പെണ്ണ് എന്തിനു പ്രതികരിക്കണം

" പെണ്ണ് എന്തിനു പ്രതികരിക്കണം "

രാജീവിന്റെ രോമാവൃതമായ നെഞ്ചിൽ തലചേർത്തു കൊഞ്ചലോടെ ഭാമ ചോദിച്ചു രാജീവേട്ടാ എനിക്കൊരു കൂട്ടം പറയാനുണ്ട്.., ഉം.... രാജീവ് കനപ്പിച്ചൊന്നു മൂളി. ഇതിപ്പോ കുറച്ചുനാളായി രാജീവേട്ടൻ ഇങ്ങനെ തന്നാ എന്തായാലും ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ. ഭാമ തുടർന്നു.. ഏട്ടാ ഈ മാസത്തെ സാലറി കിട്ടുമ്പോൾ എനിക്കൊരു ടു വീലർ വാങ്ങിച്ചാലോ ബസിൽ തൂങ്ങിയാടി മടുത്തു.. ഇതാകുമ്പോൾ കാലത്ത് ഇത്തിരി താമസിച്ചാലും ബസിനു പിറകെ ഓടാതെ ജോലിക്ക് പോകാലോ,ആ സുപ്രണ്ടിന്റെ ചീത്ത കേട്ടു മടുത്തു ഇനിയും താമസിച്ചു ചെന്നാൽ ഒപ്പിടാൻ ചെല്ലണ്ടെന്നാ പറഞ്ഞേ.. 
ഭാമ ഇടക്കൊന്നു നിർത്തി രാജീവിനെ ഒന്നു പാളി നോക്കി.. ഇല്ല പ്രതീക്ഷിച്ചൊരു ഭാവമാറ്റമൊന്നും രാജീവിൽ പ്രകടമായില്ല, അവൾ എന്തോ പറയാനായി മുതിർന്നതും രാജീവ് അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് സംസാരിച്ചു തുടങ്ങി, ഭാമേ ഈ കാര്യം ഇനി നമ്മുടെ ഇടയിൽ സംസാരിക്കണ്ടാ എന്നു ഞാൻ പറഞ്ഞിട്ടുള്ളതാ, ഇനിയിപ്പോ വണ്ടിയേൽ കേറി നടന്നിട്ടു വേണം നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ, പോരാത്തതിന് അമ്മയെങ്ങാനും ഇതറിഞ്ഞാലുള്ള പുകില് നിനക്ക് ഞാൻ പറഞ്ഞു തരണോ ?തികട്ടി വന്ന സങ്കടം ഉള്ളിലൊതുക്കി ഭാമ ദയനീയ ഭാവത്തിൽ രാജീവിനെ ഒന്നു നോക്കി..    അവൾക്കു മുഖം കൊടുക്കാതെ രാജീവ് തിരിഞ്ഞു കിടന്നു., അവൾ ഇതു പ്രതീക്ഷിച്ചാണ് എങ്കിലും.., പുതപ്പൊന്നുകൂടി കാലിലേക്ക് വലിച്ചിട്ടു രാജീവിനോട് ചേർന്ന് കിടന്നവൾ ആലോചിച്ചത് കിടപ്പറയിലെ സ്വകാര്യതയിൽ ഏതാഗ്രഹവും സാധിച്ചു തരുന്ന ഭർത്താവിന്റെ കഥ പറയുന്ന സ്വാതിയെക്കുറിച്ചാണ്,ഒരു ടു വീലർ മോഹം പോലും സമ്മതിപ്പിക്കാൻ കഴിയാത്ത ഞാനുൾപ്പെടയുള്ള പെൺ  സമൂഹം ദൃശ്യത്തിലെ മീനയെ കണ്ടു പഠിക്കണം, ഒരൊറ്റ തിരിഞ്ഞു കിടപ്പിൽ ഒരു മാരുതി കാറല്ലേ ലാലേട്ടനെക്കൊണ്ട് മീന സമ്മതിപ്പിച്ചത്, സിനിമയെ ഒരിക്കലും പച്ചയായ ജീവിതയാഥാർഥ്യങ്ങളുമായി താരതമ്യം ചെയ്യാൻ പറ്റില്ലല്ലോ... പ്രതികരിക്കാൻ കഴിയാത്ത പെണ്ണുങ്ങളിൽ ഒരുവളല്ലേ ഞാനും. ചോദ്യവും ഉത്തരവും സ്വയം ചോദിച്ചും, ഉത്തരം കണ്ടെത്തി ന്യായികരിച്ചും എപ്പോളോ അവൾ ഉറക്കത്തിലേക്കു വഴുതി വീണു..
