്കൂർ കാത്തിരിക്കുന്നുണ്ടാവും എന്ന് കരുതി ജസ്റ്റ് അര മണിക്കൂർ മാത്രം ഓളെത്തന്നെ നോക്കിനിന്നു ബാക്കി പിന്നെ നോക്കാം എന്ന് കരുതി നേരെ ലിഫ്റ്റിൽ കയറി....

സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് ചെന്ന് നോക്കിയെങ്കിലും ഷുക്കൂർ അപ്പോഴും എത്തിയിട്ടില്ല....

കുറേ നേരം വെയ്റ്റ് ചെയ്തു നോക്കിയിട്ടും ആളെ കാണാതായപ്പോൾ വിളിച്ചു നോക്കി...
പക്ഷേ ഫോൺ സ്വിച്ചോഫ് ആയിരുന്നു...

ഓൻ വന്നില്ലേൽ വേണ്ട..  തൽക്കാലം താഴെപ്പോയി മൊഞ്ചത്തിയെ നോക്കി ഇരിക്കാം എന്ന് കരുതി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആണ്

"സാർ..  ടീ"

എന്നും പറഞ്ഞു ഒരു ട്രേയിൽ ചായയുമായി വെയ്റ്റർ വന്നു മുന്നിൽ നിൽക്കുന്നത്..

"അയിന് ഞാൻ ഓർഡർ ചെയ്തില്ലല്ലോ "

എന്ന് പറഞ്ഞപ്പോൾ
ഓൻ കാക്കച്ചി തേങ്ങാപ്പൂള് കൊത്തിക്കൊണ്ടുപോവുന്ന ജാതി ഒരു ചിരി ചിരിച്ചു തൊട്ടപ്പുറത്തെ ടേബിളിലേക്ക് കൈ ചൂണ്ടി...

"ആ മാഡം തരാൻ പറഞ്ഞിട്ടാണ് "

എന്ന് പറഞ്ഞു ചായയും മേശപ്പുറത്തു വച്ചു അടുത്ത ഓർഡർ എടുക്കാൻ പോയി..

ദിതിപ്പൊ ഏതാ ഞമ്മളറിയാത്ത ഒരു മാഡം എന്നോർത്ത് അന്ധാളിച്ചു അപ്പുറത്തെ ടേബിളിലേക്ക് നോക്കിയപ്പോൾ ഉണ്ട് വേറൊരു മൊഞ്ചത്തി...

അതും ഫുൾ ഫ്രീക്ക് ലുക്കിൽ...
കിടുക്കാച്ചി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും...
ചുരുക്കിപ്പറഞ്ഞാൽ ഒരൊന്നൊന്നര പീസ്‌...

ഞാൻ ഓളെയും നോക്കി അന്തംവിട്ടു കുന്തം മുണുങ്ങിയപോലെ വായും പൊളിച്ചു ഇരിക്കുന്നതിനിടക്ക് ഓള് ഞമ്മളെ നോക്കി ഒരു നൈസ് ചിരിയും പാസാക്കി നേരെ ഞാനിരിക്കുന്ന ടേബിളിലേക്ക് നടന്നു വന്നു....

ആ വരവ് കണ്ടതോടെ തൊണ്ടയിലെ വെള്ളമൊക്കെ വറ്റി ആകെ വിയർത്തുകുളിച്ചു വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ....

ന്നാലും.. അവളെ എവിടെയോ കണ്ടു നല്ല പരിചയമുള്ളതുപോലൊരു ഫീലിംഗ്...

**ഫ്‌ളാഷ്ബാക്ക് 👇👇👇

ഷുക്കൂർ കൈകൊണ്ട് നൈസായി ഒന്ന് തട്ടിയിട്ട് ചെവിയിൽ..

"നന്നായി നോക്കിക്കോ.. മച്ചാനേ... "

എന്ന് പറയുന്നുണ്ടായിരുന്നു...

ചായ ട്രേയും പിടിച്ചു മന്ദം മന്ദം കുണുങ്ങിവരുന്ന അവളുടെ വിരലുകളിലേക്കാണ് ആദ്യം നോട്ടം പോയത്‌...

