പ്രായശ്ചിത്തം

പ്രായശ്ചിത്തം
***********
    നേരം പുലർന്നു വരുന്നേയുള്ളൂ....
കോരിച്ചൊരിയുന്ന ഈ മഴയത്തു ഞാനും
അമ്മയും നടക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ
ആയി..വലതുകാലിന്റെ ശേഷിക്കുറവും
വലിച്ചു എന്നേക്കാൾ ഒരുപാടു ദുരം
എത്തിയിരിക്കുന്നു അമ്മ..കുട ഉണ്ടെങ്കിലും
നനഞ്ഞൊട്ടി ഞങ്ങൾ .അത്രയും വലിയ
കാറ്റും മഴയും ..ആരുമില്ല റോഡിലെങ്ങും..
അമ്മക്ക് വേണ്ടിയാണു ഈ യാത്ര..ഒന്നര
വർഷം മുന്നേ ഇവിടെ വച്ചാണ് അച്ഛൻ
അബദ്ധത്തിൽ ട്രെയിനിന് മുന്നിൽ വീണു
അമ്മയുടെ കണ്മുന്നിൽ വച്ച് ചിതറി പോയത്.
അവിടേക്കാണ് അമ്മയുടെ നിർബന്ധ പ്രകാരം
ഞങ്ങൾ പുറപ്പെട്ടത്..സുധിയേട്ടൻ വരാൻ
തയ്യാറായെങ്കിലും അമ്മക്ക് സമ്മതമല്ലായിരുന്നു.

  അച്ഛനും അമ്മയും ഞങ്ങൾ ഇരട്ട പെൺകുട്ടികളും അടങ്ങുന്നതായിരുന്നു
ഞങ്ങളുടെ കുടുംബം..അമ്മയുടെ കാലിന്റെ
ശേഷിക്കുറവ് എന്നെക്കാൾ മിനിട്ടുകൾക്ക്
മൂപ്പുള്ള ചേച്ചിക്ക് കിട്ടി..അതിനെപ്പറ്റി എന്നും
'അമ്മ ഉരുകികൊണ്ടേയിരുന്നു..അച്ഛൻ പൊതുവെ ഗൗരവക്കാരനായിരുന്നു..എങ്കിലും അമ്മയെ വേദനിപ്പിക്കാറില്ലായിരുന്നു ഒന്നിനും.
തന്റെ കുറവ് മനസിലാക്കി എന്നും 'അമ്മ ഒതുങ്ങി
ജീവിച്ചു..വില കുറഞ്ഞൊരു കോട്ടൺ സാരിയും
ഒരു താലിമാലയും ..അതിൽ കൂടുതൽ ഒന്നും
'അമ്മ ആഗ്രഹിച്ചു കണ്ടിട്ടില്ല..കാലിന്റെ ശേഷിക്കുറവാകാം ...അപകർഷതാബോധം
അമ്മയുടെ കൂടപ്പിറപ്പായിരുന്നു.അച്ഛന്
സമൂഹത്തിൽ നല്ല ബന്ധങ്ങളും സ്ഥാനവും
ഉണ്ടായിരുന്നു..എങ്കിലും 'അമ്മ ഒന്നിലും
ഇടപെടുകയോ കൂടെപോവുകയോ ചെയ്യില്ല.
ആദ്യമൊക്കെ അച്ഛൻ നിര്ബന്ധിക്കാറുണ്ടായിരുന്നു ..പിന്നെ ഒന്നും
പറയാറില്ല..അച്ഛനും അമ്മയും ഒരുപാടകന്നു പോയതായി പലപ്പോളും തോന്നിയിട്ടുണ്ട്
ഞങ്ങൾക്ക്.

ഒരുപാട് അന്വേഷണങ്ങൾക്കും കാത്തിരിപ്പിനും
ശേഷമാണ് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചത്.
ചേച്ചിയുടെ മുടന്തു വിവാഹകമ്പോളത്തിൽ
അവളുടെ വില ഇടിച്ചു..എന്നെ മാത്രമായി
വിവാഹം ചെയ്തയക്കില്ലെന്നു അമ്മയ്ക്കു
വാശി ആയിരുന്നു..അവസാനം സുധിയേട്ടനും
അദ്ദേഹത്തിന്റെ ചേട്ടൻ സതീഷേട്ടനും ആയി
ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു..

