സാന്ദ്ര പി ടി

എന്ന് മുതലാണ് തനിക്കവൾ അന്യയായി തുടങ്ങിയത്.....

"വിനുവേട്ടൻ എന്നെ കല്ല്യാണം കഴിയ്ക്കോ"

ആ ചോദ്യമാണ് ആദ്യമായി അവളെ ശ്രദ്ധയിൽപെടുത്തിയത്...

ഉണ്ണിമായ..... നാട്ടിൽ വെച്ച് ഇടയ്ക്ക് കണ്ടിട്ടുണ്ട്... ഒരു കാന്താരി...

അന്ന് താൻ കുറേ ദേഷ്യപ്പെട്ടു.... ഇഷ്ടം തുറന്ന് പറഞ്ഞത് അവളുടെ വിവരമില്ലായ്മയായി മാത്രമാണ് കണ്ടത്.. പക്ഷേ  പിന്നീട് നോക്കുന്നിടത്തെല്ലാം അവളായിരുന്നു...

തനി നാട്ടിൻപുറത്തുകാരിയായ അവളുടെ കുറുമ്പും വാശിയും ദേഷ്യവുമെല്ലാം എപ്പോഴോ ശ്രദ്ധിച്ച് തുടങ്ങി....

താൻ പോലുമറിയാതെ അവളെ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു.....

ദേവിയുടെ നടയിൽ തൊഴുത് നിൽക്കുമ്പോഴും താൻ നോക്കിയത് അവളെയാണ്...

സ്വന്തമാക്കണമെന്ന് മോഹിച്ചെങ്കിലും അതവളെ അറിയിച്ചില്ല എന്നതാണ് സത്യം...

ഒടുവിൽ എല്ലാം കണ്ടുനിന്ന ദേവി തന്നെ അതിന് വഴിയൊരുക്കി..

കൽവിളക്കിലെ തിരിയിൽ നിന്ന് തീ അവളുടെ അഴിച്ചിട്ട മുടിയിൽ പടർന്നു കയറാൻ തുടങ്ങുന്നത് താനാണ് കണ്ടത്..

കണ്ട ഉടനെ ഓടി ചെന്ന് അവളെ വലിച്ച് മാറ്റി നിർത്തി...

അമ്പലമാണെന്ന് പോലും ഓർക്കാതെ അവളോട് ഉറക്കെ ദേഷ്യപ്പെട്ടു.. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നതു കണ്ടപ്പോഴാണ് സ്ഥലകാലബോധമുണ്ടായത്....

അവിടെ നിന്നും ഇറങ്ങി നടന്നപ്പോൾ പുറകേ അവളും ഒാടിയെത്തി... മുന്നിൽ കയറിൽ നിന്നുള്ള

" അപ്പോ എന്നെ ഇഷ്ടാല്ലേ"
എന്നുള്ള ചോദ്യത്തിന് മുന്നിൽ തൻെറ മുഖത്തെ ദേഷ്യം മാഞ്ഞ് അറിയാതെ പുഞ്ചിരി വിടരുകയായിരുന്നു.....

അന്ന് മുതൽ നിഴലായി കൂടെയുണ്ടവൾ.... ജീവൻെറ പാതിയായി..... അവളുടെ ഇണക്കങ്ങളും പിണക്കങ്ങളുമായിരുന്നു ജീവിതത്തിൻെറ തുടിപ്പുകൾ...

പക്ഷേ തൻെറ വീട്ടുകാർക്ക് ഈ ബന്ധം അല്പം പോലും അംഗീകരിക്കാൻ കഴിയില്ലായിരുന്നു...

സാമ്പത്തികമായി താന്നു നിൽക്കുന്നത്, വിവാഹബന്ധം വേർപെടുത്തി നിൽക്കുന്ന അവളുടെ ചേച്ചി.. ഇതൊക്കെ വിവാഹത്തിന് വിലങ്ങുതടിയായി അവർ മുന്നിൽനിർത്തി....