പുവർ ഗേൾ..  പേടികൊണ്ടാവണം ആ കൈവിരലുകൾ ചെറുതായൊന്ന് വിറക്കുന്നില്ലേ എന്നൊരു സംശയം...

അത് കാര്യമാക്കാതെ ഞമ്മള് ഞമ്മളെ സ്കാനറിന്റെ പ്രവർത്തനം തുടർന്നു...

നല്ല തിളക്കമുള്ള കല്ല് പതിപ്പിച്ച വെള്ളിയുടെ മോതിരം ധരിച്ച ആ വെളുത്തു നീണ്ട കൈവിരലുകൾ ഒറ്റ നോട്ടത്തിൽ തന്നെ ഞമ്മക്ക് പെരുത്ത് ഇഷ്ടായി...

നാണിച്ചു പേടിച്ച് വിറച്ചു തല കുനിച്ചു നിന്നത് കാരണം മുഖം ശരിക്ക് കാണാൻ പറ്റിയില്ല...

ന്നാലും ട്രേയിൽ നിന്നും ചായ എടുക്കുന്ന സമയത്ത് ഓളുടെ വളഞ്ഞ പുരികവും ചെറ്യേ നുണക്കുഴിയും ബുൾസൈ പോലിരിക്കുന്ന ഉണ്ടക്കണ്ണുകളും ഇളം ചുവപ്പ് നിറത്തിലുള്ള നേർത്ത ചുണ്ടുകളും ഒക്കെ ഒരു മിന്നായം പോലെ കാണാൻ പറ്റി...

ശരിക്കൊന്നു നോക്കി കൊതി തീരുന്നതിനു മുന്നേ തന്നെ അവള് ചായയും തന്നു സ്ഥലം വിട്ടു...

ഓള് പോയ ഉടനേ ഞാൻ നേരെ നോക്കിയത് ഷുക്കൂറിന്റെ മുഖത്തേക്കാണ്...

"കൊച്ചു കള്ളാ...  കോളടിച്ചല്ലോ "

എന്ന ഭാവത്തിൽ ഓൻ എന്നെ നോക്കി വല്ലാത്തൊരു ആക്കിയ ചിരി...

അത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു നാണം... ഞാനും മെല്ലെ ഇളിഞ്ഞൊരു ചിരി തിരിച്ചും പാസാക്കി...

അങ്ങനെ ചിരിച്ചുകൊണ്ട് ചായഗ്ലാസ്‌  ചുണ്ടോടടുപ്പിച്ച ഷുക്കൂറിന്റെ മുഖത്തെ ചിരിയെല്ലാം സ്വിച്ചിട്ടപോലെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായി...
ഓൻ വല്ലാത്തൊരു ദയനീയതയോടെ ന്റെ മുഖത്ത് നോക്കി എന്തൊക്കെയോ ഗോഷ്ടി കാണിച്ചു ചായഗ്ളാസ്‌ താഴെ വച്ചു...

ഞമ്മള് ഒരു കിടുക്കാച്ചി മൊഞ്ചത്തിയെയും കെട്ടി ബുള്ളറ്റിൽ കേറി ഓന്റെ മുന്നിൽകൂടി പോണ കാര്യം ഓർത്തപ്പോൾ പണ്ടാരക്കാലന് അസൂയ തുടങ്ങിയതിന്റെ ലക്ഷണമാണ് അതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ഞമ്മക്ക് പിടികിട്ടി...

"ഷുക്കൂറെ.. ഇജ്ജ് ഇങ്ങനെ അസൂയപ്പെട്ടിട്ടൊന്നും കാര്യമില്ല..  അനക്ക് ഇതിനൊന്നുമുള്ള യോഗമില്ലാന്നു കൂട്ടിയാ മതിയെടാ ബ്ലഡി കൺട്രി യൂസ്‌ലെസ് ഫെലോ "

എന്നും മനസ്സിലോർത്ത് ചായഗ്ളാസ്‌ ചുണ്ടോടടുപ്പിച്ചതെ ഓർമ്മയുള്ളൂ...
തലച്ചോറിലൂടെ എന്തോ ഒരു വൈദ്യുതകാന്തികവികിരണങ്ങൾ ബെല്ലും ബ്രേക്കുമില്ലാതെ എങ്ങോട്ടോ പാഞ്ഞുപോയി..