ഒരേ വീട്ടിലേക്കു
ഞങ്ങളെ അയക്കാൻ അച്ഛന്റെ സമ്പാദ്യത്തിന്റെ
മുക്കാലും സതീഷേട്ടന് വാഗ്ദാനം ചെയ്തിരുന്നു.
വിവാഹത്തിന് ഒരു ആഴ്ച മുന്നേ ആയിരുന്നു
അച്ഛന്റെ മരണം..അമ്മയുടെ നേർച്ച തീർക്കാൻ
വന്നതായിരുന്നു ഇവിടെ..പിന്നെ ഒന്നര വർഷം.
അതിനിടെ എന്റെ കുറെ കുഞ്ഞു
സ്വപ്നങ്ങളും തകർന്നുപോയി...

ഇരുപതു ദിവസങ്ങൾക്കു മുന്നേ
വീണ്ടും വീടൊരുങ്ങി..ലളിതമായ ചടങ്ങുകളോടെ
ഞങ്ങൾ സുമംഗലികളായി..

  മഴ ശക്തി പ്രാപിച്ചു..കുന്നിന്റെ ചെരിവിലൂടെ
ആണ് 'അമ്മ നടക്കുന്നത് .റെയിൽ പാളത്തിന്റെ
കുറച്ചു മേലെ..ശക്തിയായ കാറ്റിൽ എന്റെ കുട
പുറകിലേക്ക് ചാഞ്ഞു.ഞാനതു മുറുക്കെ
പിടിച്ചു അമ്മയുടെ പുറകെ ഓടി..മഴനൂലുകൾ
അമ്മയെ മറച്ചിരിക്കുന്നു..മെലിഞ്ഞ... നനഞ്ഞൊട്ടിയ..അമ്മയുടെ രൂപം ഒരു നിഴൽ
പോലെ കാണാം..ആരുമില്ല വഴിയിലെങ്ങും...
എന്റെയുള്ളിൽ... അമ്മയുടെ വന്യമാർന്ന
വേഗം ഭയം ജനിപ്പിച്ചു ....ലക്‌ഷ്യം എത്തിയത്
'അമ്മ അറിഞ്ഞെന്നു തോന്നുന്നു..നടത്തം
നിർത്തിയിരിക്കുന്നു 'അമ്മ..

  എന്റെയുള്ളിൽ ഒരു മിന്നൽ പാഞ്ഞു..
ഒരു ചെരിവുള്ള പ്രദേശമാണ്...
ചലനമില്ലാതെ പാളത്തിലേക്ക് നോക്കി
ഒരു കൈകൊണ്ടു താലിയിൽ മുറുകെ
പിടിച്ചു തിരിഞ്ഞു നിൽക്കുകയാണമ്മ..

ഇവിടെയാണ് അച്ഛന്റെ അവസാന ശ്വാസവും
നിമിഷങ്ങളും.. തീർന്നുപോയതു..അന്ന്
മുതൽ ഇന്ന് വരെ 'അമ്മ ചിരിച്ചിട്ടില്ല..
താലി അഴിക്കില്ലെന്നു മാത്രം വാശി പിടിച്ചു.
ഞങ്ങളും നിർബന്ധിച്ചില്ല..കുടയുടെ മറവിൽ
എനിക്ക് അമ്മയുടെ മുഖം കാണുന്നില്ലായിരുന്നു.
എങ്കിലും ..അമ്മയുടെ മനസിലെ വേദന
ഞാൻ ഊഹിച്ചു... കാരണം... ഇന്നു
ഞാനും ഒരു ഭാര്യയാണ്....

