അഴിയാത്ത ബന്ധങ്ങൾ (190)

❤അഴിയാത്ത ബന്ധങ്ങൾ❤
*************************

''ഹരി  നീയറിഞ്ഞോ....അവര്  മരിച്ചു......''

      ജോലി കഴിഞ്ഞു മടങ്ങുന്ന വഴിയാണ്  കൂട്ടുകാരന്‍  അനില്‍ അത്  പറഞ്ഞത്........
 
'' ഉം''  നീട്ടി  ഒരു മൂളല്‍  മറുപടി  നല്‍കി  ബൈക്ക്  സ്റ്റാര്‍ട്ട് ചെയ്തു....

  ''  നീ  അവിടെ  വരെ പോകുന്നില്ലേ......''

    അനില്‍ വിടുന്ന മട്ടില്ല....രൂക്ഷമായി  ഒന്നു നോക്കി   വീട്ടിലേക്ക് പോന്നൂ.....

       മനസ്സില്‍  എവിടെയോ  ഒരു അസ്വസ്ഥത........ മരിച്ചവര്  തന്റെ  ആരും അല്ല.....അവര്‍ക്ക്  എന്ത്   വന്നാലും തനിക്ക്  എന്താണ്........പിന്‍തിരിഞ്ഞു  നോക്കാന്‍  തുടങ്ങിയ  മനസ്സിനെ  കൂടീ  തിരിച്ചു പിടിച്ചുകൊണ്ടാണ് വീട്ടിലേക്ക്  കയറിയത്......

       സന്ധ്യയ്ക്ക്  കത്തിച്ച നിലവിളക്‌  തിരി അണച്ചു  അകത്തേക്ക്  അമ്മ കൊണ്ടുപോകുന്നു....  ഇന്നും  കൃത്യസമയമാണ്........
  
     അകത്തു കയറി  കുളി കഴിഞ്ഞു  വന്നപ്പോഴേക്കും അമ്മയുടെ ,വക  ചായയും ഇലയടയും  തയാറായിരുന്നു..... 

   എന്നും അങ്ങനെയാണ്......എന്തെങ്കിലും   ചായയുടെ  കൂടെ കഴിക്കാന്‍ അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കും......

     അമ്മയുടെ മുഖം കണ്ടപ്പോള്‍  തന്നെ  എന്തോ  പറയാനുണ്ടെന്നു മനസ്സിലായി....

  '' എന്താമ്മേ....ഇന്നും ബ്രോക്കര്‍  വന്നോ........ ജാതകദോഷം നോക്കി നടന്നിട്ടല്ലേമ്മേ.....എനിക്കു അതൊന്നും വിശ്വാസമില്ല....നല്ലൊരു പെണ്ണിനെ കണ്ടാല്‍ നമുക്ക്  കെട്ടാം...എന്ത് പറയുന്നൂ....''

    കുറച്ചു തമാശ രീതിയ്ക്കാണ്  ചോദിച്ചത്....ജാതകദോഷം കൊണ്ട് കല്യാണം  നടക്കാത്ത സങ്കടമാണ്.....

  '' അതൊന്നും അല്ല  മോനെ....അനില്‍  ഇന്നു  ഇവിടെ   വന്നിരുന്നൂ.....അവിടെ......''
      പതിഞ്ഞ  ശബ്ദത്തില്‍  അത്രയും പറഞ്ഞു  നിര്‍ത്തി  അമ്മ  നിലത്തേക്ക്  നോക്കി.....

  അപ്പോള്‍  അതാണ്  കാര്യം...അവന്‍ ആദ്യം  ഇവിടെയാണ്  വന്നത്....

    മുഖത്ത് അല്‍പം ഗൗരവഭാവം  വരുത്തി  മൗനമായി നിന്നു....

  ''മോനേ  ഹരി.....നമുക്ക്   അവിടെ  വരെയൊന്നു  പോയാലോ........''

    പറഞ്ഞു നിര്‍ത്താന്‍അനുവദിക്കാതെ  അമ്മയുടെ  നേരേ തിരിഞ്ഞു  അയാള്‍ ചോദിച്ചു...

  ''എന്തിന്......നമ്മുടെ  ആരും മരിച്ചില്ലല്ലോ...

