കബറടക്കിയ കിനാക്കൾ

ആരാപ്പോൾ ഈ രാത്രിയിൽ വിളിക്കാൻ എന്ന് സംശയിച്ചാണ് ഫോൺ നോക്കിയത്.. ഫൈസലാണ്. എന്താ ഈ സമയത്ത് വിളിക്കാൻ കാരണം…

എന്താടാ ഫൈസീ... എന്താ ഈ രാത്രിക്ക് വിളിച്ചത്?

ടാ മ്മളെ നൈഷു മരിച്ചു…

ന്റെ റബ്ബേ.. ങ്ങനെ?

ഭർത്താവ് ഉപദ്രവിച്ചിട്ട് അവൾ ആത്മഹത്യ ചെയ്യ്തത് ആണെന്നും അവൻ കൊന്നത് ആണെന്നും എക്കെയാടാ നാട്ടുകാര് പറയുന്നത്.പലർക്കും പല അഭിപ്രായമാണ്. സത്യം എന്താണെന്ന് വ്യക്തമായിട്ട് അറിയില്ല..  ഇപ്പോൾ ഷാനു ആണ് വിളിച്ച് പറഞ്ഞത് മരിച്ചെന്ന്.. ങ്ങനാടാ മ്മൾക്ക് പോവണ്ടേ ഓളുടെ വീട്ടിൽക്ക്.ഓൾക്ക് മ്മൾ എക്കെ അല്ലേ ഉള്ളു എല്ലാത്തിനും..

ടാ നീയെന്താ മിണ്ടാത്തത്..

പോകാം ഫൈസീ..

നീ കരയുന്നുണ്ടല്ലേ…

ഫോൺ കട്ട് ചെയ്ത് കരച്ചിലിന്റെ ശബ്ദം ആരും കേൾക്കാതിരിക്കാൻ പുറത്തേക്ക് ഇറങ്ങി ഓടിയപ്പോൾ മനസ്സിൽ തെളിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു നൈഷാന..

നൈഷുവും ഞാനും അയൽക്കാർ ആയിരുന്നു.. ഒരുമിച്ചു പഠിച്ചവർ.. ഓളുടെ ചോറ്റുപാത്രത്തിലെ നെയ്ച്ചോറും ബിരിയാണിയും എന്നെ തീറ്റിച്ച് പതിവായി ഞാൻ കൊണ്ട് പോകുന്ന വെള്ളച്ചോറ് തൃപ്തിയോടെ കഴിക്കുന്ന പെണ്ണായിരുന്നു ഓൾ.

നാട്ടുമാവിമ്മേൽ വലിഞ്ഞ് കേറി പുളിയനുറുമ്പുകളുടെ കടി വാങ്ങുമ്പോഴും ഞാനും കരുതി വെക്കുമായിരുന്നു അവൾക്കായ് തേനിന്റെ മധുരമുള്ള നാട്ടുമാങ്ങകൾ.

എന്റെ സൗഹൃദവലയം അവളെ വിട്ട് എന്റെ പ്രായത്തിലുള്ള ആൺകുട്ടികൾ ആയപ്പോഴും  എനിക്കായ് കാത്തുവെച്ചിരുന്ന സൗഹൃദത്തിനും പലഹാരങ്ങൾക്കും ഒരു കുറവും വരുത്തിയിട്ടില്ല ഓൾ.

ആണിന്റെയും പെണ്ണിന്റെയും സൗഹൃദത്തിന്‌ കുടുംബക്കാരും നാട്ടുകാരും അതിർവരമ്പുകൾ വെച്ചപ്പോൾ വേലിക്കലും ജനലരികിലും കാണുന്ന രണ്ട് കണ്ണുകൾ മാത്രമായ് ഒതുങ്ങി നൈഷു. ഞാൻ എത്ര വൈകി വീട്ടിൽ എത്തിയാലും ഉറങ്ങാതെ എന്നെ കാത്തിരിക്കാൻ ഒരു വേലിക്കപ്പുറം ഓൾ ഉണ്ടായിരുന്നു..

