സങ്കല്പത്തിലെ പെണ്ണ്

❤സങ്കല്പത്തിലെ പെണ്ണ്❤

"ഡാ..."
  "എന്താടീ..?"
"നീയെന്താ ഇത്രേം പ്രായമായിട്ടും വിവാഹം കഴിക്കാത്തത്..?"
ഞാൻ മന്ദഹസിച്ചു.
"ചോദിച്ചതിനുത്തരം പറയെടാ. നമ്മുടെ കൂട്ടത്തിൽ ബാക്കിയെല്ലാവരും കല്യാണവും കഴിഞ്ഞ് മക്കളുമായി. നീ മാത്രം ഇങ്ങനെ... എന്താ കാര്യം?"
"കാര്യം..." ഞാൻ അകലേക്ക് നോക്കി.
"പ്രണയമാണോ... പ്രണയനൈരാശ്യമാണോ... അതോ ഇനി വേറെ എന്തെങ്കിലും..."
ഞാൻ ഒന്നും മിണ്ടിയില്ല.
"നിന്റെ സങ്കല്പത്തിലെ പെണ്ണ് എങ്ങനെയായിരിക്കണം? ഞാനും അന്വേഷിക്കാം നിനക്കൊരു പെണ്ണിനെ."
"അതൊന്നും വേണ്ട..."
"അതെന്താ വേണ്ടാത്തെ? നീ നിന്റെ മനസ്സിലിരിപ്പ് തുറന്ന് പറയെടാ..."
"പറയണോ..?"
"പറയെടാ പൊട്ടാ... ചുമ്മാ കളിക്കാതെ..."
"മം... പറയാം... ഇപ്പൊ കഥയിലും
സിനിമയിലുമൊക്കെ എല്ലാർക്കും ഇഷ്ടം കിലുക്കാംപെട്ടിയായി നടക്കുന്ന കാന്താരിപ്പെൺകുട്ടികളെയാണ്. എടീ...ന്ന് വിളിച്ചാൽ തിരിച്ച് എന്താടാ...ന്ന് ചോദിക്കുന്ന ഐറ്റംസ്. എന്നാൽ എന്റെ സങ്കല്പത്തിലെ പെണ്ണ് ഇങ്ങനെയൊന്നുമല്ല..."
ഞാൻ ഒരുനിമിഷം നിർത്തി.
"പിന്നെ..?"
"നല്ല അടക്കവും ഒതുക്കവുമുള്ള, ആവശ്യത്തിനുമാത്രം സംസാരിക്കുന്ന, നടക്കുമ്പോൾ ഒരു കുഞ്ഞുറുമ്പിനെപ്പോലും നോവിക്കാതെ നടക്കുന്ന, ശാലീനയായ ഒരു പെണ്ണ്"
ഞാൻ കണ്ണടച്ചു.
"പറയുന്നത് കേട്ടിട്ട് നീ അങ്ങനൊരാളെ കണ്ടുവച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ..?"
എന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിടർന്നു.
"അങ്ങനെ വരട്ടെ...അപ്പൊ അതാണ് കാര്യം... ഇനി പറ മോനെ... ഏതാ ആ പെണ്ണ്..? എവിടെവെച്ചാ നിങ്ങൾ കണ്ടത്..?
എവിടാ അതിന്റെ വീട്..? സുന്ദരിയാണോ..? നീ പറഞ്ഞോ ഇഷ്ടവാന്ന്..?"
അവൾ ഒറ്റശ്വാസത്തിൽ കുറേ ചോദ്യങ്ങൾ ഉതിർത്തു.
"നീ അടങ്ങ്... പറയാം."
"വേഗം പറ. കേക്കട്ടെ നിന്റെ ലവ് സ്റ്റോറി."
ഞാൻ ഒന്ന് നെടുവീർപ്പിട്ടു. പറയാൻ തുടങ്ങി...

തുടരും

സങ്കല്പത്തിലെ പെണ്ണ്. (ഭാഗം 2)

ഞാൻ പറഞ്ഞുതുടങ്ങി.
"നിനക്കറിയില്ലേ എന്റെ അമ്മയുടെ നാട്..?"
"അറിയാം... ആലപ്പുഴയല്ലേ..?"
"മം... എന്റെ ചെറുപ്പത്തിൽ ഞാൻ അവധിക്കാലം ചിലവഴിച്ചിരുന്നത് അവിടെയായിരുന്നു."
"ങും... ഓർമയുണ്ട്. അന്നൊക്കെ നീ പോയാൽ പിന്നെ രണ്ടുമൂന്നാഴ്ച്ച ഒക്കെ കഴിഞ്ഞായിരിക്കും തിരിച്ച് വരുന്നത്."