പിന്നെന്തിന്  നമ്മള്‍ പോകണം..... ''

      ഇത്രയും പറഞ്ഞു മുറിയില്‍  കയറി വാതിലടയ്ക്കുമ്പോള്‍ പറയുവാന്‍ കഴിയാത്ത  അനേകം വിചാരവികാരങ്ങള്‍  നെഞ്ചില്‍ അടക്കിയതിന്‍റെ  തേങ്ങല് പോലെ  ദീര്‍ഘശ്വാസം ഉതിര്‍ന്നൂ......

  വേണ്ടെന്നു കരുതിയിട്ട് പോലും പഴയ  ഓര്‍മ്മകള്‍ ചിത്രങ്ങളാല്‍  മനസ്സിലേക്ക്  ഓടിയെത്തി.......

എപ്പോഴും അടുത്തുള്ള അമ്മയെക്കാള്‍ ആഴ്ചയില്‍   വരുന്ന അച്ഛനോടായിരുന്നു  തനിക്ക്  ഏറെ പ്രിയം.........സര്‍ക്കാര്‍   ജീവനക്കാരനായ അച്ഛന്‍  നാടു ചുറ്റി നടന്നു ജോലി  ചെയ്യുമ്പോള്‍ തറവാട്ടില്‍  ആരുമില്ല  എന്ന കാരണത്താലാണ്  ഞങ്ങളെ  കൂടെ  കൂട്ടാഞ്ഞത്..... എങ്കിലും   എല്ലാ ആഴ്ചയും ഞങ്ങളുടെ അരുകില്‍ ഓടി എത്തുമായിരുന്നു....കൈ നിറയെ സമ്മാനങ്ങളും മനസ്സ്  നിറയെ സ്നേഹവുമായിട്ട്....

   അമ്മയെയു അച്ഛനെയും പോലെ സ്നേഹത്തോടെ  കഴിയുന്ന ഭാര്യാഭര്‍ത്താക്കന്‍മാരെ വേറേ കണ്ടിട്ടില്ലെന്നു  അമ്മായിയും ചിറ്റമ്മയുമൊക്കെ   കുറച്ചു അസൂയയോടെ  മാറി നിന്നു പറയുന്നത് പലപ്പോഴും താന്‍ കേട്ടിട്ടുള്ളതാണ്......

    അച്ഛന്‍ വരുമ്പോള്‍  വീട്ടില്‍ ആഘോഷമാണ്....ഉത്സവത്തിനൊക്കെ ലീവ് എടുത്തു വരും.... അച്ഛന്‍റെ  കൈ പിടിച്ചു പോയി കണ്ട ഉത്സവങ്ങള്‍  .... എല്ലാം കൊണ്ടും  സ്വര്‍ഗമായിരുന്നൂ  വീട്.....

    അങ്ങനെയിരിക്കെയാണ്      അമ്മയുടെ ഒരു  ബന്ധു  വീട്ടില്‍ വന്നത്‌....തനിക്ക്  അന്നു പത്തു വയസാണ്  പ്രായം.....അവര്‍  അമ്മയോട്  അടക്കം  പറഞ്ഞു തുടങ്ങിയപ്പോഴേ  അമ്മ തന്നോട് അകത്തേക്ക് പോകാന്‍  പറഞ്ഞൂ.....അവര്‍ പറഞ്ഞത്  അറിയാനുള്ള ആകാംക്ഷയില്‍ കതകിന് പുറകില്‍ മറഞ്ഞു  നിന്നൂ കേട്ടു....

    '' മാധവന് അവിടെ ഒരു ബന്ധം ഉണ്ടെന്നു കേള്‍ക്കുന്നൂ.....കേട്ടത് ഞാന്‍  പറഞ്ഞൂന്നെയുള്ളൂ ....ഒന്നു അന്വേഷിക്കു....''

    അവര്‍ ഇത്രത്തോളം  പറഞ്ഞെങ്കിലും അമ്മയുടെ മുഖത്ത്  ഒരു ഭാവഭേദവൂം  ഇല്ലായിരുന്നു .....ആ ആഴ്ച   അച്ഛന്‍ വന്നപ്പോള്‍  ചോദിക്കുമെന്നു  താന്‍ പ്രതീക്ഷിച്ചെങ്കിലും എല്ലാം  സാധാരണ  പോലെയായിരുന്നൂ......