                ഒരു ദിവസത്തിന്റെ തുടക്കം അറിയിച്ചുള്ള  അലാറത്തിന്റെ ശബ്ദം കേട്ടതും ഭാമ ഞെട്ടിഉണർന്നു, എന്നും ആഗ്രഹിക്കും പുലർക്കാലത്തെ തണുപ്പിൽ മൂടി പുതച്ചു കിടന്നുറങ്ങാൻ, അങ്ങനെയൊന്നും ആഗ്രഹിക്കാനുള്ള അവകാശം തനിക്ക് ഇല്ലല്ലോ.. കാരണം താൻ ഒരു പെണ്ണല്ലേ,  രാജീവിന്റെ ഉറക്കത്തെ അലോസരപ്പെടുത്താതെ അവൾ പതുക്കെ എഴുന്നേറ്റു ഉറക്കത്തിന്റെ ആലസ്യം വിട്ടൊഴിയാതെ കണ്ണുകളുമായി മുടി വാരിക്കെട്ടി അവൾ അടുക്കളയിലേക്ക് നടന്നു.. അടുപ്പിൽ തീ കൂട്ടി ഉയരുന്ന പുകയിലേക്ക് നോക്കി നിൽക്കവേ തന്റെ മനസും ഇതുപോലെ പുകയുകയല്ലേ എന്ന് അവൾ ചിന്തിച്ചു പോയി, ചിന്തിച്ചു നിൽക്കാൻ നേരമില്ല എന്നുള്ള മനസിന്റെ ഓർമ്മപ്പെടുത്തൽ യന്ത്ര സമാനമായ ചടുലതയിൽ ജോലികൾ തീർക്കാൻ അവളെ പ്രാപ്തയാക്കി, സോപ്പ് വെള്ളം കുടിച്ചു ചീർത്ത രാജീവിന്റെ ജീൻസുമായി അലക്കുകല്ലിനോട് മല്ലിടുമ്പോൾ ഡോക്ടർ സൂസന്റെ വാക്കുകളായിരുന്നു മനസ്സിൽ നിറയെ, ഭാമാ.. ഒരു നാലുമാസം വരെ എങ്കിലും കുറച്ച് റസ്റ്റ് എടുക്കണം ഒരുപാട് ഭാരം ഉയർത്താതെയും കഠിന ജോലികൾ ചെയ്യാതെയും ശ്രദ്ധിക്കണം.. പിന്നെ തന്നോട് കൂടുതലായി ഒന്നും പറഞ്ഞുതരേണ്ട ആവശ്യം ഇല്ലല്ലോ.. ദൈവത്തിന്റെ മാലാഖമാരെന്നുള്ള വിളിപ്പേരുള്ള ആതുരസേവനം കുടുംബജീവിതത്തിന്റെ ഭാഗമാക്കിയ  എന്റെ പരിചയസമ്പത്തിലുള്ള വിശ്വാസമാകാം ഡോക്ടറെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. മുന്നിൽ വരുന്ന രോഗികളിൽ സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും കാണാൻ ശ്രമിക്കുന്ന തന്റെ അവശതകളെ കാണാൻ തനിക്കാരും ഇല്ലല്ലോ എന്നുള്ള തിരിച്ചറിവ് അവളെ തളർത്തി, അടിവയറ്റിലേക്കു ഒന്നു കൈ ചേർത്തു വച്ചപ്പോൾ ആരോ ഉള്ളിൽ ഇരുന്നു ആശ്വസിപ്പിക്കുന്നു എന്നൊരു തോന്നൽ.  ആ തിരിച്ചറിവിൽ പൂർവാധികം ശക്തിയോടെ അവൾ ജോലികൾ തുടർന്നു..  