ഓളുടെ കാത്തിരിപ്പും  ഓൾ കാത്തിരിക്കാനുണ്ടെന്ന എന്ന പ്രതീക്ഷയും സൗഹ്യദം മാത്രമല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഉറപ്പിച്ചതാണ് മരണം വരെ ഓളെ കൂടെ കൂട്ടണമെന്ന്..

ഒരിക്കൽ അങ്ങാടീന്ന് മടങ്ങുമ്പോൾ പ്രതീക്ഷിക്കാതെ ഓളെ കണ്ടു.. കണ്ണുനിറച്ച് അന്നെന്നോട് ഓൾ പറഞ്ഞത ഇന്നും കാതുകളിൽ ഉണ്ട്.

‘ പ്പോ ഒന്ന് കാണാൻ പോലും കിട്ടാതായല്ലോ ചെക്കാ അന്നെ.. കൊതിയാവ്ണ്ടട്ടോ’

ഇല്ല.. ഓളിനി ഇല്ല ദൂരെ നിന്നൊന്ന് കാണാൻ പോലും. അപ്പോൾ ഓളുടെ ആ വാക്കുകൾ ഞാൻ ഇപ്പോൾ കേട്ടതോ.. കണ്ണൊന്ന് അടഞ്ഞപ്പോൾ തോന്നിയതാണ്. എന്റെ ഓരോ ഹൃദയമിടിപ്പിലും ഓളുണ്ട് അല്ലെങ്കിൽ കാലമിത്ര കഴിഞ്ഞിട്ടും ഞാനിങ്ങനെ തനിച്ച് ജീവിക്കില്ലല്ലോ…

ഫൈസിക്കൊപ്പം ഓളുടെ വീട്ടിൽ ചെന്ന് കയറുമ്പോൾ ജനലഴികൾക്ക് അപ്പുറം ഓൾ മറഞ്ഞ് നിൽക്കുന്നുണ്ടോ എന്ന് ഞാൻ പലവട്ടം നോക്കി.കാരണം അതാണെന്റെ അവസാന കാഴ്ച. അതങ്ങനെ തന്നെ ഇരിക്കട്ടെ. മറുത്തൊന്ന് ചിന്തിക്കാൻ വയ്യനിക്ക്.

വീട്ടിൽ ഓളുടെ അനിയത്തിമാരും കുറേ അയൽക്കാരും മാത്രമേ ഉള്ളു. ബാക്കി എല്ലാവരും ആശുപത്രിയിൽ ആണ്. രാവിലെയേ പോസ്റ്റുമോർട്ടം ചെയ്യൂ.. ന്റെ പെണ്ണിന്റെ ശരീരം കീറി മുറിക്കുമല്ലോ റബ്ബേ. ഞാൻ ജീവിച്ചിരിക്കെ എന്തിനാണ് ഈ പരീക്ഷണം.. ആർക്കും വേണ്ടാത്ത എന്റെ ജീവൻ എടുത്തൂടാർന്നോ?

എന്നെ കണ്ടതും അനിയത്തിമാരിൽ ഒരാൾ ഓടി വന്നു.. എന്നെയും ഓളെയും ആകെ മനസ്സിലാക്കിയട്ടുള്ളത് അവൾ മാത്രമായിരുന്നു.

ന്ത് പറ്റീതാ മോളെ ഓൾക്ക്?

കരഞ്ഞ് കരഞ്ഞ് ആ കുട്ടിക്ക് ശബ്ദം പോലും ഇല്ലാതായിരിക്കുന്നു..

ന്തെക്കയോ സങ്കടങ്ങൾ ഉണ്ടാരുന്നു ഇക്കാക്കാ ഇത്താത്താക്ക്. പാവം ആരെയും അറീക്കാതെ സഹിക്കാർന്നു എല്ലാം.. ഒരാഴ്ച മുൽപ് വന്നിരുന്നു ഇനി അങ്ങട് പോണില്ലാന്ന് പറഞ്ഞ്. ഉപ്പ നിർബന്ധിച്ച് അയക്കാരുന്നു..