അടിവയറ്റിൽ നിന്നും ഉരുണ്ടുകയറി അണ്ണാക്കിലേക്കെത്തിയ ഛർദിൽ പിടിവിട്ടു പുറത്തേക്ക് ചാടാതെ കഷ്ടപ്പെട്ട് മുണുങ്ങിയില്ലായിരുന്നെങ്കിൽ പെട്ടുപോയേനെ...

പെട്ടെന്ന് തന്നെ ചായഗ്ലാസ് മേശപ്പുറത്തേക്ക് വച്ചു ഷുക്കൂറിനെ വീണ്ടും നോക്കിയപ്പോൾ..

"അനക്ക് ഞാൻ ആംഗ്യഭാഷയിലൂടെ മുന്നറിയിപ്പ് തന്നിട്ടും ആക്രാന്തം കാട്ടി അതെടുത്ത് കുടിക്കാൻ നിന്നിട്ടല്ലേടാ നാറീ "

എന്നൊരു മുഖഭാവത്തോടെ ഓൻ എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു...

"ഞാനൊന്നു നോക്കി..
ഓൻ എന്നെയും നോക്കി "

എന്ന ഭാവത്തിൽ ഞങ്ങള് അങ്ങോട്ടും ഇങ്ങോട്ടും നോക്കി കണ്ണുകൊണ്ട് കഥ പറയുന്നതിനിടക്കാണ് പെണ്ണിന്റെ തന്ത കേറി ഇടപെട്ടത്...

"ഇങ്ങളെന്താ മക്കളേ ചായ കുടിക്കാത്തത് "

എന്ന് നിഷ്കളങ്കതയോടെ ചോദിച്ച മൂപ്പരോട്.

"ഏയ്‌..  ഒന്നുല്ല്യ..  ആദ്യായിട്ടാ ഈ പെണ്ണുകാണൽ ഒക്കെ..  അയിന്റെ ഒരു ടെൻഷൻ കൊണ്ട് കുടിക്കാൻ പറ്റുന്നില്ല "

എന്ന് മറുപടി പറഞ്ഞത് ഷുക്കൂറാണ്..

"അതിനെന്താ..  അങ്ങനെ പേടിക്കണ്ട ആവശ്യമൊന്നും ഇല്ലാന്ന്..  ഇത് ഇങ്ങളെ സ്വന്തം പൊര പോലെ കരുതിയാ മതി "

അത് പറയുന്നതിനിടക്ക് മൂപ്പര് ഞങ്ങളെ നോക്കി ഹൃദ്യമായി ചിരിക്കുന്നുണ്ടായിരുന്നു...

ആ പറച്ചിലും ചിരിയും ആദിത്യമര്യാദയും ഒക്കെ കണ്ടപ്പോൾ ഉപ്പിട്ട ചായ ഒന്നുടെ ട്രൈ ചെയ്തു നോക്കിയാലോ എന്നുണ്ടായിരുന്നു..
പക്ഷേ വീണ്ടാമതും ഓക്കാനം വന്നപ്പോൾ തൽക്കാലത്തേക്ക് വേണ്ടെന്ന് വച്ചു...

ഇതിനിടക്ക്‌

"ഞങ്ങടെയൊന്നും വീട്ടിലുള്ളവർ ഉപ്പിട്ട ചായയല്ല കുടിക്കാറ് മിഷ്ടർ കുരുട്ടുകിളവാ "

എന്ന ഭാവത്തിൽ ഷുക്കൂർ മൂപ്പരെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു..

"ന്നാ പിന്നെ പെണ്ണിനോട് എന്തേലും ചോദിക്കാൻ ഉണ്ടെങ്കിൽ...  "

എന്ന് പറഞ്ഞു മൂപ്പര് ഞങ്ങടെ നേർക്ക്‌ നോക്കി...

"ഏയ്‌..  അതിന്റെ ആവശ്യമൊക്കെ ഉണ്ടോ "

എന്ന് മടിച്ചു മടിച്ചു ചോദിച്ചു വരുമ്പോഴേക്കും
മൂപ്പര് ഷുക്കൂറിനെയും കൂട്ടി പുറത്തെത്തിയിരുന്നു...

