അപ്രതീക്ഷിത പെണ്ണ് കാണൽ

അപ്രതീക്ഷിത പെണ്ണുകാണൽ
----------------------------------------------------
ഫുൾ പാർട്ട്

രാവിലെ കുളിയും കഴിഞ്ഞു അടുക്കളയിലോട്ട് ചെന്നപ്പോൾ 'അമ്മ പുഞ്ചിരിയോടെ ചായ എടുത്തു നീട്ടി. ഹേ... ഇതെന്ത് പറ്റി. സാധാരണ ചീത്തയാണല്ലോ പതിവ്. നേരത്തെ എണീറ്റില്ല, അടുക്കളയിൽ സഹായിച്ചില്ല എന്ന പരാതികൾ ഒക്കെയാണ് എന്നെ വരവേൽക്കാറ്. പിന്നെന്താ സ്പെഷ്യൽ. ആ... പിടുത്തം കിട്ടി. ഇന്നാണ് എന്റെ പെണ്ണ് കാണൽ. ഭഗവാനെ... ഇന്നാണോ ആ സുദിനം. കുറച്ച്‌ നാളായിട്ട് കല്യാണ കാര്യം പറയുമ്പോ ഒഴിഞ്ഞു മാറാറാണ് പതിവ്. പക്ഷെ, ഇന്നെന്നെ പെടുത്തിയതാ. പപ്പയുടെ സങ്കടം കരച്ചിലിന്റെ വക്കോളം എത്തീ എന്നറിഞ്ഞപ്പോ അറിയാതെ ഒന്ന് മൂളി പോയി. പിന്നെ എന്തേലും കാരണം കണ്ടുപിടിച്ചു ഊരി പോരാം എന്നായിരുന്നു ചിന്ത. ഇത് വെറുതെ ഇരിക്കുന്നോണ്ട് രാജ്യാന്തര കാരണങ്ങൾ ചിന്തിക്കാൻ ഉള്ളതിനാൽ ഈ കേസ് മനസ്സിൽ നിന്നും വിട്ടു പോയി. തടി തപ്പാനുള്ള പ്ലാൻ ഒന്നും ഇട്ടിട്ടില്ല. ശ്ശേ... ഇതൊക്കെ നേരത്തെ ആലോചിക്കണ്ടെ? ഇനിയിപ്പോ എന്ത് ചെയ്യും. ഒരു ഗാപ് കൊടുത്താൽ പപ്പ എന്റെ കെട്ട് നടത്തീട്ടെ വിടൂ. ചായ കുടിക്കിടയിൽ ആലോചനകൾ പലതും നടന്നെങ്കിലും ഒരുത്തരം മാത്രം കിട്ടിയില്ല.

മോളേ... സൗമ്യേ...
ഹേ... ഇതാരാണപ്പാ... തിരിഞ്ഞു നോക്കിയപ്പോ ഞാനൊന്ന് ഞെട്ടി. വല്യച്ഛൻ. ഈശ്വരാ... ഇനി രക്ഷയില്ല. പപ്പയുടെ അടുത്തെടുക്കുന്ന നമ്പർ ഒന്നും വല്യച്ഛന്റടുത്ത് ചിലവാവില്ല. അസ്സലായി... വല്യച്ഛൻ മാത്രമല്ല. തറവാട്ടിലെ കാരണവന്മാർ എല്ലാരും ഉണ്ട്. കലക്കി ഇന്ന് ഞാൻ പെട്ടത് തന്നെ.

തറവാട്ടിലെ ഏക പെൺതരിയാ ഞാൻ. എന്റെ കെട്ട്‌ നടന്നു കാണാൻ നോമ്പും നോറ്റിരിക്കുവാ എല്ലാരും. ഞാനാണെങ്കിൽ ഇപ്പൊ വേണ്ട... ഇപ്പൊ വേണ്ട... എന്ന് പറഞ്ഞു ഒഴിയാൻ തുടങ്ങിട്ട് കാലം കുറച്ചായി. ഇപ്പോ വയസ്സ് 26. കല്യാണം കഴിക്കാൻ ഇഷ്ടകുറവൊന്നുമില്ല. പക്ഷെ, ഇവരുടെ ഒക്കെ പൊന്നോമനയായി ജീവിച്ചിട്ട് കൊതി തീരണില്ല. മാത്രവുമല്ല, വല്ലവന്റേം വീട്ടിൽ അടിമയായി അവന്റെ ഇടിം കൊണ്ട് ജീവിക്കാൻ വയ്യ. എന്റെ സ്വഭാവം വച്ച് ഞാൻ ഇടി വാങ്ങാതെ പോരില്ല. സുഖത്തിലങ്ങനെ ജീവിച്ച് ശീലിച്ചു പോയി.

അതൊക്കെ പോട്ടെ... രക്ഷപെടാൻ വല്ല പഴുതുമുണ്ടോ? എട്ടനടക്കം എല്ലാരും ഹാജറുണ്ട്. ഇന്നെന്താ കൊച്ചി മഹാരാജാവാണോ പെണ്ണുകാണാൻ വരണെ?

