രണ്ടു വിധവകൾ

രണ്ടു വിധവകൾ
*****************
"നിനക്ക് ദൈവം അത്രയേ വിധിച്ചിട്ടുള്ളു എന്നോർത്ത് ആശ്വസിക്കൂ മോളെ.."

"ശരിയാ..അല്ലെങ്കിൽ ഈ ചെറുപ്രായത്തിലേ  അവനെയങ്ങു വിളിക്കുമായിരുന്നോ".

കഴിഞ്ഞ ഏഴു ദിവസമായി കേട്ടുമരവിച്ച വാക്കുകൾ..ഓരോരുത്തരായി ആശ്വാസവാക്കിന്റെ രൂപത്തിൽ ഹൃദയത്തിലേക്ക് വീണ്ടും വീണ്ടും കുത്തുകയാണ്..മനസ്സിലിപ്പോൾ ഒന്നും തോന്നുന്നില്ല.മരവിച്ച തണുപ്പുമാത്രം..

വലതുവശത്തെ ടേബിളിൽ ഇരുന്നു ഒന്നും അറിയാതെ ജെറി പുഞ്ചിരിക്കുന്നു..
ഇനിയൊരിക്കലും എനിക്ക് കാണാനാവില്ല ഈ ഭൂമിയിൽ ആ മന്ദഹാസമിനി.

കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ
"ഫ്‌ളൈറ്റിന് സമയമായതിനാൽ എയർപോർട്ടിലേക്ക് വേഗതയിൽ
പൊയ്ക്കൊണ്ടിരുന്ന കാറിന്റെ മുൻ ടയർ ഊരിത്തെറിച്ചപ്പോൾ നിയന്ത്രണം വിട്ടുപോയ കാറും അതിലെ രണ്ടു ജീവനും എതിരെ വന്ന ട്രെയ്‌ലറിനടിയിൽ തീർന്നു..

സിംഗപ്പൂരിൽ കമ്പനി സംഘടിപ്പിച്ച കോൺഫെറെൻസിൽ പങ്കെടുക്കാനുള്ള യാത്ര ആയിരുന്നു ജെറിയും കൂട്ടുകാരനും സഹപ്രവർത്തകനുമായ സിറിളും..
ജീവിതത്തിലും മരണത്തിലും
അവർ ഒന്നിച്ചായി..

ഒരാഴ്ചയാവുന്നു...ഇപ്പോൾ..
ആദ്യത്തെ മൂന്നു ദിവസം ഹോസ്പിറ്റലിൽ..പിന്നീട് ഫ്‌ളാറ്റിൽ..ആരൊക്കെയോ
വരുന്നു ആശ്വസിപ്പിക്കുന്നു..
മടുത്തു തുടങ്ങിയിരിക്കുന്നു..
സഹതാപം നിഴലിക്കുന്ന നോട്ടങ്ങളിൽ
നിന്ന് എങ്ങോട്ടെങ്കിലും ഓടിയൊളിക്കാൻ എന്റെ ഉള്ളം കൊതിക്കുന്നുണ്ടായിരുന്നു..

വാതിൽക്കൽ ഒരു നിഴലനക്കം..തല ഉയർത്താൻ തോന്നിയില്ല..ആരോ അടുത്തു
വന്നിരുന്നു..ചുമലിൽ സ്പർശിച്ചു

"ചേച്ചി"..ലയയുടെ അടഞ്ഞ ശബ്ദം..

ഇളം നിറത്തിലുള്ള കോട്ടൺസാരി കഴുത്തിലൂടെ വാരിപുതച്ചിരിക്കുന്നു..
കണ്ണീർ വറ്റിയ കണ്തടങ്ങൾ..
ഒഴിഞ്ഞ കഴുത്തും കൈത്തണ്ടകളും.
സിറിളിന്റെ കൂടെ പ്രസരിപ്പോടെ
പൊട്ടിച്ചിരിച്ചു കൊണ്ട് ഓരോപ്രാവശ്യവും
വരാറുള്ള സുന്ദരിക്കുട്ടിയിൽ നിന്നും
വിധവയായ ലയയിലേക്ക് ഉള്ള മാറ്റം
നോക്കിയിരിക്കെ ഹൃദയത്തിലൂടെ
തണുത്ത ഒരു വിറയൽ കടന്നുപോകും
പോലെ തോന്നിയെനിക്ക്..

"അച്ചായന്റെ കല്ലറയിൽ പോയിവരികയാണ്..
ചേച്ചിയെ ഒന്ന് കാണണമെന്ന് തോന്നി"

അവളെന്റെ ശൂന്യമായ കൈത്തണ്ടയിൽ കൈചേർത്തുവച്ചു..ചുറ്റിനും ആരൊക്കെയോ നിന്നു നോക്കുന്നു.
രണ്ടു വിധവകളുടെ ദുഖത്തിന്റെ ആഴം
അളക്കാൻ കാത്തുനിൽക്കുന്നവർ..
പെട്ടന്നവളെന്റെ ചുമലിലേക്ക് തല
ചായ്ച്ചു പൊട്ടിക്കരഞ്ഞു..