ഓള് നേരെ ഓപ്പോസിറ്റുള്ള സോഫയിൽ വന്ന് ഇരുന്നപ്പോൾ തന്നെ കയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നു...

ന്നാലും ജസ്റ്റ് പേര് ചോദിക്കാം എന്ന് കരുതി വാ തുറക്കുമ്പോഴേക്കും

"അന്നോടാരാ എന്നെ പെണ്ണ് കാണാൻ വരാൻ പറഞ്ഞത് "

എന്നൊരൊറ്റ ചോദ്യമായിരുന്നു ഇങ്ങോട്ട്..

അത് കേട്ടതോടെ നാവിറങ്ങിപ്പോയി...

ആ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്നാണെങ്കിൽ യാതൊരു പിടിയും ഇല്ല...

ഉമ്മ എന്ന് പറഞ്ഞാലോ എന്നുണ്ടായിരുന്നു..  പക്ഷേ ഉപ്പ പറഞ്ഞിട്ടാണല്ലോ ഉമ്മ എന്നോട് പറഞ്ഞത് ഉപ്പാനോട് പറഞ്ഞത് ബ്രോക്കർ ബീരാൻക ആയതുകൊണ്ട് ഉപ്പ എന്നും പറയാൻ പറ്റൂല...

ചോദ്യം ഇനിയും ആവർത്തിച്ചാൽ കുറ്റം തല്ക്കാലം ബ്രോക്കർ ബീരാൻകാന്റെ തലയിൽ  ഇടാം എന്ന് കരുതി ഇരിക്കുമ്പോഴേക്കും..

"അനക്ക് ന്നെ ഇഷ്ടപ്പെട്ടോ "

എന്ന അടുത്ത ചോദ്യം വന്നു...

ഇല്ലെന്ന് പറഞ്ഞാൽ ആ സാധനം പിടിച്ചു കടിച്ചാലോ എന്ന് കരുതി മടിച്ചു മടിച്ചു

"ഇഷ്ടപ്പെട്ടു " എന്ന് പറഞ്ഞൊപ്പിച്ച ഉടനേ ഓളെ വക ഒരുമാതിരി ഒരു കത്തുന്ന നോട്ടം...

"അനക്ക് ന്നെ ഇഷ്ടപ്പെട്ടോ "

ഇത്തവണ ചോദ്യം കുറച്ചൂടെ സ്ട്രോങ്ങ്‌ ആയിരുന്നു....

ഇത്തവണ മടിച്ചു മടിച്ചു

"ഇഷ്ടപ്പെട്ടില്ല " എന്നങ്ങോട്ട് ചാമ്പി...

"അതാണ്‌....  ആര് ചോദിച്ചാലും ഇങ്ങനെയേ പറയാവൂ...
ന്നാ മോൻ വിട്ടോ "

ഓള് മുഖത്തൊരു അഹങ്കാരച്ചിരി വച്ചുപിടിപ്പിച്ചുകൊണ്ട് അത് പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഞാൻ പുറത്തിറങ്ങി വണ്ടി സ്റ്റാർട്ടാക്കിയിരുന്നു....

ഷുക്കൂർ വന്നു കയറിയ ഉടനേ ബൈക്കെടുത്തു പോകുന്നതിനിടയിൽ പെണ്ണിന്റെ തന്ത പുറത്തേക്കിറങ്ങിവന്നു എന്തോ ചോദിക്കുന്നുണ്ടായിരുന്നു...

"എന്തായി മച്ചാനേ "

എന്ന ഷുക്കൂറിന്റെ ചോദ്യത്തിന്..

"തൽക്കാലം ജീവൻ തിരിച്ചുകിട്ടിയത് തന്നെ വല്ല്യ കാര്യം മച്ചാനേ "

എന്ന് മറുപടി കൊടുത്തപ്പോൾ തന്നെ ഓന് കാര്യം പിടികിട്ടി...

***************👆👆👆👆

അന്നത്തെ ആ മൊതലാണ് ഇപ്പൊ ഞമ്മളെ തൊട്ടു മുന്നിൽ ഇരിക്കുന്ന ഈ മൊതല്....