ഈ വിധം ചിന്തകൾ കാടു കേറണേന്റെ ഇടക്ക് ചെറിയച്ഛന്റെ ചോദ്യം, എന്താ മോളെ ആലോചന?
വളിച്ച ഒരു ചിരി പാസ്സാക്കിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല ഞാൻ.
ഇവിടന്നു എങ്ങനെ രക്ഷപെടാം എന്നാവും അല്ലെ മോളെ?
പപ്പയുടെ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. എന്റെ മനസ്സ് എങ്ങനെ വായിച്ചെടുത്തു എന്ന ഭാവത്തിൽ കണ്ണ് രണ്ടും വെളിയിലേക്ക് വന്നതോടെ അവിടെ ഒരു കൂട്ട ചിരി മുഴങ്ങി.

അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 2
-----------------------------------------------------------------
ചമ്മിയ മുഖത്തോടെ നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. എന്റെ മുഖം വാടിയതറിഞ്ഞ പപ്പ പതിയെ അടുത്ത് വന്നു നെറുകയിൽ തലോടി.
എന്റെ മോൾക്കൊരു നല്ല ജീവിതം ഉണ്ടാവാനല്ലേ... ഇത് നല്ല ആലോചനയാ... അതോണ്ടാ പപ്പ നിർബന്ധിക്കണെ... മോൾക്ക് തീരെ ഇഷ്ടല്യാച്ചാ വേണ്ട. അവരോട് വരണ്ടാന്നു വിളിച്ചു പറയാം. ഇനി പപ്പ കല്യാണ കാര്യം പറയെംമില്ല.

എല്ലാവരും അത്ഭുതത്തിൽ എന്നേം പപ്പയേം മാറി മാറി നോക്കി. എന്തോ പറയാനാഞ്ഞ അമ്മയെ പപ്പ തടഞ്ഞു. ഞാൻ നോ എന്ന് പറയുമെന്ന് എല്ലാരും ഭയന്നു. പക്ഷെ, എന്റെ നിസ്സാര വാശിക്ക് മുന്നിൽ എന്റെ പപ്പയെ ആരുടെ മുന്നിലും നാണം കെടുത്താൻ ഞാൻ തയ്യാറല്ലായിരുന്നു.

തന്ന വാക്ക് ഞാൻ തെറ്റിക്കില്ല. പപ്പ തീരുമാനിച്ചോ. എനിക്ക് സമ്മതാണ്.

അത്രയും നേരം വീർപ്പടക്കി പിടിച്ച അന്തരീക്ഷം ഒരു ദീർഘ നിശ്വാസത്തിൽ സമനില വീണ്ടെടുത്തു. എല്ലാർക്കും സന്തോഷം. പെണ്ണുകാണൽ ഉഴപ്പാനുള്ള പദ്ധതി അതോടെ ഉപേക്ഷിച്ചു.

എല്ലാവരും ചെറുക്കൻ കൂട്ടരെ സ്വീകരിക്കാനുള്ള ഉത്സാഹത്തിലാണ്. ഇതെന്ത് പറ്റി? ഇത്രക്കങ്ങാർമ്മാദിക്കാൻ കല്യാണം ഉറപ്പിച്ചിട്ടൊന്നുമില്ലാലോ? സംശയങ്ങൾ പലതും മിന്നി മറഞ്ഞു. ഇങ്ങനൊരു അവസ്ഥ മുൻകൂട്ടി കാണാഞ്ഞത് കൊണ്ട് കാണാൻ വരുന്നവനെ പറ്റി ഒന്നും ചോദിച്ചിട്ടില്ല. ഇനി ചോദിക്കാനും പറ്റില്ല, എല്ലാരും കളിയാക്കും. എന്തെങ്കിലും വിവരം കിട്ടുമോന്നറിയാൻ അവിടേം ഇവിടെമൊക്കെ ഇടയ്ക്കിടെ ഞാൻ പ്രത്യക്ഷപ്പെട്ടു.

ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ ചില സൂചനകൾ കൈയിലുടക്കി. പപ്പയുടെ സുഹൃത്തും കുടുംബവുമാണ് വരാൻ പോകുന്നത്. നല്ല കുടുംബവും മറ്റുമാണെന്ന് എല്ലാർക്കും അറിയാം. പയ്യൻ ഏതോ എഞ്ചിനീയറിംഗ് കോളേജിൽ ലെക്ചറർ ആണത്രേ. ജാതകം വരെ സെറ്റ് ആക്കിട്ടാണ് വരവ്. ഒത്താൽ വാദ്യാർ എന്നേം കൊണ്ടുപോകുന്ന ലക്ഷണമാ. അതലോചിച്ചപ്പോ ഉള്ളൊന്നു കിടുങ്ങിയെങ്കിലും പുറമെ കാട്ടിയില്ല.

ഒടുവിൽ എന്റെ ഘാതകൻ; അല്ല എന്റെ രാജകുമാരൻ എത്തി ചേർന്നു.

അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 3
-----------------------------------------------------------------
ഈശ്വരാ... ജീവിതത്തിൽ ആദ്യത്തെ പെണ്ണുകാണൽ ആണ്. ഇന്ന് വരെ അതിനവസരം കൊടുത്തിട്ടില്ല. അപ്രതീക്ഷിതമായി വന്നു കയറിയ ചില ബ്രോക്കർമാർക്ക് മുമ്പിൽ നിന്ന് കൊടുത്തതല്ലാതെ വേറൊന്നും വേണ്ടി വന്നിട്ടില്ല. വാക്കു കൊടുത്തുപോയതുകൊണ്ട് ഇഷ്ടമായില്ല എന്ന് പറയാൻ നിവൃത്തിയില്ല. ഇനി ചെക്കന് എന്നെ പിടിച്ചില്ലെങ്കിൽ മാത്രം രക്ഷപെടാം. രക്ഷിച്ചേക്കണേ ഭഗവാനെ... അങ്ങനെ പ്രാർത്ഥിക്കുമ്പോളും ഇതിൽ നിന്ന് രക്ഷയില്ലെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സന്തോഷത്തിന്റെ അലയടി കേൾക്കുന്നുണ്ട്. എല്ലാര്ക്കും ബോധിച്ച ബന്ധമാണെന്ന്‌ അവിടത്തെ ചിരിയും ബഹളവും കേട്ടാൽ അറിയാം. സൽക്കാരത്തിന്റെ തിരക്കിലാണ് അമ്മയും വല്യമ്മയും ഏട്ടത്തിയും ഒക്കെ.

ഈ ഏട്ടത്തി എന്ന് പറയുന്ന സാധനം എന്റെ കൂട്ടുകാരിയാണ്‌. പ്ലസ്ടുവിന് എന്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു. ഇടയ്ക്കിടെ കമ്പയിൻ സ്റ്റഡി എന്ന് പറഞ്ഞു വീട്ടിൽ വന്നോണ്ടിരുന്നത് ഏട്ടനെ കാണാൻ ആണെന്ന് വൈകിയാണറിഞ്ഞത്. അവൾക്ക് വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങിപ്പോ ഞാനാണ് പപ്പയെകൊണ്ടു വല്യച്ചന്റടുത്ത് കാര്യം അവതരിപ്പിച്ചത്. ചുരുക്കത്തിൽ ആ കല്യാണത്തിന്റെ മൂന്നാൻ ഞാനാ. പക്ഷെ അതെനിക്കൊരു വലയാകുമെന്നു പിന്നീടാണ് മനസ്സിലായത്. അന്ന് മുതൽ എന്റെ കല്യാണകാര്യം പിടിമുറുക്കാൻ തുടങ്ങി. ഇപ്പൊ ആറു മാസം  ഗർഭമായിരിക്കുന്നു ഏട്ടത്തിക്ക്. എന്നെ കെട്ടിച്ചു വിടാതെ അവൾക്കിപ്പോ ഉറക്കം വരണില്ല. പിന്നെ പാവം ആയതുകൊണ്ടും ഏട്ടനെ നന്നായി നോക്കുന്നോണ്ടും ഞാൻ വെറുതെ  വിടുന്നു.

അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 4
-----------------------------------------------------------------
മോളേ... വല്യച്ഛന്റെ വിളി ചിന്തകളിൽ നിന്നുണർത്തി. ദൈവമേ... ഒരിക്കൽ കൂടി വിളിച്ചുകൊണ്ട് നമ്രശിരസ്കയായി അതിലേറെ വിനീതയായി ഞാൻ ചെന്നു. എല്ലാരേം ഒന്ന് പാളി നോക്കി. വീണ്ടും മുഖം കുനിച്ചു പുഞ്ചിരിയോടെ നിന്നു. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്. ആ മുഖം... അതേവിടെയോ... സംശയത്തോടെ ഞാൻ ഒന്ന് കൂടി മുഖമുയർത്തി. ഞാനൊന്നു ഞെട്ടി. അതെ... അതേ ആൾ തന്നെ. ഭഗവാനേ... ഇയാൾ... ഞെട്ടലിൽ പുറത്തേക്ക് തള്ളിയ കണ്ണുകൾ പിൻവലിക്കാൻ പോലും മറന്ന് ഞാൻ അങ്ങനെ തന്നെ നിന്നു. എന്നെ തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുകയാണ് അയാൾ.