അന്റെ ഉപ്പാന്റെ ഒരു നിർബദ്ധമാണല്ലോ ഇന്ന് ഓൾ മയ്യിത്താവാൻ കാരണം പോലും. അത് കാരണം ഒന്നല്ല രണ്ട് ജീവിതം ഇല്ലാതായില്ലേ?

അന്നും ഞാൻ പഞ്ഞതല്ലേ ന്റെ ഇത്താത്തേം കൂട്ടി എവിടേക്കേലും പോയി ജീവിക്കാൻ. ങ്ങൾ അന്നത് ചെയ്യ്തിർന്നേൽ ന്റെ ഇത്താത്ത ഇന്നും ജീവനോടെ കണ്ടേനെ..

ന്നെ പേടിച്ചാർന്നില്ലേ മോളെ ങ്ങളെ വീട് മാറ്റം പോലും..ന്നോട് ഓളെ മറക്കണം എന്ന് യാചിക്കാൻ ങ്ങളെ ഉമ്മയും ഉപ്പയും വന്നിരുന്നു. അവൾക്ക് കിട്ടുന്ന നല്ല ജീവിതം ഞാനായിട്ട് ഇല്ലാതാക്കരുത എന്ന് അപേക്ഷിച്ചു ഓര്.. എന്നെ വിട്ട് പിരിയില്ലാന്ന് പറഞ്ഞ് കരഞ്ഞ ഓളെ പറഞ്ഞ് സമ്മതിപ്പിച്ചത് ഞാനാണ്. ഞങ്ങളുടെ ജീവിതത്തിൽ അന്റെ ഉപ്പാന്റെയും ഉമ്മാന്റെയും കണ്ണീരും ശാപവും വേണ്ടാന്ന് ഓർത്ത്.അല്ലാണ്ട് എൻക്ക് ഓളെ പോറ്റാൻ കഴിവ് ഇല്ലാഞ്ഞിട്ടല്ലായിരുന്നു.. എന്താണ് ന്റെ നൈഷൂന് സംഭവിച്ചത്?

പൊള്ളൽ ഏറ്റതാണെന്നാ ഓര് പറഞ്ഞത്.. ഉപ്പയും ഉമ്മയും എത്തിയപ്പോൾ ജീവൻ ഉണ്ടായിരുന്നു. അതിനു ശേഷമാണ് മരണപ്പെട്ടത്..ഉമ്മാനോട് ഇത്താത്ത  പറഞ്ഞുവെത്രേ ങ്ങനെ എങ്കിലും ഇത്താത്താനെ രക്ഷിക്കണമെന്ന്.. ങ്ങള് പറയ് ന്റെ ഇത്താത്ത തനിയെ ചെയ്തത് ആണെങ്കിൽ ഇത്താത്ത അങ്ങനെ പറയോ ഇക്കാക്കാ.. ങ്ങളെ കാണാൻ പെരുത്ത് പൂതിണ്ട്ന്ന് അവസാനം വന്ന് പോയപ്പോഴും ന്നോട് പറഞ്ഞീനു.അതിനാവാം ഇത്താത്ത ഉമ്മാനോട് രക്ഷിക്കാൻ പറഞ്ഞതും..

മതി മോളെ.ഇനി ഒന്നും പറയർത് .നിക്ക് കേട്ട് നിക്കാൻ കയീണില്ല.. ഇപ്പോഴും കാതിൽ ആ ശബ്ദമുണ്ട്..

‘ കൊതിയാവണ്ട്ട്ടോ ചെർക്കാ കാണാൻ'

പതിനൊന്ന് മണിക്ക് ശേഷമേ മയ്യിത്ത് കൊണ്ടു വരൂ എന്ന് കൂടെ പോയവർ വിളിച്ച് പറഞ്ഞു.. പള്ളിക്കാട്ടിൽ ഓൾക്ക് ഖബർ വെട്ടാനുള്ള അനുവാദം ഞാൻ ചോദിച്ച് വാങ്ങി.. കുഴിയുടെ വലുപ്പം കുറച്ച് കൂടുതലായപ്പോൾ ഫൈസി പറഞ്ഞു..