എല്ലാം എന്നത്തേയും പോലെ തന്നെ രാജീവിനുള്ള പ്രാതൽ വിളമ്പികൊടുത്ത്  അയാളെ ഓഫിസിലേക്ക് അയച്ച്,  ഊണുമേശയിൽ അമ്മക്കുള്ള  ആഹാരങ്ങളൊക്കെ എടുത്തുവച്ചു തിടുക്കത്തിൽ റെഡിആയി അമ്മയോട് യാത്രപറഞ്ഞു ഉമ്മറത്തേക്ക് ഇറങ്ങിയ മാത്രയിൽ പുറകിൽനിന്നും അമ്മയുടെ വിളിവന്നു,, എനിക്ക് കുളിക്കാനുള്ള വെള്ളം അടുപ്പത്തു വച്ചോ നീ.,ശരിയാണ് മറന്നു ഇന്നലെ പറഞ്ഞതായിരുന്നു രാവിലെ അമ്പലത്തിൽ പോകണം കുളിക്കാൻ വെള്ളം ചൂടാക്കണം എന്നൊക്കെ, ഉമ്മറത്തെ കസേരയിലേക്ക് ബാഗും വച്ച് ധൃതിയിൽ അടുക്കളയിലേക്കോടി ചാരത്തിൽ പൊതിഞ്ഞു കിടക്കുന്ന തീക്കനലുകൾ തന്നെ നോക്കി പല്ലിളിക്കുന്നതായി ഭാമക്ക് തോന്നി.. ഉന്തിയുരുട്ടി വെള്ളചെമ്പിനെ അടുപ്പത്തു കയറ്റി ഓടിപിടിച്ചു ബസ് സ്റ്റോപ്പിൽ എത്തിയപ്പോളേക്കും സ്ഥിരം പോകാറുള്ള ബസിന്റെ പൊടിപോലും ഇല്ലായിരുന്നു,സുപ്രണ്ടിന്റെ ചീത്തവിളി ഓർത്തപ്പോളേക്കും പറന്നുപോകാൻ പറ്റിയെങ്കിൽ എന്ന് ചിന്തിച്ചുപോയി ഒടുക്കം വന്നു നിന്ന കെ എസ് ആർ ടി സി  ബസ് കണ്ടപ്പോൾ തന്നെ ശ്വാസം പോയി, സുപ്രണ്ടിന്റെ മുഖം മനസ്സിൽ തെളിഞ്ഞതോടെ ആ തിരക്കിലേക്ക് ഞാനും വലിഞ്ഞു കേറി കാലുകുത്താൻ ഇടം കിട്ടിയ ആശ്വാസത്തിൽ തൂങ്ങി ആടി നിന്നപ്പോൾ ആണ് ഓർത്തത് താൻ ഭക്ഷണം കഴിക്കാൻ മറന്നു, പിന്നേ സ്വയം തിരുത്തി മറന്നതല്ലല്ലോ രാവിലെ ഭക്ഷണം തനിക്ക് ഇപ്പൊ ശീലമില്ലല്ലോ രാവിലത്തെ പരക്കം പാച്ചിലിൽ ഒഴിവാക്കാൻ കഴിയുന്നതായി ഇതൊന്നു മാത്രമേ ഉണ്ടായിരുന്നുള്ളു..  കാറ്റ് തഴുകിയ കണ്ണുകൾ പതിയെ അടഞ്ഞുപോയി, പുറംകഴുത്തിൽ എന്തോ ഇഴയുന്നു എന്ന തിരിച്ചറിവിൽ ഞെട്ടി കണ്ണ് തുറന്നു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ നിൽക്കുന്ന മധ്യവയസ്സ്കനെ കണ്ടതും കണ്ണുകളെ പിൻവലിച്ച് കുറച്ചുകൂടി മുൻപോട്ടെക്ക് ആഞ്ഞു നിന്നു,തനിക്കു  തോന്നിയതാകും എന്ന് സ്വയം ആശ്വസിച്ചു നിൽക്കവേ പെട്ടന്ന് വീണ്ടും അതേ അനുഭവം