പക്ഷേ തനിക്ക് അവളെ വേണമായിരുന്നു.... എല്ലാ എതിർപ്പുകളെയും മാറ്റി നിർത്തി അവളുടെ കഴുത്തിൽ താലി ചാർത്തി.... താൻ അണിയിച്ച താലിമാല മാത്രമായിരുന്നു അവളുടെ ദേഹത്ത് പൊന്ന്...

വീട്ടിൽ നിന്നും  നേരിടേണ്ടി വരുന്ന അവഗണനെകളെപ്പറ്റി അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു... എല്ലാം സഹിച്ചും ക്ഷമിച്ചും അവൾ നിന്നത്  തൻെറ നെഞ്ചിലെ ചൂടിൽ എല്ലാ സങ്കടങ്ങളും ഉരുകിയൊലിക്കുമെന്ന വിശ്വാസമൊന്നു കൊണ്ടു മാത്രമായിരുന്നു....

പക്ഷേ പതിയെ പതിയെ മറ്റുള്ളവരുടെ കുത്തുവാക്കുകൾ തൻെറ നെഞ്ചിൽ പതിയാൻ തുടങ്ങി... അവളുടെ വീട്ടിൽ പോയി നിൽക്കുന്നത് കുറച്ചിലായി തോന്നി... അത് അവളുമായുള്ള ബന്ധത്തിനും അകലം ഒരുക്കി...

അനിയൻെറ കല്ല്യാണം കൂടി കഴിഞ്ഞതോടെ ആ അകലം കൂടുകയായിരുന്നു.. ഇട്ട് മൂടാനുള്ള സ്വർണവുമായി വന്നവളെ വീട്ടുകാർ രാജകുമാരിയെ പോലെ നോക്കി.. തന്നെയും അവളെയും അവഗണിച്ച് മാറ്റി നിർത്തി..

ആ അവഗണനയായിരുന്നു് അവളോടുള്ള ദേഷ്യത്തിൻെറ പ്രധാന കാരണം...

വീട്ടിലെ എല്ലാ ചടങ്ങുകളിലും ഒറ്റപ്പെട്ടപ്പോൾ അത് അവൾ കാരണമാണെന്ന തോന്നൽ ആ ദേഷ്യത്തിൻെറ തീവ്രത കൂട്ടി....

തനിക്ക് കിട്ടുന്ന ഒാരോ ്അവഗണനകളും അവളോട് ഒരു തരം വെെരാഗ്യം മനസിൽ ഉണ്ടാക്കി.. 

പക്ഷേ അതെല്ലാം സഹിച്ചും ക്ഷമിച്ചും അവൾ കൂടെതന്നെ നിന്നു.....

അവൾ തൻെറ കുഞ്ഞിൻെറ അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞിട്ടും അവളോടുള്ള തൻെറ സമീപനത്തിന് മാറ്റം ഉണ്ടായില്ല... ഭർത്താവിൻെറ സ്നേഹവും സാമിപ്യവും ആവശ്യമുള്ള സമയത്തും താൻ അവൾക്ക് സമ്മാനിച്ചത് അവഗണന തന്നെയാണ്.....

ശരീരത്തിൻെറ ക്ഷീണം അധികമായ സമയത്ത് അവൾ തനിക്ക് ശരിയ്ക്കും ഒരു ഭാരമായി അനുഭവപ്പെട്ടു... ഒരു ബുദ്ധിമുട്ടും തന്നെ അറിയിക്കാതിരിക്കാൻ ്അവൾ കഴിവതും ശ്രമിച്ചിരുന്നു...

എന്നിട്ടും ഒടുവിൽ സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടിത്തെറിച്ചുപോയി...

കുറച്ച് നാളുകൾക്ക് മുന്നേ ജീവൻെറ ജീവനായിരുന്നവളെ പ്രസവത്തിനെന്ന പേരിൽ വീട്ടിൽ കൊണ്ടുചെന്നാക്കി...

അവൾ പോയിട്ടും തനിക്ക് യാതൊരു വിധ സങ്കടവും തോന്നിയില്ല...അവളില്ലാഞ്ഞപ്പോൾ വീട്ടിൽ നിന്നു കിട്ടിയ പരിഗണനയും സ്നേഹവും അവളോടുള്ള അകൽച്ച വീണ്ടും കൂട്ടി....