"കോളേജ് പഠനം കഴിഞ്ഞ് ഞാനവിടെ കുറച്ചുനാൾ താമസിച്ചിരുന്നു. ആ നാളുകളിലാണ് അവളെ ഞാൻ കാണുന്നത്. വീടിനു മുന്നിൽ ഒരു ചെറിയ ഒറ്റയടിപ്പാതയാണ്. അതിനപ്പുറം ഒരു തോട്. നീളമേറിയ മുടി രണ്ടു വശത്തേക്കും പിന്നിയിട്ട്, പുസ്തകങ്ങൾ മാറോടടുക്കി പിടിച്ച്, ആരെയും ശ്രദ്ധിക്കാതെ നടന്നുപോയിരുന്ന ഒരു ഹാഫ്സാരിക്കാരി. കാഴ്ചയ്ക്ക് അത്ര സുന്ദരിയൊന്നും ആയിരുന്നില്ല. അവളുടെ പെരുമാറ്റവും രീതികളുമായിരുന്നു എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിലരെ കാണുമ്പോൾ നമുക്ക് തോന്നാറില്ലേ വളരെ നാളായി പരിചയമുള്ളതുപോലെ? ഇവളെ ആദ്യം കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. സ്വന്തം കാൽക്കലേക്ക് നോക്കിയാണവൾ നടക്കുന്നത്. എതിരെ ആരുവന്നാലും നോക്കുകയുമില്ല.
ഞാനപ്പോൾ ചിന്തിച്ചിട്ടുണ്ട് ഇവൾ സ്വപ്നലോകത്താണോയെന്ന്.
അവൾ കോളേജിൽ പഠിക്കുകയാണെന്ന് നാലഞ്ച് ദിവസത്തിനുള്ളിൽ അറിയാൻ കഴിഞ്ഞു. അവൾ പോകുന്നതും വരുന്നതുമായ സമയം എനിക്ക് കാണാപ്പാഠമായി. രാവിലെ പത്തുമണിയായാലും എഴുന്നേൽക്കാത്ത ഞാൻ എട്ടുമണി ആവുമ്പോഴേക്കും പത്രവുമായി വീട്ടുമുറ്റത്ത് ഇരിക്കാൻ തുടങ്ങി. എവിടെയായിരുന്നാലും വൈകുന്നേരം നാലുമണിക്ക് വീടിന്റെ മുമ്പിലെത്താൻ തുടങ്ങി..."
പഴയ ഓർമയിൽ എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

"എന്നിട്ട് എന്തുണ്ടായി..? ബാക്കി പറ."

"രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് എനിക്ക് അവളോട് ഒന്ന് സംസാരിക്കാൻ പറ്റിയത്. അവൾക്കധികം കൂട്ടുകാരൊന്നുമില്ല. രണ്ട് കൂട്ടുകാരികളുണ്ടായിരുന്നു. അവരെ അന്നു കണ്ടില്ല. അവൾ തനിയെ ആണ് രാവിലെ പോയത്.
സംസാരിക്കാൻ ഇതു തന്നെ അവസരമെന്ന് എനിക്ക് തോന്നി. ഞാൻ വൈകുന്നേരമാവാൻ കാത്തിരുന്നു.
തോട് മുറിച്ചുകടക്കുവാൻ കുറച്ചപ്പുറത്തേക്ക് മാറി ചെറിയ ഒരു പാലമുണ്ടായിരുന്നു. പാലമെന്നുവച്ചാൽ രണ്ടു തെങ്ങിൻതടി തോടിനു കുറുകെ ഇട്ടിരിക്കുന്നു. കൈവരി പോലെ കാറ്റാടിക്കമ്പുകളും വച്ചിട്ടുണ്ട്. ആ പാലം കേറിയിറങ്ങിയാണ് അവൾ പൊയ്ക്കൊണ്ടിരുന്നത്. വൈകുന്നേരം അവൾ വരുന്ന സമയമായപ്പോൾ ഞാൻ പാലത്തിന്റെ സമീപം ചെന്ന് നിന്നു. ദൂരേന്ന് അവൾ വരുന്നത് കണ്ടു. എന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി. അവൾ പാലത്തിൽ കയറി. മധ്യഭാഗമായപ്പോൾ ഞാൻ  ഇപ്പുറത്തെ വശത്ത് കൈവരിയിൽ പിടിച്ച് അവൾക്ക് കുറുകെ നിന്നു."
ഞാൻ ഒന്നു നിർത്തി.