     പിന്നെയും  മാസങ്ങള്‍  കഴിഞ്ഞു പോയി...... പലരും പലയിടത്തും   ഇതേ കഥകള്‍  പറഞ്ഞു  തുടങ്ങി........ ഒളിഞ്ഞും തെളിഞ്ഞും പലരും അമ്മയോടും പറഞ്ഞൂ....

    ഒരു ദിവസം സ്കൂളില്‍  നിന്നും വന്നപ്പോള്‍  അമ്മാവനും മുത്തശ്ശനും എല്ലാം വീട്ടിലുണ്ട്....

  തന്നെ കണ്ടപ്പോള്‍  അവര്‍  പോകാന്‍ ഇറങ്ങി...
  
     '' ഇനി  ഇവിടേയ്ക്ക് അവന്‍    വരേണ്ട  ...എന്തായാലും   വീണ്ടും കെട്ടി പൊറുതി തുടങ്ങിയതല്ലേ....നിന്നെയും ഈ കൊച്ചിനെ  പറ്റിയും ചിന്തയുള്ളവനാണെങ്കില്‍  ഇങ്ങനെ ചെയ്യുമോ...... പുകഞ്ഞ കൊള്ളി പുറത്ത്....നിങ്ങള്‍ക്കു  വേണ്ടത് ഞങ്ങള്‍  തന്നോളാം....ഇവിടെ നിന്നും മാറേണ്ട..... ഞങ്ങള്‍ ഇടയ്ക്ക്  വന്നും പോയി ഇരിക്കാം...''

    അന്ത്യശാസനം പോലെ പറഞ്ഞിട്ട്  അവര്‍ മടങ്ങി....അന്ന് ആദ്യമായി  അമ്മയുടെ കണ്ണു നീര്‍  താന്‍ കണ്ടു......  എല്ലാം ഒന്നും  മനസ്സിലായില്ലെങ്കിലും ഇനി അച്ഛന്‍  തങ്ങളുടെ  അടുത്തേക്ക്  വരില്ലെന്നു  മനസ്സിലായി..... 

    പിന്നീടുള്ള ദിവസങ്ങളില്‍   അമ്മയുടെ ചിരിക്കുന്ന മുഖം കണ്ടിട്ടേയില്ല....... അനുസരിച്ച്  മാത്രം  ശീലമുള്ള അമ്മ അമ്മാവന്‍മാരെയും മുത്തശ്ശനെയും അനുസരിച്ചു......അത്യാവശ്യം  തുന്നല്‍ പണി ചെയ്തും  അമ്മാവന്‍മാര്‍  തരുന്നതു  കൊണ്ടും തന്നെ  വളര്‍ത്തി....

     ഒന്നു രണ്ടു തവണ  അമ്പലത്തില്‍  അമ്മയെയും തന്നെയും കാണാന്‍ അച്ഛന്‍ വന്നെങ്കിലും അമ്മ ഒഴിഞ്ഞു  മാറി  പോയി.........

    കരയുന്ന അച്ഛന്‍റെ മുഖം കണ്ടെങ്കിലും  അമ്മയുടെ മുഖത്തോളം സങ്കടം  തനിക്കും തോന്നിയില്ല.......

    അച്ഛന് പറയുവാനും ന്യായീകരണങ്ങള്‍ കാണുമായിരിക്കും ....... എങ്കിലും  എല്ലാവരും  അവരവരുടെ  ഭാഗത്തു നിന്നല്ലേ ചിന്തിക്കും...എന്നും രാത്രിയില്‍  അടക്കിപിടിച്ചു  കരയുന്ന  മുഖം  അച്ഛനോട്  വെറുപ്പ്  നിറയ്ക്കുകയായിരുന്നൂ....

     പലപ്പോഴും  പലരുടെ കൈയ്യിലായി അച്ഛന്‍ കൊടുത്തു വിട്ടു  കാശ്  മടക്കുമ്പോഴും  പണത്തിനായി അമ്മ നെട്ടോട്ടം  ഓടുകയായിരുന്നൂ.....