മോൾടെ പേരെന്താ? സ്ത്രീജനങ്ങൾക്കിടയിൽ നിന്നുള്ള ചോദ്യം കേട്ട് ഏതോ ലോകത്തിൽ നിന്നെന്ന പോലെ ഞാൻ ഉണർന്നു. തൊണ്ട വരണ്ടു വെള്ളം വറ്റി നിൽക്കുകയാണ്, ഒരക്ഷരം ഉരിയാടാനാവുന്നില്ല. പരിഭ്രമം കൊണ്ട് ഞാനാകെ വിയർക്കാൻ തുടങ്ങി.
സൗമ്യ... ഒരു രക്ഷകനെ പോലെ ഏട്ടൻ രംഗ പ്രവേശം ചെയ്തു. ആശ്വാസത്തിൽ ഞാനൊന്ന് ഉച്ഛ്വസിച്ചു. പക്ഷെ ആ ആശ്വാസത്തിന് അധികം ആയുസ്സില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. അടുത്ത ചോദ്യം വേറേതോ ഭാഗത്ത് നിന്ന് വന്നു. തപ്പി പിടിച്ചു എന്തൊക്കെയോ മറുപടി പറഞ്ഞു ഞാൻ. ആദ്യത്തെ പെണ്ണുകാണലിന്റെ വ്യഗ്രത ആണെന്ന് എല്ലാരും കരുതി. ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യം കിട്ടിയില്ല.

ഇനി അവരെന്തെങ്കിലും സംസാരിച്ചോട്ടെ. കൂട്ടത്തിൽ ആരുടെയോ ഡയലോഗ് കേട്ട് ഞാൻ ആകെ വിറച്ചു. നാക്കൊട്ടിയ പോലെ നിന്നതല്ലാതെ എനിക്കൊന്നിനും സാധിച്ചില്ല.

എനിക്കൊന്നും സംസാരിക്കാനില്ല.
വർഷങ്ങൾക്കിപ്പുറം ആ ശബ്ദം കേട്ടപ്പോ മനസ്സ് എന്തൊക്കെയോ ഓർത്ത് പോയി. ദീപുവേട്ടൻ. ധൈര്യം സംഭരിച്ച് ഒരിക്കൽ കൂടി ഞാൻ മുഖമുയർത്തി നോക്കി. ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ തന്നെ നോക്കുകയാണ്.

അധികം സമയം എനിക്ക് അവിടെ നിൽക്കേണ്ടി വന്നില്ല. വീർപ്പടക്കി പിടിച്ചിരുന്ന ഞാൻ മുറിയിലെത്തിയിട്ടാണ് ശ്വാസം വിട്ടത്. അവരും അധികം വൈകാതെ മടങ്ങിപ്പോയി.

പെണ്ണുകാണലിന്റെ കഥകൾ പറഞ്ഞു എല്ലാരും ചിരിയോട് ചിരി. എന്നെ കളിയാക്കാൻ ഒരവസരം കിട്ടിയത് ആരും വെറുതെ കളഞ്ഞില്ല. ആരെയും കുറ്റം പറയാൻ പറ്റില്ല. കിട്ടിയ അവസരങ്ങളൊന്നും ഞാനും പാഴാക്കിയിട്ടില്ല. തിരിച്ചടികൾ കിട്ടി തുടങ്ങി എന്നെനിക്ക് മനസ്സിലായി. പെണ്ണുകാണലിന്റെ ഇടക്ക് എന്റെ വിക്കലുകൾ അവർക്ക് കളിയാക്കി ചിരിക്കാനുള്ള കാരണങ്ങൾ ആയി. പക്ഷെ സത്യത്തിൽ സംഭവിച്ചതെന്താണെന്ന് എനിക്കും ദീപുവേട്ടനും മാത്രം അറിയാം. കല്യാണം ഉറപ്പിച്ച മട്ടിലാ എല്ലാരുടേം സന്തോഷം. നടക്കാൻ സാധ്യത ഇല്ലാത്ത ഒന്നാണ് ഈ കല്യാണം എന്നെനിക്ക് തോന്നി. പഴയതൊന്നും അത്രപെട്ടെന്നയാൾ മറക്കാനിടയില്ല. ഞാനും...
******************************
പണ്ടേ ഞാനൊരു വായാടിയാണ്. എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോ റാഗിങ് എന്ന് പറഞ്ഞു എല്ലാരും ഭയപ്പെടുത്താൻ നോക്കിയപ്പോളും ഞാൻ കുലുങ്ങിയില്ല. ഉള്ളിലില്ലെങ്കിലും പുറമെ ഞാൻ ഭയങ്കര ധൈര്യശാലിയാ. അതുകൊണ്ടുതന്നെ ഫസ്റ്റ് ഡേ കോളേജിൽ പോകുംമ്പോൾ ഹൃദയം നാസിക് ഡോളിനേക്കാൾ ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. പക്ഷെ അഭിനയത്തിൽ ഞാൻ ഓസ്കാർ മേടിക്കും എന്നുള്ളതുകൊണ്ട് തുടക്കത്തിൽ തന്നെ സീനിയർ ചേട്ടന്മാർ പൊക്കി. പാട്ടുപാടലും കഥപറച്ചിലും പോലുള്ള സ്ഥിരം കലാപരിപാടികളിലൊക്കെ ഞാൻ പിടിച്ചു നിന്നു. അതോടെ അവർക്ക് വാശിയായി. ഒരു മുട്ടൻ പണിയാണ് പിന്നെ അവർ തന്നത്. അങ്ങകലെ ഒരാളെ ചൂണ്ടികൊണ്ട് എന്നോട് പറഞ്ഞു
നീ ആ ഇരിക്കുന്ന ചേട്ടന്റെ അടുത്തേക്ക് ചെന്ന് ഐ ലവ് യു എന്ന് പറഞ്ഞിട്ട് വാ.

