സ്റ്റോറി നമ്പർ 186

ഹരീ.. തിരക്കില്ലെങ്കിൽ ഒന്ന് സംസാരിക്കാൻ പറ്റുമോ...

മാനേജരുടെ മകന്റെ ബർത്ത്‌ ഡേ പാർട്ടിയ്ക്കിടയിൽ കിട്ടിയ അവസരം മുതലെടുത്ത് വീണയുമായി സംസാരിക്കുന്നതിനിടയിലാണ് കൂടെ ജോലി ചെയ്യുന്ന അനിലേട്ടൻ ഇടയ്ക്ക് കയറിയത്..

ഉള്ളിൽ നുരഞ്ഞു വന്ന നീരസം പുറത്ത് കാട്ടാതെ പുഞ്ചിരിച്ച് കൊണ്ട് ഹരി അയാളുടെ അടുത്തേക്ക് നടന്നു...

എന്താ അനിലേട്ടാ..

"പറയാം.. താൻ വാ.. അനിൽ ഹരിയുമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് നടന്നു..."

"ലക്ഷ്മി എവിടെ?..
എല്ലാരും ഭാര്യമാരുമായി അല്ലേ വന്നിരിക്കുന്നത്. 
താൻ എന്താ അവളെ കൊണ്ടു വരാഞ്ഞത്.."

അനിലിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഹരിയുടെ മുഖം മാറി...

അവൾ.. നാട്ടിലാണ്... വീട്ടിലെല്ലാവരെയും കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ... ഹരി വാക്കുകൾ കിട്ടാതെ പരതി...

"ഉം.. ഞാൻ ഒന്ന് ചോദിച്ചാൽ ഹരി സത്യം പറയുമോ..."

"എന്താ അനിലേട്ടാ..? ചോദിക്ക്.. തെല്ലു ഭയത്തോടെ അവൻ അനിലിനെ നോക്കി..."

"ഹരിയ്ക്ക് ലക്ഷ്മിയെ വിവാഹം ചെയ്യാൻ ഇഷ്ടമല്ലായിരുന്നു.. അല്ലേ...??"

ഒന്ന് ഞെട്ടിയെങ്കിലും മുഖത്തെ ഭാവ വ്യത്യാസം അറിയാതിരിക്കാൻ ഹരി കുനിഞ്ഞിരുന്നു...

"നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം അനിലേട്ടാ..
ഹരി ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു...."

"ഹരീ... തന്നെ എനിക്ക് നന്നായി അറിയാം.. കുറേയൊക്കെ ലക്ഷ്മിയെയും....."

"ബാംഗ്ലൂർ നഗരത്തിന്റെ ആഡംബരങ്ങളിൽ മയങ്ങുന്ന താനും നാട്ടിൻപുറത്തിന്റെ നന്മകൾ മാത്രമുള്ള ലക്ഷ്മിയും തമ്മിൽ ചേരാത്തതിന്റെ കാരണമെന്താന്ന് ഞാൻ ചോദിക്കുന്നില്ല... എനിക്ക് മനസിലാകും..."

"ഹരീ.. ഞാൻ പറയുന്നത് തനിക്ക് എത്രമാത്രം ഉൾക്കൊള്ളാൻ കഴിയുമെന്നറിയില്ല...."

ഈ പ്രായത്തിൽ ഞാനും ഇങ്ങനെയായിരുന്നു....
പരിഷ്കാരിയായ ഒരു പെണ്ണ് വേണമെന്ന മോഹം ഉള്ളിൽ ഉള്ളതുകൊണ്ടാവണം  രാധികയെ  ഇഷ്ടമായത്..
വിദേശത്ത് ജനിച്ച വളർന്നതു കൊണ്ട് മോഡേൺ ചിന്തകളുണ്ടായിരുന്നവൾ...

പക്ഷേ ഹരീ.... ജീവിച്ച് തുടങ്ങി കഴിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത് എന്റെ ചിന്തകൾ തെറ്റായിരുന്നുവെന്ന്.. വേഷവും രീതികളുമല്ല മനസിന്റെ പൊരുത്തമായിരുന്നു വേണ്ടത്...

അവളുടെ എല്ലാ തന്നിഷ്ടങ്ങളെയും എനിക്ക് സഹിക്കേണ്ടി വന്നു.. മറ്റൊരാളോട് പുലർത്തിയിരുന്ന അവിഹിത ബന്ധം പോലും...
പറഞ്ഞു മനസിലാക്കാനാകാത്ത ഒരുപാട് പ്രശ്നങ്ങളുണ്ടായി ഞങ്ങളുടെ ഇടയിൽ...ഒടുവിൽ ഡിവോഴ്സ് വാങ്ങി പിരിഞ്ഞു...

ഞാനിത് എന്തിനാണ് പറയുന്നതെന്ന് ഹരിയ്ക്ക് മനസിലായെന്ന് വിശ്വസിക്കുന്നു...