     ''  മനസ്സില്ലാതെ പണം കിട്ടിയിട്ട് എന്തിനാ  ഹരിക്കുട്ടാ... അച്ഛന് നമ്മളെ വേണ്ടാത്തത് കൊണ്ടല്ലേ  വേറേ കല്യാണം  കഴിച്ചത്...അവരോടൊപ്പം  സന്തോഷമായി  കഴിഞ്ഞോട്ടേ....''

  അത് പറയുമ്പോള്‍   അമ്മയുടെ മനസ്സ്  നീറുന്നത്  തനിക്കു കാണാമായിരുന്നു.........

അച്ഛന്  ആ  വകയില്‍  ഒരു മോള് ഉണ്ടായീ  എന്നൊക്കെ  ആരോ  പറഞ്ഞു  അറിഞ്ഞൂ........

  ആ കാര്യങ്ങള്‍  പറയുവാനോ  അറിയുവാനോ  വല്യ താല്‍പര്യം   കാണിക്കാത്തത് കൊണ്ട്  പിന്നീട്  ആരും ഒന്നും പറഞ്ഞു വന്നില്ല.... ഡിഗ്രി   പരീക്ഷ   കഴിഞ്ഞ സമയത്താണ്  അച്ഛന്‍ മരിച്ചുന്ന്  ആരോ  അറിയിക്കുന്നത്....

    ഒരു മരവിപ്പ്   ആയിരുന്നു  അമ്മയ്ക്ക്...അല്ലെങ്കില്‍  തന്നെ  അച്ഛനായി  ഉള്ള കണ്ണുനീര്‍ അമ്മ എന്നേ ഒഴുക്കി തീര്‍ത്തിരുന്നു.......

    '' എന്തു  പറഞ്ഞാലും അച്ഛനാണ്  മോനേ  ...ഒരു  മകന്‍ ചെയ്യേണ്ട  കര്‍മ്മങ്ങള്‍ എല്ലാം മോന്‍ ചെയ്യണം......''
  അമ്മയുടെ വാക്കുകളെ   തട്ടി കളയാന്‍ തോന്നിയില്ല........

   അമ്മയെയും കൂട്ടി പോയി .....അച്ഛന്‍റെ മൃതദേഹത്തിന് അരുകില്‍ ആദ്യമായി  ആ സ്ത്രീയെ കണ്ടു...അച്ഛന്‍റെ ഭാര്യയെ....പിന്നെ എട്ടു  വയസ്സുള്ള മകളെയും....എല്ലാം നഷ്ടപെട്ടത് പോലെയുള്ള  അവരുടെ കരച്ചില്‍  കണ്ടപ്പോള്‍   പണ്ട് അമ്മ കരഞ്ഞു തീര്‍ത്തത്  ഓര്‍ത്തു.....

  ഞങ്ങളുടെ സ്വര്‍ഗത്തിലേക്ക്  കടന്നു  വന്ന അവരോട് ഒട്ടും സഹതാപം  തോന്നിയില്ല....അച്ഛന്‍റെ  കര്‍മ്മങ്ങള്‍ ചെയ്തു മടങ്ങുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ കൂടി തോന്നിയിട്ടില്ല......

   അത് കഴിഞ്ഞിട്ട്  എട്ടു വര്‍ഷങ്ങളായി.....താന്‍ പഠിച്ചു  നല്ല ജോലി  വാങ്ങി....ഇന്നു അമ്മയുടെ  കണ്ണു നിറയാതെ   നോക്കുക  എന്നത് മാത്രമാണ്  തന്റെ  ഉത്തരവാദിത്വം .......

   അനില്‍ ഈ ഇടയ്ക്കു   പണിക്കു പോയിട്ടു വന്നപ്പോഴാണ് അവരെ പറ്റി വീണ്ടും പറഞ്ഞത്‌.... സുഖമില്ലാതെ  കിടപ്പായിരുന്നൂന്നൂ.... തന്നെ  ഒന്നു കാണണമെന്നു അനിലിനോട്  പറഞ്ഞും വിട്ടിരുന്നു.......

   ഇനി ഇക്കാര്യം സംസാരിക്കരുത്  എന്ന്   ശാസിച്ചതാണ്‌.......

   പിന്നെ ഇന്നു അവരുടെ  മരണവാര്‍ത്തയാണ്  അറിയുന്നത്....തനിക്ക് എന്താ...തന്റെ  ആരുമല്ലല്ലോ....

