പുതപ്പിനുള്ളിലെ വെളിച്ചം

അല്ല.എനിക്ക് തോന്നിയത് അല്ല. മോളുടെ മുറിയിൽ നിന്ന് സംസാരം കേൾക്കുന്നുണ്ട്. ആരോടാ ഈ അസമയത്ത് ഉള്ള സംസാരം.

നോക്കിയപ്പോൾ മോൾ ഉറക്കമാണ്.. പിന്നെ എവിടുന്നാണ് സംസാരം കേട്ടത്.

മോളാണോ സംസാരിച്ചത്, കാൽപ്പെരുമാറ്റം കേട്ടത് കൊണ്ടാണോ സംസാരം അവൾ നിർത്തിയത്?

ഉറങ്ങാൻ കിടന്നിട്ടും ഒരു സമാധാനം കിട്ടിയില്ല. ഏട്ടനും ഞാനും എത്ര കഷ്ടപ്പെട്ടാണ്‌ മോളെ വളർത്തുന്നത്. അവൾ ഏട്ടന്റെ വിയർപ്പിന്റെ വില അറിയുന്നില്ലേ.ഏട്ടനെ ഉണർത്തി മോളുടെ മുറിയിൽ ശബ്ദം കേട്ട കാര്യം പറഞ്ഞാലോ?
വേണ്ട. ജോലി കഴിഞ്ഞ് വന്നാൽ ഉറങ്ങുന്ന അത്ര സമയമാണ് പാവം നടു നിവർത്തുക.ഈ ഒരു ചിന്തയും കൂടെ മനസ്സിന് നൽകി ഭാരം കൂട്ടണ്ട. അവളെന്ന് വെച്ചാൽ ജീവനാണ് ഏട്ടന്. അത് ഇല്ലാതാക്കണ്ട.

പുലർച്ചെ മോൾ ഉണരും വരെ നെഞ്ചിടിപ്പോടെ ആണ് കാത്തിരുന്നത്.

മാളൂട്ടീ നിന്റെ ഫോൺ എവിടെ?

എന്റെ കയ്യിലുണ്ട് അമ്മേ. എന്താ?

ഇന്ന് തൊട്ട് രാത്രി ഫോൺ എന്റെ കയ്യിൽ ഏൽപ്പിക്കണം. പരിക്ഷ കഴിഞ്ഞ് തരാം..

അമ്മ അല്ലല്ലോ അച്ഛൻ അല്ലേ ഫോൺ വാങ്ങി തന്നത്. അച്ഛൻ ചോദിക്കുമ്പോൾ കൊടുക്കാം..

നിനക്കറിയാം ഞാൻ ഫോൺ ചോദിക്കാനുള്ള കാരണം. ഞാനത് അച്ഛനോട് പറയില്ലാന്നും നിനക്കറിയാം. അതാ നിനക്കിത്ര ധൈര്യം എന്നോട് സംസാരിക്കാൻ.

ഞാനതിൽ ഫേസ്ബുക്കും വാട്സാപ്പും എല്ലാം ഉപയോഗിക്കുന്നതാണ്.. റ്റീച്ചേർസ് വരെ ഉള്ള ഗ്രൂപ്പുണ്ട്. സംശയങ്ങൾ ചോദിക്കാനും പഠനസഹായത്തിനും എല്ലാം. അച്ഛനും അമ്മയും ജീവിച്ച കാലം ഒന്നുമല്ല.

കാലം മാറിക്കോട്ടെ. പക്ഷേ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും നീയാണെന്ന് മറക്കരുത്.

ഓർമ്മയുണ്ട്.. ഇതിങ്ങനെ പിന്നാലെ നടന്ന് അമ്മ ഓർമ്മിപ്പിക്കണ്ട..

ജീവനോടെ ദഹിപ്പിക്കുന്ന വാക്കുകളാണ് എന്നിട്ടും ക്ഷമിച്ചു. എന്റെ മോളല്ലേ .അന്നും ഇന്നും ഇവൾ ഞങ്ങൾക്ക് കുഞ്ഞാണ്. എത്ര വളർന്നാലും.