"എന്നിട്ട്..?"

"മുമ്പിലാരോ നിൽക്കുന്നത് കണ്ട് അവൾ മുഖമുയർത്തി. എന്നെക്കണ്ടിട്ടും പ്രത്യേകിച്ച് ഭാവമൊന്നും മുഖത്തുണ്ടായില്ല. അവൾ ചോദ്യംഭാവത്തിലെന്നെ നോക്കി. ആ നോട്ടം എന്റെ നെഞ്ചിലാണ് കൊണ്ടത്. കാര്യങ്ങൾ കൈവിട്ടുപോകുന്നപോലെ എനിക്കു തോന്നി. ഞാൻ പെട്ടെന്ന് സമനില വീണ്ടെടുത്തു.

അവളോട് പറഞ്ഞു: 'ഇയാളോട് ഒരു കാര്യം പറയാൻവേണ്ടിയാ നിന്നത്. ഞാൻ കുറച്ചുനാളായി തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. താനിങ്ങനെ ആൾക്കാരുടെ മുഖത്ത് നോക്കാതെ നടക്കുന്നതുകൊണ്ട് കാണാഞ്ഞതാ. എനിക്ക് ഇയാളെ ഒരുപാടിഷ്ടവാ... ഇതു പറയാനാ ഞാനിവിടെ നിന്നത്.'

അവളുടെ മിഴികൾ രണ്ടും ഒന്നു പിടച്ചു. അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. അപ്പോൾ അവളുടെ മുഖം കാണാൻ ഒരു പ്രത്യേക ശേലായിരുന്നു.

ഞാൻ വീണ്ടും പറഞ്ഞു : ' ദാ... ആ നിൽക്കുന്ന വലിയ ബദാംമരത്തിനപ്പുറം കാണുന്നതാണെന്റ വീട്. ഞാനിവിടെ ഒരു മാസം ഉണ്ടാവും.
എന്നുവച്ച് താൻ മറുപടി പറയാൻ ഒരുപാട് വൈകണ്ട. എത്രയും നേരത്തേ ഇഷ്ടമാണെന്ന് പറഞ്ഞാൽ നമുക്കീ തോട്ടുവക്കത്തൂടെ പ്രണയിച്ചു നടക്കാം.'
അവളുടെ രീതിയനുസരിച്ച് മറ്റ് പ്രണയങ്ങളൊന്നും കാണില്ല എന്ന വിശ്വാസത്തിലാണ് ഞാനങ്ങനെ പറഞ്ഞത്.
അവൾ പരവേശത്തോടെ ചുറ്റും നോക്കിയിട്ട് : 'മാറൂ... എനിക്ക് പോകണം.'  എന്നു പറഞ്ഞു. ഞാൻ ഒഴിഞ്ഞുകൊടുത്തു. പാവാടത്തുമ്പ് ഒരു  കൈകൊണ്ട് പിടിച്ച് അവൾ തിടുക്കപ്പെട്ട് നടന്നുപോയി."
ഞാൻ വിണ്ടും നിർത്തി.

" ഹോ നീ ടെൻഷനടിപ്പിക്കാതെ ബാക്കി പറ..."