    കസേരയില്‍ നിന്നും പതിയെ  എഴുന്നേറ്റു....
   താന്‍ കഴിച്ചില്ലെങ്കില്‍ അമ്മയും കഴിക്കില്ല...

  പതിയെ ഹാളിലേക്ക് പോയി...അവിടെ സെറ്റിയില്‍ അമ്മ    ഇരിക്കുന്നുണ്ടായിരുന്നൂ...

   '' അമ്മേ...വിശക്കുന്നു...ചോറ് എടുക്കു...''

        അടുക്കളയില്‍  നിന്നും ചോറും കറികളും എടുത്തുകൊണ്ടു വരുമ്പോഴും അമ്മ നിശബ്ദയായിരുന്നു....  തന്നോടൊപ്പം  പിടിച്ചിരൂത്തി ചോറ് വിളമ്പി കൊടുത്തു...കഴിച്ചു കൈ  കഴുകി  മുറിയിലേക്ക്   പോകാന്‍ നേരം അമ്മ വീണ്ടും അടുത്തെത്തി...

      ''  ഹരിക്കുട്ടാ  നീ  അവരെ  ഓര്‍ക്കേണ്ട... ആ  കുട്ടി  നിന്റെ  പെങ്ങളല്ലേ...അച്ഛന്‍റെ  രക്തമല്ലേ മോനേ......  ഇന്നത്തെ കാലത്ത് ആ  പ്രായത്തില്‍  ഒരു കുട്ടി  എങ്ങനെ തനിയെ  ജീവിക്കും...അറിഞ്ഞു  കേട്ടിടത്തോളം അവര്‍ക്കു  മറ്റു ബന്ധുക്കള്‍ ഒന്നുമില്ല....ഒരു തെറ്റും ചെയ്യാത്ത ഒരു കുട്ടിയെ   ശിക്ഷിച്ചാല്‍  നമ്മളും തെറ്റുകാരാകില്ലേ....  നിന്റെ  അച്ഛനും നമ്മളോട് അങ്ങനെയല്ലേ ചെയ്ത്‌.......'''

   അമ്മ അത് പറയുമ്പോള്‍   എതിര്‍ത്തു പറയാന്‍  തനിക്ക് വാക്കുകളൊന്നും കിട്ടിയില്ല.......

    ഒരോന്നും ചിന്തിച്ചുകൊണ്ടാണ്  മുറിയിലേക്ക്   പോയി....അന്നു അച്ഛന്റെ മൃതദേഹത്തിന് അരുകില്‍  ഇരുന്നു കരഞ്ഞ എട്ടുവയസുകാരിയുടെ മുഖം  തെളിഞ്ഞു.....ഇപ്പോള്‍   പതിനാറ്  വയസ്സു  ആയിക്കാണും.......... 
  ഒറ്റയ്ക്ക്  എങ്ങനെ  കഴിയും........ 
 
       കൂരിരുട്ടത്ത്     തേങ്ങിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദം....ഉപദ്രവിക്കരുതേ എന്നു കെഞ്ചുന്നു.....ആരുടെയൊക്കെ  അടക്കം പറച്ചില്‍........ വസ്ത്രങ്ങള്‍  പിച്ചിചീന്തീ  ചോരയില്‍ കുളിച്ച ഒരു ശരീരം....മുഖം  വ്യക്തമല്ല....

   ''അമ്മേ.......!!!''

  നിലവിളി   നെഞ്ചിലെവിടെയോ തടഞ്ഞു....ശ്വാസം  കിട്ടുന്നില്ല...കണ്ണു വലിച്ചു  തുറന്നു കട്ടിലിലിരുന്നു  കിതച്ചു... ജഗ്ഗിലിരുന്ന വെള്ളം  ആര്‍ത്തിയോടെ കുടിച്ചു....ഫോണെടുത്ത്   സമയം നോക്കി.... മൂന്നുമണി......

  വെളുപ്പിനെ കാണുന്ന സ്വപ്നങ്ങള്‍  ഫലിക്കുമെന്നാണ്  അമ്മ ചെറുപ്പത്തില്‍  പറഞ്ഞിട്ടുള്ളത്.... ആ  മുഖമില്ലാത്ത ശരീരം വല്ലാതെ ഭയപെടുത്തുന്നൂ...... എന്തെങ്കിലും  അത്യാഹിതം നടന്നു കാണുമോ.....