  പതുക്കെ ഞാൻ അമ്മയെ ചേർത്ത് പിടിച്ചു..
"സാരോല്ല അമ്മെ..ദൈവം വിളിച്ചാൽ പോകാതിരിക്കാനാവില്ലലോ"..കണ്ണീരടക്കി
ഞാൻ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

"ദൈവം വിളിച്ചതാണെന്നു ആരുപറഞ്ഞു "?
എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മയുടെ മരവിച്ച
സ്വരം പുറത്തേക്കു വന്നു..ഞെട്ടി ഞാൻ അമ്മയെ
നോക്കി..നനഞ്ഞൊട്ടി മരവിച്ച മുഖം..
അകലങ്ങളിലേക്ക് നോക്കി നിൽക്കുകയാണമ്മ..

ഇനിയൊരു വാക്ക് ചോദിയ്ക്കാൻ എനിക്ക് ധൈര്യംവന്നില്ല..കിടുങ്ങുന്ന ഹൃദയവുമായി ഞാൻ തളർന്നു നിന്നു..
നിമിഷങ്ങളുടെ നിശ്ശബ്ദതക്കൊടുവിൽ ഞാൻ
അറിയാതെ എന്നിൽനിന്ന് പുറത്തേക്കുവന്നു...

  "പിന്നെ "?..

  ഒറ്റനിമിഷം..'അമ്മ എന്റെ നേർക്ക് തിരിഞ്ഞു..
കണ്ണുകളിൽ തീ പറക്കുന്നതുപോലെ..മരവിച്ച
മുഖത്തു വല്ലാത്തൊരു ഭാവം....

"ഞാനാ..ഞാൻ..ഈ കൈകൾകൊണ്ട് ഞാൻ
തള്ളിയിട്ടതാണ്.."..ശക്തിയായ കാറ്റിൽ കുട
വിട്ടു കളഞ്ഞു.. രണ്ടു കൈകളും ഭ്രാന്തിയെ
പോലെ എന്റെ മുഖത്തേക്ക് നീട്ടി 'അമ്മ
ചീറിക്കൊണ്ട് പറഞ്ഞു..

എന്റെ ഹൃദയം നിലച്ചുപോയെങ്കിൽ..എന്ന് ഞാൻ ആശിച്ചു...എന്റെ കൈകളും കാലുകളും
തളർന്നു.ഞാൻ അലറിക്കരഞ്ഞു കൊണ്ട് അമ്മയുടെ ചുമലിൽ പിടിച്ചു..

"എന്തിനു "?ഞാൻ പൊട്ടിക്കരഞ്ഞു..
"പാവം എന്റച്ഛൻ നിങ്ങളോടു എന്ത് തെറ്റു ചെയ്തു ?"...കോരിച്ചൊരിയുന്ന മഴയിൽ
എന്റെ അലർച്ച മുങ്ങിപ്പോയി...എന്റെ
കരച്ചിലിനിടയിലൂടെ ഒരു തീവണ്ടി ഭൂമി
വിറപ്പിച്ചു കടന്നുപോയി...

"പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു ?
മക്കളുടെ വിവാഹത്തിന് ഒരാഴ്ച മുന്നേ
അച്ഛനെ കാമുകിയുടെ കൂടെ ഒളിച്ചോടാൻ
അനുവദിച്ചു..എന്റെ മക്കളുടെ ജീവിതം
നശിപ്പിക്കണമായിരിന്നോ "?നിനക്കൊരു
ജീവിതം ഇനിയും കിട്ടിയേക്കാം...പക്ഷെ..
നിന്റെ ചേച്ചിയോ?

എന്റെ ഞെട്ടൽ പൂർണ്ണമായി..കാലുകൾ കുഴഞ്ഞു ഞാൻ ആ വെള്ളമൊഴുകുന്ന ചെരിവിലേക്കിരുന്നു..എന്റെ കണ്മുന്നിൽ
'അമ്മ ഒരു നനഞു തുടങ്ങിയ കടലാസ് നീട്ടി
അക്ഷരങ്ങൾ നനയും മുന്നേ ഞാനതു
തട്ടിപ്പറിച്ചു അതിലേക്കു മുഖം താഴ്ത്തി ..
അധികമൊന്നുമില്ല ..അതിൽ..
കുറച്ചു വരികൾ മാത്രം...