ലക്ഷ്മി ഒരു പാവം കുട്ടിയാണ്.. താലിയുടെ മഹത്വമറിയാവുന്ന വിവാഹത്തിന്റെ പവിത്രത മനസിലാക്കാൻ കഴിയുന്നവൾ...

ഒന്നു മാത്രം ഓർത്താൽ മതി.. നഷ്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ തിരിച്ചു കിട്ടിയെന്ന് വരില്ല...

ഇത്രയും പറഞ്ഞ് അനിൽ നടന്നു..
തന്റെ ഉള്ളിൽ എന്തോ ഭാരം അനുഭവപ്പെടുന്നതായി ഹരിയ്ക്ക് തോന്നി.. അനിലേട്ടന്റെ വാക്കുകൾ കാതിൽ മുഴങ്ങി..
നഷ്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ തിരിച്ചു കിട്ടിയെന്ന് വരില്ല...

കാറെടുത്ത് ഹരി വീട്ടിലേക്ക് തിരിച്ചു.. വീണ കുറേ തവണ ഫോൺ വിളിച്ചെങ്കിലും കോൾ എടുത്തില്ല..

വീടിന്റെ ഗേറ്റ് കടന്നപ്പോഴേക്കും എന്തോ ശൂന്യത അനുഭവപ്പെട്ടു....
ഡോർ തുറന്ന് അകത്തു കയറി.. തന്റെ വീടിന് ആത്മാവില്ലാത്ത പോലെ...

ഹരി സോഫയിലേക്ക് ചാരിയിരുന്നു...
കണ്ണടച്ചപ്പോൾ ലക്ഷ്മിയുടെ മുഖം മനസിലേക്ക് വന്നു.. അവളുടെ നെറ്റിയിലെ ചുവന്ന കുങ്കുമവും...

ലക്ഷ്മി..  ഹരികൃഷ്ണൻ എന്ന തനിക്ക് വേണ്ടി അമ്മ കണ്ടെത്തിയ പെൺകുട്ടി.. നാട്ടിൻപുറത്തിന്റെ സകല നിഷ്ക്കളങ്കതയും നിറഞ്ഞവൾ..

പക്ഷേ.. പഠനം കഴിഞ്ഞ് ജോലിക്കായി ബാംഗ്ലൂർ നഗരത്തിലേക്ക് ചേക്കേറിയ തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നത് നഗരത്തിന്റെ മോഡേൺ രീതികളിൽ ജീവിക്കുന്ന പെൺകുട്ടിയായിരുന്നു...

അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ലക്ഷ്മിയുടെ കഴുത്തിൽ താലി കെട്ടുമ്പോഴും അവളെ മനസുകൊണ്ട് ഭാര്യയായി അംഗീകരിച്ചില്ല....

അവളുടെ ഒരു രീതികളും തനിക്ക് ഇഷ്ടമായിരുന്നില്ല.... 

നെറ്റിയിലെ വട്ടപ്പൊട്ട്, കുങ്കുമം, നീളൻമാലയിലെ താലി.. അതൊക്കെ പഴഞ്ചനാണെന്ന് വിശ്വസിച്ചിരുന്നു താൻ.. വീട്ടിൽ പോലും സാരി മാത്രം ഉടുക്കുന്ന അവളുമായി പുറത്ത് പോകാൻ പോലും താൻ മടിച്ചു... തൻെറ നാട്ടുകാരനല്ലാത്ത അനിലേട്ടനൊഴികെ ഓഫീസിലാർക്കും അവളെ പരിചയമില്ലായിരുന്നു.. പരിചയപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ല...

ഒരു ഭാര്യയുടെ എല്ലാ കടമകളും ഭംഗിയായി ചെയ്തിട്ടും താൻ കാണിക്കുന്ന അവഗണന പതിയെ പതിയെ അവൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു.....
എന്നിട്ടും ആ പാവം എല്ലാം സഹിച്ചു..

ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ തമ്മിലുള്ള അകലം കൂടി വന്നു.... ഒാഫീസിലെ ഫങ്ഷനുകൾക്കും ലെഷർ ട്രിപ്പുകൾക്കും അവളെ കൊണ്ടു പോകാതിരിക്കാൻ പല വഴികളും താൻ കണ്ടെത്തി... അപ്പോഴും യാതൊരു പരിഭവുമില്ലാതെ അവൾ ഒതുങ്ങിക്കൂടിയിരുന്നു... 

ഇത് ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാകില്ലെന്ന് തോന്നിയപ്പോൾ താൻ തന്നെ ലക്ഷ്മിയോട് തുറന്നു പറഞ്ഞു...

