സ്വപ്‌നങ്ങൾ വിൽക്കാനുണ്ട്

ഇന്നും നിൽപ്പുണ്ട് ആ വായ്നോക്കി കോളേജിന്റ്റെ മുൻപിൽ.ഇവൻകൊന്നും ഒരു പണിയും ഇല്ലേ പടച്ചോനെ.

രാവിലെ ഇറങ്ങിക്കോളും കുഴല് പോലത്തെ ജീൻസും വലിച്ച് കേറ്റി.കരണ്ടടിച്ച പോലത്തെ മുടിയും. കുടുംബത്തിൽ ഇഷ്ടം പോലെ കാശുണ്ടാവും. വേറെ പണിക്ക് ഒന്നും പോവണ്ടല്ലോ. രാവിലെ വന്ന് തൂണും ചാരി നിൽക്കാലോ.

ഇൻക്കൊരു കാര്യംപറയാനുണ്ട്. പ്ലീസ്.ഒന്ന് നിൽക്കോ.

ഇൻകൊന്നും കേൾക്കണ്ട. ജ് പോവാൻ നോക്ക്. ഇവിടെ വന്ന് നിൽക്കണ സമയത്ത് ങ്ങൾക്ക് എന്തേലും പണിക്ക് പൊയ്ക്കൂടെ. ആളോളെ കൊണ്ട് പറേപ്പിക്കാൻ. ഇനിയും തുടരാൻ ആണ് ഭാവം എങ്കിൽ ഞാൻ ഉപ്പാനോട് പറയും.

പറയണം എങ്കിലും തനിക്ക് എന്നെപ്പറ്റി എന്തെങ്കിലും അറിയണ്ടേ. അതിന് വേണ്ടി എങ്കിലും കുറച്ച് സമയം എനിക്ക് താ ഇയാൾ.

തന്നെപ്പറ്റി എന്തറിയാൻ.രൂപം കണ്ടാൽ തന്നെ എല്ലാം മനസ്സിലാകും.ഇയാൾ പോയേ.

ഇൻക് വെർപ്പാ ങ്ങനെ ഈ കാട്ടിക്കൂട്ടൽ.ഇതെക്കെ എല്ലാം ആവശ്യത്തിൽ കൂടുതൽ ജീവിതത്തിൽ അനുഭവിച്ച് വളരുന്ന ചെക്കമ്മാരുടെ കോലം കെട്ടലാണ്.

ക്ലാസിൽ എത്തിയപ്പോൾ പാറു എത്തിയിട്ടുണ്ട് നേരത്തേ തന്നെ .എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് പാറു.

ഇന്നും ഉണ്ടായിരുന്നോ ഹീറോ.

പിന്നില്ലാതെ.. വേറെ പണി ഒന്നും ല്ലേ വന്ന് നിൽക്കാലോ.

ടീ എന്നാലും വൈകുന്നേരം ഇവനെ കാണാറില്ലല്ലോ. എപ്പോൾ ഇവൻ എവിടെ പോകുന്നതാണ്.

കോളേജ് വേറെയും ഇല്ലേ പാറു .വൈകിട്ട് വേറെ റൂട്ടിലാവും.

പറഞ്ഞത് ശരിയാണ്. വൈകുന്നേരങ്ങളിൽ ഞാൻ ഇവനെ കാണാറേ ഇല്ല. ഇന്നെന്തായാലും ക്ലാസ് തീരുവാണ്. കൊച്ചീസത്തേക്ക് വേഷം കെട്ടൽ കാണണ്ടല്ലോ.

