ഇക്കാന്റെ കുഞ്ഞോൾ

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ഒരു അനിയത്തിയോ അനിയനോ വരാൻ പോകുന്നു  എന്ന് ഉമ്മ പറഞ്ഞത്.

ആ സന്തോഷം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു ഇനി ഉപ്പാക്കും ഉമ്മാക്കും എന്നോട് സ്നേഹം കുറയുമെന്ന്.

ഉമ്മയുടെ വയറിന്റെ വലുപ്പം കൂടുന്നതിന് അനുസരിച്ച് എനിക്ക് കിട്ടേണ്ട സ്നേഹത്തിന്റെ അളവ് കുറയാൻ പോകുന്നത് ഓർത്തുള്ള ഭയമായിരുന്നു മനസ്സിൽ.

ലേബർ റൂമിന്റെ വാതിൽക്കൽ ഉപ്പയോടൊപ്പം നിൽക്കുമ്പോൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് കുഞ്ഞാവ വേണ്ടായിരുന്നു എന്ന്. മരിച്ച് പോയാൽ മതിയായിരുന്നു എന്ന്.

പെൺകുട്ടി ആണെന്നും പറഞ്ഞ് കുഞ്ഞാവയെ ഉപ്പയുടെ കൈകളിൽ നഴ്സ് ഏൽപ്പിച്ചപ്പോൾ പരിഭവം കൊണ്ട് മുഖം തിരിഞ്ഞ് നിന്നിട്ടുണ്ട്.

ബാങ്കും ഇഖാമത്തും കുഞ്ഞാവയുടെ കാതിൽ പറയാൻ ഉപ്പ പറഞ്ഞപ്പോൾ എനിക്കിതിനെ ഇഷ്ടമല്ലാന്ന് പറഞ്ഞ് നടന്നകന്നിട്ടുണ്ട് ഞാൻ.

ഉമ്മയുടെയും ഉപ്പയുടെയും നടുക്ക് കിടക്കാനുള്ള അവകാശം കുഞ്ഞാവ നേടി എടുത്തപ്പോൾ എന്നെ സ്നേഹിക്കാൻ ഇനി ആരുമില്ലാന്ന് ഓർത്തിട്ടുണ്ട് ഞാൻ .ജീവിതത്തിൽ എനിക്കൊരു ശത്രു ഉണ്ടെങ്കിൽ അത് ഇവൾ മാത്രമാണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചട്ടുണ്ട് ഞാൻ.

കുഞ്ഞാവയെ നോക്കാൻ ഏൽപ്പിച്ച് ഉമ്മ അടുക്കള പണി ചെയ്യുമ്പോൾ നുള്ളി കരയിപ്പിച്ചട്ടുണ്ട് ഞാൻ.

കുഞ്ഞോൾ എന്ന് പേരിട്ട് വിളിച്ച് അവളെ ഉപ്പയും ഉമ്മയും താലോലിക്കുമ്പോൾ വെറുപ്പ് തോന്നിയട്ടുണ്ട് ഉപ്പയോടും ഉമ്മയോടും.

ഒരിക്കൽ ഉപ്പ പറഞ്ഞു കുഞ്ഞോൾക്ക് ഞാൻ ഇക്കാക്കായും ഉപ്പയും ആണെന്ന്. ഉപ്പക്ക് എന്തെങ്കിലും സംഭവിച്ചാലും അവളെ ഞാനാണ് ഉപ്പയുടെ സ്ഥാനത്ത് നിന്ന് സ്നേഹിക്കേണ്ടത് എന്ന്. പത്ത് മക്കൾ ഉണ്ടായാലും പത്തു പേരോടും ഉപ്പക്കും ഉമ്മക്കും ഒരേ സ്നേഹമാണത്രേ. എന്നെ അവർ ഇതിലും കാര്യമായിട്ട് നോക്കിയട്ടുണ്ടെന്ന് കുഞ്ഞാവയുടെ പ്രായത്തിൽ.

അത് വരെ ശ്രദ്ധിക്കാത്ത കുഞ്ഞി കൈകളും പഞ്ഞിക്കെട്ട് പോലത്തെ കവിളുകളും അന്നുതൊട്ട് ഞാൻ ശ്രദ്ധിച്ച് തുടങ്ങി.ഉമ്മകൾ കൊണ്ട് മൂടി തുടങ്ങി അവളെ ഞാൻ.