നിന്നെപോലൊരു പെൺകുട്ടിയെയല്ല ഞാൻ ആഗ്രഹിച്ചത്.. അമ്മയുടെ ആഗ്രഹം ഒന്നു കൊണ്ടു മാത്രമാ ഞാൻ... നിന്നെ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ലെനിക്ക്... നമുക്ക് ഈ ബന്ധം നിർത്താം ലക്ഷ്മീ.....

ഒന്നും മിണ്ടാതെ നിറഞ്ഞൊഴുകുന്ന മിഴികളുമായി അവൾ എന്നെ നോക്കി നിന്നു.....

ഇതാണ് നമുക്ക് രണ്ടാൾക്കും നല്ലത്.. അതു കൊണ്ടാ ഞാൻ....
നീ എല്ലാം പാക്ക് ചെയ്തോളൂ.. ഞാൻ രാവിലെ വീട്ടിൽ കൊണ്ടാക്കാം...
ഇത്രയും പറഞ്ഞ് അവളുടെ
മറുപടിക്ക് കാത്തു നിൽക്കാതെ മുറിയിലേക്ക് പോയി ഞാൻ...

പിറ്റേ ദിവസം അവളെ വീട്ടിൽ കൊണ്ടു ചെന്നാക്കി.. മണിക്കൂറുകൾ നീണ്ടു നിന്ന യാത്രയിൽ ഒന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല... വീടെത്തി ബാഗുമായി ഇറങ്ങിയപ്പോൾ അവൾ പറഞ്ഞു....

ബന്ധം പിരിയണ്ട ഹരിയേട്ടാ.. ഈ താലി അണിയാനുള്ള അവകാശമെങ്കിലും നിയ്ക് തരണം..  ജീവിതത്തിൽ ഒരിക്കലും ഞാനൊരു തടസമാകില്ല...

നെഞ്ചു പിടച്ച്
അവൾ അത് പറയുമ്പോഴും എൻെറ മനസിൽ ഒരു ബാധ്യത ഒഴിവാക്കിയ സന്തോഷമായിരുന്നു...

തിരികെ വീട്ടിലെത്തിയത് പഴയ ഹരിയായിട്ടാണ്.. കൂടെ  വർക്ക് ചെയ്യുന്ന വീണയുമായി പഴയ ബന്ധം വീണ്ടും തുടങ്ങാൻ ശ്രമം നടത്തി.. അവളും വിവാഹിതയാണ്..
കുത്തഴിഞ്ഞ ജീവിതത്തിന്റെ ലഹരിയിൽ വീണ്ടും മുങ്ങിത്താണു തുടങ്ങിയപ്പോഴാണ് അനിലേട്ടൻ.....

അനിലേട്ടൻ അത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ മുതൽ മനസിൽ അവളുടെ മുഖമാണ്.. എന്തായിരുന്നു അവൾ ചെയ്ത തെറ്റ്... തന്നെ പ്രാണനേക്കാൾ കൂടുതൽ സ്നേഹിച്ചതോ..

താൻ അണിയിച്ച താലി അതിന്റെ എല്ലാ പവിത്രതയോടും കൂടി കാത്ത് സൂക്ഷിക്കാൻ ശ്രമിച്ചതോ.....

അവളെ മനസിലാക്കാതെ പോയത് താനാണ്..... ഹരിയുടെ കണ്ണുകൾ നിറഞ്ഞു.. അനിലേട്ടന്റെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു...

നഷ്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ തിരിച്ചു കിട്ടിയെന്ന് വരില്ല.... 

ഹരി വേഗം ഫോണെടുത്ത് ലക്ഷ്മിയെ വിളിച്ചു.. അവളുടെ അമ്മയാണ് ഫോണെടുത്തത്.. അവരുടെ സംസാരം കേട്ടപ്പോൾ അവൾ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് മനസിലായി...

മോളേ.. ഹരിയാണ്.. അവർ നീട്ടി വിളിച്ചപ്പോൾ താൻ കേട്ടു.. ഓടിക്കിതച്ചെത്തുന്ന അവളുടെ കൊലുസിന്റെ ശബ്ദം.. അന്നാദ്യമായി ആ കൊലുസിന്റെ ശബ്ദത്തെ താൻ പ്രണയിച്ചു തുടങ്ങി... അതിലൂടെ അവളെയും.......

എല്ലാം മറന്ന് പുതിയൊരു ജീവിതത്തിനായി ഹരി അഅവളെ വിളിച്ചു... സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞ് അവൾ അത് സ്വീകരിച്ചു..

ഇന്നവളുടെ ഉദരത്തിൽ ഹരിയുടെ ജീവൻ തുടിക്കുന്നുണ്ട്..... അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി ആ വയറിലെ തുടിപ്പറിയാൻ കാതോർക്കുമ്പോൾ അവൻ മനസിലാക്കുകയായിരുന്നു അവളുടെ കഴുത്തിൽ താൻ അണിയിച്ച താലിയുടെ മഹത്വം....

Sandhrapt

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്