ശാപമോക്ഷം

#ശാപമോക്ഷം

പഴയ പറ്റ് മുഴുവന്‍ തീര്‍ക്കാതെ പരിപ്പ് പോയിട്ട് ഉപ്പിന്‍റെ പൊടി പോലും ഇനിയീ പീടികേന്ന് കിട്ടൂല്ലാന്ന് കൈമളേട്ടന്‍ എന്‍റെ  മുഖത്ത് നോക്കി ഉച്ചത്തിലാണ് പറഞ്ഞത്....!

അഭിമാനമെന്ന വാക്കിന്‍റെ  അര്‍ത്ഥമെന്തെന്ന് അറിയാത്ത എന്‍റെ ബാല്ല്യം പോലും തലകുനിച്ചവിടെ നിന്ന് പോയ നിമിഷമായിരുന്നത്.

അച്ഛന്‍ വന്നിട്ട് എല്ലാം കൂടെ ഒരുമിച്ച് തരാമെന്ന് ഇടറിയ ശബ്ദത്താല്‍ ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു.

നിന്‍റെ അച്ഛന്‍ വരുന്നത് ഞാന്‍ കുറെ കണ്ടിട്ടുള്ളതാണല്ലോന്നും പറഞ്ഞുള്ള പരിഹാസ ചിരിയായിരുന്നപ്പോ ആ മുഖത്ത്.

ആ ചിരി ചുറ്റും നിന്ന മുഖങ്ങളിലൊക്കെയും പടര്‍ന്നു.

എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ ഒരു കോമാളിയെ പോലെ നിന്ന എന്‍റെ കൈകള്‍ എന്തിനെന്നറിയാതെ തുറന്ന് വച്ച അരിചാക്കിലേക്ക് നീങ്ങി.

അതില്‍ നിന്ന് രണ്ട് മണി അരിയെടുത്ത്  വായയിലേക്കിട്ട് ഞാന്‍ വേദനയോടെ  കൈമളേട്ടനെ നോക്കി.

ആ രണ്ട് മണി അരിയെടുത്തതിനും കിട്ടി വയറ് നിറച്ച് പരിഹാസം.

ഇറ്റ് വീഴാന്‍ മുതിര്‍ന്ന രണ്ട്  തുള്ളി കണ്ണു നീരിനെ തടഞ്ഞ് നിര്‍ത്താന്‍ എനിക്കായില്ല.

അതാ കടയുടെ ഹൃദയഭാഗത്ത് തന്നെ ഇറ്റിയിറ്റി വീണു...!

തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ രാവിലെ തിന്ന ഉപ്പുമാവൊക്കെ ദഹിച്ചെന്ന ഓര്‍മ്മപ്പെടുത്തലുമായി കാളലും മൂളലും വയറ്റീന്ന് വന്ന് തുടങ്ങി.

വെറും കയ്യോടെ വരുന്ന എന്നെ കണ്ടപ്പോള്‍ തന്നെ അമ്മക്ക് കാര്യം മനസ്സിലായി.

പെങ്ങന്മാര്‍ക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റുപെറുക്കിയ അച്ഛന്‍റെ മക്കളാവുമ്പോ ഇതല്ല ഇതിനപ്പുറം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

പിന്നെ എല്ലാ ദേഷ്യവും തീര്‍ത്തത്  പാത്രങ്ങളോടായിരുന്നു.

പിറുപിറുത്തും കൊണ്ട് തട്ടില്‍ വച്ച പാത്രങ്ങളൊക്കെയും തപ്പി നോക്കുന്നതിനിടയില്‍ പണ്ടെങ്ങോ വാങ്ങി വച്ചതില്‍ ബാക്കി വന്ന അഞ്ചാറ് മണി പരിപ്പ് അമ്മക്ക് കിട്ടി.

അത് വെള്ളത്തിലിട്ട് അടുക്കള വാതിലിലൂടെ അമ്മ പറമ്പിലേക്ക്  നടന്നു.

പറമ്പിന്‍റെ മൂലയിലെ വള്ളി പടര്‍പ്പുകള്‍ക്കിടയില്‍ ആ കണ്ണുകള്‍ എന്തിനോ വേണ്ടി പരതുന്നത് ഞാന്‍ കണ്ടു.

