സ്വാലിഹായ ഇണ

ഉപ്പയും ഉമ്മയും അതങ്ങ് ഉറപ്പിക്കാൻ പോവാണ്.ഉമ്മാന്റെ കുട്ടി എതിർക്കരുത്. യത്തീമായ ഒരു മോളല്ലേ. പടച്ചോന്റെ കൂലി ഉണ്ടാവും മോൻക്ക്..

ങ്ങൾ ഇത് എന്ത് ഭാവിച്ചാണ് ഉമ്മ. എനിക്കാ കൂലി വേണ്ട. മരിച്ച് കഴിഞ്ഞ് എന്തിനാ കൂലി. ജീവിക്കുമ്പോൾ നന്നായിട്ട് ജീവിക്കണം.. എന്റെ ജോലിയും നമ്മുടെ ചുറ്റുപാടും വെച്ച് നല്ല സാമ്പത്തികം ഉള്ളിടത്തൂന്ന് തന്നെ പെണ്ണിനെ കിട്ടും. പിന്നെന്തിനാണ് ഈ ആരും ഇല്ലാത്തതിന്റെ ഭാരം എല്ലാം എടുത്ത് തലയിൽ വെക്കുന്നത്.

ആദ്യം ജ്ജ് ഒന്ന് കാണ് കുട്ടിയെ. ഉപ്പാക്ക് ഇഷ്ടപ്പെട്ടു.അതാണ് ഉപ്പ നിർബന്ധിക്കുന്നത്.അന്റെ നൻമ്മക്ക് വേണ്ടിയല്ലേ ഉപ്പയും ഉമ്മയും പറയൂ.

ഉപ്പാക്ക് ഇഷ്ടപ്പെട്ടാൽ ഉപ്പ കെട്ടുകയേ ഉള്ളു. എനിക്ക് വേണ്ട..

ഉമ്മാക്ക് വേണ്ടി ന്റെ കുട്ടി ഒന്ന് പോയി കണ്ടു നോക്ക്.. എന്നിട്ടാവാം ബാക്കി..

വേണ്ട ഉമ്മ. എനിക്ക് അൽപ്പം മോഡേൺ ആയ കുട്ടിയെ മതി.തല നിറയെ എണ്ണയും വെച്ച് പർദ്ധക്ക് ഉള്ളിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന കോലം വേണ്ട. കാലം മാറുമ്പോൾ നമ്മളും കുറച്ച് മാറണം.. അല്ലാതെ പൊട്ടക്കിണറ്റിലെ തവളയെ പോലെ ആകരുത്..

മദ്രസയിൽ ഒൻപതാം ക്ലാസ് വരെ നിന്നെ വിട്ടതല്ലേടാ ഞാൻ. എന്നിട്ടും നീ ഈ വിവരക്കേട് പറയുന്നല്ലോ..

ഉമ്മ പോവാൻ നോക്ക്.ഈ കാര്യം ഇനി എന്നോട് പറയരുത്. ജീവിതം എന്റെ അല്ലേ. ഞാൻ ഒരു കുട്ടിയുമായ് ഇഷ്ടത്തിലാണ്. അവൾക്ക് ഞാൻ വാക്കും കൊടുത്തു. നമ്മുടെ നിലക്കും വിലക്കും ചേർന്ന കുടുംബവും ആണ്..

ഉമ്മക്ക് അവളെ കാണിച്ച് കൊടുക്കാൻ വീഡിയോ കോൾ ആക്കുമ്പോഴും ന്റെ ഇഷ്ടം ഒന്ന് ചോദിക്കാൻ പോലും നിൽക്കാത്ത ഉപ്പയോടും ഉമ്മയോടും ഉള്ളിൽ നിറയെ നീരസം തോന്നിയിരുന്നു.

ഇതാണ് എന്റെ ഉമ്മയെന്നും പറഞ്ഞ് അവളെ പരിചയപ്പെടുത്തി ഞാൻ.