എന്റെ കിളി പോയി. അത്ര നേരം പിടിച്ച് വച്ച കമ്പ്ലീറ്റ് ധൈര്യം ചോർന്നു പോയി. വേണോ എന്ന ഭാവത്തിൽ നിന്നെങ്കിലും രക്ഷയുണ്ടായില്ല. പറന്നു പോയ കിളിയെ തിരിച്ച് വിളിക്കാൻ പോലും സമയം കിട്ടിയില്ല. ഇത്ര നേരം കാണിച്ച ബിൽഡ്അപ്പ് പോകാൻ പാടില്ലലോ. ഈശ്വരനെ ദയനീയമായി വിളിച്ചുകൊണ്ട് ഞാൻ നടന്നു. വിറക്കുന്ന കാലുകൾ ഇടറി വീഴാതിരിക്കാൻ വേഗത്തിൽ നടന്നു. അടുത്തെത്തിയപ്പോൾ ആകപ്പാടെ വിറക്കാൻ തുടങ്ങി. ബോധം കെട്ടു വീഴുമോ എന്ന് ഞാൻ വല്ലാതെ ഭയന്നു.

പക്ഷെ എന്റെ സാമീപ്യം തിരിച്ചറിഞ്ഞ അയാൾ തിരിഞ്ഞ് നോക്കി. വിറങ്ങലിച്ചു നിൽക്കുന്ന എന്നെ നോക്കി നന്നായൊന്നു പുഞ്ചിരിച്ചു. ശ്വാസം വലിക്കാൻ ചെറിയൊരു ഇടം കിട്ടിയ പോലെ ഞാൻ ആശ്വസിച്ചു. ഞാനും ചിരിച്ചു.
എന്തേ?
ഞാൻ...
വന്ന കാര്യം പറയണോ എന്ന് സംശയിച്ച് തിരിഞ്ഞു നോക്കി. അവരവിടെ തന്നെ നിൽപ്പുണ്ട്. വേറെ വഴിയില്ല. അല്ലെങ്കിൽ കംപ്ലൈന്റ്റ് ചെയ്യണം. അങ്ങനെ തോറ്റ് കൊടുക്കാൻ തോന്നിയില്ല.
ചോദിച്ചത് കേട്ടില്ലേ?
ഒന്ന് ഞെട്ടിയെങ്കിലും ആ മുഖത്തെ ശാന്തത എന്നെ കൂടുതൽ ധൈര്യശാലിയാക്കി.
അത്... പിന്നെ... ഞാൻ...
എന്റെ പേര് സൗമ്യ. ഇവിടെ ഫസ്റ്റ് ഇയർ സിവിൽ ജോയിൻ ചെയ്തു. പിന്നെ... ഐ ലവ് യു.
ഒറ്റ ശ്വാസത്തിൽ എനിക്ക് പറയാനുള്ളതത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.

അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 5
-----------------------------------------------------------------
അന്നത്തോടെ ഞാൻ കോളേജിലെ സ്റ്റാർ ആയി മാറി. അത്രക്കും ധൈര്യം അവിടെ ആരും കാണിച്ചിട്ടില്ല. വല്യ സംഭവം ഒക്കെ ആയി മാറിയെങ്കിലും പറ്റിയത് അബദ്ധമാണെന്ന് പിന്നീടാണ് മനസ്സിലായത്. എന്നെ പറഞ്ഞു വിട്ട ചേട്ടന്മാർ നാലു പാടും ഓടി. പന്തികേട് മണത്തെങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ് കഴിഞ്ഞു പോകാൻ നേരം ആ ചേട്ടന്മാരെ വീണ്ടും കണ്ടപ്പോളാണ് പറ്റിയ മണ്ടത്തരം എന്താണെന്ന് മനസ്സിലായത്. കോളേജിൽ പുതുതായി ജോയിൻ ചെയ്ത ഗസ്റ്റ് ലെക്ചററോടാണ് ചെന്ന് ഐ ലവ് യു പറഞ്ഞത്. നാളെ തന്നെ ടിസി തന്നു വിടും എന്നെനിക്ക് ഏകദേശം ഉറപ്പായി.

