റോസ്ലിൻ

❤റോസ്‌ലിൻ❤
ഫുൾ പാർട്ട്‌

ഭാഗം     1

സൺ‌ഡേ... ഹർത്താൽ.... ദീപാവലി.... ഹോ... എല്ലാം കൂടി അടുപ്പിച്ച് 3-4 ദിവസത്തെ ലീവ്...എങ്ങനെ അടിച്ച് പൊളിക്കും. ഫ്രെണ്ട്സുമൊത്ത് ഗോവയിലേക്ക് ടൂർ പോയാലോ  എന്ന് ആലോചിക്കുമ്പോഴാണ് റോസ്‌ലിനെ ഓർമ വന്നത്.
റോസ്‌ലിൻ...
fb യിലെ ഒരു ഗ്രൂപ്പിൽ  വെച്ചായിരുന്നു അവളെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. ഞാൻ ആ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത ഒരു പോസ്റ്റിൽ അവൾ ഇട്ട ഒരു കമന്റിന് റിപ്ലൈ കൊടുത്തു കൊണ്ടായിരുന്നു ഞങ്ങൾ ആദ്യമായി മിണ്ടിയത്. പിന്നീട് ആ ഗ്രൂപ്പിൽ ഞാനിടുന്ന എല്ലാ പോസ്റ്റിനും ആദ്യം ലൈക്‌ ചെയ്യുന്നതും കമന്റ് ഇടുന്നതും അവളായി.

ഗ്രൂപ്പിലെ പോസ്റ്റ്‌ കമന്റിൽ നിന്ന് തുടങ്ങിയ ഞങ്ങളുടെ സൗഹൃദം സാവധാനം ഫ്രണ്ട് റിക്വസ്റ്റ്ലേക്കും പിന്നെ അത് ഇൻബോക്സിലേക്കും വഴിമാറി. ചാറ്റിൽ കൂടി ഞങ്ങൾ നന്നായി പരിചയപ്പെട്ടു... അടുത്തറിഞ്ഞു...എന്നേക്കാൾ 3-4 വയസ് കൂടുതൽ ഉണ്ട് അവൾക്ക്. 

അവളുടെ വകയിൽ ഒരു കാരണവരെ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ പരിചരിച്ചതിന്ന് അവൾക്ക് ഇഷ്ടദാനമായി കിട്ടിയ ഒരു ബംഗ്ലാവിൽ ഒറ്റയ്ക്കായിരുന്നു അവിവാഹിതയായ റോസ്‌ലിന്റെ താമസം.

എന്റെ നാട്ടിൽ നിന്ന് ഏകദേശം 150 കിലോമീറ്ററോളം ഉണ്ട് അവളുടെ നാട്ടിലേക്ക്. മൂന്ന് മാസം മുൻപായിരുന്നു അവളോട്‌ അവസാനമായി മിണ്ടിയത്.അതിന് ശേഷം ജോലിത്തിരക്ക് കാരണം ഓൺലൈനിൽ എനിക്ക് അങ്ങനെ വരാൻ പറ്റിയിരുന്നില്ല.ഇടക്ക് വല്ലപ്പോഴും വന്നപ്പോഴൊക്കെ അവളെ ഞാൻ തിരഞ്ഞെങ്കിലും റോസ്‌ലിനെ ഓൺലൈനിൽ കണ്ടിരുന്നില്ല.അവസാനമായി കണ്ട ദിവസം  എന്നോട് എന്തോ നേരിട്ട് പറയാനുണ്ടെന്ന് അവൾ ഓർമിപ്പിച്ചിരുന്നു. അതിനായി അവൾ അവളുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞു തന്നത് ഇപ്പോഴും മറക്കാതെ മനസിലുണ്ട്.

ഞായറാഴ്ച...രാവിലെ തന്നെ അത്യാവശ്യം തീർക്കേണ്ട ചില ജോലിയൊക്കെ തീർത്തപ്പോഴേക്കും ഉച്ചയാവാറായി. വേഗം റെഡിയായി റോസ്‌ലിന്റെ നാട്ടിലേക്ക് പുറപ്പെട്ടു.

യാത്രയിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു ആകാംഷയും സന്തോഷവുമായിരുന്നു മനസ് നിറയെ. fb യിൽ പരിചയപ്പെട്ട് അടുത്ത,  തന്റെ പ്രിയ കൂട്ടുകാരിയെ ആദ്യമായി നേരിട്ട് കാണാൻ പോവുകയാണ്. ഫോട്ടോസ് പരസ്പരം കൈമാറിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള ഈ കണ്ടുമുട്ടൽ അവൾക്കും സർപ്രൈസ് ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

ഞാൻ ഫോണിൽ fb ലോഗിൻ ചെയ്ത് അവളെ തിരഞ്ഞു. ആൾ ഓൺലൈനിൽ ഇല്ല. മെസഞ്ചറിൽ 3 മാസങ്ങൾക്ക് മുൻപ് അന്ന് കണ്ട മെസ്സേജുകൾ മാത്രം. നേരെ റോസ്‌ലിന്റെ ടൈംലൈനിൽ പോയി. അവിടെയും മൂന്നു മാസം മുൻപുള്ള സ്റ്റാറ്റസ് അപ്‌ഡേഷൻ മാത്രം. എന്തേലും തിരക്കുകൾ കാരണമായിരിക്കും fb യിൽ വരാത്തതെന്ന് ഞാൻ കരുതി...എന്തായാലും ഇന്ന് പരസ്പരം അടുത്ത് കാണാൻ പോവുകയല്ലേ...

മൂന്ന് ബസ്സുകൾ മാറിക്കേറിയാണ് റോസ്‌ലിന്റെ ഗ്രാമത്തിൽ എത്തിച്ചേർന്നത്.കണ്ണെത്താ ദൂരത്തോളം നെൽപ്പാടം നിറഞ്ഞു നിൽക്കുന്ന കണ്ണിന് കുളിർമയേകുന്ന കാഴ്ച.സമയം സന്ധ്യയായി. സൂര്യൻ വിടപറയുന്നതിന്റെ സൂചനയായി പടിഞ്ഞാറേ  ചക്രവാളത്തിൽ ചുവപ്പ് രാശി പടർന്നിരുന്നു. ബസ്റ്റോപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്കെന്ന് റോസ്‌ലിൻ പറഞ്ഞുതന്നിരുന്നു.

ആ ഗ്രാമത്തിൽ ബസ്റ്റോപ്പിനടുത്തായി ആകെയുള്ള ഒരു ചായക്കട ആണെന്ന് തോന്നുന്നു, ഞായറാഴ്ച ആയത് കൊണ്ടാവാം അതും അടഞ്ഞുകിടന്നിരുന്നു.  ഞാൻ ചുറ്റും നോക്കി. ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. അവൾ പറഞ്ഞ അടയാളം വെച്ച് വീട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചു....ഇനീപ്പോ നടക്കുക തന്നെ.

ഇരുട്ടിന് കനം കൂടിത്തുടങ്ങി... ഞാൻ മൊബൈൽ എടുത്ത് ടോർച് ഓൺ ചെയ്തു. നെൽപാടത്തിന് ഇടയിലൂടെയുള്ള ചെമ്മൺ പാതയിലൂടെ ഒരു ഒന്നര കിലോമീറ്ററോളം ഞാൻ നടന്നു കാണും. വഴിയിൽ ഒരു മനുഷ്യ ജീവി പോയിട്ട് ഒരു വീടുപോലും കാണാനില്ല.

കുറച്ചു കൂടി നടന്നപ്പോൾ കുറച്ചു ദൂരെയായി ഒരു വെളിച്ചം കാണാൻ തുടങ്ങി. അത് തന്നെയാവും  റോസ്‌ലിന്റെ  വീട്.ഞാൻ  നടത്തത്തിന് വേഗം കൂട്ടി. ചുറ്റുമതിലോട് കൂടിയ ഒരു വലിയ ഇരുനില വീട്. വീട് റോസ്‌ലിന്റെ തന്നെയാണോ എന്നുറപ്പിക്കാൻ വേണ്ടി മതിലിൽ മാർബിൾ ഫലകത്തിൽ കൊത്തിയിരിക്കുന്ന പേരിലേക്ക് ഞാൻ മൊബൈൽ ടോർച്ചടിച്ചു നോക്കി.