"പിറ്റേന്നും ഞാൻ പതിവുപോലെ വീടിനുമുൻപിൽ അവൾ വരുന്നതും കാത്ത് നിന്നു. വഴിയുടെ അങ്ങേയറ്റത്ത് അവളും കൂട്ടുകാരികളും പ്രത്യക്ഷപ്പെട്ടു. അവൾ ഇന്നലത്തെക്കാൾ സുന്ദരിയായെന്ന് തോന്നി.
അവൾ അടുത്തേക്ക് വരുന്നത് വർധിച്ച ഹൃദയമിടിപ്പോടെ ഞാൻ നോക്കിനിന്നു. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ അവളെന്നെ കടന്നുപോയി. ഞാൻ നിന്ന ഭാഗത്തേക്ക് അവൾ നോക്കിയതേയില്ല. എനിക്കതിൽ നിരാശ തോന്നാതിരുന്നില്ല. എങ്കിലും വൈകുന്നേരം ഞാൻ വീണ്ടും കാത്ത് നിന്നു. അവളും കൂട്ടുകാരികളും പാലം കയറിയിറങ്ങി. ഇപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഞാൻ കണ്ടു. സത്യം പറയുവാണേൽ ഇത്രേം നാൾ പിന്നാലെ നടന്നിട്ടും അവൾ ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നു. അവർ നടന്ന് എന്റെ സമീപം എത്തി. കൂട്ടുകാരികൾ മുന്നിലും ഇവളല്പം പിന്നിലുമായാണ് നടന്നുവന്നത്. എന്നെ കടന്നുപോയപ്പോൾ കൺകോണുകളിൽക്കൂടെ ഒരു നോട്ടം എനിക്ക് സമ്മാനിച്ചു. എന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ആ നോട്ടം മാത്രം മതിയായിരുന്നു സായൂജ്യമടയാൻ."

"അപ്പോ അവൾക്ക് നിന്നോട് തിരിച്ച് ഇഷ്ടമുണ്ടാരുന്നോ..?"

"നീ തോക്കിൽ കേറി വെടിവെക്കാതെ... ഞാൻ പറയുവല്ലേ."

" ആ... എന്നാൽ ഒന്നു വേഗം പറ."

"പിന്നെ ഒരാഴ്ചത്തേയ്ക്ക് ഞാൻ അവളുടെ പുറകെ തന്നെയായിരുന്നു. അവളുടെ കൂടെ കോളേജ് വരെ ഞാനും പോകും. അവളുടെ കൂട്ടുകാരികൾ കൂടെയുള്ളത് കാരണം ഈ ദിവസമൊന്നും സംസാരിക്കാൻ പറ്റിയില്ല. അവസാനം ഒരു ദിവസം അവളെന്നോട് പറയാതെ പറഞ്ഞു ഇഷ്ടമാണെന്ന്..."

"അപ്പോ അവൾക്കും ഇഷ്ടമാരുന്നല്ലേ..."

"ങും..."

"എന്നാലും നീയിത് ഇത്രേം നാൾ
ഞങ്ങളെയൊന്നും അറിയിക്കാതെ കൊണ്ടുനടന്നല്ലോടാ..."

മറുപടിയായി ഞാൻ പുഞ്ചിരിച്ചതേയുള്ളു.

"അവൾക്കും ഇഷ്ടമാണ് നിനക്കും ഇഷ്ടമാണ്. പിന്നെ നീയെന്താ അവളെ കെട്ടാഞ്ഞെ? എന്താരുന്നു പ്രശ്നം? ജാതിയോ,മതമോ,വീട്ടുകാരോ, അതോ അവൾ നിന്നെ തേച്ചിട്ടുപോയോ?"

ഞാൻ കണ്ണുകളിറുക്കിയടച്ചു.

"പറയെടാ എന്തായിരുന്നു പ്രശ്നം?  അവളിപ്പം എവിടെയാ..? എനിക്കൊന്നു കാണാൻ പറ്റുവോ അവളെ..?"

"അവളെയിനി കാണാൻ പറ്റില്ലെടീ... അവളിപ്പോ ജീവനോടെയില്ല..!"

എന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണീർ അടർന്നുവീണു.

തുടരും

സങ്കല്പത്തിലെ പെണ്ണ് (ഭാഗം3 അവസാനഭാഗം)

"നീയെന്താ ഈ പറയുന്നേ... അവൾ... മരിച്ചെന്നോ... എങ്ങനെ..?"

ആകാംക്ഷ നിറഞ്ഞ ചോദ്യം എന്റെ കാതുകളിൽ മുഴങ്ങി. എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. ഒരു കരച്ചിൽ എന്റെ കഴുത്തിൽ പുറത്തുവരാനാകാതെ തങ്ങിനിന്നു.

"എന്താടാ ഉണ്ടായത്..? ബാക്കി പറ."
അവളെന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. ഞാൻ കണ്ണുനീർ തുടച്ചു. ശ്വാസം വലിച്ചുവിട്ടു. ഭൂതകാലത്തിലേക്ക് എന്റെ ഓർമകൾ സഞ്ചരിച്ചു.