അവളെ ആശുപത്രിയിലാക്കുന്നതിൻെറ തലേ ദിവസം മാത്രമാണ് അവളെ കാണാനായി ചെന്നത്....

കൂടുതലൊന്നും മിണ്ടുവാനോ പറയുവാനോ ഉണ്ടായിരുന്നില്ല. തൻെറ സമീപനം അറിയാവുന്നതുകൊണ്ട് തന്നെ അവളുടെ വീട്ടുകാരും അവിടെ നിന്ന് കഴിക്കാനോ അവിടെ തങ്ങാനോ ആവശ്യപ്പെട്ടില്ല..

ഒരു പേരിന് ഏതോ ചടങ്ങ് കഴിക്കും പോലെ അവളെ കണ്ട് അവിടെ നിന്ന് ബെെക്കിൽ ഇറങ്ങി നിമിഷങ്ങൾക്കകം ഫോണിൽ അവളുടെ വിളി വന്നു...

അവളുടെ വീടിനടുത്ത് തന്നെ വണ്ടി നിർത്തി തിരിഞ്ഞു നോക്കുമ്പോൾ കണ്ടു അവൾ നടന്നു വരുന്നത്...

അടുത്ത് വന്ന് തൻെറ കയ്യിലായി എന്തോ വെച്ച് തന്നു.. തുറന്ന് നോക്കിയപ്പോൾ കണ്ടത് അവളുടെ കുങ്കുമച്ചെപ്പാണ്.....

അറിയാതെ മനസ് പിന്നോട്ട് പോയി...

ദേവിയുടെ തിരുനടയിൽ വെച്ച് താൻ അവൾക്ക് നൽകിയ സമ്മാനം....

അതിനോടൊപ്പം കൊടുത്തത് ഒരു വാക്കായിരുന്നു... എന്നും മുടങ്ങാതെ അവളുടെ നെറ്റിയിൽ താൻ തന്നെ കുങ്കുമം ചാർത്തിക്കോളാമെന്ന വാക്ക്............

കാലം മുന്നോട്ട് പോയപ്പോൾ ആ വാക്കും അതിൻെറ വിശ്വാസവും അലിഞ്ഞില്ലാതായിരുന്നു.....

ഓർമകളിൽ നിന്ന് തിരികെ വന്നപ്പോൾ കണ്ടത് നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകളാണ്.... 

അവൾ തന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു.....

എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുന്നേ തന്നെ അവൾ തിരിഞ്ഞ് നടന്നിരുന്നു.. നിറവയർ താങ്ങി അവൾ നടന്നു പോകുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി.....

തികച്ചും യാന്ത്രികമായാണ് തിരികെ വീട്ടിൽ എത്തിയത്....കണ്ണടച്ച് കിടന്നപ്പോഴും കാതിൽ മുഴങ്ങിയത് അന്ന് താൻ പറഞ്ഞ വാക്കുകളാണ്....

"24 മണിക്കൂറും വയ്യാഴ്ക..  എനിക്ക് വയ്യ ഇങ്ങനെ സഹിക്കാൻ.. നിനക്ക് നിൻെറ വീട്ടിൽ പോയി നിൽക്കരുതോ?..."

നിറവയറും താങ്ങി കാലിലെ നീരും തിരുമ്മിയിരിക്കുന്ന ഉണ്ണിമായയോട് ഒരു ദാക്ഷിണ്യവുമില്ലാതെയാണ് വിനു എന്ന താൻ അത് പറഞ്ഞത്..

കുറേ നാളായി ഉള്ളിൽ കിടന്ന് തിളച്ചിരുന്ന ദേഷ്യവും അമർഷവുമെല്ലാം ആ പൊട്ടിത്തെറിയിലൂടെ വെളിയിൽ വന്നു...

ലെെറ്റ് നിർത്തി താൻ കിടന്നപ്പോഴും ഭിത്തിയിൽ ചാരിയിരുന്ന് ഉണ്ണിമായ തേങ്ങുന്നുണ്ടായിരുന്നു....