"നീലാംബരി "

ഇത് തന്നെ വീട്. ഗേറ്റ് മലർക്കെ തുറന്നു കിടന്നിരുന്നു. ഇത്ര ഇരുട്ടിയിട്ടും ഗേറ്റ് അടച്ചില്ലല്ലോ... ഇനീപ്പോ റോസ്‌ലിൻ അടക്കാൻ മറന്നതാണോ അതോ ഉറങ്ങിപ്പോയതാണോ എന്നിങ്ങനെ ചിന്തിച്ച് ഞാൻ അകത്തു കയറി ഗേറ്റ് ചേർത്തടച്ച് വീടിനു നേരെ നടന്നു. വീടിന് മുൻവശത്തുള്ള ഒരു ബൾബ് മാത്രം കത്തിക്കിടക്കുന്നു. വീടിനകത്ത് നിന്ന് വെളിച്ചത്തിന്റെ ഒരു കണിക പോലും പുറത്തേക്ക് കാണുന്നില്ല. ഒരു ആളനക്കവും കേൾക്കുന്നില്ല.

റോസ്‌ലിനെ വിവരമറിയിക്കാതെ ഇത്രയും ദൂരെ ഒരു പരിചയവുമില്ലാത്ത ഈ കുഗ്രാമത്തിലേക്ക് പോന്നത് ആനമണ്ടത്തരം ആയിപ്പോയെന്ന് മനസ് മന്ത്രിക്കാൻ തുടങ്ങി.

വരുന്നത് വരട്ടെ എന്ന് കരുതി ചുമരിലെ കോളിംഗ് ബെൽ സ്വിച്ചിൽ ഞാൻ വിരലമർത്തി. അകത്ത് ബെല്ലടിയുന്ന ശബ്ദം പുറത്തേക്ക് കേട്ടു. കുറച്ചു നേരം കാത്തിരുന്നു...ഒരു  അനക്കവും കേൾക്കാനില്ല.  രണ്ടു മൂന്ന് പ്രാവശ്യം കൂടി ഞാൻ സ്വിച്ചിൽ അമർത്തി നോക്കി. ഒരു മറുപടിയും ഇല്ല. ഇങ്ങോട്ട് പുറപ്പെടാൻ തോന്നിയ നിമിഷത്തെ മനസ്സിൽ ശപിച്ചുകൊണ്ട് നിരാശയോടെ പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയ ഞാൻ പുറകിൽ വാതിൽ തുറക്കുന്ന  ശബ്ദം കേട്ട് തിരിഞ്ഞു നിന്നു.

വാതിൽ തുറന്ന് പുറത്തേക്ക് വന്ന റോസ്‌ലിനെ കണ്ട എന്റെ സന്തോഷത്തിന്  അതിരില്ലായിരുന്നു.
ഫോട്ടോയിൽ ഞാൻ കണ്ടതിലും സുന്ദരിയായിരുന്നു അവൾ.അവൾ ധരിച്ചിരുന്ന ആ ഇളം നീല നൈറ്റി അവൾക്ക്‌ നന്നായി ചേരുന്നുണ്ടായിരുന്നു.

"ദിയാൻ.....എന്നെ കാണാനായി ഇത്രയും ദൂരേക്ക് വന്നിട്ട് കാണാതെ തിരിച്ചു പോവുകയാണോ " ചിരിച്ചു കൊണ്ടാണ് റോസ്‌ലിൻ ചോദിച്ചത്. ഭംഗിയുള്ള ആ ചിരിയിൽ അവളുടെ പല്ലുകൾ മുത്ത് പോലെ തിളങ്ങുന്നുണ്ടായിരുന്നു...

റോസ്‌ലിൻ തുടർന്നു....
"നീ ഇന്ന് വരുമെന്ന് എനിക്കറിയാമായിരുന്നു ദിയാൻ "

ഞാൻ ഞെട്ടി " ങ്ങേ... അതെങ്ങനെ അറിയാം. നിനക്കൊരു സസ്പെൻസ് ആയിക്കോട്ടെ എന്ന് കരുതീട്ടാണ് നിന്നെ അറിയിക്കാതെ വന്നത് " !!!

"അതൊക്കെ ഉണ്ട് ദിയാൻ... ഇനി എന്തൊക്കെ അറിയാൻ കിടക്കുന്നു... പറയാം... വന്നകാലിൽ നിൽക്കാതെ അകത്തേക്ക് കേറി വാ "

ഞാൻ അകത്തേക്ക് കയറി... റോസ്‌ലിൻ വാതിലടച്ച് ലോക്ക് ചെയ്തു.
"ദൂരയാത്ര കഴിഞ്ഞു ക്ഷീണിച്ചു വരുവല്ലേ... ദിയാൻ പോയി ഫ്രഷ് ആയിട്ട് വാ... ഞാൻ അപ്പഴേക്കും ഫുഡ് എടുത്ത് വെക്കാം " ഒരു ബാത്ത് ടവൽ എടുത്ത് നീട്ടിക്കൊണ്ട് അവൾ മൊഴിഞ്ഞു.

ഞാൻ ഫ്രഷ് ആയി വന്നപ്പഴേക്കും ഡൈനിങ്ങ്  ടേബിളിൽ വിഭവങ്ങൾ നിരത്തി വെച്ച് കാത്തിരിക്കുകയായിരുന്നു റോസ്‌ലിൻ. ഞാൻ അത്ഭുതപ്പെട്ടുപോയി. ഞാൻ ഇന്നിവിടെ എത്തുമെന്ന് അവൾക്കെങ്ങനെ മനസിലായോ ആവോ !!
ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു. അത്രയും രുചിയുള്ള ഭക്ഷണം ഞാൻ ആദ്യമായിട്ട് കഴിക്കുകയായിരുന്നു.!!!

ഭക്ഷണം കഴിഞ്ഞതും എന്റെ സംശയങ്ങൾ ഓരോന്നായി റോസ്‌ലിനോട് ചോദിക്കാൻ ഒരുങ്ങിയതും എന്റെ മനസ് വായിച്ചത് പോലെ ചിരിച്ചു കൊണ്ട് അവൾ... " ദിയാൻ എന്തൊക്കെയാ ചോദിക്കാൻ പോവുന്നത് എന്നെനിക്കറിയാം... രണ്ടു മൂന്നു മാസമായി ഞാൻ എവിടെ ആയിരുന്നു എന്നറിയണം, പിന്നെ... ദിയാൻ  ഇന്ന് വരുമെന്ന് ഞാൻ എങ്ങനെ മനസിലാക്കി... ഇതൊക്കെയല്ലേ ദിയാന്റെ സംശയങ്ങൾ... ഒരുപാട് പറയാനുണ്ട്....ദിയാന്റെ ഈ വരവിനായി കാത്തിരിക്കുകയായിരുന്നു ഞാൻ... ഇപ്പൊ ദിയാന് നല്ല ക്ഷീണമുണ്ട്. ദാ ആ മുറിയിൽ പോയി കുറച്ചു നേരം വിശ്രമിക്ക്. അപ്പോഴേക്കും ഞാൻ കിച്ചനിൽ കുറച്ച് വർക്ക്‌ ഉണ്ട്.... അത് തീർത്തിട്ട് വേഗം വരാം "

ഞാൻ തലയാട്ടി...സത്യം പറഞ്ഞാൽ എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ഞാൻ മെല്ലെ മുറിയിലേക്ക് നടന്നു... മുറിയിലാകെ ഒരു പ്രത്യേക സുഗന്ധം... മനോഹരമായ കട്ടിലിൽ പുതിയ ബെഡ് ഷീറ്റ് വിരിച്ചിരിക്കുന്നു. ഞാൻ അതിൽ കിടന്നു. കിടന്നതും കൺപോളകളിൽ ആരോ മൃദുവായി തലോടുന്നത് പോലെ......