പ്രതീക്ഷിച്ചത് കണ്ടെത്തിയ പോലെ ആ കണ്ണുകള്‍ ഒരിടത്ത് തന്നെ നിന്നതും ഞാന്‍ കണ്ടു.

ശ്രദ്ധയോടെ എന്തിന്‍റെയോ ഇലകള്‍ പൊട്ടിച്ചെടുത്തിട്ട് നേരെ കിണറ്റിന്‍ കരയിലേക്ക് പോയി.

ഞാനും കിണറ്റിന്‍ കരയിലേക്ക് ചെന്നു.

കടുത്തുവ്വയുടെ ഇല.........!

ദേഹത്തെങ്ങാനും തൊട്ട് പോയാല്‍ ചൊറിഞ്ഞ് ചാവുന്ന ആ ഇലയും പിടിച്ച് അമ്മയെന്താണീ കാട്ടി കൂട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

വെള്ളത്തിലിട്ട് നന്നായി കഴുകിയിട്ട് എന്തൊക്കെയോ കാട്ടി കൂട്ടി കുനെ കുനെ അരിഞ്ഞത് പരിപ്പിന്‍റെ കൂടെയിട്ട് അടുപ്പത്ത് വച്ചു.

അന്നത്തെ ചോറിനുള്ള കൂട്ടാനായിരുന്നത്....!

ചോറിലേക്ക് ഒരു കുമ്പിള്‍ കറി ഒഴിച്ച് തന്ന് എന്‍റെ മുടിയിലൊന്ന് തലോടി പറഞ്ഞു , മോന്‍ കഴിക്ക് ട്ടോ എന്ന്.

ചോറും കറിയും കൂട്ടി കുഴച്ച് ഒരുരുളയെടുത്ത് വായയില്‍ വെക്കുമ്പോള്‍ എനിക്ക് വല്ലാതെ പേടി തോന്നി.

ദേഹം മുഴുവന്‍ ചൊറിയുമെന്നോര്‍ത്ത് ഞാന്‍ കരയാന്‍ തുടങ്ങി.

അത് കണ്ട് അമ്മയുടെ കണ്ണും നിറഞ്ഞു.

ഒന്നുംല്ല്യ വാവേ , ഇങ്ങനെയൊക്കെ ആയാലേ ഇനി മ്മക്ക് ജീവിക്കാന്‍ പറ്റൂന്നും പറഞ്ഞെന്നെ ചേര്‍ത്ത് പിടിച്ചു.

ഓരോ ഉരുളയാക്കി വായയില്‍ വച്ച് തന്നു.

ആ ഓരോ ഉരുള ചവച്ചരയ്ക്കുമ്പോഴും എനിക്ക് കൈമളേട്ടനോടുള്ള ദേഷ്യവും ഭയവും കൂടി കൂടി വന്നു.

കഴിക്കുന്നതിനിടയില്‍ നിലത്ത് ഇറ്റി വീണ എന്‍റെ കണ്ണീനീര്‍ തുള്ളികളിലൊക്കെയും കൈമളേട്ടന്‍റെ പരിഹാസം തുടിക്കുന്ന മുഖം തെളിഞ്ഞ് കാണാമായിരുന്നു.

പിന്നീടങ്ങോട്ട് കടം വാങ്ങാന്‍ ഞാന്‍ പോയില്ല.

കൈമളേട്ടനെ ദൂരെ നിന്ന് കാണുന്നത് പോലും എനിക്ക് ഭയമായിരുന്നു .

ആ പീടികയോട് എനിക്ക് വെറുപ്പായിരുന്നു.

അതുകൊണ്ട് തന്നെ മത്തന്‍റെ ഇലയും ശീമകൊന്നയുടെ പൂവും ചേമ്പിന്‍റെ തണ്ടും ചക്കക്കുരുവും പലവുരു ചോറിന് കൂട്ടായി.

ഒരു ദിവസം കോഴിയിറച്ചി കഴിക്കാന്‍ പൂതിയാണെന്നും പറഞ്ഞ് കരഞ്ഞ എന്നെ  കൊലായില്‍ കൊണ്ടിരുത്തി അമ്മ ആശ്വസിപ്പിച്ചു.

സ്വന്തം മകന്‍റെ ആഗ്രഹം സാധിച്ച് കൊടുക്കാനാവാത്ത ഒരമ്മയുടെ വേദന ആ മുഖത്തുണ്ടായിരുന്നു.