   മനസ്സ്  വല്ലാതെ  പതറുന്നു....
  
  ഒരു വിധം നേരം വെളുപ്പിച്ചു  അനിലിനെ കിടക്കപ്പായില്‍ നിന്നും കുത്തിപൊക്കി  അച്ഛന്‍റെ ഭാര്യയുടെ  വീട്ടിലേക്ക് യാത്രയായി....

   മുറ്റത്തു ചെന്നപ്പോള്‍  അകത്ത് ആളനക്കം ഒന്നും തോന്നിയില്ല...മനസ്സ്  വീണ്ടും ശക്തിയായി മിടിക്കാന്‍  തുടങ്ങി....  വാതില്‍ തട്ടി  കാത്തിരുന്നു.... അത്രവലിയ വീടെന്നു പറയാന്‍ ഒന്നുമില്ല....

   അകത്തു നിന്നും വീണ്ടും അനക്കം കേള്‍ക്കാത്തതിനാല്‍ വീണ്ടൂം ഒന്നു കൂടീ തട്ടി...
  
  അപ്പോള്‍  പ്രായമായ ഒരു മുത്തശ്ശീ വന്നു വാതില്‍  തുറന്നു.... 
  
   ''ആരാ...''

   അവര്‍ ചോദിക്കുന്നതിനൊപ്പം അകത്തു നിന്നു തന്നേ മറുപടി  വന്നു...

  ''ഹരിയേട്ടന്‍....''

  ആശ്ചര്യത്തോടെയാണ്  താന്‍ നോക്കിയത്.....

  '' ഇത് ഹരിയേട്ടനാണ് മുത്തശ്ശി...അച്ഛന്‍റെ മോന്‍ ....  എന്‍റെ  ഏട്ടന്‍.....''

   '' അതേയോ...ഞാന്‍ അടുത്ത വീട്ടിലെയാ മോനേ.....പ്രായമായ ഒരു കൊച്ചിനെ എങ്ങനെയാ ഒറ്റയ്ക്കു   കിടത്തുക...ഇനി  മോന്‍  വന്നല്ലോ...ഞാന്‍ പോകയാണ്...''

  അവര്‍ മുറ്റത്തേക്ക് ഇറങ്ങി....

  തനിക്ക്  അപ്പോഴും  ആശ്ചര്യമായിരുന്നു.. ..

  '' എന്നെ എങ്ങനെയറിയാം....''

  '' അച്ഛന്‍റെ  മരണത്തിന്  വന്നപ്പോള്‍  കണ്ടില്ലേ...

        പിന്നെ പലയിടത്തും  ഞാന്‍ കണ്ടിട്ടുണ്ട് ...ഇഷ്ടമായില്ലെങ്കിലോന്നു കരുതിയാ മിണ്ടാതിരുന്നത്...''

താഴേക്കു നോക്കി  അവള്‍ അത് പറയുമ്പോള്‍  ശരിക്കും കുറ്റബോധം തോന്നി....ചെറിയ കുട്ടിയായിട്ടും അവള്‍ക്ക് തോന്നിയ സ്നേഹം  പോലും തിരിച്ചു തോന്നിയില്ലല്ലോന്നു.....തന്നെ കണ്ടു തിരിച്ചറിഞ്ഞ അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോന്നു......

   '' എന്താ പേര്....''  മടിച്ചു മടിച്ചു ചോദിച്ചു.... '' ഹരിത...അച്ഛന്‍ അമ്മൂന്നാ  വിളിച്ചിരുന്നത്...''
  അത് പറയുമ്പോള്‍ ഒരു നൊമ്പരം ഉണ്ടായിരുന്നൂ....

   ആവശ്യമുള്ള സാധനങ്ങളും എടുത്ത  അവളെയും കൂട്ടി  വീട്ടിലേക്ക് പുറപെടുമ്പോള്‍ എനിക്ക്  ഉറപ്പുണ്ടായിരുന്നു അമ്മയ്ക്ക്  ഞാന്‍  കൊടുക്കുന്ന ഏറ്റവും പ്രിയപ്പെട്ട   സമ്മാനമായിരിക്കും ഇതെന്ന്.....

  ദീപ്തി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്