എന്തോ ഒരു ദു:സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ഞാൻ അടുത്തിരുന്ന മൊബൈൽ എടുത്ത് സമയം നോക്കി. നേരം പുലർന്നിരിക്കുന്നു...  9 മണി. !!!

സമയം നോക്കിയ ശേഷം ചുറ്റും കണ്ണോടിച്ച ഞാൻ ഞെട്ടി. മുറിയിലാകെ മാസങ്ങളായി അടച്ചിട്ടത് പോലെ ചിലന്തി വല നിറഞ്ഞിരിക്കുന്നു. മുറിയിലെ വായുവിന് ആകെയൊരു ദുഷിച്ച ഗന്ധം. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.  അപ്പോഴാണ് ഞാൻ കിടന്ന ബെഡ് ഞാൻ ശ്രദ്ധിച്ചത്. നിറയെ പൊടി പിടിച്ച പഴയ ഒരു ബെഡ് ഷീറ്റിലാണ് ഞാൻ കിടന്നിരിക്കുന്നത്. ഞാൻ ചാടിയെണീറ്റ് വേഗം മുറിക്ക് പുറത്തു കടന്നു. ഡൈനിങ്ങ് ഹാളിലെ പൊടി പിടിച്ച ടേബിളിൽ തലേന്ന് രാത്രി കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പ്ലെയ്റ്റുകളും അങ്ങനെ തന്നെ കിടക്കുന്നു. തലേന്ന് രാത്രി കണ്ടത് പോലെ ആയിരുന്നില്ല അപ്പോൾ വീടിന്റെ അവസ്ഥ. മാസങ്ങളായി ആൾത്താമസം ഇല്ലാതെ അടഞ്ഞു കിടന്നത് പോലെ. ഞാൻ റോസ്‌ലിനെ അവിടമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി. ധൈര്യം ചോരുന്നത് പോലെ. തുറന്നു കിടന്ന മുൻ വാതിലിലൂടെ ഞാൻ വേഗം വീടിന് പുറത്തേക്ക് നടന്നു. തലേന്ന് രാത്രി നടന്ന വഴിയിലൂടെ നടന്ന് ഞാൻ ബസ് സ്റ്റോപ്പിലെത്തി. ബസ് സ്റ്റോപ്പിന് തൊട്ടുള്ള ചായക്കട തുറന്നിരുന്നു. ഞാൻ അവിടെ കേറിയിരുന്ന് ഒരു ചായ പറഞ്ഞു.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പോലീസ് ജീപ്പ് സ്പീഡിൽ വന്ന് റോസ്‌ലിന്റെ വീട്ടിലേക്ക് പോവുന്ന ചെമ്മൺ പാതയിലേക്ക് തിരിഞ്ഞു പോവുന്നത് കണ്ടു.

" പോലീസ് വണ്ടിയൊക്കെ പോവുന്നല്ലോ എന്തേലും പ്രശ്നമുണ്ടോ ?".....

ചായക്കടക്കാരനോട് ഞാൻ ചോദിച്ചു...

" പോലീസുകാർ പോവുന്നത് 'നീലാംബരി ' ബംഗ്ലാവിലേക്കായിരിക്കും. അവിടെ ആരോ ഇന്നലെ അതിക്രമിച്ചു കയറി ഗെയ്റ്റും വാതിലുമൊക്കെ തുറന്നിട്ടിരിക്കുന്നു എന്ന് പറയുന്നത് കേട്ടു. രണ്ടര മാസം മുൻപ് ആ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന റോസ്‌ലിൻ എന്ന സ്ത്രീ ആ വീട്ടിൽ വെച്ച് കൊലചെയ്യപ്പെട്ടിരുന്നു. അതിന്റെ കേസന്വേഷണം ഇപ്പോഴും തീർന്നിട്ടില്ല. ഇപ്പൊ പകല് പോലും ആ വീടിനടുത്തുകൂടി ആരും പോവാറില്ല. ആ സംഭവത്തിനു ശേഷം വീടിനടുത്തുള്ള വയലിൽ പണിക്കുപോയ ഒന്നുരണ്ടുപേർ ആ വീടിന്റെ രണ്ടാം നിലയിൽ  ജനലിനടുത്ത് ഒരു സ്ത്രീ രൂപം നിൽക്കുന്നത് കണ്ട് പേടിച്ചു എന്ന് പറയുന്നത് കേട്ടു."

എന്റെ ഞെട്ടൽ ഞാൻ പുറത്തു കാണിച്ചില്ല. ചായക്കടക്കാരന് സംശയം തോന്നരുതല്ലോ. ചായയുടെ കാശ് കൊടുത്ത ശേഷം ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്റെ മനസാകെ ഇളകി മറിയുകയായിരുന്നു.ഞാൻ
കഴിച്ചുകൂട്ടിയ ഇന്നലത്തെ രാത്രിയെ കുറിച്ചോർത്തുള്ള പേടിയേക്കാൾ എന്റെ മനസിനെ ബാധിച്ചത് എന്റെ പ്രിയ കൂട്ടുകാരിയുടെ മരണം അറിഞ്ഞുള്ള ദുഖവും സങ്കടവുമായിരുന്നു.
തിരിച്ചുള്ള യാത്രയിൽ മുഴുവൻ എന്റെ ചിന്ത റോസ്‌ലിനെ കുറിച്ചായിരുന്നു.

ആരായിരിക്കും എന്റെ റോസ്‌ലിനെ കൊന്നത്.... ?

എന്തിനായിരിക്കും.... ??

എന്തായിരിക്കും അവൾക്കെന്നോട് പറയാനുണ്ടായിരുന്നത്.... ???

പ്രിയ കൂട്ടുകാരീ... ഞാൻ ഒരിക്കൽ കൂടി വരും... നിന്നെ കാണാൻ... നിനക്കെന്നോട് പറയാനുണ്ടായിരുന്നത് മുഴുവൻ കേൾക്കാൻ. :-/ :-/

                തുടരും

ദിയാൻ
[റോസ്‌ലിൻ

*ഭാഗം.... 2*
     -----

ആരായിരിക്കും എന്റെ റോസ്‌ലിനെ കൊന്നത്.... ?

എന്തിനായിരിക്കും.... ??

എന്തായിരിക്കും അവൾക്കെന്നോട് പറയാനുണ്ടായിരുന്നത്.... ??

തുടരുന്നു....

അന്നത്തെ സംഭവങ്ങൾ എന്റെ മനസിനെ വല്ലാതെ ഉലച്ചു കളഞ്ഞു....ഉറക്കം നഷ്ട്ടപ്പെട്ട രാത്രികൾ.. ഇടക്കൊന്ന് മയങ്ങിപ്പോയാൽ റോസ്‌ലിൻറെ കരയുന്ന മുഖം മുൻപിൽ തെളിഞ്ഞു വരുന്നു...ആ കരയുന്ന മുഖത്തു നിന്നും എന്നോടുള്ള ആ ചോദ്യം...ആ അപേക്ഷ ഞാൻ വായിച്ചെടുത്തു...

"ദിയാൻ...പ്രിയ കൂട്ടുകാരാ... വരില്ലേ നീ എന്നെ കാണാൻ... ഒരിക്കൽ കൂടി. " :-/

ഇനിയും ഇങ്ങനെ ഉറക്കമില്ലാതെ.... മനസ്സിൽ ശോകമൂകമായ റോസ്‌ലിൻറെ മുഖവുമായി.... വയ്യ..... ഇതിനൊരു തീരുമാനം ആവണം.... ഞാൻ ഫോൺ കയ്യിലെടുത്തു....
  