ചെന്ന ദിവസം തന്നെ പൊളിച്ചടുക്കിയ കഥ പപ്പയോട് പറയാൻ ധൈര്യം കിട്ടിയില്ല. ക്ലാസ്സിൽ പോകണോ എന്ന് സംശയിച്ചെങ്കിലും പോകാൻ തന്നെ തീരുമാനിച്ചു. ഇന്നലത്തേക്കാൾ ശബ്ദത്തിൽ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. അരുടേം മുഖത്ത് നോക്കാതെ നേരെ ക്ലാസ്സിലേക്ക് വിട്ടു. ഉച്ച വരെ ഒന്നും സംഭവിച്ചില്ല. ലഞ്ച് ബ്രേക്കിന് ചുമ്മാ പുറത്തിറങ്ങി.
സൗമ്യാ...
പിന്നിൽ നിന്നൊരു വിളി. തിരിഞ്ഞു നോക്കിയ ഞാൻ ഓടാണോ വേണ്ടയോ എന്നാലോചിച്ചു. ഇന്നലത്തെ കക്ഷി ആണ് മുമ്പിൽ. ഇന്നലത്തെ അതേ ശാന്തതയോടെ, പുഞ്ചിരിയോടെ എന്റെ അടുത്ത് വന്നു.
ഇന്നലത്തേതിനു മറുപടി വേണ്ടേ?
സർ... ഇന്നലെ ഞാൻ...
എനിക്ക് മനസ്സിലായി. റാഗിങ് ആയിരുന്നല്ലേ... സാരല്യ.
ശ്വാസം നേരെ വീണതിപ്പോളാ. പേടിച്ചു പേടിച്ചാ ഞാൻ ഇന്ന് ക്ലാസ്സിൽ വന്നത്. ആശ്വാസായി. സർ ഇത് കാര്യമായിട്ട് എടുത്തില്ലലോ. സമാധാനായി.
ഹും... ഞാനായതുകൊണ്ട് കുഴപ്പമില്ല. വേറെ ആരും അറിയണ്ട.
ഒരു വളിച്ച ചിരി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
പിന്നീടങ്ങോട്ട് സാറിന്റെ സ്ഥിരം നോട്ടപ്പുള്ളിയായി ഞാൻ. നല്ലൊരു ഫ്രണ്ട് ഷിപ്പും ഞങ്ങൾക്കിടയിലുണ്ടായി.
*************************
പപ്പയുടെ ഉച്ചത്തിലുള്ള സംസാരം കെട്ടിട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത്. എന്താ സംഭവം എന്നറിയാൻ തല അങ്ങോട്ടേക്ക് നീട്ടി. ഭയങ്കര സന്തോഷത്തിലാണ് സംസാരം. എന്താണെന്ന് വ്യക്തമാകുന്നതിന് മുൻപേ പപ്പ എന്നെ കണ്ടു. നേരെ വന്നെന്നെ ചേർത്ത് പിടിച്ചു. വാത്സല്യത്തോടെ എന്റെ നെറുകയിൽ തലോടി.
അവരാ വിളിച്ചെ. കല്യാണത്തിന് സമ്മതമാണെന്ന്. എല്ലാം എന്റെ കുട്ടിടെ ഭാഗ്യാ...
ഒരു നടുക്കം എന്റെ ഉള്ളിലുണ്ടായി. ദീപുവേട്ടൻ... കേട്ടത് വിശ്വസിക്കാനാവാതെ അങ്ങനെ തന്നെ നിന്നു പോയി. ഒന്ന് ചിരിച്ചതല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പപ്പയുടേം അമ്മേടേം സന്തോഷത്തിന് അതിരില്ലെന്നു തോന്നി.

പഠിപ്പിച്ചിരുന്ന അധ്യാപകനെ സാർ എന്നത് മാറ്റി വിളിക്കാൻ മാത്രമുള്ള അടുപ്പം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. എപ്പോഴോ ഒരു തമാശക്ക് ദീപക് സർ എന്ന വിളിക്ക് പകരം ദീപുവേട്ടാ എന്ന് വിളിച്ചതാണ്. അത് മൂപ്പർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ വിളി തുടങ്ങിയത്. അത്രക്കും ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉടലെടുത്തിരുന്നു.

പക്ഷെ, ഒരു ദിവസം എല്ലാത്തിനും തിരശ്ശീല വീണു. ഒരു കോളേജ് ഡേ ഫങ്ഷനിടക്ക് എന്നെപ്പറ്റി ആരോ പറഞ്ഞ കമന്റിന് ദീപുവേട്ടൻ പ്രതികരിച്ചത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വെറും തമാശയായി കാണേണ്ടതേ ഉണ്ടായിരുന്നുള്ളു. പക്ഷെ, വല്ലാത്ത രോഷത്തോടെയും അധികാരത്തോടെയും ഉള്ള ദീപുവേട്ടന്റെ പ്രതികരണം കോളേജിൽ ചർച്ചയായി. തെറ്റ് അവരുടെ ഭാഗത്താണെങ്കിലും ഒരു വാർത്തയാകാൻ അത് ധാരാളം മതിയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഉള്ള കളിയാക്കലുകൾ സഹിക്കാതെ വന്നപ്പോൾ ഞാൻ ചോദിച്ചു.