മതീടാ.. ന്തിനാ ഇത്ര വലുപ്പം…

കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ പിന്നെയും പിന്നെയും മണ്ണ് വെട്ടുമ്പോൾ എന്റെ കണ്ണീര് ഓൻ കാണണ്ടല്ലോ എന്നാണ് ചിന്തിച്ചത്. എന്റെ കണ്ണീരിൽ കുതിർന്ന മണ്ണിൽ ഉറങ്ങട്ടെ എന്റെ പെണ്ണ്.. അവളെ മരണത്തിന് വിട്ട് കൊടുത്തതിന് പടച്ചോൻ പോലും പൊറുക്കൂല നോട്.. അന്നത്തെ ഓളുടെ കണ്ണീരിൽ കുതിർന്ന മുഖം മായുന്നില്ല കണ്ണിൽ നിന്ന്..

അടുത്തടുത്ത് വന്ന ആൻബുലൻസിന്റെ ശബ്ദം ന്റെ ഹൃദയമിടിപ്പ് കൂട്ടി.. അത് വീടിന്റെ വാതിൽക്കൽ എത്തിയതും ഫൈസി ന്റെ കൈ പിടിച്ച് അവിടേക്ക് ഓടി.. വെള്ളപുതപ്പിച്ച ന്റെ പെണ്ണിന്റെ ശരീരം കൈകളിൽ ആദ്യം ഏറ്റ് വാങ്ങിയത് ഞാനാണ്.. മുഖമൊന്ന് കാണാൻ ആ വെള്ളത്തുണി മാറ്റാൻ കൈ തരിച്ചതാണ്. പിന്നെ ആ ആഗ്രഹം ഒഴിവാക്കി. മരണപ്പെട്ടാൽ കരയരുത് മയ്യിത്തിന് ഭാരം കൂടുമെന് കേട്ടിട്ടുണ്ട്.. ഇത്രയധികം കണ്ണീര് വീണിട്ടും ഒരു ഭാരവും ഇല്ല മയ്യിത്തിന്.. അപ്പോഴാണ് ഷാനു പറയുന്നത്..

ഭാരം ഒന്നും ഉണ്ടാവില്ല .. ആകെ വെന്ത് പോയിയ്ക്കുന്നു.. പട്ടിണി കിടത്തിയും ഉപദ്രവിച്ചും അല്ലേലെ എല്ലും തോലും ഉള്ളാരുന്നു ഓളുടെ ശരീരത്തിൽ. ഓന് വേറെ കെട്ട്യോൾ ഉണ്ടായിരുന്നു വയനാട്.. ആ പെണ്ണിന്റെ ജീവിതം ഇല്ലാതാക്കി കളഞ്ഞൂ പണം നോക്കി കെട്ടിച്ചയച്ച്..

കുറ്റബോധത്തോടെ തല കുനിച്ച് നിൽക്കുന്ന ഓളെ ഉപ്പായെ ഞാൻ ഒന്നേ നോക്കിയുള്ളു.എൻക്ക് കാണണ്ട ആ മനുഷ്യനെ..

ഉമ്മ വന്ന് ന്റെ കൈ ചേർത്ത് പിടിച്ച് പാഞ്ഞു…

അന്റെ കൂടാർന്നേൽ നിക്ക് ന്റെ കുട്ടീനെ ങ്ങനെ കാണേണ്ടി വരില്ലാർന്നല്ലോ മോനേ..

ജീവിച്ചിരുന്നപ്പോൾ കാണിക്കാത്ത മനുഷത്വം ഇപ്പോ ന്തിനാ ഉമ്മാ പ്പോൾ.. നഷ്ടം നിക്ക് മാത്രമാണ്..