പിന്നെയും  പുതപ്പിനുള്ളിൽ നിന്ന് ഫോണിന്റെ വെളിച്ചവും അടക്കിപ്പിടിച്ചുള്ള സംസാരവും ചിരിയും എല്ലാം കേട്ടു. ഞങ്ങളുടെ ഉറക്കത്തിന്റെ ദൈർഘ്യം പോലും അളന്നാണ് മോളുടെ സംസാരം. എത്ര നാളായി കാണും ഇവൾ ഇങ്ങനെ ഞങ്ങളെ വിഡ്ഡികളാക്കാൻ തുടങ്ങിയിട്ട്. അവൾ അറിയുന്നില്ലല്ലോ എന്റെ നെഞ്ചിലെ തീ..

ഏട്ടൻ അറിഞ്ഞാലും സാരമില്ല എല്ലാം നശിക്കട്ടെ. എന്നാലും ഇത് പ്രോൽസാഹിപ്പിക്കാൻ പാടില്ല. എന്തും വരട്ടെ എന്ന് കരുതിയാണ് ഫോൺ പിടിച്ച് വാങ്ങിയത്.

ദേഷ്യത്തോടെ ഉള്ള അവളുടെ നോട്ടം കണ്ടാൽ ഞാനവൾക്ക് ആരുമല്ലാന്ന് തോന്നിപ്പോകും. എന്റെ കൈ പിടിച്ച് നോവിച്ച് ബലമായി ഫോൺ വാങ്ങാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു. ശക്തമായിട്ട് എന്റെ മേൽ കൈകൊണ്ട് ആഞ്ഞടിക്കുന്നു.

ഈശ്വരാ. ഞാനവളുടെ അമ്മയല്ലേ.എന്നിട്ടും ..

ശബ്ദം കേട്ട് ഭയന്ന് എഴുന്നേറ്റ് വന്ന ഏട്ടൻ കാര്യം മനസ്സിലാവാതെ നിൽക്കുന്നു. ഏട്ടനെ കണ്ടിട്ടും അവൾ അടങ്ങുന്നില്ല.

എങ്ങനെ എക്കയോ കാര്യങ്ങൾ ഞാൻ എട്ടനോട് പറഞ്ഞൊപ്പിച്ചു.

നിശ്ചലനായ് പോയ് ഏട്ടൻ..

എന്താ മോളേ അച്ഛൻ ഈ കേൾക്കുന്നത്. എന്റെ കുട്ടിക്ക് എങ്ങനെ ഇങ്ങനെ മാറാൻ കഴിയുന്നു.

അച്ഛനും അമ്മയും എന്ത് ഭാവിച്ചാണ്. എനിക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞു. സ്വന്തമായിട്ട് തീരുമാനം എടുക്കാനുള്ള പ്രായമായി. എന്റെ സ്വകാര്യതയിൽ നിങ്ങൾ ഇങ്ങനെ എത്തി നോക്കുന്നത് എന്തിനാണ്. എനിക്കത് ഇഷ്ടമല്ല.

ആ സംസാരത്തിൽ തന്നെ എന്റെ മോളോട് മനസ്സ് കൊണ്ട് ആദ്യമായ് ഞങ്ങൾക്ക് നീരസം തോന്നി. ചവിട്ടി നിൽക്കുന്ന ഭൂമി താഴേക്ക് പതിക്കുന്ന പോലെ തോന്നി.

എന്നിട്ടും ഏട്ടൻ പറഞ്ഞു. മോള് സംസാരിക്കുന്ന ആൾ ആരായാലും അച്ഛൻ വന്ന് സംസാരിക്കാം. നിങ്ങൾക്കിടയിൽ പ്രണയം ആണെങ്കിൽ അച്ഛൻ വിവാഹം നടത്തി തരാം. പക്ഷേ എല്ലാം പഠിത്തം കഴിഞ്ഞ്. ഞങ്ങളോ ഇങ്ങനായി. മോളെങ്കിലും പഠിച്ച് രക്ഷപെടണം. ഒരു ജോലി സമ്പാദിക്കണം.. മോൾ പഠിച്ചാൽ ഉള്ളതെക്കെ വിറ്റായാലും മോളെ അച്ഛൻ പഠിപ്പിക്കും..