ഉപ്പ കെഞ്ചിയിട്ടും കാതിൽ പറയാത്ത ബാങ്കിനും ഇഖാമത്തിനും പകരം അവളെ ഉറക്കാൻ ദിഖ്റുകളും സ്വലാത്തുകളും ചൊല്ലി തുടങ്ങി.

മുൻപ് ഞാൻ നുള്ളിയ പാടിന്റെ അടയാളം ഇന്നാ വെളുത്ത ശരീരത്ത് കാണുമ്പോൾ കണ്ണ് നനയാറുണ്ട്.

കുഞ്ഞോൾക്ക് കാൽത്തള വാങ്ങാൻ പോയ ഉപ്പയെ കൊണ്ട് നിറയെ അലുക്കുള്ള വെള്ളിക്കൊലുസ്സ് വാങ്ങിപ്പിച്ചു ഞാൻ.

പിച്ച പിച്ച വെക്കാൻ അവളെ പഠിപ്പിക്കുമ്പോൾ കൊല്ലുസ്സാണ് കാലിന് ഭംഗി. നടക്കാൻ തുടങ്ങിയപ്പോൾ ആ കൊലുസ്സ് എടുത്തത് നന്നായി എന്ന് തോന്നി.ഒളിച്ചു കളിക്കുമ്പോൾ അവളെ കണ്ടു പിടിക്കാൻ അതെന്നെ ഒരുപാട് സഹായിച്ചട്ടുണ്ട്. കണ്ടിട്ടും കാണാത്ത മട്ടിലുള്ള എന്റെ തിരച്ചിൽ അവളെ കുറച്ചൊന്നും അല്ല സന്തോഷിപ്പിച്ചത്.

മുടി ചീവി കൊടുക്കുമ്പോഴും പുരികം എഴുതുമ്പോഴും കണ്ണെഴുതുമ്പോഴും ദോശക്കല്ല് പോലത്തെ മറുക് ഞാൻ കവിളിൽ തൊടുമ്പോഴും കുറുമ്പ് കാട്ടാതെ ഇരുന്നു തരും എന്റെ കുഞ്ഞോൾ.

സ്കൂളിൽ ചേർത്തപ്പോൾ അവൾക്കൊപ്പം അവളുടെ ബാഗും ചുമക്കണ്ട ഉത്തരവാദിത്വം കൂടെ അവൾ എന്നെ ഏൽപ്പിച്ചു.

ഓടിക്കളിച്ച് പൊട്ടിയ കാൽ മുട്ടുമായ് കരഞ്ഞ് വരുമ്പോൾ അവളെ തട്ടി വീഴ്ത്തിയ കല്ലിനെ ദേഷ്യം മാറുവോളം ചവിട്ടിയിട്ടുണ്ട് ഞാൻ.

ഉറങ്ങാൻ കിടക്കുമ്പോൾ ഉപ്പയെയും ഉമ്മയെയും ഒഴിവാക്കി എന്റെ ചൂടു പറ്റി അവൾ കിടക്കുമ്പോഴാണ് ഇക്കാക്ക എന്ന വാക്കിന് ഒന്നല്ല ഒരായിരം അർത്ഥമുണ്ടെന്ന് ഞാനറിഞ്ഞത്.

പിന്നാലെ നടന്നൊരു ചെക്കൻ ശല്യം ചെയ്യുന്നു ഇക്കാക്കാ എന്നവൾ പറഞ്ഞപ്പോൾ മുണ്ടും മടക്കിക്കുത്തി അവനെ പേടിപ്പിക്കാനുംവേണ്ടി വന്നാൽ ഒന്ന് കൊടുക്കാനും പോകുമ്പോൾ കുഞ്ഞോളുടെ മുഖത്ത് വല്ലാത്തൊരു ഭാവം ആയിരുന്നു. എന്തിനും ഏതിനും ഇക്കാക്ക കൂടെ ഉണ്ടെന്ന ഒരു കുഞ്ഞ് അഹങ്കാരം.