"അവളെപ്പോഴും കൂട്ടുകാരികളുടെ കൂടെയായിരുന്നു. എനിക്കവളോട് സംസാരിക്കാൻ അവസരമൊന്നും കിട്ടിയില്ല. അവൾ കൂടെക്കൂടെ എന്നെ നോക്കുമെങ്കിലും ഞങ്ങളുടെ നോട്ടം തമ്മിലിടയുമ്പോൾ വെപ്രാളപ്പെട്ട് ദൃഷ്ടി മാറ്റും. അവളെ കണ്ടും പിന്നാലെ നടന്നും നാളുകൾ പോകുന്നതറിയില്ലായിരുന്നു. പക്ഷേ അന്നുവരെ അവളെന്നോട് സംസാരിച്ചിട്ടില്ലായിരുന്നു. സംസാരിക്കാൻ അവസരം കിട്ടിയില്ലെന്ന് പറയുന്നതാവും ശരി. ഒരു പ്രാവശ്യം എന്തും വരട്ടെയെന്ന് കരുതി ഞാനവളോട് സംസാരിക്കാൻ ചെന്നു. അവളും കൂട്ടുകാരികളും നടന്ന് വരുന്നതിനെതിരെ ഞാൻ ചെന്നു. എന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായി. അവൾ പരിഭ്രമിച്ച് കണ്ണുകൾ കൊണ്ട് 'വേണ്ട' എന്ന് കാണിച്ചു.
അന്നും ഞാൻ സംസാരിക്കാതെ ഒഴിഞ്ഞുമാറിപ്പോന്നു."

"പിന്നെയെപ്പോഴാ നിങ്ങൾ സംസാരിച്ചത്..?"

"ഒരു ദിവസം പകൽ ഞാനവളോട് പറഞ്ഞിരുന്നു സന്ധ്യയാകുമ്പോൾ പാലത്തിനു സമീപം വരണം ഞാനവിടെ കാണുമെന്ന്. സത്യത്തിലവൾ വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ഒരു പാവം നാടൻ പെൺകുട്ടി. അതായിരുന്നു അവൾ. എന്നാലെന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട്, എന്നെ അമ്പരപ്പിച്ചുകൊണ്ട് സന്ധ്യമയങ്ങിയ നേരം അവൾ വന്നു.ചുറ്റും നോക്കികൊണ്ട് പതിയെ നടന്ന് അവളെന്റെ അരികിലെത്തി. ഇളംനീല ധാവണിയും  വെള്ള പാവാടയുമാണവൾ അണിഞ്ഞിരുന്നത്. ആ വേഷത്തിൽ അവളെന്നെത്തേക്കാളും സുന്ദരിയായതുപോലെ എനിക്ക് തോന്നി. ഹാഫ്സാരി എനിക്കിഷ്ടമല്ലാത്ത ഒരു വേഷമായിരുന്നു. എന്നാൽ ഇവളെ കണ്ടതുമുതൽ ഞാനറിയാതെ തന്നെ ഹാഫ്സാരിയെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. നിശബ്ദമായ ചില നിമിഷങ്ങൾ കടന്നുപോയി. അവൾ തലകുനിച്ചു നിൽക്കുവാണ്. അവസാനം ഞാൻ തന്നെ സംസാരിച്ചുതുടങ്ങി:

" ഇത്രേം നാൾ ഞാൻ തന്റെ പുറകെ നടന്ന് എന്റെ ഇഷ്ടം തന്നെ അറിയിച്ചു. എന്നിട്ടും ഇയാളെനിക്കൊരു മറുപടി തന്നില്ലല്ലോ. ഇയാൾക്ക് എന്നെ ഇഷ്ടവല്ലേൽ..."

മുഴുവൻ പറയുന്നതിനുമുമ്പ് അവളെന്റെ വായ്പൊത്തി.

"അങ്ങനൊന്നും പറയല്ലേ. എനിക്ക് വെഷമവാ... എനിക്കിഷ്ടക്കൊറവൊണ്ടായിട്ടല്ല. എനിക്ക്... പേടിയാ..."

പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. എനിക്കപ്പോൾ അവളോടുണ്ടായിരുന്ന ഇഷ്ടം ഇരട്ടിയായി.

"ഇനി പേടിക്കേണ്ട. ഞാനുണ്ട്  നിന്റെ കൂടെ..."