നാളെ ഉപ്പയുടെ തറവാട്ടിൽ പോകണം. അവധി മുഴുവൻ അവിടെ നിൽക്കണം. പാടവും പുഴയും തണുത്ത കാറ്റും.ഉപ്പാമാന്റ്റെ മൊഞ്ചുള്ള സ്നേഹം ചാലിച്ച രുചിക്കൂട്ടുകളും എല്ലാം ആസ്വദിക്കണം. ഇവിടുന്ന് അഞ്ച് കിലോമീറ്ററേ തറവാട്ടിലേക്ക് ഉള്ളു. ന്നാലും ഉപ്പ വിടില്ല തനിച്ച്.ഉപ്പയും ജോലി അഞ്ച് ദിവസം ലീവാക്കിയത് കൊണ്ട് സന്തോഷായിട്ട് കുറച്ച് ദിവസം നിൽക്കാം.

തറവാട് വീടിനോട് ചേർന്ന് അഞ്ച് സെന്റ്റ് സ്ഥലത്ത് ഉപ്പാന്റ്റെ പെങ്ങൾക്ക് വീട് കെട്ടുന്നുണ്ട്. അതിന്റ്റെ പണി നടന്നോണ്ടിരിക്കുന്നുണ്ട്. വാർക്കൽ ആകാനായീന്നാ ഇന്നലെ വിളിച്ചപ്പോൾ ഉപ്പാപ്പാ പറഞ്ഞത്.

രാവിലെ തന്നെ പുറപ്പെട്ടു.അത്ര നേരം കൂടെ കൂടുതൽ നിൽക്കാല്ലോ അവിടെ.

എത്തിയപ്പോൾ ആകെ തിരക്ക്.വീട് പണിക്ക് വന്നോർക്ക് ഭക്ഷണം ഇവിടുന്നാണ്.ഇളാമ്മായും ഇളാപ്പായും ഓട്ടം തന്നെ ഓട്ടം. അത് കണ്ട് നിൽക്കാൻ ഒരു മൊഞ്ച് തന്നെയാണ്.

ന്താടീ കുഞ്ഞിപ്പാത്തു മിഴിച്ച് നിൽക്കുന്നെ.ഈ വെള്ളൊന്ന് ആ പണിക്കാർക്ക് കൊടുക്ക്.ഞാൻ ഓടി കുഴഞ്ഞു.ഇനി നീ ഉണ്ടല്ലോ സഹായത്തിന് .

അപ്പോ സ്നേഹം കൊണ്ട് വിളിച്ചതല്ല അല്ലേ .പണീപ്പിക്കാൻ ആയിരുന്നല്ലേ കള്ളീ.

വെള്ളവുമായിട്ട് എത്തുമ്പോൾ നിറയെ ആളുകളുണ്ട് അവിടെ. വാർക്കൽ ആയോണ്ട് ആവും.

വെള്ളം...

അവിടെ വെച്ചേക്ക് ട്ടോ.

പരിചയം ഉള്ളൊരു ശബ്ദം. തിരിഞ്ഞ് നോക്കിയ ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.

പടച്ചോനെ. ആ ഫ്രീക്കനല്ലേ ഇത്.

ങ്ങൾ.. ങ്ങൾ ന്താ ഇവിടെ..

ജീവിക്കണ്ടേ മോളെ. പണി ചെയ്യാതെ ഭക്ഷണം കഴിക്കാനും കൊണ്ട് തരാനും മ്മൾക്ക് ഉപ്പയില്ല.

ഇയാൾ ന്താ ഇവിടെ?

ന്റ്റെ ഉപ്പാന്റ്റെ തറവാടാണ്.ന്റ്റെ ഇളേപ്പാക്കാ പൊരകെട്ടുന്നത്.

അപ്പോൾ ആരോ വിളിച്ചു.

ടാ ഫൈസീ....

സിമന്റ്റ് കഴിയാറായി. കൂട്ടിക്കോ.

ശരി ഇക്കാ.

എനിക്ക് നിന്ന നിൽപ്പിൽ നിന്ന് ചലിക്കാൻ പോലും കഴിയാത്ത അവസ്ഥ. പറഞ്ഞതും ചിന്തിച്ചതും എല്ലാം തെറ്റായോ പടച്ചോനെ .തിരിച്ച് നടക്കുമ്പോൾ വിയർത്ത് കുളിച്ച് നിൽക്കുന്ന അവനെ ഞാൻ ഒന്നുകൂടി നോക്കി. അപ്പോൾ എനിക്ക് തോന്നിയത് വെറുപ്പോ ദേഷ്യമോ ഒന്നുമല്ല. ബഹുമാനം.. ആരാണെന്നോ എന്താണെന്നോ അറിയാതെ വിലയിട്ടതിൽ ഉള്ള കുറ്റബോധം.