ഹായ് ഉമ്മ.. സുഖമാണോ. നമ്മൾ അദ്യം കാണുകയാണ്. ഞാനാണ് ങ്ങളെ മരുമോൾ ആകാൻ പോകുന്നത്...

അവൾ അത്രയും പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ ഉമ്മ ഫോൺ എന്നെ ഏൽപ്പിച്ച് പോയി.. അവളും അവളെ അപമാനിച്ചു എന്നും പറഞ്ഞ് പിണങ്ങി പോയി.

ങ്ങൾക്ക് എന്താണുമ്മ. എന്നെ നാണം കെടുത്തിയപ്പോൾ തൃപ്തി ആയോ.. ങ്ങളെ മനസ്സിൽ ആ ദജ്ജാൽ ആകും.പിന്നെങ്ങനാ...

ഒരു സലാം പറയാൻ പോലും അറിയാത്ത അവളെ ആണോ നീ കണ്ടുവെച്ചിരിക്കുന്നത്. അവിടെയും ഇവിടെയും എത്താത്ത തുണി ഉടുപ്പും. ന്റെ മോന് തുണി എടുത്ത് കായ് കളയേണ്ടി വരൂല. ഓൾക്ക് തുണി വേണ്ടല്ലോ. പിന്നെ നിന്റെ ജീവിതം അല്ലേ. ഉപ്പയും ഉപ്പയും അതിൽ അഭിപ്രായം പറയുന്നില്ല.

ന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഉപ്പയും ഉമ്മയും വിവാഹത്തിന് സമ്മതിച്ചതും പങ്കെടുത്തതും.

അവളുടെയും എന്റെയും കൂട്ടുകാർക്ക് ഒപ്പം നിന്നവൾ ഫോട്ടോസ് എടുക്കുമ്പോഴും  അവർക്ക് ഒപ്പം ഞങ്ങൾ ഡാൻസ് കളിക്കുമ്പോഴും ഉപ്പയും ഉമ്മയും മകനായതിന്റെ പേരിൽ മാത്രം ആ ചടങ്ങിൽ പങ്കെടുത്ത പോലായിരുന്നു ഭാവം.. അവരുടെ വിദ്യാഭ്യാസ കുറവും പരിഷ്കാരം ഇല്ലാത്ത വേഷവും കണ്ട് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. വിവാഹത്തിൽ പങ്കെടുത്ത പലരും ഉപ്പാന്റെയും ഉമ്മാന്റെയും മനോഭാവക്കാരാണെന്ന് പലരുടെയും മുഖഭാവത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ആദ്യരാത്രിയിൽ പാലിന് പകരം ഫോണും കയ്യിൽ പിടിച്ചാണ് അവൾ മണിയറയിൽ വന്നത്. ആശംസകൾ അറിയിച്ച് കൊണ്ടുള്ള വീഡിയോ കോളും അതിനിടക്ക് എഫ് ബി റീപ്ലേയും വാട്സ പ്പും. ഒരേ സമയം ഓൾ എല്ലായിടത്തും എത്തുന്നുണ്ട്. എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല. ആ രാത്രി അങ്ങനെ അവസാനിച്ചപ്പോൾ ഓർത്തു അന്നത്തെ തിരക്ക് കാരണം ആവും ഇനി മുൻപോട്ടുള്ള  ജീവിതം നന്നാവുമെന്ന്.

കാലത്ത് ഉമ്മ എഴുന്നേറ്റ് അടുക്കളയിലെ പണി എല്ലാം ചെയ്ത് കഴിയുമ്പോഴാണ് ഓൾ സ്ഥിരമായി എണീക്കുന്നത്. എട്ടര കഴിയും അവൾ ഉണരാൻ.സുബ്ഹ് ഓൾ കണ്ടിട്ടേ ഇല്ല.. ഓളുടെ ഡ്രസ്സിംഗിന്റെ കാര്യം പറഞ്ഞ് ഉമ്മ എപ്പോഴും പരിഭവമാണ്. ഉപ്പാന്റെ മുൻപിൽ പോലും തല മറക്കില്ല. ബഹുമാനം കൊടുക്കില്ല.