ഞാനവളുടെ അരക്കെട്ടിലൂടെ കൈചുറ്റി അവളെ എന്നിലേക്ക് അടുപ്പിച്ച്കൊണ്ട് പറഞ്ഞു. ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി. അവകൾ തിളങ്ങുന്നത് ഞാൻ കണ്ടു.ഇപ്പോളവൾ നോട്ടം മാറ്റിയതുമില്ല എന്റെ കരവലയത്തിൽ നിന്ന് മാറാൻ ശ്രമിച്ചതുമില്ല.

"ഇപ്പൊ എനിക്ക് പേടിയില്ല. നല്ല ധൈര്യവും തോന്നുന്നുണ്ട്."

എന്റെ പുറത്തൂടെ കൈചുറ്റി അവൾ തുടർന്നു.

"നാളെ വല്യച്ഛന്റെ മോൾടെ കല്യാണവാ. ഞങ്ങളെല്ലാം രാവിലെ പോകും. തിരിച്ച് വരുമ്പൊ എനിക്കൊരു കൂട്ടം വാങ്ങിത്തരാവോ..?"

എന്റെ കണ്ണിൽ നോക്കി ഒരു കൊഞ്ചലിന്റെ താളത്തിൽ അവൾ ചോദിച്ചു.

"എപ്പഴാ തിരിച്ചുവരുന്നേ..?"

"പിറ്റേന്ന് വരും. ഇത് പറ, മേടിച്ച് തരാവോ..?

"ങും... നിനക്കെന്താ വേണ്ടേ..?"

"ഒരു ജോഡി വെള്ളിപ്പാദസരവാ.
വാങ്ങിത്തരാവോ..?"

കുഞ്ഞിപ്പിള്ളേർ ചോദിക്കുന്നതു പോലെ തലയാട്ടിക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടിട്ടെനിക്ക് ചിരി വന്നു. എങ്കിലും ഞാൻ പറഞ്ഞു:

"ങും...വാങ്ങിത്തരാം. അപ്പൊ നീയെനിക്കെന്തുവാ തരുന്നേ..?"

അവൾ കൈകളെന്റെ കഴുത്തിൽ വട്ടം ചുറ്റി എത്തിക്കുത്തി നിന്ന് എന്റെ വലംകവിളിൽ ഒരു മുത്തം തന്നു..! തളിർചുണ്ടുകളുടെ സ്പർശനം..! എനിക്ക് കവിളിൽ ഇളംചൂടനുഭവപ്പെട്ടു.

"ഇപ്പൊ ഇതേയുള്ളൂ എന്റെടുത്ത് തരാൻ..."

അവളെന്റ കണ്ണുകളിൽ നോക്കി പറഞ്ഞു.

ഞാനൊന്നും പറയാതെ അവളെ എന്നിലേക്കടുപ്പിച്ച് നെറ്റിയിലെന്റെ ചുണ്ടുകളമർത്തി. അവളൊരു നിർവൃതിയിലെന്നപോലെ കണ്ണുകളടച്ച് നിന്നു. രണ്ടുനിമിഷം കഴിഞ്ഞശേഷം പെട്ടെന്നെന്തോ
ഓർത്തതുപോലെ അവളെന്നെ വിട്ടുമാറി.

"നേരം വൈകി. അമ്മ തിരക്കും. ഞാൻ പോവാണേ..."

പാവാടത്തുമ്പ് കാലിൽ തട്ടാതെ ഒരു കൈകൊണ്ടുയർത്തിപ്പിടിച്ച് മങ്ങിയ നാട്ടുവെളിച്ചത്തിലൂടെ അവൾ ഓടി. വഴിയുടെയങ്ങേയറ്റം ചെന്നിട്ടവൾ തിരിഞ്ഞുനോക്കി. അതായിരുന്നു അവസാനകാഴ്ച."

ഞാനൊന്ന് നിർത്തി.

"എന്നിട്ടെന്തുണ്ടായി..?"

"അതിരാവിലെതന്നെ അവരെല്ലാം പോയി. പിറ്റേന്നേ വരുള്ളൂയെന്ന് പറഞ്ഞവൾ അന്ന് ഉച്ചയായപ്പോൾത്തന്നെ വന്നു, വെള്ളപുതച്ച ശരീരമായിട്ട്..."

എന്റെ ശബ്ദമിടറി. കണ്ണിൽ കണ്ണുനീർ ഊറിക്കൂടി.