മയ്യിത്ത് കുളിപ്പിക്കാൻ എടുത്ത സമയത്ത് ഫൈസിയും ഷാനുവും ന്റെ അരികിൽ വന്നു.. ഫൈസി ന്നോട ചോദിച്ചു..

അൻക്കൊന്ന് കരഞ്ഞൂടെ ടാ... ന്തിനാ ങ്ങനെ പിടിച്ച് നിൽക്കുന്നത്..

അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു.. അന്നും ഇന്നും ഓൾക്ക് മുൻപിലേ കരഞ്ഞിട്ടുള്ളു. ഓൾക്കേ ന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളു. ന്റെ ഉള്ളിലെ തേങ്ങൽ ഓൾ കേൾക്കുന്നുണ്ടാവും. അറിയുന്നുണ്ടാവും..

മൂന്ന് കഷ്ണം തുണിയുടെ അവകാശി മാത്രമായ് അവളെ ആളുകൾ കാണാൻ കൊണ്ട് വെച്ചപ്പോൾ ഞാനും ഒരേ ഒരു പ്രാവശ്യം കണ്ടു ആ മുഖം.. മുഖമാന്നെന്ന് പോലും മനസ്സിലാകില്ല. കറുത്തിരുണ്ട് എന്തോ ഒന്ന്.. ഒന്നേ നോക്കിയുള്ളു ഞാൻ..

ചിരിക്കുമ്പോൾ തെളിയുന്ന ആ നുണക്കുഴിയും ചോന്ന് തുടുത്ത കവിൾത്തടങ്ങളും ഇല്ല ഇപ്പോൾ ന്റെ നൈഷൂട്ടിക്ക്..വയ്യ എനിക്കിനിയും കണ്ട് നിൽക്കാൻ.. നടക്കാത്ത കുറേ കിനാക്കൾ നെഞ്ചിലേറ്റിയവൾ.. അവസാനം കുടുംബത്തിന് വേണ്ടി ആ കിനാക്കൾ അത്രയും ഖബറടക്കിയവൾ.. ഇപ്പോൾ ദാ ആ കിനാക്കൾക്ക് ഒപ്പം ആറടി മണ്ണിലേക്ക്..

ഓളുടെ മയ്യിത്ത് പള്ളിക്കാട്ടിലേക്ക് എടുക്കാൻ ഫൈസി വിളിച്ചത് കേട്ടു ഞാൻ..

പിന്നെ…

ഫൈസീന്റെ നിലവിളിയും കേൾക്കുന്നുണ്ട്. എഴുന്നേൽക്കാൽ കഴിയുന്നില്ല എനിക്ക്.. ഞാൻ പറയുന്നത് ഒന്നും ഓൻ കേൾക്കുന്നും ഇല്ല. ന്റെ ശരീരം കെട്ടിപ്പിടിച്ച് ഫൈസി കരയുന്നു..

ന്റെ ശരീരത്തിൽ നിന്നും റൂഹ് വേർപ്പെട്ടിരിക്കുന്നു. അതാണ് ന്റെ ശബ്ദം ഓൻക്ക് കേൾക്കാത്തത്.. ഓളായിരുന്നില്ലേ ന്റെ ജീവനും ജീവിതവും. ന്റെ നൈഷൂട്ടി.. ഓളില്ലാത്ത ലോകത്ത് ഞാൻ എന്തിനാണ്..

'കൊതിയാവ്ണ്ട്ട്ടോ ചെർക്കാ കാണാനെന്ന്' പറയുമ്പോൾ ഞാൻ അടുത്ത് വേണം.. ഇനിയും കാത്തിരിപ്പ് എന്ന വിധി നൽകരുത് ന്റെ പെണ്ണിന്…

ഓള് കബറടക്കിയ കിനാക്കൾക്ക് എല്ലാം നിറങ്ങൾ നൽകണം എനിക്ക്.. ഇനി ഓൾ തനിച്ചല്ല... ഞാനുണ്ട് കൂട്ടിന്..

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്