ഒാർക്കും തോറും നെഞ്ചിലെ നീറ്റൽ കൂടി കൂടി വന്നു....

ജീവൻെറ ജീവനായി കൂടെനിന്നവളെയാണ് എന്തിനൊക്കെയോ വേണ്ടി മനപൂർവ്വം അകറ്റിയത്... ഒരു ദെെവങ്ങളും തന്നോട് പൊറുക്കാത്ത തെറ്റ്... അത് തിരുത്തണം... അവൾ ഇനിയും കൂടെ വേണം...

കുങ്കുമച്ചെപ്പ് കയ്യിൽ പിടിച്ച് വിനു ഉറക്കമായി.....

പിറ്റേ ദിവസം ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്..

ഉണ്ണിമായയെ വേദന വന്ന് ആശുപത്രിയിലാക്കിയിരിക്കുന്നു... കഴിവതും വേഗത്തിലാണ് വിനു അവിടേക്ക് ചെന്നത്...

എത്തിയപ്പോൾ കണ്ടു അവളുടെ അമ്മയുടെ കയ്യിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് തൻെറ കുഞ്ഞ്..... തൻെറ രക്തം........

ഒരാണിൻെറ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷം..

അമ്മയുടെ കണ്ണുനീർ കെെകളിലേക്ക് വീണപ്പോഴാണ് വിനു അവരെ നോക്കിയത് ...

കരഞ്ഞു ചുവന്ന അവരുടെ കണ്ണുകളിൽ നിന്ന് അരുതാത്തതെന്തോ അവന് വായിക്കാൻ കഴിഞ്ഞു...

തൊട്ടടുത്തായി നിലത്ത് ചാരിയിരിക്കുകയായിരുന്നു അവളുടെ അച്ഛൻ....

"ൻെറ മോള് പോയീട്ടോ... കുഞ്ഞിനെ ഒന്ന് കാണുക പോലും ചെയ്യാണ്ട് പോയി...."

അയാളുടെ വാക്കുകൾ ഉമിത്തീ പോലെ നെഞ്ചിൽ ഉരുകി വീണു.....

അവൾ പോയി.......

എല്ലാം തിരിച്ചറിഞ്ഞ് കൊടുക്കാതെ പോയ സ്നേഹമെല്ലാം തിരികെ നൽകാനായി വന്നപ്പോഴേക്കും അവൾ തന്നെ വിട്ട് പോയി.....

കുഞ്ഞുമായി അവൻ റൂമിലേക്ക് കയറി.... കണ്ണുകളടച്ച് വെള്ള പുതച്ച് കിടത്തിയിരിക്കുന്ന അവളെ കണ്ടപ്പോൾ സമനില കെെ വിട്ട് പോകുമെന്ന് അവനു തോന്നി.. തൻെറ കയ്യിലിരിക്കുന്ന കുഞ്ഞിനെ വിനു അവളുടെ നേർക്ക് നീട്ടി.. അവൾക്ക് കാണാനായി........

ഇനിയുള്ള ജീവിതം തൻെറ കുഞ്ഞിന് വേണ്ടിയാണ്... പ്രാണനായി കൂടെ നിന്നവളെ എന്തിനോ വേണ്ടി തള്ളിക്കളഞ്ഞു..  അവൾ പോയപ്പോൾ അവൻ തിരിച്ചറിയുകയായിരുന്നു തനിക്ക് നഷ്ടമായത് തൻെറ ആത്മാവിനെ തന്നെയാണെന്ന സത്യം...

ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ എന്തിനൊക്കെയോ വേണ്ടി... ആർക്കൊക്കെയോ വേണ്ടി ഉപേക്ഷിക്കുമ്പോൾ നാം മറന്നു പോകുന്ന സത്യം ഇതാണ്... ഇഷ്ടം തിരികെ നൽകാനായി ചെല്ലുമ്പോൾ ഒരു മാപ്പു പറച്ചിലിനു പോലും കാത്തു നിൽക്കാതെ അവർ നടന്നകന്നിട്ടുണ്ടാകും.....

Sandhrpt

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്