"അന്ന് എനിക്ക് കല്യാണം കഴിക്കാൻ ഒട്ടും ഇഷ്ടല്ല്യായിരുന്നു...  അതാണ്‌ അന്ന് അങ്ങനൊക്കെ... "

എന്ന് പറഞ്ഞു ഓള് നിർത്തിയപ്പോൾ ഞാൻ ഓളെത്തന്നെ കൂർപ്പിച്ചു നോക്കുകയായിരുന്നു....

ന്റെ നോട്ടം കണ്ടിട്ട് ഓൾക്ക് നാണം വന്നെന്നു തോന്നുന്നു...

മെല്ലെ തലയൊക്കെ താഴ്ത്തി...

"ഇങ്ങക്ക് വേണേൽ ഒന്നുടി പെണ്ണ് കാണാൻ വന്നൊളി ട്ടോ "

എന്ന് പറഞ്ഞു ഓള് മെല്ലെ തലയുയർത്തി എന്നെ നോക്കി...

അത് കേട്ട ഉടനേ കീശയിൽ നിന്നും റെയ്ബാൻ എടുത്തു വച്ച ശേഷം..

"ന്നട്ട് ചായയിൽ വല്ല എലിവിഷവും കലക്കി കൊല്ലാനായിരിക്കും അല്ലേ...  ഇക്കളിക്ക് ഞാനില്ല മോളേ..  ഞമ്മളെ.. വിട്ടേക്ക് "

എന്നും പറഞ്ഞു മെല്ലെ എണീറ്റ ഉടനേ ഓളും എണീറ്റു....

"അത് പിന്നെ... " " ഒന്ന് നിക്കി "

എന്നൊക്കെ പറഞ്ഞു ഓള് പുറകേ തന്നെ കൂടിയപ്പോൾ റെയ്ബാൻ ഊരി കീശയിൽ ഇട്ടു ഓടി ലിഫ്റ്റിൽ കയറി ലിഫ്റ്റിൽ നിന്നും പുറത്തു ചാടി എങ്ങോട്ട് പോണം എന്നറിയാതെ എത്തിപ്പെട്ടത് താഴെയുള്ള സൂപ്പർമാർക്കറ്റിനു മുന്നിൽ...

പിന്നൊന്നും നോക്കിയില്ല..  നേരെ അതിനകത്തേക്ക് ഓടിക്കയറി..

ജസ്റ്റ് ഒന്ന് ചുറ്റുവട്ടം നിരീക്ഷിച്ചു മറ്റവൾ പുറകേ ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് സമാധാനമായത്.....

അങ്ങനെ സൂപ്പർമാർക്കറ്റിനുള്ളിൽ പട്ടി ചന്തക്ക് പോയതുപോലെ കറങ്ങിത്തിരിയുന്നതിനിടക്കാന് ഉമ്മ എന്നും പറയാറുള്ള ചപ്പാത്തിക്കുഴലിന്റെ കാര്യം ഓർമ്മ വന്നത്....

ഏതായാലും സൂപ്പർമാർക്കറ്റിൽ കയറിയിട്ട് ഒന്നും വാങ്ങാതെ ഇറങ്ങുന്നത് മോശമല്ലേ എന്ന് കരുതി കിച്ചൺ സെക്ഷനിൽ പോയി നല്ല പിസ്തപ്പച്ച നിറമുള്ള കിടുക്കാച്ചി ഒരു പത്തിരിക്കുഴൽ സംഘടിപ്പിച്ചു....

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നാണല്ലോ...  അതോണ്ട് പത്തിരിക്കുഴലും കയ്യിൽ വച്ചു ഞമ്മള്  നേരെ ഞമ്മളെ മൊഞ്ചത്തി ഇരിക്കുന്ന കൗണ്ടറിലേക്ക് വച്ചു പിടിച്ചു...

അവിടെ എത്തിയപ്പോൾ കൗണ്ടറിൽ മറ്റാരും ഇല്ല.
ഞാനും ഞമ്മളെ മൊഞ്ചത്തിയും മാത്രം..