ഇളേമ്മാ.. ആരാ ഫൈസി.പണിക്കാരെ ഒപ്പം കണ്ടു. അയാളെ ഞാൻ കോളേജിന്റ്റെ അവിടെക്കെ കണ്ടിട്ടുണ്ട്.

അത് ഫൈസൂട്ടനാടി. കോട്ടക്കൽ തന്നെയാ നാട്.ഇവിടെ പണിക്ക് വന്നതാണ്. പാവം ചെക്കനാണ്. ഇപ്പഴത്തെ മക്കളെ പോലെ ഒന്നും അല്ല. കുടുംബം നോക്കാനുള്ള കഷ്ടപ്പാടാ.ഉപ്പയില്ല. ഉമ്മയും ഒരു അനിയനും അനിയത്തിയും ഉണ്ട്. അവരുടെ വയർ നിറക്കാനുള്ള പെടാപ്പാടാ ഇതെക്കെ.രാവിലെ പഠിക്കാൻ പോകും.വൈകുന്നേരം ഒരു പെട്രോൾ പമ്പിൽ പണിക്ക് പോകും. പതിനൊന്ന് വരെ അവിടെ ജോലി. അവധി ദിവസങ്ങളിൽ പെയിന്റ്റിങ്ങിനും കല്ല് ചുമക്കാനും എല്ലാം പോകും..

ഓടിപ്പോയി ജനലിന്റ്റെ ഉള്ളിലൂടെ നോക്കി അവനെ തിരയുമ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.മുൻപ് എപ്പോഴേ അവൻ ചോദിച്ച ഒരു വാക്കും.

കുറച്ച് സ്വപ്നങ്ങൾ വിൽക്കാനുണ്ട്. വാങ്ങാൻ തയ്യാറാണോ? കടമായിട്ട് എങ്കിലും വാങ്ങടോ..

അന്നതിന് അവനെ ദഹിപ്പിക്കുന്ന പോലൊരു നോട്ടം നോക്കിയത് ഇപ്പോഴും ഓർമ്മയിലുണ്ട്.

ഇന്ന് അവധി കഴിഞ്ഞ് ഞാൻ വീണ്ടും കോളേജിലേക്ക് പോകുന്നു.

അതേ സ്ഥാനത്ത് തന്നെ മ്മളെ ഫ്രീക്കൻ സ്ഥലം പിടിച്ചട്ടുണ്ട്.

എന്നെ കണ്ടതും ഒരു പാൽപുഞ്ചിരി.

ഇൻക്ക് ഒരു കാര്യം പറയാനുണ്ട്..

അന്ന് പറഞ്ഞ സ്വപ്നങ്ങൾ അല്ലേ.കടമായിട്ട് വേണ്ട എനിക്കത്.ഒരായുസ്സ് മുഴുവൻ അതിന് നിറം പകരാൻ കൂടെ ഉണ്ടാകും എങ്കിൽ ആലോചിക്കാം.

കണ്ണ് നിറഞ്ഞ് എന്നെ നോക്കി നിൽക്കുന്ന അവനൊരു ചിരിയും സമ്മാനിച്ച് നടന്നകലുമ്പോൾ പാറു മുൻപിൽ.

ഇന്നും കൊടുത്തോ ഫ്രീക്കനുള്ളത്.

കൊടുത്തു മോളേ.അവൻക്കും പടച്ചോനും. മൊഞ്ചുള്ള ഒരു ജീവിതത്തിൽ മരണം വരെ കൂട്ടിനുണ്ടാവും എന്നൊരു വാക്ക് .

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്