എന്റെ റിലേഷനും സുഹൃത്തുമായ സ്ഥലം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ്‌ റഫീഖ്നെ ഫോണിൽ വിളിച്ച് ചെറിയൊരു ചമ്മലോടെ ആണെങ്കിലും റോസ്‌ലിനെ fb യിൽ നിന്ന് പരിചയപ്പെട്ടതു മുതൽ ഞാൻ അവളുടെ വീടായ " നീലാംബരിയിൽ " പോയത് വരെയുള്ള കാര്യങ്ങൾ വിശദമായി അവനെ പറഞ്ഞ് കേൾപ്പിച്ചു..... ഇടക്ക് തിരിച്ച് ഒരു ചോദ്യവും ചോദിക്കാതെ മുഴുവൻ മൂളിക്കേട്ടതിനു ശേഷം റഫീഖിന്റെ റിപ്ലൈ ഇതായിരുന്നു.

"ദിയാൻ പറഞ്ഞ കാര്യങ്ങൾ അതിലെ അവസാന ഭാഗം... കൊല്ലപ്പെട്ട റോസ്‌ലിനെ നേരിട്ട് കണ്ടു എന്ന് പറഞ്ഞത് വിശ്വസിക്കുക എന്നത്  .... ഞാൻ പഠിച്ച എത്തിക്സിന് എതിരാണ്. എന്നാലും പറഞ്ഞത് ദിയാൻ ആയത് കൊണ്ട്... അങ്ങനെ ചുമ്മാ ഒരു കാര്യം.... അതും എന്നെ പോലൊരു പോലീസ് ഓഫീസറോടു ദിയാൻ പറയില്ല എന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ടും ഞാനിത് മുഖവിലക്കെടുക്കുന്നു....ഈ കേസിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്...കേസന്വേഷണം ഇപ്പൊ വഴിമുട്ടി നിൽക്കുകയാണ്. അന്വേഷിക്കുന്നത് എന്റെ ഒരു സുഹൃത്ത് കൂടിയായ സി. ഐ. അനിൽ കുമാറാണ്. ദിയാന്റെ അനുഭവവും വിവരണവും വളരെ interesting ആയി തോന്നുന്നു... കേസന്വേഷണം മുന്നോട്ട് കൊണ്ടുപോവാൻ  സഹായകരമാകുന്ന എന്തെങ്കിലും ദിയാന്റെ ഇപ്രാവശ്യത്തെ യാത്രയിലൂടെ നമുക്ക് കിട്ടും എന്ന് എന്റെ മനസ് പറയുന്നു.  ഞാൻ C.I. അനിൽ കുമാറുമായി  ഇതിനെ കുറിച്ച് ഇപ്പൊ തന്നെ സംസാരിച്ച് ദിയാനെ വിവരമറിയിക്കാം... Anyway...അറിഞ്ഞുകൊണ്ട് ഒരു കൊലപാതകം നടന്ന വീട്ടിലേക്ക് വീണ്ടും പോവാനുള്ള ദിയാന്റെ മനസിന്റെ ആ ധൈര്യത്തെ.... പ്രിയ കൂട്ടുകാരിയോടുള്ള ആ നിഷ്കളങ്ക സ്നേഹത്തെ... ഞാൻ അഭിനന്ദിക്കുന്നു. "

"താങ്ക്യൂ റഫീഖ് " ...

ഉടനെ തന്നെ തന്റെ കാൾ ദിയാന്  പ്രതീക്ഷിക്കാം എന്ന റഫീഖിന്റെ വാക്കോട് കൂടി അവന് താങ്ക്സ് പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും... ജീൻസിന്റെ പോക്കറ്റിൽ നിന്നും എന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി... ഞാൻ വേഗം ഫോൺ എടുത്തു നോക്കി...

Calling.... Muhammed Rafeeq

ഞാൻ കാൾ അററൻറ് ചെയ്തു..."ദിയാൻ...ഞാൻ ഇൻസ്പെക്ടർ അനിൽ കുമാറുമായി നമ്മുടെ വിഷയം വിശദമായി സംസാരിച്ചിട്ടുണ്ട്...അവനിൽ നിന്നും വളരെ പോസിററീവായ മറുപടിയാണ് നമുക്ക് കിട്ടിയിട്ടുള്ളത്...ദിയാന്റെ നീലാംബരിയിലേക്കുള്ള യാത്ര, വഴിമുട്ടി നിൽക്കുന്ന റോസ്‌ലിൻ വധക്കേസിന്റെ നിഗൂഢതയുടെ ചുരുൾ അഴിയാൻ സഹായകമാകും എന്ന് തന്നെയാണ് അനിലിന്റെയും വിശ്വാസം.ദിയാനിൽ അവനിപ്പോൾ നല്ല പ്രതീക്ഷയാണുള്ളത്...കാരണം വേറൊന്നുമില്ല... ഈ കേസ് തെളിഞ്ഞാൽ അനിൽ കുമാറിന് ഒരു പ്രൊമോഷൻ ഉറപ്പാണ്... ദിയാന് നീലാംബരിയിലേക്ക് പോവാൻ വേണ്ടി എന്ത് സഹായം വേണമെങ്കിലും അവനവിടെ ഒരുക്കിത്തരും. റോസ്‌ലിൻറെ വീട്ടിലേക്ക് നീ ഒറ്റയ്ക്കാണ് പോകുന്നതെങ്കിലും ഒരു വിളിപ്പാടകലെ അനിൽ കുമാറും അവന്റെ ഫോഴ്സും നിന്റെ സുരക്ഷയ്ക്കായി ഉണ്ടായിരിക്കും..... ഇപ്പൊ സമയം 3 pm.... 4 മണിക്ക് നമുക്ക് പുറപ്പെടണം... 7 മണിക്ക് മുൻപായി നമുക്കാ നാട്ടിലെത്തണം... ഇന്ന് രാത്രി തന്നെ നീലാംബരിയിലേക്ക്... നിന്റെ പ്രിയ കൂട്ടുകാരിയുടെ അരികിലേക്ക് പോവണം... എന്നിട്ട് റോസ്‌ലിനു പറയാനുള്ളതിൽ അവളുടെ മരണത്തിന് ഉത്തരവാദികളായവരെ കുറിച്ച് എന്തെങ്കിലും ഒരു ക്ലൂ നിനക്ക് കിട്ടിയാൽ നമ്മൾ വിജയിച്ചു... കത്തി കൊണ്ടുള്ള 18 മുറിവുകൾ ഉണ്ടായിരുന്നു റോസ്‌ലിൻറെ ശരീത്തിൽ... അതിൽ ഇടത് മാറിൽ ആഴത്തിൽ ഉണ്ടായ 2 മുറിവുകൾ ആണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌... അപ്പോൾ എല്ലാം പറഞ്ഞത് പോലെ... കൃത്യം 4 മണിക്ക് ഞാൻ കാറുമായി നിന്റെ വീട്ടിൽ എത്തിയിരിക്കും...പുറപ്പെടാൻ റെഡി ആയിക്കോളൂ... ബാക്കിയെല്ലാം നേരിട്ട് പറയാം. "

റഫീഖ് കാൾ കട്ട്‌ ചെയ്തു.

റോസ്‌ലിന്റെ വീട്ടിലേക്ക്...

"നീലാംബരി"യിലേക്ക്  എന്റെ രണ്ടാമത്തെ യാത്ര.

കഴിഞ്ഞ തവണ ഞാൻ പോയത് ജീവിച്ചിരിക്കുന്ന എന്റെ പ്രിയ കൂട്ടുകാരിയെ തേടിയായിരുന്നു. ആ സമയം ഭയം എന്ന വികാരത്തിന്റെ ഒരു കണിക പോലും എന്റെ മനസിന്റെ ഒരു കോണിൽ പോലും ഉണ്ടായിരുന്നില്ല.... പക്ഷേ... ഇപ്രാവശ്യം ചെറിയൊരു ഭയം മനസ്സിൽ ഉണ്ട്.... കാരണം ഇപ്രാവശ്യം ഞാൻ പോകുന്നത് മരിച്ചു കഴിഞ്ഞ റോസ്‌ലിന്റെ അടുത്തേക്കാണ്...

തുടരും ...

*റോസ്‌ലിൻ    3**റോസ്‌ലിൻ*

*ഭാഗം     3  (അവസാനം)*


റോസ്‌ലിന്റെ വീട്ടിലേക്ക്...