എന്തിനായിരുന്നു അത്രേം ദേഷ്യപ്പെട്ടത്?
പിന്നെ... അവര് പറയണത് കേട്ട് മിണ്ടാതെ നിൽക്കണോ?
ഇതിപ്പോ പിള്ളേര് എന്തൊക്കെയാ പറയണേ എന്ന് വല്ല പിടിയുമുണ്ടോ?
ആകെ നാണക്കേടായി.
ഇത്രക്ക് നാണം കെടാൻ എന്താ?
ദേഷ്യത്തിൽ ഞാൻ നോക്കി.
ദീപുവേട്ടൻ ഒന്നും കേട്ടില്ലേ? നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നാ സംസാരം.
അത് സത്യമല്ലേ?
ഞാനൊന്ന് ഞെട്ടി. വല്ലായ്മയോടെ ഞാൻ നോക്കി. ഒരു ഭാവഭേദവുമില്ലാതെ അദ്ദേഹം തുടർന്നു.
നീ എങ്ങനെ ആണെന്നെനിക്കറിയില്ല. പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് നിന്നെ ഇഷ്ടമാണ്. സീരിയസ് ആയി തന്നെ പറയുകയാണ്. കോഴ്സ് കഴിഞ്ഞു വീട്ടിൽ വന്നു പ്രൊപോസ് ചെയ്യാം എന്നാണ് കരുതിയത്. നേരത്തെ നീ അറിഞ്ഞത് നന്നായി.
കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടാനായില്ലെനിക്ക്. എന്റെ മൗനം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും എന്ന തോന്നൽ എനിക്കുണ്ടായി.
ഇതൊക്കെ ഒറ്റക്കങ്ങു തീരുമാനിച്ചാൽ മതിയോ?
കണ്ണ് മിഴിച്ചു ദീപുവേട്ടൻ എന്നെ നോക്കി.
നാണമില്ലേ ഇങ്ങനൊക്കെ പറയാൻ. ഒരു വിദ്യാർത്ഥിയെ കേറി പ്രേമിക്കുന്നു പോലും. ശ്ശേ..
രോഷം തിളച്ച് നിന്നത് കൊണ്ട് പറഞ്ഞതെന്തൊക്കെയെന്നു എനിക്ക് തന്നെ ഓർമ്മയില്ല. അത്രക്കും ഞാൻ ചൂടായി. വല്ലാതാവുന്ന ദീപുവേട്ടന്റെ മുഖം എന്റെ സംസാരത്തിന്റെ നീളം കൂട്ടി. ഒടുവിൽ സഹിക്ക വയ്യാതെ അദ്ദേഹം പ്രതികരിച്ചു.
നിന്നെ ഇഷ്ടപ്പെട്ടത് നിന്റെ സ്മാർട്ട്നെസ്സ് കണ്ടിട്ടാ. അല്ലാതെ സൗന്ദര്യം കണ്ടിട്ടല്ല. നീ ഇത്രക്കും നികൃഷ്ടയാണെന്നു ഞാനറിഞ്ഞില്ല. ഇത്രക്കും ദുഷിപ്പാണ് നിന്റെ ഉള്ളിലെങ്കിൽ പറഞ്ഞതത്രയും ഞാൻ തിരിച്ചെടുത്തു. നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവും വേണ്ട. എല്ലാം ഇവിടം കൊണ്ടവസാനിപ്പിക്കാം.
അതെ. അങ്ങനെ മതി. മേലിൽ നമ്മൾ തമ്മിൽ ഒരു ബന്ധവും വേണ്ട. ഫ്രണ്ട്ഷിപ് പോലും.

അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 6
-----------------------------------------------------------------
പിന്നീടങ്ങോട്ട് ശത്രുത മാത്രമായിരുന്നു. ഒന്ന് രണ്ടു തവണ അദ്ദേഹം കോമ്ബ്രമൈസിന് ശ്രമിച്ചെങ്കിലും വാശിക്കാരിയായ ഞാൻ വിട്ടുകൊടുത്തില്ല. എനിക്കത് തോന്നുമ്പോളേക്കും മൂപ്പർ കോളേജ് വിട്ട് പോയിരുന്നു. പിന്നെ കാണുന്നതിപ്പോളാണ്.

ഒരു ഭീതി എന്റെ ഉള്ളിലുണ്ടായി. അന്നത്തെ വൈരാഗ്യം ഇപ്പോളും മനസ്സിൽ കാണുമോ? ഉണ്ടെങ്കിൽ എന്തിനീ കല്യാണത്തിന് സമ്മതം മൂളി. അകാരണമായ ചിന്തകൾ എന്നെ വലച്ചു.