നഷ്ടപ്രണയത്തിന്റെ വിരഹ തീയിൽ ഞാൻ വെന്തുരുകി നിൽക്കുമ്പോഴും കുഞ്ഞോൾ കുളിർമഴ ആയി. ന്റെ ഇക്കാക്കാക്ക് മൊഞ്ചുള്ള താത്താനെ ഇക്കാക്കാന്റെ കുഞ്ഞോൾ നോക്കി കണ്ട് പിടിച്ച് തരൂലേ. മ്മൾക്ക് പ്രണയം വേണ്ട ഇക്കാക്കാന്ന് പറഞ്ഞ് അവൾ എന്റെ നിറകണ്ണുകൾ തുടച്ചിട്ടുണ്ട്.

അവളായിരുന്നു എന്റെ ലോകം. എല്ലാ സങ്കടങ്ങളും അവളിലൂടെ അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാവുക ആയിരുന്നു.

പെട്ടെന്നൊരു തളർച്ചയിലും പനിയിലും അവൾ വാടി തളർന്ന് വീണപ്പോൾ തുണി നനച്ച് നെറ്റിയിലിട്ട് പുലരും വരെ ആ കാൽ ചോട്ടിൽ തല ചായ്ച്ച് കാവലിരുന്നു ഞാൻ.

പുലർച്ചെ അവളുടെ മരവിച്ച കാൽപ്പാദങ്ങൾ തിരുമ്മി ചൂട് നൽകാൻ ശ്രമിക്കുമ്പോഴാണ് അതിൽ ഇനി ചൂടുണ്ടാവില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത്.ഒരുപാട് വിളിച്ചിട്ടും കുഞ്ഞോൾ ഉണരുന്നില്ല. എനിക്കറിയാം അവൾ കുറുമ്പ് കാട്ടുകയാണ് പണ്ടും ഇങ്ങനെ അവളെന്നെ കളിപ്പിക്കാനുണ്ട്.

ഉമ്മയുടെയും ഉപ്പയുടെയും നിലവിളിയും കരച്ചിലും വീട്ടിൽ നിറഞ്ഞപ്പോഴും കുളിപ്പിക്കാൻ ആരെക്കെയോ ചേർന്ന് അവളെ എടുക്കുമ്പോഴും ഞാൻ നോക്കി ഒരു കണ്ണ് തുറന്നുള്ള ആ കുസൃതി നോട്ടം കുഞ്ഞോൾ നോക്കുന്നുണ്ടോ എന്ന്.

വെള്ള തുണിയിൽ അവളെ പുതപ്പിച്ചപ്പോഴും എനിക്കൊപ്പം പുതപ്പിനുള്ളിൽ ഒളിച്ചിരുന്നു കളിച്ച പോലെ അവൾ എന്നെ പറ്റിക്കുന്നതാവും എന്നോർത്തു.

ആറടി മണ്ണിൽ കുഞ്ഞോളെ കിടത്തിയപ്പോൾ പലവട്ടം പലരോടും ഞാൻ പറഞ്ഞു ന്റെ പെങ്ങളൂട്ടിക്ക് ശ്വാസം മുട്ടും. മണ്ണിടരുതേ എന്ന്. അരും കേട്ട ഭാവം കാണിച്ചില്ല.

പേരെഴുതിയ മീസാൻ കല്ല് അവൾക്ക് മേലെ വെച്ചപ്പോൾ പടച്ചോനെ അവൾക്ക് വേദനിച്ചിട്ടുണ്ടാവൂലോ?
ഒന്ന് കാല് തട്ടിയാൽ സഹിക്കാത്ത മോളാണ്.

പരിസര ബോധമില്ലാതെ മൈലാഞ്ചി കമ്പൊടിച്ച് കബറിന് ചുറ്റും ഞാൻ നാട്ടുമ്പോൾ കണ്ട് നിൽക്കുന്നവർ അത്രയും കരയുന്നുണ്ടായിരുന്നു. ന്റെ കുഞ്ഞോൾ നിറമുള്ള സ്വപ്നങ്ങൾ കാണട്ടെ. എന്നും. എപ്പോഴും.

വീട്ടിൽ എത്തിയിട്ടും അവളിനി കൂടെ ഇല്ലാന്ന് ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല.

ഉണ്ട്.ന്റെ കുഞ്ഞോൾ ഇവിടുണ്ട്. ആ കൊലുസ്സിന്റെ കിലുക്കം ഞാൻ കേൾക്കുന്നുണ്ട്..

കുഞ്ഞോളെ... ഇക്കാക്കാ കണ്ട് പിടിച്ചൂട്ടോ...

വാ...

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്