"നീലാംബരി"യിലേക്ക്  എന്റെ രണ്ടാമത്തെ യാത്ര....

കഴിഞ്ഞ തവണ ഞാൻ പോയത് ജീവിച്ചിരിക്കുന്ന എന്റെ പ്രിയ കൂട്ടുകാരിയെ തേടിയായിരുന്നു. ആ സമയം ഭയം എന്ന വികാരത്തിന്റെ ഒരു കണിക പോലും എന്റെ മനസിന്റെ ഒരു കോണിൽ പോലും ഉണ്ടായിരുന്നില്ല.... പക്ഷേ... ഇപ്രാവശ്യം ചെറിയൊരു ഭയം മനസ്സിൽ ഉണ്ട്.... കാരണം ഇപ്രാവശ്യം ഞാൻ പോകുന്നത് മരിച്ചു കഴിഞ്ഞ റോസ്‌ലിന്റെ അടുത്തേക്കാണ്...

തുടരുന്നു......

3:45 pm.

ഞാൻ പുറപ്പെടാൻ റെഡിയായി... വീടിന് പുറത്തിറങ്ങി ഗേറ്റ് തുറന്നു വെച്ച് തിരിച്ച് വന്ന് സിറ്റൗട്ടിലെ കസേരയിൽ സുഹൃത്തിന്റെ വരവിനായി കാത്തിരുന്നു... 3:55 ന് പുറത്ത് റോഡിൽ ഒരു വാഹനത്തിന്റെ ഹോൺ ശബ്ദം,  കൂടെ ഗേറ്റ് കടന്ന് ഒരു ബ്ലൂ കളർ ഓഡി കാർ മെല്ലെ ഒഴുകി മുറ്റത്ത് വന്ന് നിന്നു.
ഞാൻ മുറ്റത്തേക്കിറങ്ങി കാറിനകത്തേക്ക് നോക്കി...

റഫീഖ്... അവൻ മഫ്ടിയിൽ ആയിരുന്നു...ഗുഡ്... അല്ലേലും ഇങ്ങനൊരു യാത്രയിൽ യൂണിഫോമിൽ  അല്ലാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്... കാറിന്റെ സൈഡ് വിൻഡോ ഗ്ലാസ്‌ പതിയെ താണു....

"ദിയാൻ.... അതിഥി സൽകാരമൊക്കെ പിന്നെ മതി :)  നമുക്ക് വേഗം പുറപ്പെടണം... ഇപ്പൊ സമയം 4 മണി.... 7 മണിക്ക് മുൻപായി നമുക്കവിടെ എത്തണം... അവിടെ ഇൻസ്‌പെക്ടർ അനിൽകുമാർ നമ്മൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്... പിന്നെ രാത്രി 10 മണിക്ക് മുൻപായി എനിക്കിവിടെ തിരിച്ചെത്തേണ്ട അത്യാവശ്യ കാര്യവും ഉണ്ട്.
നമ്മൾ നേരെ പോയി അനിൽകുമാറിനെ മീറ്റ് ചെയ്യുന്നു.... കാര്യങ്ങളൊക്കെ എങ്ങനെ നീങ്ങണമെന്ന് നിങ്ങൾ തമ്മിൽ പ്ലാൻ ചെയ്താൽ മതി..... ദിയാൻ റെഡി ആണെങ്കിൽ നമുക്ക് പുറപ്പെടാം... "

ഞാൻ അവനെ വീട്ടിലേക്ക് ക്ഷണിചെങ്കിലും അവൻ പിന്നെയാവട്ടെ എന്ന മറുപടിയാണ് തന്നത്... ഞാൻ കൂടുതൽ നിർബന്ധിക്കാൻ  പോയില്ല... ഒരുപാട് തിരക്കുള്ള ആളാണ്... ഈ യാത്രയിൽ എന്റെ കൂടെ വരുന്നത് തന്നെ വലിയ കാര്യമാണ്... ഞാൻ വേഗം കാറിലേക്ക് കയറി.... ഞങ്ങൾ പുറപ്പെട്ടു... യാത്രയിൽ ഞങ്ങളുടെ സംസാരം മുഴുവൻ റോസ്‌ലിനെ കുറിച്ചായിരുന്നു...

6:35 pm.

ഞങ്ങൾ റോസ്‌ലിൻറെ വീട്ടിൽ നിന്നും ഏകദെശം 10 കിലോമീറ്റർ ഇപ്പുറമുള്ള ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു... അവിടെ അനിൽ കുമാർ ഞങ്ങളെ പ്രതീക്ഷിച്ച് സ്റ്റേഷന് വെളിയിൽ തന്നെ ഉണ്ടായിരുന്നു.... ഞങ്ങൾ കാറിൽ നിന്നിറങ്ങി... റഫീഖ്ന് സല്യൂട്ടും എനിക്ക് ഷേക്ക്‌ ഹാൻഡും തന്ന് ഇൻസ്‌പെക്ടർ ഞങ്ങളെ സ്വീകരിച്ചു... പുറത്തു വച്ച് തന്നെ ഞങ്ങൾ 3 പേരും കാര്യങ്ങളൊക്കെ സംസാരിച്ചു തീരുമാനിച്ചു...

റഫീഖ് യാത്ര പറഞ്ഞ് തന്റെ കാറിൽ കയറി തിരിച്ചു പോയി... ഞാൻ റോസ്‌ലിൻറെ  "നീലാംബരി " യിലേക്ക് പുറപ്പെടാൻ ഒരുങ്ങി... ഞങ്ങളുടെ പ്ലാൻ പ്രകാരം സ്റ്റേഷനിൽ നിന്ന് അനിൽ എന്നെ അവന്റെ ബൈക്കിൽ  റോസ്‌ലിൻറെ വീട്ടിൽ നിന്നും ഏകദേശം ഒരു രണ്ടര കിലോമീറ്റർ ഇപ്പുറം മെയിൻ റോഡിൽ ഡ്രോപ്പ് ചെയ്തു... എനിക്ക് ആവശ്യം വന്നാൽ സഹായത്തിനായി അവനും ഫോഴ്സും ഈ പരിസരത്ത് ഉണ്ടാവും എന്നും പറഞ്ഞ് അനിൽ എനിക്കൊരു "ഓൾ ദി ബെസ്റ്റ് "  തന്ന് തിരിച്ചു പോയി...   അവിടെ നിന്ന് നീലാംബരിയിലേക്ക് കഴിഞ്ഞ പ്രാവശ്യത്തെ പോലെ നടന്നു പോവാനാണ് ഞാൻ  തീരുമാനിച്ചിരുന്നത്...

ഞാൻ മെല്ലെ നടക്കാൻ തുടങ്ങി...നല്ല ഇരുട്ട്... വെളിച്ചത്തിന്റെ ഒരു കണിക പോലുമില്ല... ഞാൻ മൊബൈൽ എടുത്ത് സമയം നോക്കി... 8:20...മൊബൈൽ ടോർച് ഓൺ ചെയ്തു... ഞാൻ റോസ്‌ലിൻറെ വീട്ടിലേക്ക് തിരിയുന്ന ചെമ്മൺ പാതയിലേക്ക് തിരിഞ്ഞു... വഴിയിലെങ്ങും അന്നത്തെ പോലെ ഇന്നും ഒരു മനുഷ്യ ജീവിയില്ല...ആകാശം കാർമേഘങ്ങളാൽ മൂടിയിരുന്നു... ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നു...ഇരുണ്ട ആകാശത്തെ കീറിമുറിച്ചു കൊണ്ട്  ഇടക്ക് ഓരോ മിന്നൽപിണർ കാണാനുണ്ട്....