ഇത്തവണ പുറംകഴുത്തിൽ നിന്നും കുറച്ച് താഴേക്ക് സ്ഥലം മാറി എന്നു മാത്രം, കഴിവതും അകലം പാലിക്കാൻ ശ്രമിച്ചു നിന്നു. എന്നത്തേയും പോലെ ഇന്നും സാരി ഉടുത്താണ് നിന്നതെങ്കിൽ എന്നുള്ള ചിന്ത ആ സന്ദർഭത്തിലും അവളിൽ ഞെട്ടലുണ്ടാക്കി അയാളുടെ പരാക്രമം കൂടി വന്നതോടെ സഹികെട്ട് ഭാമ തിരിഞ്ഞു നിന്നു, ചേട്ടാ കുറച്ചൊന്നു നീങ്ങി നിൽക്കാമോ അല്ലെങ്കിൽ കൈ ഒന്നു അടക്കിവച്ചാലും മതി. ആളുകൾ ശ്രദ്ധിക്കുന്നു എന്നു തിരിച്ചറിഞ്ഞതോടെ അയാൾ പൊട്ടിത്തെറിച്ചു ബസിൽ തിരക്കുള്ളപ്പോൾ ചിലപ്പോൾ ഒന്നു മുട്ടുകയും തട്ടുകയും ഒക്കെ ചെയ്യും, അതിനൊക്കെ മറ്റേ അർഥം കാണുന്ന ഇവളെയൊക്കെ എന്നാ ചെയെണ്ടേ, ഭാമ ഞെട്ടിതരിച്ചു  നിന്നുപോയി അത്രേം വിഷമം ഉണ്ടെങ്കിൽ വീട്ടിൽ കെട്ടിയോൻ ഇല്ലേ ??ഭാമക്ക് കണ്ണിൽ ഇരുട്ടു കയറുന്നപോലെ തോന്നി... അവൾ സീറ്റ് ന്റെ കമ്പിയിൽ മുറുകെ പിടിച്ചു അയാളുടെ അസഭ്യവർഷം പിന്നെയും തുടർന്നപ്പോൾ തന്റെ കുഞ്ഞിതോന്നും കേൾക്കാതിരിക്കാൻ  അവൾ വയറ്റിൽ അമർത്തി പിടിച്ചു ചുറ്റിലും തന്നെ നോക്കുന്ന കണ്ണുകളിൽ കാരുണ്യത്തിന്റെ ചെറു കണികപോലും അവശേഷിക്കുന്നില്ല എന്ന യാഥാർഥ്യം അവളെ പിന്നെയും തളർത്തി.. അടുത്ത് നിൽക്കുന്ന സുമുഖയായ ചെറുപ്പക്കാരി ഭാമയുടെ ചെവിയിൽ ശബ്ദംതാഴ്ത്തി പറഞ്ഞു ബസിൽ ഇതൊക്കെ പതിവാ ചേച്ചി, എന്തിനാ ഒച്ചയെടുത്തത് ആരും നമ്മളെ സപ്പോർട്ട് ചെയ്യില്ല പെണ്ണുങ്ങൾക്ക്‌ പറഞ്ഞിട്ടുള്ളതല്ല ചേച്ചി പ്രതികരണം. തന്റെ ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയതും സ്വപ്നത്തിലെന്നവണ്ണം ഭാമ ബസിൽ നിന്നും ഇറങ്ങി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു.... അപ്പോഴും ആ പെൺകുട്ടിയുടെ വാക്കുകൾ മനസിനെ കുത്തി നോവിച്ചുകൊണ്ടിരുന്നു
"പെണ്ണെന്തിന് പ്രതികരിക്കണം.. ??"

Meenusudhi

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്