എന്തേലും ചോദിച്ചാൽ മറുപടി പറഞ്ഞില്ലേൽ മോശമല്ലേ എന്ന് കരുതി നേരെ പത്തിരിക്കുഴൽ എടുത്തു ബില്ലടിക്കാൻ കൊടുത്തു തലയും ചൊറിഞ്ഞു നിൽക്കുന്നതിനിടയിൽ

"വൈദ്യൻ ഇച്ഛിച്ചതും പാല് രോഗി പുച്ചിച്ചതും പാല് "

എന്ന് പറഞ്ഞതുപോലെ ഓള് ഇങ്ങോട്ടൊരു ചോദ്യം...

"അല്ല ഇതെന്തിനാ പത്തിരിക്കുഴൽ " എന്ന്..

അത് കേട്ട ഉടനേ ഞാൻ കീശയിൽ നിന്നും റെയ്ബാൻ എടുത്തു മുഖത്ത് വച്ചിട്ട്

"പുട്ട് ചുടാനാണ്..  സാധാരണ ഞങ്ങടെ വീട്ടിൽ ഇതുകൊണ്ടാണ് പുട്ടുണ്ടാക്കാറ് "

എന്നൊരു താങ് അങ്ങട് വച്ചുകൊടുത്തു...

അത് കേട്ടതോടെ ആള് നല്ലോണം ചമ്മി...
എന്നിട്ടൊരു സൈക്കിളിൽ നിന്നും വീണ ചിരിയും ചിരിച്ചുകൊണ്ട്

"അതല്ല..  സാധാരണ ഇങ്ങളെപ്പോലെള്ള.. ഫ്രീക്കന്മാര് ഇതൊന്നും വാങ്ങാറില്ല...  അതോണ്ട് ചോയിച്ചതാണ് "

എന്ന് പറഞ്ഞപ്പോൾ...

"ഒന്നും പറയണ്ട..  വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ പറഞ്ഞു ഉമ്മാന്റെ വക ഭയങ്കര ശല്യം...  എനിക്കാണേൽ ഈ കല്യാണം ന്ന്‌ കേൾക്കുന്നതേ ഇഷ്ടല്ല...
അവസാനം അടുക്കളപ്പണി ഒക്കെ തന്നെത്താൻ എടുത്തോളാൻ പറഞ്ഞു ഉമ്മ സമരം തുടങ്ങി.... "

എന്ന് പറഞ്ഞു ഓളെ ഒന്ന് ഏറുകണ്ണിട്ടു നോക്കിയപ്പോൾ മൂപ്പത്തി എല്ലാം വിശ്വസിച്ച മട്ടിൽ ആണ്...

"ന്നാലും ഈ പെണ്ണുങ്ങളെ ഒക്കെ സമ്മതിക്കണം... എന്തൊരു കഷ്ടപ്പാടാ...  ഹോ..  പണിയെടുത്തു മനുഷ്യൻ ചാവാറായി "

എന്നുകൂടി അങ്ങോട്ട്‌ ചാമ്പിയപ്പോൾ...

"ഇങ്ങനെ കഷ്ടപ്പെടുന്ന നേരംകൊണ്ട് ഇങ്ങക്കൊരു പെണ്ണ് കെട്ടിക്കൂടെ മനുഷ്യാ "

എന്നും പറഞ്ഞു ഓള് ന്റെ നേർക്ക്‌ നോക്കി...
ആ ചോദ്യം തന്നെയായിരുന്നു ഞമ്മക്കും വേണ്ടത്...

മുഖത്ത് ലേശംകൂടി ദയനീയത വാരി വിതറി

"ഓ... അതിന് ഞമ്മളെയൊന്നും പെൺകുട്ടികൾക്ക് ഇഷ്ടപ്പെടൂലാന്ന്...  ഇപ്പളത്തെ പെൺകുട്ടികൾക്കൊക്കെ സിക്‌സ്പാക്ക് ഉള്ളോരെ മതി പോലും...

എന്ന് പറഞ്ഞ ഉടനേ...

"അയിന് ഇങ്ങക്കെന്താ ഒരു കുഴപ്പം "

എന്ന് ചോദിച്ച ഓളോട്..

"ഉള്ളത് പറ.. അനക്ക് ന്നെ കണ്ടിട്ട് കല്യാണം കഴിച്ചാൽ കൊള്ളാം എന്ന് തോന്നിയില്ലല്ലോ "

എന്ന് ചോദിച്ചപ്പോൾ ഓള് അറിയാതെ

"ഇങ്ങളെ കണ്ടാൽ തോന്നിയില്ലെങ്കിൽ പിന്നെ ആരെ കണ്ടാലാണ് തോന്നുക "

എന്ന് പറഞ്ഞു കഴിഞ്ഞാണ് ഓൾക്ക് അക്കിടി മനസ്സിലായത്....