ചെറുതായി മഴ ചാറാൻ തുടങ്ങി... ഞാൻ നടത്തത്തിന് വേഗം കൂട്ടി...  ഇടക്കിടെയുള്ള മിന്നൽ വെളിച്ചത്തിൽ ദൂരെയായി "നീലാംബരി " ദൃശ്യമാകാൻ തുടങ്ങി...ഒരു ചെറു കാറ്റ് പോലുമില്ല... പ്രകൃതിയാകെ ഒരു തണുത്ത നിശബ്ദത... എന്റെ ഹൃദയത്തിന്റെ മിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു....ഇനി ഗെയ്റ്റിനടുത്തെത്താൻ ഒരു 100 മീറ്റർ ദൂരം കൂടി കാണും...പെട്ടെന്നാണ് മിന്നൽ വെളിച്ചത്തിൽ ഞാനത് കണ്ടത്...ഗെയ്റ്റിനടുത്ത് ആരോ നിൽക്കുന്നത് പോലെ... ഞാൻ വേഗം മൊബൈൽ ടോർച്ച് ഓഫ്‌ ചെയ്ത്  അടുത്ത മിന്നൽ വെളിച്ചത്തിനായി കാത്തുനിന്നു... അടുത്ത മിന്നലിൽ ഞാൻ വ്യക്തമായി തന്നെ കണ്ടു...അവർ രണ്ടു പേരുണ്ടായിരുന്നു... ഞാൻ വേഗം അവർക്ക് നോക്കിയാൽ കാണാൻ പറ്റാത്ത തരത്തിൽ ഒരു ഭാഗത്തേക്ക്‌ ഒതുങ്ങി മാറി നിന്ന് അവരെ നിരീക്ഷിക്കാൻ തുടങ്ങി...
അവർ ചുറ്റും നോക്കുന്നുണ്ട്.... വീടിനകത്തേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് അവരെന്ന് തോന്നുന്നു... ഇരുട്ടായത് കൊണ്ട് അവരുടെ മുഖം വ്യക്തമല്ലായിരുന്നു... ഒന്നുകൂടി ചുറ്റുപാടും നോക്കി ആരുമില്ല എന്നുറപ്പു വരുത്തി അവർ ഗേറ്റ് തുറന്ന് അകത്തു കടന്നു....ഞാൻ ഒരു 5 മിനിറ്റ് നേരം നിന്നിടത്ത് തന്നെ അനങ്ങാതെ നിന്നു... ഇനി ടോർച്ച്  ഉപയോഗിക്കുന്നത് ബുദ്ധിയല്ല...വെളിച്ചത്തിൽ അവരെന്നെ  കണ്ടേക്കാം...അത് പാടില്ല... അവരുടെ  ഉദ്ദേശ്യം എന്താണെന്നറിയണം... ടോർച്ച് ഓഫ്‌ ചെയ്ത് മൊബൈൽ പോക്കറ്റിൽ ഇട്ട് ഞാൻ മെല്ലെ നടന്ന് വീടിന്റെ  മതിലിനരികിലെത്തി... മതിലിനരികിലൂടെ  ഗേറ്റിനടുത്തെത്തി അഴികൾക്കിടയിലൂടെ അകത്തേക്ക് നോക്കി... അകത്തേക്ക് പോയ ആ രണ്ടുപേരെ അവിടെയെങ്ങും കാണാനില്ലായിരുന്നു...മഴ പെയ്യാൻ തുടങ്ങി.... ഞാൻ പതിയെ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു...ആ അപരിചിതർ അവിടെയെങ്ങാനും ഉണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു... എന്തിനായിരിക്കും അവർ ഈ അസമയത്ത് നീലാംബരിയിലേക്ക് വന്നത് ?...എന്തായിരിക്കും അവരുടെ ഉദ്ദേശ്യം ??...റോസ്‌ലിൻറെ കൊലപാതകത്തിൽ ഇവർക്ക് എന്തെങ്കിലും പങ്കുണ്ടാവുമോ ???... എന്നിങ്ങനെ ചിന്തിച്ചു കൊണ്ട് ആ ഇരുട്ടിലൂടെ ഞാൻ വീടിന് നേരെ നടന്നു...എങ്ങുനിന്നോ ഒഴുകി വന്ന ഒരു കുളിർ തെന്നൽ എന്നെ തഴുകി കടന്നുപോയി... പെട്ടെന്നായിരുന്നു ആ പ്രദേശമാകെ വെള്ളി വെളിച്ചത്തിൽ കുളിപ്പിച്ച് കൊണ്ട് അതിശക്തമായ ഒരു മിന്നൽ... ആ മിന്നൽ വെളിച്ചത്തിൽ വ്യക്തമായി ഞാൻ കണ്ടു...

വീടിന്റെ രണ്ടാം നിലയിലെ ജനലരികിൽ എന്നെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന ഒരു സ്ത്രീ രൂപം..... റോസ്‌ലിൻ !!

ഒരു വെളിച്ചം പോലുമില്ലാതെ കട്ടപിടിച്ച ഇരുട്ടിൽ ആ വീട് ഒരു ഭാർഗ്ഗവീ നിലയം പോലെ തോന്നി എനിക്ക്... ഞാനവിടെ തന്നെ നിന്നു... അടുത്ത മിന്നൽ വെളിച്ചത്തിൽ എന്റെ പ്രിയ കൂട്ടുകാരിയെ ഒരു നോക്ക്കൂടി കാണാൻ... പക്ഷേ മഴയും നനഞ്ഞുള്ള ആ നിൽപ്പ് വെറുതെയായി.... അടുത്ത മിന്നൽ വെളിച്ചത്തിൽ പ്രതീക്ഷയോടെ ഞാൻ ആ ജനലിലേക്ക് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.... അവിടെ റോസ്‌ലിൻ  ഉണ്ടായിരുന്നില്ല... എന്നാലും എനിക്കുറപ്പുണ്ട്...എന്നെ അവൾ കണ്ടുവെന്ന്... എനിക്കവളെ ഇവിടെ കാണാൻ കഴിയുമെന്ന്...

ഞാൻ മുറ്റത്തു നിന്ന് സിറ്റൗട്ടിലേക്ക് കയറി... മിന്നലിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്....എന്നാലും  ആ ചെറിയ വെളിച്ചത്തിൽ വീടിനകത്തേക്കുള്ള മുൻവാതിൽ തുറന്നു കിടക്കുന്നത് ഞാൻ കണ്ടു...ഗെയ്ററ് കടന്ന് പോന്ന ആ അപരിചിതർ വീടിനകത്തേക്ക് കടന്നിട്ടുണ്ടെന്ന് എനിക്കുറപ്പായി... സി.എെ. അനിൽ കുമാറിന് ജസ്ററ് ഒരു മിസ്ഡ് കാൾ കൊടുത്താൽ മതി...പത്ത് മിനിററിനുളളിൽ അവനും പോലീസുകാരും ഇവിടെ പറന്നെത്തും....സമയമായില്ല...ആദ്യം എന്താണ് അവരുടെ ഉദ്ദേശ്യം എന്നറിയണം...
ഞാൻ ശബ്ദമുണ്ടാക്കാതെ പതിഞ്ഞ കാൽ വെയ്പ്പുകളോടെ അകത്തേക്ക് കടന്നു... ഞാൻ കാതോർത്തു...  വീടിന്റെ രണ്ടാം നിലയിൽ നിന്നും ആരോ നടക്കുന്നത് പോലെയുള്ള ശബ്ദം... കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ ഡൈനിങ്ങ് ഹാളിന്റെ ഇടത് വശത്തായി മുകൾ നിലയിലേക്കുള്ള സ്റ്റയർ കണ്ടത് എനിക്കപ്പോൾ ഓർമ വന്നു...ഞാൻ ടോർച്ച് തെളിയിക്കാതെ തന്നെ മെല്ലെ തപ്പിപ്പിടിച്ച് സ്റ്റയർ കണ്ടുപിടിച്ചു... മുകളിൽ നിന്നും മങ്ങിയ ഒരു വെളിച്ചം സ്റ്റയറിലേക്ക് എത്തി നിൽക്കുന്നുണ്ടായിരുന്നു... ആ മങ്ങിയ വെളിച്ചത്തിൽ കോണിപ്പടിയുടെ ഏറ്റവും മുകളിലത്തെ പടിയിൽ താഴേക്ക് നോക്കി ആരോ ഇരിക്കുന്നത് പോലെ... ഞാൻ പതിയെ പോക്കറ്റിൽ നിന്ന് മൊബൈൽ കയ്യിലെടുത്ത് നന്നായി വെളിച്ചം പുറത്തു വരാത്ത രീതിയിൽ ഇടതു കൈകൊണ്ട് മറച്ചു പിടിച്ച് ടോർച്ച് ഓൺ ചെയ്തു....