ആ വെയിലൊഴിഞ്ഞ നേരത്താണ് ആകാശത്ത് നിന്ന് മിന്നലിനോടൊപ്പം രണ്ടിടി വെട്ടിയത് .

അത് കണ്ട് സന്തോഷത്തോടെ അമ്മ പറഞ്ഞു , നാളെ മോന് കോഴിയിറച്ചി പോലൊരു സാധനം ഉണ്ടാക്കി തരാന്ന്....!

പിറ്റേന്ന് രാവിലെ എണീറ്റ് വന്നപ്പോള്‍ കണ്ടത് , മുറ്റം മുഴുവന്‍ പരതി നടന്ന് എന്തോ പറിച്ചെടുക്കുന്ന അമ്മയെയാണ് .

ഇന്നലെ വെട്ടിയ ഇടിക്ക് മുളച്ച കൂണുകളായിരുന്നത്.....!

നല്ലോണം വറുത്തരച്ച് വച്ച കൂണ്‍ കൂട്ടാന്‍ കൂട്ടി ഞാന്‍ ചോറുണ്ണുമ്പോള്‍ കാണാമായിരുന്നു , അമ്മയുടെ മുഖത്തെ നിസ്സഹായത.

കാലം എത്ര പെട്ടെന്നാണ് കടന്ന് പോയത്.

ജീവിതം എത്ര വേഗമാണ് മാറി മറിഞ്ഞത്.

ജോലിയായി .. ശമ്പളമായി.... ബന്ധങ്ങളായി.. ചോദിക്കാനും പറയാനും ആളായി.

മൂന്ന് വര്‍ഷത്തെ പ്രവാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കാണാനും സംസാരിക്കാനും സന്തോഷം പങ്ക് വയ്ക്കാനും എത്ര പേരായിരുന്നു....!

എല്ലാ തിരക്കുകളും ഒഴിഞ്ഞപ്പോള്‍ ഞാനാ പുതിയ വീടിന്‍റെ ചാരു പടിയില്‍ കാറ്റും കൊണ്ട് കിടക്കുമ്പോഴാണ് ആരോ വന്നെന്‍റെ ചുമലില്‍ തോണ്ടിയത്.

തിരിഞ്ഞ് നോക്കിയ ഞാന്‍ ഞെട്ടിയെണീറ്റു.

എല്ലും തൊലുമായ ഒരു രൂപം എന്‍റെ നേരെ വന്ന് കൈ നീട്ടുന്നു.....!

എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

കൈമളേട്ടന്‍ .....!

മന്ത്രിക്കുന്ന ചുണ്ടാല്‍ ഒരടി പുറകിലേക്ക് മാറി ഞാന്‍ ചുമരില്‍ തട്ടി നിന്നു.

അപ്പോഴേക്കും ഒരു ഗ്ലാസ്സ് ചായയുമായി അമ്മ വന്ന് കൈമളേട്ടന് നേരെ നീട്ടി.

ചിരപരിചിതനെ പോലെ ആ ചായയും വാങ്ങി കുടിച്ച് ഇരു കയ്യും ആഞ്ഞ് വീശി  കൈമളേട്ടന്‍ ധൃതിയിലങ്ങ് നടന്ന് പോയി.

ഒന്നും മനസ്സിലാവാതെ ഞാന്‍ നിന്നിടത്ത് നിന്നു.

ഉഗ്രപ്രതാപിയായിരുന്ന കൈമളേട്ടന്‍ എന്‍റെ വീട്ടില്‍ വന്ന് കൈനീട്ടിയിരിക്കുന്നു.....!

എനിക്ക് വിശ്വസിക്കാനായില്ല.

കൈമളേട്ടന്‍ പോയ വഴിയേ നോക്കി അമ്മ പറഞ്ഞു , എങ്ങനെ കഴിഞ്ഞിരുന്ന മനുഷ്യനാ , ആ കടയും കച്ചോടവും പോയപ്പോള്‍ മൂപ്പര്‍ക്ക് സമനില തെറ്റി . കൂട്ടത്തില്‍ മക്കള്‍ക്കും വേണ്ടാതായി ,  ഇപ്പോ ആളുകള്‍ക്ക് മുന്നില്‍ കൈ നീട്ടി ജീവിക്ക്യാണ് , എന്നും രാവിലെ വന്നിട്ട്  ചായ വാങ്ങി കുടിച്ചിട്ട് പോവും , പാവം.