"അവൾക്കെന്താ പറ്റിയേ..?"

എന്റെ ചുമലിൽപ്പിടിച്ചുകൊണ്ടവൾ ചോദിച്ചു.

"അവർ ബോട്ടിലായിരുന്നു പോയത്. യാത്രാമധ്യേ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ബോട്ട്... കായലിന്റെ നടുക്ക്.... മറിയുകയായിരുന്നു..."

ഗദ്ഗദം കൊണ്ടെന്റെ വാക്കുകൾ മുറിഞ്ഞു. അവളെന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

"എന്നോട് ക്ഷമിക്കെടാ. ഞാനൊന്നുമറിയാതെ നിന്നെ വിഷമിപ്പിച്ചു..."

"സാരമില്ലെടീ... ഇതൊക്കെ ഞാനെന്നുമോർക്കുന്നതാ. ഇന്ന് നിന്നോട് പറയാനിടവന്നു..."

കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ തുടർന്നു:

"അന്നവളുടെ ജീവനില്ലാത്ത ശരീരത്തിനുമുന്നിൽ ബോധംകെട്ട് വീണതാ ഞാൻ. പിന്നെയാ നാട്ടിലേക്ക് പോയിട്ടില്ല. അവൾ നടന്ന വഴികളും അവളും ഞാനും കണ്ടുമുട്ടിയ ഇടങ്ങളുമൊക്കെ കാണുമ്പോളെനിക്ക് സഹിക്കാൻ..."

ഒരു വിതുമ്പൽ എന്റെ വാക്കുകളെ മുറിച്ചു.

"ഇപ്പോൾ പറയുന്നത് തെറ്റാണെന്നറിയാം. എന്നാലും പറയുവാ. കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി നിനക്കും വേണ്ടേ ഒരു ജീവിതമൊക്കെ..."

അവളെന്നെ നോക്കി ചോദിച്ചു.

വേദനകലർന്ന ഒരു ചിരി എന്റെ മുഖത്ത് വിടർന്നു.

"അവളുടെ ശരീരം മാത്രമേ ഈ ഭൂമീന്ന് പോയുളളു. അവളിപ്പോഴും എന്റെ നെഞ്ചിനുള്ളിൽ ജീവനോടെയുണ്ട്. അന്നവൾ തന്ന ചുംബനത്തിന്റെ ചൂട് ഇപ്പോഴുമെന്റെ കവിളിലുണ്ട്, അവളുടെ നിശ്വാസവും കൊഞ്ചലുകളുമെന്റ കാതിലുണ്ട്, പരിഭ്രമം നിറഞ്ഞ അവളുടെ സുന്ദരമുഖമെന്റെ കണ്ണുകളിലുണ്ട്, ഞാനൊന്ന് കണ്ണടച്ചുനിന്നാൽ അവളുടെ ഗന്ധം എനിക്ക് അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ളപ്പോൾ വേറൊരു പെണ്ണിനെക്കുറിച്ച് ചിന്തിക്കാൻ പോലുമെനിക്ക് പറ്റില്ലെടീ..."

ഞാൻ വിങ്ങിപ്പൊട്ടി.  കണ്ണുനീർ ധാരയായി ഒഴുകി.

മനസിലായതുപോലെ അവളൊന്നിരുത്തി മൂളി.

"നീ കുറച്ച് നേരം തനിയെ ഇരിക്ക്. മൂഡൊന്ന് മാറിയശേഷം വീട്ടിലേക്ക് വാ. ഏട്ടനേം പിള്ളാരേം കണ്ടിട്ട് പോകാം. ഞാനങ്ങോട്ട് ചെല്ലട്ടെ..."

ഞാൻ സമ്മതഭാവത്തിൽ തല ചലിപ്പിച്ചു. അവൾ നടന്നകന്നു.
ഞാൻ പതിയെ കണ്ണുകളടച്ചു.

പാവാടയും ധാവണിയുമണിഞ്ഞ ഒരു കൗമാരക്കാരിയുടെ കൊഞ്ചൽ വേദനയായി മനസിൽ നിറഞ്ഞുനിന്നു.

"എനിക്ക് പാദസരം വാങ്ങിത്തരാവോ..."
      
                                         (അവസാനിച്ചു )   സ്നേഹത്തോടെ
                           സോണിച്ചൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്