"ന്നാ പിന്നെ എനിക്ക് നീ മതി "

എന്ന് പറഞ്ഞ ഉടനേ നാണംകൊണ്ട് പെണ്ണിന്റെ കവിളൊക്കെ ചുവന്നു തുടുത്തു..

അവിടുന്ന് ഇറങ്ങാൻ നേരത്ത്...

"ആ നമ്പർ ഒന്ന് തര്വോ. ? "

എന്ന് ചോദിച്ചപ്പോൾ

"എന്തിനാ " എന്ന് ഇങ്ങോട്ട് തിരിച്ചു ചോദിച്ചു...

"വെറുതേ...  കൂടുതൽ പരിചയപ്പെട്ടാൽ കൊള്ളാം ന്നുണ്ട്..  അതിനാ "

എന്ന് പറഞ്ഞ ഉടനേ മൂപ്പത്തി ഒരു തുണ്ടുകടലാസിൽ നമ്പർ എഴുതി തന്നു...

എന്നിട്ട്..

"ഇത് എന്റെ ഉപ്പാന്റെ നമ്പർ ആണ്...  ഇങ്ങള് ആദ്യം വീട്ടുകാരെ തമ്മിൽ ഒന്ന് പരിചയപ്പെടുത്ത് എന്നിട്ട് പോരെ "

എന്ന് ചോദിച്ചപ്പോൾ...

"ധാരാളം " എന്നും പറഞ്ഞു നമ്പർ വാങ്ങി തിരിച്ചു നടക്കുമ്പോൾ
മ്മളെ മനസ്സ് മുഴുവൻ പുതിയൊരു കിനാവിന്റെ നറുമണം നിറഞ്ഞു തുളുമ്പുകയായിരുന്നു....

പുറത്തേക്കിറങ്ങുമ്പോൾ ഇതെല്ലാം കണ്ടുകൊണ്ട് ഒരു തൂണിന്റെ സൈഡിൽ നിന്നും തിളങ്ങുന്ന വെള്ളിമോതിരം ധരിച്ച കൈവിരലുകൾ കണ്ടു അങ്ങോട്ട്‌ നോക്കിയപ്പോൾ 
ദഹിപ്പിക്കുന്ന ഭാവത്തോടെ എന്നെത്തന്നെ കൂർപ്പിച്ചു നോക്കുന്ന രണ്ടു ഉണ്ടക്കണ്ണുകൾ...

അത് കണ്ടപ്പോൾ ചെറിയൊരു ചാപല്യം...
അന്നേരം ജസ്റ്റ് തിരിഞ്ഞു സൂപ്പർമാർക്കറ്റിലേക്ക് തന്നെ നോക്കിയപ്പോൾ മ്മളെ മൊഞ്ചത്തി എന്നെത്തന്നെ നോക്കി നൈസായൊരു മന്ദഹാസം പൊഴിക്കുന്നുണ്ടായിരുന്നു...

നല്ല പാൽനിലാവുദിച്ചതുപോലെ 😍😍

ഓളെ വെളുത്തു കൊലുന്നനെയുള്ള കൈവിരലുകൾക്കിടയിൽ നല്ല മൊഞ്ചിൽ തിളങ്ങുന്നൊരു സ്വർണ്ണമോതിരം കൂടി കണ്ടതോടെ

"വെള്ളിയേക്കാൾ എന്തുകൊണ്ടും നല്ലത് സ്വർണ്ണം തന്നെ "

എന്ന് മനസ്സിൽ ഉറപ്പിച്ചു നീട്ടിവലിച്ചൊരു നടത്തം വച്ചുകൊടുത്തു..

മ്മളോടാ കളി..  😁😁😂

Nb:- മാസ് ഡയലോഗുകൾ അടിക്കുന്നതിനു മുൻപായി റെയ്ബാൻ വെക്കുന്നത് വളരെ നല്ലതാണ്...

Saleelbinqasim

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്