ആദ്യം ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും എന്റെ പ്രിയ കൂട്ടുകാരിയുടെ ചിരിക്കുന്ന ആ മുഖം എന്റെ ഭയത്തെ ദൂരീകരിച്ച് മനസിന് സന്തോഷവും ധൈര്യവും പ്രദാനം ചെയ്യാൻ പര്യാപ്തമായിരുന്നു....

സന്തോഷാശ്രു  നിറഞ്ഞ കണ്ണുകളോടെ വിറക്കുന്ന ചുണ്ടുകളോടെ ഞാൻ പതിയെ വിളിച്ചു....

"റോസ്‌ലിൻ "...

" ദിയാൻ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ... നീ ഇന്ന് തന്നെ വരണമെന്ന് ഞാൻ മനസ്സിൽ അതിയായി ആഗ്രഹിച്ചിരുന്നു... എന്റെ ആ മോഹം ദൈവം സാധിച്ചു തന്നിരിക്കുന്നു...

നിനക്കറിയണ്ടേ നിന്റെ ഈ കൂട്ടുകാരിയെ ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി ഇല്ലാതാക്കിയവർ ആരാണെന്ന് ?

എന്തിനായിരുന്നു അവരത് ചെയ്തതെന്ന്.... ??

പറയാം... എന്റെ പപ്പയ്ക്ക്  ആദ്യത്തെ ഭാര്യയിൽ ഉണ്ടായ ഏക മകനാണ് വിക്ടർ... അവന്റെ മമ്മയുടെ മരണശേഷമാണു പപ്പ എന്റെ മമ്മയെ വിവാഹം കഴിച്ചത്... ചെറുപ്പത്തിലേ വിക്ടറിന് എന്നോട് എന്തോ ഒരു ദേഷ്യമായിരുന്നു... വേറെ കൂടെപിറപ്പില്ലാത്ത എനിക്ക് അവനോട് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ... പക്ഷേ അവൻ  അവന്റെ 5 വയസിനു ഇളയതായിരുന്ന എന്നെ എപ്പോഴും വല്ലാതെ ഉപദ്രവിക്കുമായിരുന്നു... ഒരു ദിവസം എനിക്ക്  ആറു വയസുള്ളപ്പോൾ  വീടിനടുത്തുള്ള  പുഴയിൽ നീന്തൽ അറിയാത്ത എന്നെ നീന്തൽ പഠിപ്പിക്കാം എന്ന് പറഞ്ഞ് നല്ല ആഴമുള്ള ഭാഗത്തു കൊണ്ടുപോയി തല ശക്തിയായി വെള്ളത്തിൽ മുക്കിപിടിച്ചു... ഭാഗ്യത്തിന് തക്ക സമയത്ത് യാദൃശ്ചികമായി പപ്പ ആ വഴി വന്നത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്...അന്ന് അവനെ പപ്പ ഒരു മരത്തിൽ കെട്ടിയിട്ട് ഒരുപാട് തല്ലി.... ഞാൻ പപ്പയുടെ കാലിൽ വീണ് കാല് പിടിച്ചു കരഞ്ഞു പറഞ്ഞിട്ടാണ് പപ്പ തല്ലു നിർത്തി അവനെ അഴിച്ചു വിട്ടത്...അന്നവൻ നാട് വിട്ടു പോയതാണ്... ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ മമ്മ മരിച്ചു.... അസുഖം കാരണം ജോലിക്ക് പോവാൻ വയ്യാതായ പപ്പ ആകെയുണ്ടായിരുന്ന സമ്പാദ്യമായ പുരയിടത്തിനു ലോൺ എടുത്തായിരുന്നു പഠിക്കാൻ മിടുക്കിയായ എന്നെ നഴ്സിംങ്ങിന് വിട്ടത്... നഴ്സിംഗ് മൂന്നാം വർഷം പഠിച്ചോണ്ടിരുന്നപ്പോഴാണ് എന്റെ എല്ലാമെല്ലാമായ പപ്പ എന്നെ തനിച്ചാക്കി ഈ ലോകത്തോട് വിട പറഞ്ഞ് പോയത്.... ലോൺ തിരിച്ചടക്കാതായപ്പോ വീടും സ്ഥലവും ബാങ്കുകാർ ജപ്തി ചെയ്തു... അപ്പോഴാണ് മമ്മയുടെ അകന്ന ബന്ധത്തിലുള്ള... ഈ നീലാംബരിയുടെ ഉടമസ്ഥനായ....കാരണവർ ദൈവദൂതനെ പോലെ യാദൃശ്ചികമായി അവിടെ എത്തുന്നതും അനാഥയായ എന്നെ ഇവിടേക്ക് കൊണ്ടു വരുന്നതും... അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ട് ഞാൻ നഴ്സിംഗ് പഠനം പൂർത്തിയാക്കി... അപ്പോഴേക്കും അദ്ദേഹം വാർദ്ധക്യ സഹചമായ രോഗങ്ങൾ ബാധിച്ച് കിടപ്പിലായി... അദ്ദേഹത്തെ ശുശ്രൂഷിക്കേണ്ട ചുമതല ഞാൻ ഭംഗിയായി നിർവഹിച്ചു...അധിക കാലം കഴിഞ്ഞില്ല...ഈ വീടും ഇതിന് ചുററുമുള്ള 6 ഏക്കർ തോട്ടവും എന്റെ പേരിൽ എഴുതിവെച്ചിട്ട് അദ്ദേഹം ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞു...ഈ വലിയ വീട്ടിൽ തനിച്ചായ ഞാൻ ഒരു മനസമാധാനത്തിനു വേണ്ടിയായിരുന്നു എഫ് ബി ഓപ്പൺ ചെയ്തത്..... നല്ല എഴുത്തുകൾ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഒരു ഭാഗ്യം പോലെ.... ഒരു നിമിത്തം പോലെ നിന്നെ കൂട്ടുകാരനായി കിട്ടി.... അന്ന് നമ്മൾ അവസാനമായി മിണ്ടിയ ദിവസം ദിയാനെ ഉടനെ  നേരിട്ട് കാണണമെന്ന് പറയാൻ കാരണം.... അന്ന് പകൽ... 15 വർഷം മുൻപ് നാടുവിട്ടു പോയ എന്റെ സഹോദരൻ എന്നെ കാണാൻ വന്നിരുന്നു... വിക്ടർ... കൂടെ അവന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു...അവന്റെയുള്ളിൽ എന്നോട് എന്തിനോ ഉള്ള പകയായിരുന്നു എങ്കിലും തനിച്ചായിപ്പോയ ഞാൻ സ്നേഹത്തോടെ എന്റെ സഹോദരനെ കുറിച്ച് ഓർക്കാത്ത ദിവസങ്ങളില്ലായിരുന്നു... അവനെയും കൂട്ടുകാരനേയും  ഞാൻ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി... മുംബൈയിൽ അവന് എന്തോ ബിസിനസ്‌ ആയിരുന്നു എന്നും ഇപ്പോൾ ബിസിനസ്‌ പൊട്ടിയത് കാരണം ലക്ഷങ്ങൾ കടബാധ്യതയിൽ ആണെന്നും സംസാരത്തിനിടയിൽ അവനെന്നോട് പറഞ്ഞു...ഈ വീടും തോട്ടവും എന്റെ പേരിൽ  ആണെന്ന് മനസിലാക്കിയിട്ടാണെന്ന് തോന്നുന്നു പിന്നീടുളള അവന്റെ സംസാരത്തിൽ എന്തോ  പന്തികേടുളളത് പോലെ എനിക്ക് തോന്നി...യാത്ര പറഞ്ഞ് അവനും കൂട്ടുകാരനും പോയെങ്കിലും എന്തോ ഒരു ഭയം മനസ്സിൽ അനുഭവപ്പെട്ടു... അതിനു ശേഷം...നിന്റെ സാന്നിധ്യം എനിക്ക് ആശ്വാസമാകും എന്ന തോന്നൽ... അതാണ് ദിയാനോട് നേരിൽ കാണണം എന്ന് ഞാൻ പറഞ്ഞത്.....പക്ഷേ വൈകിപ്പോയിരുന്നു...