ഒരു നിമിഷത്തേക്ക് എന്‍റെ ശ്വാസഗതി നിലച്ചു.

ചിന്താമഗ്നനായി ഞാനവിടെ കുറച്ച് നേരം നിന്നു.

എന്തോ തിരുമാനിച്ചിട്ടുറപ്പിച്ചെന്ന വിധം ഞാന്‍ മുറ്റത്തേക്ക് ചാടിയിറങ്ങി . 

കിണറ്റിന്‍കരയിലെ ചെടി കൂട്ടത്തിന് മുന്നിലേക്കോടി . കണ്ണുകള്‍  ചുറ്റും പരതി.

പക്ഷെ അവിടെ കണ്ടില്ല....!

ശീമകൊന്ന പടര്‍ന്ന് നില്‍ക്കണ പറമ്പിലേക്കോടി. അവിടെ കൂടി നില്‍ക്കണ ചെടികള്‍ക്കിടയില്‍ കാല് കൊണ്ട് പരതി.

പരതലിനൊടുവില്‍ ഞാന്‍ കണ്ടു.

നാലഞ്ച് മുരടില്‍ കടുത്തുവ.....!

ഞാനുറക്കെ വിളിച്ച് പറഞ്ഞു , അമ്മേ
വേഗം കുറച്ച് പരിപ്പെടുത്ത് വെള്ളത്തിലിടണമെന്ന്.

ഒന്നും മനസ്സിലാവാതെ എന്‍റെ കണ്ണിലേക്ക് നോക്കി മിഴിച്ച് നിന്ന അമ്മയോട് ഞാന്‍ പറഞ്ഞു , വേഗം പരിപ്പും കൂട്ടിയിത് കറി വെക്കണം , ഇന്നുച്ചക്ക് ചോറുണ്ണാന്‍ ഒരാളു കൂടി ഉണ്ടാവുമെന്ന്.

ഷര്‍ട്ട് മാറ്റിയുടുത്ത് ഞാന്‍ ധൃതിയില്‍ കവലയിലേക്ക് നടന്നു.

ഓരോ മുക്കിലും മൂലയിലും കണ്ണുകള്‍ പരതി.

അങ്ങാടിയിലെത്തിയപ്പോള്‍ കണ്ണുകള്‍ ആദ്യം ചെന്നുടക്കിയത് കൈമളേട്ടന്‍റെ ആ പിടികയിലേക്കായിരുന്നു.

നിരപ്പലകയിട്ട് അടച്ച് പൂട്ടിയ ആ പീടിക കണ്ട് എന്‍റെ നെഞ്ചൊന്ന് പിടഞ്ഞു.

ആരും നോക്കാനില്ലാതെ കളപുല്ലുകള്‍ പടര്‍ന്ന് കയറിയ ആ പീടിക മുറ്റത്തേക്ക് ഞാന്‍ മെല്ലെ നടന്നു.

ആ നിരപ്പലകയില്‍ ഒന്ന് തൊട്ടു.

ആരൊക്കെയോ എന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.

ഒരു തേങ്ങലെന്‍റെ കാതില്‍ വന്ന് മുഴങ്ങി.

അധിക നേരം അവിടെ നില്‍ക്കാനെനിക്കായില്ല.

തിരിഞ്ഞ് നടക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ മാടി വിളിക്കും പോലെ തോന്നി.

കൈമളേട്ടന്‍ ഉണ്ടാവാറുള്ള സ്ഥലങ്ങളേതൊക്കെയാണെന്ന് ഞാനാ അങ്ങാടിയില്‍ ചോദിച്ചറിഞ്ഞു.

അവിടെയൊന്നും കണ്ടില്ല.

ഒടുവില്‍ ഭഗവതി കാവിന്‍റെ ആല്‍ തറയില്‍  കണ്ടു , തിരഞ്ഞ് നടന്ന ആ രൂപത്തെ.

ഒന്നും പറയാതെ ഞാനാ കൈ ചേര്‍ത്ത് പിടിച്ച് വീട്ടിലേക്ക് നടന്നു.