'ന്റെ കുട്ടിക്ക് പരിഷ്കാരിപ്പെണ്ണിനെ മതി എന്ന് പറഞ്ഞപ്പോൾ പരിഷ്കാരം സംസ്കാരം ഇല്ലായ്മ ആണെന്ന് ഉമ്മയും ഉമ്മയും ഓർത്തില്ല' എന്ന്ഉമ്മയുടെ കുത്ത് വാക്ക്..

അവളോട് എന്ത് പറഞ്ഞാലും ഒന്നിനു പത്താണ് ഓളുടെ മറുപടി.

അൻക്ക് ഉപ്പാന്റെ മുൻപിൽ എങ്കിലും മാന്യമായിട്ട് നടന്നൂടെ ഷഹനാ..

അതിന് ഞാൻ എന്ത് മാന്യത കുറവാണ് കാട്ടിയത്. ഉപ്പ മോളായിട്ട് എന്നെ കണ്ടാൽ തീരാനുള്ള വിഷയമേ ഇവിടുള്ളു.

എന്തൊരു വ്യത്തികെട്ട സംസാരമാടി നിന്റേത്.. ഇത്രത്തോളം തരംതാഴരുത്..

ഇങ്ങളോട് ഞാൻ പറഞ്ഞോ എന്നെ കെട്ടാൻ. പിന്നാലെ നടക്കാൻ ഞാൻ പറഞ്ഞോ. ഇല്ലല്ലോ. ഇനിക്ക് ഇങ്ങനെ എക്കയേ പറ്റു. പറ്റില്ലേൽ മ്മൾക്ക് പിരിയാം.

വൈകിയുള്ള ഓളുടെ ചാറ്റിംഗും കോളിങ്ങും  ഉപ്പയും ഉമ്മയും അറിയാതെ മുറിയുടെ നാല് ചുവരുകൾക്കുളളിൽ വഴക്കായും പിണക്കം ആയും ഞാൻ ഒതുക്കി.ഉമ്മായേയും ഉപ്പായേയും വെല്ലുവിളിച്ച് തിരഞ്ഞെടുത്ത ജീവിതമല്ലേ.. സഹിച്ചേ പറ്റു.. ജീവിതം അഭിനയിച്ച് മുൻപോട്ട് കൊണ്ടുപോകുവാണ് ഞങ്ങൾ പലർക്കും മുൻപിൽ. മികച്ച പ്രകടനം എന്റെ ആണോ അവളുടെ ആണോന്ന് കണ്ടു പിടിക്കാൻ പ്രയാസമാണ്..

ഇന്നെന്റെ ഒരു കൂട്ടുകാരന്റെ നിക്കാഹ് ആയിരുന്നു.. ഞാനും അവളും മാതൃകാ ദമ്പതികൾ ആയി തന്നെ പോയി ആ ചടങ്ങിന് .കാണുന്നവർ കാണുന്നവർ അവന്റെ പെണ്ണിനെ കണ്ട് 'മാഷാ അല്ലാഹ്' എന്ന് പറയുന്നുണ്ട്. ഞാനും അറിയാതെ പറഞ്ഞ് പോയി. പർദ്ധക്ക് ഉള്ളിൽ ചിപ്പിക്കുള്ളിലെ മുത്ത് പോലൊരു പെൺകുട്ടി. നിക്വാബിനുള്ളിൽ കൂടി കാണുന്ന ആ കണ്ണുകൾ കണ്ടാൽ അറിയാംപതിനാലാം രാവ് പോലെ മൊഞ്ചാണ് ആ കുട്ടിയെന്ന്. ആളുകളുടെ നോട്ടം കൊണ്ട് അവന്റെ പിന്നിലേക്ക് മാറി മാറി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഉള്ളിൽ തോന്നി' നല്ല പാതി' എന്നാൽ ഇങ്ങനെ ആവണമെന്ന്.