നിന്നോട് മിണ്ടിയതിന് ശേഷം രാത്രി ഒരു 8 മണി കഴിഞ്ഞിരിക്കും കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട ഞാൻ ഹാളിൽ വന്ന് ജനൽ കർട്ടൻ നീക്കി പുറത്തേക്ക് നോക്കി...യാത്ര പറഞ്ഞു പോയ വിക്ടറും കൂട്ടുകാരനും വീണ്ടും തിരിച്ചു വന്നിരിക്കുന്നു... മനസ് അരുതെന്ന് വിലക്കിയിട്ടും എന്നിലെ സഹോദര സ്നേഹം എന്നെക്കൊണ്ട് വാതിൽ തുറപ്പിച്ചു...വിക്ടറും കൂട്ടുകാരനും അകത്തേക്ക് കയറി വന്നു...മദ്യത്തിന്റെ രൂക്ഷഗന്ധം...വാതിൽ തുറന്നത് അബദ്ധമായിപ്പോയി  എന്ന് മനസിലായി... രണ്ടുപേരും നന്നായി കുടിച്ചിട്ടുണ്ടായിരുന്നു... വന്ന് കേറിയ ഉടനെ തന്നെ വിക്ടർ ആവശ്യപ്പെട്ടത് എന്റെ പേരിലുള്ള നീലാംബരിയും തോട്ടവും അവന്റെ പേരിലേക്ക് മാറ്റികൊടുക്കാനായിരുന്നു... അതിനായി അവൻ എന്നെക്കൊണ്ട് ഒപ്പ് ഇടുവിക്കാൻ മുദ്ര പേപ്പറുകളും കൊണ്ട് വന്നിരുന്നു...ഉള്ളതിന്റെ പകുതി അവന് കൊടുക്കാൻ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ... പക്ഷേ അവന്റെ അത്യാഗ്രഹവും ഉള്ളിലെ മദ്യവും കാരണം അതവന് സ്വീകാര്യമായില്ല....അവനും കൂട്ടുകാരനും കൂടി എന്നെ ബലമായി ഒപ്പിടുവിക്കാൻ ശ്രമിച്ചു... ഞാൻ വഴങ്ങിയില്ല.... മദ്യവും ദേഷ്യവും കൂടി വിക്ടറിനെ ഒരു ഭ്രാന്തനാക്കി മാറ്റി... അരയിൽ നിന്ന് വലിച്ചൂരിയെടുത്ത കത്തിക്ക് എന്റെ മരണം ഉറപ്പായതിന് ശേഷമേ പിന്നെ വിശ്രമം കിട്ടിയുള്ളൂ....."

റോസ്‌ലിൻ പറഞ്ഞു നിർത്തി...

എന്റെ കണ്ണ് നിറഞ്ഞു... ഞാൻ തലയുയർത്തി  അവളുടെ സുന്ദരമായ മുഖത്തേക്ക് നോക്കി... ആ നീല മിഴികൾ ചെറുതായി നിറഞ്ഞിരുന്നെങ്കിലും ആ ചുണ്ടുകളിൽ  അപ്പോഴും മനോഹരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു.

"റോസ്‌ലിൻ... അപ്പൊ നിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ആ രണ്ടു പേരാണോ കുറച്ചു മുൻപ് ഇങ്ങോട്ട് കയറി വന്നത് ?"

"അതെ ദിയാൻ.... അവർ തന്നെ... വിക്ടറും അവന്റെ കൂട്ടുകാരനും..."

"ഒരു കൊലപാതകം നടത്തിയ സ്ഥലത്തേക്ക് അതും പോലീസ് കേസന്യേഷണം നടന്നു കൊണ്ടിരിക്കേ വീണ്ടും വരാൻ അവർക്കെങ്ങനെ ധൈര്യം വന്നു !!! ?"

"അവരിവിടെ വന്നതല്ല...അവരെ ഇവിടെ വരുത്തിയതാണ് ദിയാൻ....
നിങ്ങൾ പ്രേതം ,  ആത്മാവ് എന്നൊക്കെ വിളിക്കുന്ന ഞങ്ങൾക്ക് ചില പ്രത്യേക കഴിവുകളൊക്കെ ഉണ്ടെന്നു കൂട്ടിക്കോളൂ "

ചിരിച്ചു കൊണ്ടാണ് റോസ്‌ലിൻ മറുപടി തന്നത്...

പോലീസുകാർ ഇടപെടേണ്ട സമയം  ആയിരിക്കുന്നു... എന്റെ  മൊബൈലിൽ നിന്നും  ഇൻസ്‌പെക്ടർ അനിലിന്റെ നമ്പറിലേക്ക് ഒരു കാൾ പോയി...

"ദിയാൻ.... പേടിക്കാനൊന്നുമില്ല... അകത്ത് അവർ രണ്ടു പേരും മദ്യപിച്ച് പാതി മയക്കത്തിലാണ്...  ഇനി ഞാനിവിടെ നിൽക്കേണ്ട കാര്യമില്ല എന്ന് തോന്നുന്നു.... എനിക്ക് പോവാനുള്ള സമയമായി... ദിയാനെ പിരിയുന്ന ഒരൊറ്റ സങ്കടം മാത്രമേ  എനിക്കുള്ളൂ.... ദിയാനെ എന്നും കാണാനായി ആകാശത്ത് ഒരു നക്ഷത്രമായി ഞാൻ മാറിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോവുന്നു.. "

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...

"ഞാൻ പോകുന്നു പ്രിയ കൂട്ടുകാരാ "

റോസ്‌ലിൻറെ രൂപം പതിയെ വായുവിൽ അലിഞ്ഞ് ഒരു പ്രകാശവലയമായി മാറി തുറന്നിട്ട ജനൽ വഴി പുറത്തേക്കൊഴുകി ആകാശത്തേക്കുയർന്നു.

കോണിപ്പടിയിൽ മുകളിലേക്ക് ഓടിക്കയറി വരുന്ന പോലീസ് ബൂട്സുകളുടെ ശബ്ദം...കൂടെ ശക്തമായ വെളിച്ചവും ... ഇൻസ്പെക്ടർ അനിൽ കുമാറും പോലീസുകാരും മുകളിലെത്തി...പിന്നെയെല്ലാം പെട്ടെന്നായിരുന്നു...മുറിയിൽ മദ്യ ലഹരിയിൽ മയങ്ങുകയായിരുന്ന പ്രതികളെ തട്ടിയുണർത്തി വിലങ്ങണിയിച്ച് പോലീസുകാർ താഴേക്ക് കൊണ്ടുപോയി...അനിൽ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു...റോസ്‌ലിൻ പറഞ്ഞ കാര്യങ്ങൾ അനിലുമായി സംസാരിച്ചു കൊണ്ട് ഞങ്ങൾ പോലീസ് വാഹനത്തിന്റെ അടുത്തെത്തി....വാഹനത്തിലേക്ക് കയറുന്നതിനു മുൻപായി ഞാൻ ഒന്ന് ആകാശത്തിലേക്ക് നോക്കി...

മഴമേഘങ്ങൾക്കിടയിൽ ആകാശത്ത് ഒരേയൊരു നക്ഷത്രം മാത്രം...!!!

അതെന്നെ നോക്കി കണ്ണിറുക്കിക്കാണിച്ചു.

😉😍

ശുഭം.

                        ദിയാൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്