"ഇനിയും ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും
പേര് പറഞ്ഞു അകന്നു ജീവിക്കാൻ വയ്യെനിക്ക്..
അടുത്ത തിങ്കളാഴ്ച പുലർച്ചെ ഞാൻ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കും.ഒൻപതു മണിക്കുള്ളിൽ നീ എത്തിയില്ലെങ്കിൽ..ഞാൻ
നിന്റെ വീട്ടിലേക്കു വരും..അത്രയ്ക്ക് സഹിച്ചു
ഞാൻ..ഇനിയൊരു യാത്ര നിന്റെ കൂടെ മാത്രം
ഇല്ലെങ്കിൽ നിന്റെ കണ്മുന്നിൽ തീരും ഞാൻ..
എന്നെ പിരിഞ്ഞു ജീവിക്കാൻ നിനക്കും
കഴിയില്ലെന്ന് ആയിരം തവണ പറഞ്ഞതല്ലേ
എന്നോട്..എനിക്കറിയാം നീ വരുമെന്ന്.."
കാത്തിരിക്കും ഞാൻ.."...

കണ്ണീരൊഴുകി എന്റെ കാഴ്ച മറഞ്ഞു..
വിദൂരതയിൽ എവിടെനിന്നോ എന്നവണ്ണം
അമ്മയുടെ സ്വരം ഞാൻ കേട്ടു...

   "നിന്റച്ഛന്റെ ലാപ്ടോപ്പ് ബാഗിനുള്ളിൽ നിന്നാണ്
ഇത് കിട്ടിയതെനിക്ക്..അതിനും കുറെ ദിവസങ്ങൾ മുന്നേ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു..നിന്റെ അച്ഛന്റെ മാറ്റം..
എന്ത് ചോദിച്ചാലും ദേഷ്യം ..ആലോചന..
ഒരുപാടു ആലോചിച്ചു ഞാൻ..ഇത് കിട്ടിയതോടെ
എനിക്ക് മനസിലായി..എല്ലാം...
സ്വന്തം കുഞ്ഞുങ്ങളുടെ
ജീവിതത്തേക്കാൾ കാമുകിയെ
സ്നേഹിക്കുന്ന
ഒരു ഭർത്താവിനെ വേണ്ടെന്നു ഒരുപാടു
ആലോചിച്ചാണ് ഞാൻ തീരുമാനിച്ചത്.."

ഉന്മാദത്തോടെ 'അമ്മ തുടരുകയാണ്..
"എല്ലാം ഞാൻ പ്ലാൻ ചെയ്തതാണ്..ഇവിടെ
വച്ചാണ് അദ്ദേഹത്തെ ഞാൻ തള്ളിയത്
താഴത്തേക്കു ...എന്റെ കണ്മുന്നിൽ ആണ് ചിതറിപ്പോയത്..വലത്തേ കൈ തെറിച്ചുവന്നു
എന്റെ നെഞ്ചിലാണ് അള്ളിപ്പിടിച്ചതു..ഈ താലിയിൽ..അവസാനത്തെ പിടച്ചിലായിരുന്നു
ആ കൈകളിൽ..അതുകൊണ്ടു തന്നെയാണ്
ഈ താലി ഞാൻ അഴിക്കാഞ്ഞതും..എന്റെ മക്കൾ സുമംഗലികളാവുന്നതു അയാൾ ഇതിലൂടെ കാണും..കാണണം..കണ്ടുകഴിഞ്ഞു.ഇനിയിത്
ഞാൻ ഇവിടെ ഉപേക്ഷിക്കും അതിനാണ്
വന്നതും .."

  "ഒന്നു നിർത്തൂ "...മഴയേക്കാൾ ഉച്ചത്തിൽ ഞാൻ
അലറി...തളർന്ന കാലുകളിൽ സർവ്വ ശക്തിയും
സംഭരിച്ചു എഴുന്നേറ്റു നിന്ന് ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയുടെ കാൽക്കലേക്കു കുഴഞ്ഞുവീണു..ഹൃദയം
നുറുങ്ങുന്ന വേദനയോടെ..കുറ്റബോധത്തോടെ..
ഞാൻ അലറിക്കരഞ്ഞു കൊണ്ട് പറഞ്ഞു..