അവളുടെ വേഷത്തിലും നിൽപ്പിലും കുറ്റം പറഞ്ഞ് എന്റെ അടുത്ത് നിൽക്കുന്ന എന്റെ ഭാര്യയുടെ കണ്ണിൽ ഓള് വെറും ഗ്രാമവാസിപ്പെണ്ണാണ്. അവളുടെ പുച്ഛം കണ്ടപ്പോൾ ഞാൻ എന്റെ ജീവിതം ഒന്നാലോചിച്ച് പോയി.

പിന്നിൽ നിന്നൊരു കയ്യ് തോളിൽ തട്ടിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. എന്റെ മറ്റൊരു കൂട്ടുകാരനാണ്.

നോക്കെടാ..ഇതെക്കയാണ് ഭാഗ്യം.. ഒരു ഉത്തരവാദിത്വവും ഇല്ലായിരുന്ന ഇവനെ നിക്കാഹ് ഉറപ്പിച്ച് ഒറ്റമാസം കൊണ്ടാണ് ഈ പെണ്ണ് മാറ്റി എടുത്തത്. നിനക്കറിയാരുന്നല്ലോ ഇവനെ.. നാട്ടിലുള്ള സകല പെമ്പിള്ളേരുടെ പിന്നാലെയും ഇഷ്ടം പറഞ്ഞ് നടന്നവനെ മുടങ്ങാതെ നിസ്കരിക്കാനും കുടുംബം നോക്കാനും ജീവിക്കാനും പഠിപ്പിച്ചു ഇവൾ. ഇവൻ കാണിച്ച സകല തെമ്മാടിത്തരവും പടച്ചോൻ ഇവളിലൂടെ നന്നാക്കി കൊടുത്തു.. സ്വർഗ്ഗത്തിലേക്കുള്ള ഓന്റെ വിളക്കാണിവൾ. സ്വാലിഹായ ഇണ.മ്മൾക്കും ഇത് പോലെ ഒന്നിനെ കിട്ടിയാൽ മതിയായിരുന്നു..

അസൂയയോടെ ഞാൻ അവനെ ഒരിക്കൽ കൂടെ നോക്കി..

വീട്ടിലെത്തി ഉമ്മാനോട് നിക്കാഹിന്റെ വിശേഷങ്ങൾ പറഞ്ഞു ഞാൻ..

ഉമ്മക്കും കൂടെ വരാമായിരുന്നു. ആ പെണ്ണിനെ ഒന്ന് കാണണം ഉമ്മാ. പൊന്നുമോളാ..

ഉമ്മാന്റെ മറുപടി ഒന്നും ഇല്ല..

ങ്ങൾ എന്താ ഉമ്മാ മിണ്ടാത്തെ..

തല കുനിച്ചിരുന്ന് തേങ്ങുന്ന ഉമ്മാന്റെ മുഖം ഞാൻ ഉയർത്തുമ്പോൾ ഉമ്മ കരയാനുള്ള കാരണം എനിക്ക് അറിയില്ലായിരുന്നു.

ന്താ ഉമ്മ. ന്ത് പറ്റി ങ്ങൾക്ക്?

ന്റെ മോളായിട്ട് ഈ വീട്ടിൽ വരണ്ട കുട്ടി ആയിരുന്നില്ലേടാ ഓൾ.. നിന്റെ ജീവിതം നീ തിരത്തെടുത്തപ്പോൾ നിനക്ക് നഷ്ടമായത് എന്താണെന്ന് ഉമ്മാന്റെ മോൻക്ക് ഇപ്പോ മനസ്സിലായോ..

ഇപ്പോൾ എന്റെ കണ്ണുകളും നിറയുന്നുണ്ട്. കൈവിട്ട് കളഞ്ഞ മുത്തിനെ ഓർത്ത്..

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്