വീട്ടിൽ കല്യാണ തിരക്ക്. എല്ലാരും വലിയ സന്തോഷത്തിലാണ്. പക്ഷെ ദിവസങ്ങൾ അടുക്കുംതോറും എനിക്ക് പേടിയാകാൻ തുടങ്ങി. എന്റെ ആശങ്ക ഞാൻ ആരുമായും പങ്കു വച്ചില്ല. സാധാരണത്തെ പോലെ സ്ഥിരം ഫോൺ വിളികളോ മീറ്റിങ്ങോ ഒന്നും ഉണ്ടായില്ല. ഓരോ ദിവസം കഴിയുംതോറും എന്റെ ടെൻഷൻ കൂടി വന്നു. ഒടുവിൽ ഞാൻ തന്നെ പപ്പയോട് പറഞ്ഞു ദീപുവേട്ടന്റെ നമ്പർ സങ്കടിപ്പിച്ചു. വിളിക്കാൻ ഭയം തോന്നിയെങ്കിലും വിളിച്ചു.
ഹലോ...
ഹ.. ഹലോ... ഞാനാണ് സൗമ്യ...
ഒരു നിശ്വാസമാണ് ആദ്യം കേട്ടത്. പിന്നെ മറുപടി വന്നു.
ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു. എനിക്കൊന്നു കാണണം.
രോഗി ഇച്ഛിച്ചത് തന്നെ വൈദ്യൻ കല്പിച്ചപ്പോ സന്തോഷം തോന്നി. പിന്നെ വൈകിച്ചില്ല. ഏറ്റവും അടുത്ത ശുഭമുഹൂർത്തത്തിൽ മീറ്റിംഗ് ഫിക്സ് ചെയ്തു. വീട്ടിൽ അനുവാദം വാങ്ങി തന്നെയാണ് പോയത്.
മുന്നിലെത്തിയപ്പോൾ സംഭരിച്ച ധൈര്യം ചോരാൻ തുടങ്ങി. അൽപ നേരം ദീപുവേട്ടൻ എന്നെ ഉറ്റു നോക്കി.

ഈ കല്യാണം വേണ്ട എന്ന് ഞാൻ അച്ഛനോട് പറഞ്ഞതാണ്. പക്ഷെ അച്ഛൻ വിട്ടില്ല. അറിയാലോ. അച്ഛനും തന്റെ ഫാദറും ഫ്രണ്ട്സ് ആണ്. എന്നെ ഇഷ്ടമല്ലാഞ്ഞിട്ടും എന്തിനാ കല്യാണത്തിന് സമ്മതിച്ചത്? അതറിയാനാണ് കാണാനിരുന്നത്.
അറിയാതെ ഒരു ചിരി എന്റെ മുഖത്ത് വിരിഞ്ഞു. അത്രയും നേരം അനുഭവിച്ച പിരിമുറുക്കത്തിന് അയവു വന്നു. ചിരിയോടെ ഞാൻ പറഞ്ഞു.

എന്നോട് ദേഷ്യാവും എന്നാ ഞാൻ കരുതിയത്. അതുണ്ടോ?

ഇല്ല

അത് മതി. കല്യാണത്തിന് എനിക്ക് ഇഷ്ടക്കുറവൊന്നുല്യ. എല്ലാം പപ്പേടെ ഇഷ്ടം പോലെയാ. അവരെയൊക്കെ വിട്ടു പോകാൻ ഒരു സങ്കടം തോന്നിയതോണ്ടാ ഇങ്ങനെ നീണ്ടു പോയെ.

കല്യാണം കഴിച്ചാൽ അവരെ വിട്ടു പോകേണ്ടി വരുമെന്നുണ്ടോ?

ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല ഞാൻ.

എനിക്ക് തോന്നുന്നില്ല. പിന്നെ നിന്റെ ചിന്തകൾ എന്താണെന്ന് എനിക്കറിയില്ല.

എന്തൊക്കെയോ പറയാൻ തോന്നിയെങ്കിലും വാക്കുകൾ കിട്ടാത്ത പോലെ ഞാൻ വിക്കി.

എന്റെ മനസ്സ് വായിച്ച പോലെ ദീപുവേട്ടൻ പറഞ്ഞു.

നിന്നെ ആരിൽ നിന്നും പറിച്ചെടുക്കണം എന്നെനിക്കില്ല. നീ കൂടെ ഉണ്ടായിരുന്നപ്പോ ഒരു സന്തോഷം ഉണ്ടായിരുന്നു. അതെന്നും വേണം എന്ന് തോന്നി. അതാ അന്നങ്ങനൊക്കെ... നിനക്ക് ഇഷ്ടമില്ലെങ്കിൽ പിന്മാറാം. അരുടേം നിർബന്ധത്തിനാവരുത്.
****************
ഇന്നാണ് കല്യാണ ദിവസം. പപ്പ കണ്ണീരോടെ നിൽക്കുന്നു. പൊന്നുപോലെ വളർത്തിയ മകൾ...  പടിയിറങ്ങിപോകുകയാണ്. വേദനയോടെ ഞാൻ കാറിൽ കയറി. അടുത്ത നിമിഷം പൊട്ടിക്കരഞ്ഞു പോകും എന്നെനിക്കു തോന്നി. ആർക്കും മുഖം കൊടുക്കാതെ തലകുനിച്ചിരുന്നു. പതിയെ ഒരു കൈ എന്റെ കൈയിൽ ചേർത്തു പിടിച്ചു. നിറഞ്ഞ കണ്ണുകളോടെ ഞാൻ ആ മുഖത്തേക്കു നോക്കി. ദീപുവേട്ടൻ. പുഞ്ചിരിയോടെ അദ്ദേഹം എന്നെ ചേർത്തു പിടിച്ചു. ആ നെഞ്ചിൽ എനിക്ക് ആശ്വാസത്തിന് ഇടമുണ്ടായിരുന്നു...
(അവസാനിച്ചു)

-ശാമിനി ഗിരീഷ്-

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്