  "അതെനിക്കു ഫസൽ കൊടുത്തുവിട്ട കത്തായിരുന്നു..അച്ഛന് ഞങ്ങളുടെ ബന്ധത്തെ
പറ്റി മുന്നേ സൂചന കിട്ടിയിരുന്നു..ചേച്ചിയുടെ
ജീവിതം കൂടി ഞാൻ കാരണം തീർന്നു പോകാതിരിക്കാൻ ആരുമറിയാതെ അച്ഛനെന്നെ
ശ്രദ്ധിക്കയായിരുന്നു..കത്ത് കിട്ടിയതോടെ അച്ഛൻ ഭ്രാന്തുപിടിച്ച അവസ്ഥയിലേക്കു എത്തിയിരുന്നു..എന്നിട്ടും ആരെയും അറിയിച്ചില്ല
ആ പാവം..ഉപദേശങ്ങൾക്കിടയിലാണ് അമ്മയുടെ നേർച്ചയും അച്ഛന്റെ മരണവും.
അച്ഛന്റെ ആത്മാവിനു വേണ്ടിയാണു ഞങ്ങൾ
പിരിഞ്ഞത്..."

  കോരിച്ചൊരിയുന്ന മഴയിൽ എന്റെ അലർച്ചയും
പൊട്ടിക്കരച്ചിലും ഇടകലർന്നു..ഞാൻ തല
ഉയർത്തി അമ്മയെ നോക്കി..എന്റെയുള്ളിൽ അമ്മയോടുള്ള വെറുപ്പും അച്ഛനോടുള്ള സ്നേഹവും തിരതല്ലി..അച്ഛാ...എന്ന് വിളിച്ചു
കൊണ്ട് ഞാൻ അലറിക്കരഞ്ഞു...നിലത്തു വീണുരുണ്ടു..മരവിച്ച മുഖവുമായി 'അമ്മ
ശ്വാസം നിലച്ചത് പോലെ നിന്നു..ഒരു ശവത്തിനെപോലെ..അനക്കമറ്റ്‌...

  ട്രെയിനിന്റെ ശബദം അടുത്തു
വരുന്നുണ്ടായിരുന്നു ...എന്റെ മുന്നിൽ കണ്ടിരുന്ന അമ്മയുടെ പാദങ്ങൾ പുറകിലേക്ക് നീങ്ങി..
ഒറ്റനിമിഷം ..എന്റെ ഹൃദയത്തിലൂടെ ഒരു ഞെട്ടൽ
കടന്നു പോയി..ഞാൻ ഞെട്ടി തല ഉയർത്തി..
'അമ്മ മുന്നോട്ടേക്കു ഓടിക്കഴിഞ്ഞിരുന്നു..ഞാൻ
ചാടി എണീറ്റ് പുറകെ ഓടി..നനഞ്ഞ വസ്ത്രങ്ങളും സുഖമില്ലാത്ത കാലും വലിച്ചു
'അമ്മ വന്യമായ വേഗത്തിൽ താഴേക്ക് കുതിച്ചു..

  "അമ്മേ.."..സർവ്വശക്തിയും സംഭരിച്ചു ഞാൻ
അലറിക്കരഞ്ഞു കൊണ്ട് പുറകെ ഓടി..
അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു..ഒറ്റ നിമിഷം..
കാതടപ്പിക്കുന്ന അലർച്ചയോടെ എന്റെ മുടിയിഴകളെ വരെ വിറപ്പിച്ചു ട്രെയിൻ കടന്നു പോയി...എന്റെ കണ്മുന്നിൽ 'അമ്മ ചിതറി
കഷ്ണങ്ങളായി...അലറിക്കരഞ്ഞു കൊണ്ട്
അബോധത്തിലേക്കു വീഴുമ്പോൾ ഞാൻ
കണ്ടു..അമ്മയുടെ ചിതറിയ വലതു കൈ
അവസാനത്തെ പിടപ്പോടെ എന്റെ കാൽക്കൽ.

(The theme got from a real incident)

      
     Vineetha Anil

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്