നടക്കുമ്പോള്‍ ആ മനുഷ്യന്‍ ഇമ വെട്ടാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

മുറ്റത്തെത്തിയപ്പോള്‍ ഞാനുറക്കെ വിളിച്ച് പറഞ്ഞു , അമ്മേ ചോറ് വിളമ്പിയിട്ട് കൊലായിലേക്ക് കൊണ്ട് വരണമെന്ന്.

പാത്രത്തില്‍ ഒരു കോരി ചോറിട്ട് അതില്‍ കറിയൊഴിച്ചിട്ട് ഞാന്‍ കൈമളേട്ടന് നേരെ നീട്ടി.

ആര്‍ത്തിയോടെ അത് വാങ്ങി തിന്നുമ്പോള്‍ ഞാനാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

എന്‍റെ നെഞ്ചകം നീറുന്നുണ്ടായിരുന്നു. കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

ഇട്ട് കൊടുത്ത ചോറ് തീര്‍ന്നപ്പോള്‍ എന്‍റെ നേരെ ആ പാത്രം പിടിച്ച കൈ നീണ്ട് വന്നു .ആ മുഖത്തപ്പോള്‍ യാചനയുടെ ഭാവമായിരുന്നു....!

ആ മനുഷ്യന് വന്ന ഗതികേടോര്‍ത്ത് എനിക്കെന്‍റെ കണ്ണു നീരിനെ തടഞ്ഞ് നിര്‍ത്താനായില്ല.

കരഞ്ഞ് കൊണ്ട്  ഞാനൊരു കോരി ചോറാ പാത്രത്തിലേക്കിട്ട് കൊടുത്ത് ചോദിച്ചു ,

''കളങ്കമില്ലാത്ത മനസ്സുള്ള ബാല്ല്യങ്ങള്‍  ഈശ്വരനായിരുന്നില്ലേ കൈമളേട്ടാ ..

ആ ഈശ്വരന് എന്തിനാ നിങ്ങളന്ന് പരിപ്പ് നിഷേധിച്ചത്..... !

ആ ഈശ്വരനെ എന്തിനാ നിങ്ങളന്ന് പരിഹസിച്ചയച്ചത്...  !

ആ ഈശ്വരന്‍റെ കണ്ണീര് എന്തിനാ കൈമളേട്ടാ നിങ്ങളാ കടയിലന്ന് വീഴ്ത്തിയത്  ''

വേദനയോടെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലായിരുന്നു.

എങ്കിലും ആ കണ്ണുകളില്‍ ഞാന്‍ കണ്ടു , പശ്ചാത്താപത്തിന്‍റെ തിരയിളക്കം.

കൈ കഴുകി എന്നെയൊന്ന് നോക്കി  പുഞ്ചിരിച്ച് കൈമളേട്ടന്‍ കയ്യും വീശി നടന്നങ്ങ് പോയി.

കൊലായിലേക്ക് വന്ന അമ്മ എന്‍റെ ചുമലില്‍ പിടിച്ച് ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു , കൈമളേട്ടന്‍ നിന്നോടിപ്പോ ചിരിച്ചോ ,  ചിരിച്ചോ , അതോ എനിക്ക് തോന്നിയതാണോ എന്ന്.

ഞാനതിന് മറുപടിയൊന്നും കൊടുത്തില്ല.

ആ മനുഷ്യന്‍ ഒന്ന് ചിരിച്ച് കണ്ടിട്ട് കാലമെത്രയായി , എന്നും ഒരേ പോലെയാണ് മുഖം , ഒന്ന് കരയുകയോ ചിരിക്കുകയോ ചെയ്തിട്ട് എത്ര കാലമായി , മനുഷ്യന്‍മാരുടെ ഓരോ അവസ്ഥയേ എന്നും പറഞ്ഞ് പാത്രങ്ങളെല്ലാം പെറുക്കിയെടുത്ത്  അമ്മ അകത്തേക്ക് പോയി.

കയ്യും വീശി പാട വരമ്പിലൂടെ നടന്ന്  പോവുന്ന ആ രൂപത്തെ കണ്ണിമ ചിമ്മാതെ നോക്കി നിന്ന എനിക്ക് അമ്മയോട് പറയണമെന്നുണ്ടായിരുന്നു ,

'' കൈമളേട്ടന്‍ എന്നോട് ചിരിച്ചമ്മേ ''

കൈമളേട്ടന് ഞാന്‍ ശാപമോക്ഷം കൊടുത്തമ്മേ ''  എന്ന്......!

Mageshboji

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്