നെഞ്ചിനുള്ളിൽ ഒരു വലിയ ഭാരം
വച്ചതുപോലെ..അത് തൊണ്ടക്കുഴിയിലേക്ക്
കയറിവരുന്നു..അറിയാതെ എന്റെയുള്ളിൽ
എന്തോ വിങ്ങി..നിയന്ത്രണത്തിന്റെ അവസാനത്തെ ചരടും പൊട്ടിച്ചുകൊണ്ട് ഉള്ളിൽനിന്നും ആർത്തലച്ചുവന്ന കണ്ണീരോടെ ഞാനവളെ മുറുകെ പുണർന്നു പൊട്ടിക്കരഞ്ഞു..

ചുറ്റിനും നിൽക്കുന്ന പാദങ്ങൾ ഓരോന്നായി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി..
ആരോ വാതിലടക്കുന്നു..ജീവിതം തുടങ്ങും മുൻപേ തന്നെ നിറങ്ങൾ മാഞ്ഞുപോയ രണ്ടുപേർക്ക് അവരുടെ ദുഃഖങ്ങൾ പങ്കുവച്ചു കരഞ്ഞുതീർക്കാൻ സൗകര്യമൊരുക്കി
പുറത്തേക്കു പോയതാവാം..

എന്റെയുള്ളിലെ വിങ്ങിപ്പിടയുന്ന ആത്മാവിലേക്ക് ഒരു സാന്ത്വനമായി
അവളെന്നെ മുറുകെ പുണർന്നു..
എത്രനേരമെന്നറിയില്ല..ഏങ്ങലുകൾ
ബാക്കിയായി..

"കൊല്ലേണ്ടിയിരുന്നോ..ചേച്ചീ..?"

പ്രതീക്ഷിച്ച ചോദ്യമായിരുന്നെങ്കിലും
എന്റെയുള്ളിലൂടെ ഒരു മിന്നൽപിണർ
പുളഞ്ഞുകയറിപ്പോയി..

"വേണമെന്ന് വിചാരിച്ചിട്ടല്ല..എന്തെങ്കിലും അപകടം..അത്രയേ വിചാരിച്ചുള്ളൂ..
പക്ഷെ ഇപ്പോൾ തോന്നുന്നു നന്നായെന്ന്.
ഇതിൽക്കൂടുതൽ വയ്യെനിക്ക്..
അറപ്പാകുന്നു..മുഖം കാണുമ്പോൾ
മുതൽ അലക്കുന്ന അയാളുടെ വസ്ത്രങ്ങളോട് വരെ..
എത്രകാലം നമ്മളിങ്ങനെ?
ഇനിയുംവയ്യ"...

എന്റെയുള്ളിൽ അറപ്പുളവാക്കുന്ന
രണ്ടു നിഴലുകൾ മിന്നിപ്പുളഞ്ഞു..

ഓരോപ്രാവശ്യവും വീട്ടിൽ കമ്പനി
ചർച്ചകൾ നടക്കുന്ന റൂമിനു വെളിയിൽ ഉള്ളിലെ സീല്കാരങ്ങൾ പരസ്പരം കേൾക്കാതിരിക്കാൻ ഉച്ചത്തിൽ അർത്ഥമില്ലാത്ത വാക്കുകൾ
സംസാരിച്ച രണ്ടു യുവതികൾ..

നിസ്സഹായരായ നാട്ടിൻപുറത്തെ ദാരിദ്ര്യകുടുംബത്തിൽ നിന്നും ദൈവാനുഗ്രഹത്താൽ കോടീശ്വരന്മാരായ സുഹൃത്തുക്കളുടെ ഭാര്യാപദം അലങ്കരിക്കുന്ന രണ്ടു സുന്ദരികൾ..

ഈവനിംഗ് ക്‌ളാസ് കഴിഞ്ഞു വന്നു
ഡോർ തുറന്നപ്പോൾ പുളയുന്ന
നിഴലുകളിൽ ഒന്നിന്റെ അരക്കെട്ടിൽനിന്നും
ഉയർന്ന ദാഹാർത്തമായ ജെറിയുടെ മുഖം..
ആദ്യമായാണ് അങ്ങനെയൊരു കാഴ്ച്ച
ജീവിതത്തിൽ..

എനിക്ക് വീണ്ടും ഛർദിക്കാൻ തോന്നി..
ലയയെ തള്ളിമാറ്റി വാഷ്‌ബേസിനരികിലേക്ക്
മുഖം കുനിച്ചു നിർത്താതെ ഛർദിച്ചു ഞാൻ..
മുഖം കഴുകി തിരിയുമ്പോൾ ലയ വാതിൽ തുറക്കുക ആയിരുന്നു..

"ഇനി?"

ഒരുനിമിഷം വാതിൽക്കൽത്തന്നെ നിന്ന് അവൾ..പതുക്കെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

"ഒരു വിവാഹം കഴിക്കണം..പണമോ സൗന്ദര്യമോ ഉയർന്ന ജോലിയോ ഒന്നുമില്ലെങ്കിലും ആണായിരിക്കണം"

തിരിഞ്ഞുനോക്കാതെ
തലയിലൂടെ സാരിത്തലപ്പ് വലിച്ചു
പുതച്ചു പതുക്കെ ഇറങ്ങിപോയവൾ

പക്ഷെ എനിക്കവളുടെ മുഖം കാണാമായിരുന്നു..അതെന്റെ മുഖം തന്നെയായിരുന്നു...

വിനീത അനിൽ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്