ഒരാണും പെണ്ണും തമ്മിൽ മിണ്ടിയാൽ അത് പ്രണയമായ് കാണുന്നത് നിങ്ങളെ തലമുറയുടെ കുഴപ്പമാണ്.ഒരു തരം രോഗം. അതിന് ചികിത്സ ഇല്ല. കൂടി വന്നാൽ എന്റെ പഠിത്തം നിർത്തി എന്നെ പൂട്ടി ഇടുമായിരിക്കും. എങ്കിലും എനിക്ക് പറയാനുള്ളത് ഞാൻ പറയും.

മക്കൾ തന്നോളം വലുതായാൽ ഇങ്ങനാണ് ഏട്ടാ. നമ്മൾ നൽകിയ സ്വാതന്ത്ര്യം അവൾ നമ്മളെ വേദനിപ്പിക്കാൻ ഉപയോഗിച്ചു.

നെഞ്ച് പൊട്ടിക്കരയുന്ന ഞങ്ങളെ കണ്ടിട്ടും ദയയുടെ ഒരു കണിക പോലും അവളിൽ രൂപപ്പെട്ടില്ല.

പിന്നെ ഞങ്ങൾക്കിടയിൽ സംസാരം കുറഞ്ഞു.ഏട്ടനേയും എന്നെയും അവൾ ശത്രുക്കളെ പോൽ കണ്ടു തുടങ്ങി.n ഭക്ഷണം കഴിക്കാനും പണം ചോദിക്കാനും മാത്രമാണ് ഞങ്ങൾക്ക് മുൻപിൽ അവൾ വരുന്നത്. ഒരു വീട്ടിൽ അന്യരേ പോലെ.

കോളേജിൽ പോയ അവൾ കരഞ്ഞ് കൊണ്ട് വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ എനിക്കാദ്യം കാര്യം മനസ്സിലായില്ല..

എന്നെ അവൻ ചതിക്കുക ആയിരുന്നു അമ്മേ. അവന് പലരിലും ഒരാൾ ആയിരുന്നു ഞാൻ. ഞാനവനെ വിശ്വസിച്ച് സ്നേഹിച്ചു പോയി. എന്നിട്ടും അവൻ എന്നെ ... ഞാൻ എന്റെ കണ്ണിന് കണ്ടു മറ്റൊരു പെണ്ണുമായ്....

അവളെ ദേഹത്തുന്ന് അടർത്തിമാറ്റി നിർത്തുമ്പോഴും എന്റെ ഉള്ളിൽ സ്നേഹമോ സഹതാപമോ ഒന്നും തോന്നിയില്ല.. ഒരു തരം മരവിപ്പ്.

അച്ഛനും അമ്മയും വിവരം ഇല്ലാത്ത തലമുറയുടെ അവശേഷിപ്പ് ആണ് മോളെ.ആൺ പെൺ സൗഹൃങ്ങളെ സംശയത്തോടെ കാണുന്നവർ. ചികിത്സ ഇല്ലാത്ത രോഗത്തിന് അടിമപ്പെട്ടവർ. എന്റെ മോൾ എല്ലാം അറിയുന്നവൾ അല്ലേ...

ഇത്രയും പറഞ്ഞ് നടന്നകലുമ്പോഴും ഉള്ളിൽ ഒരു പ്രാർത്ഥന ഉണ്ടായിരുന്നു.

ഈ കണ്ണീരിൽ മനസ്സിന്റെ ഭാരം ഇറക്കിവെച്ച് എന്റെ മകളുടെ മനസ്സിന്റെ മങ്ങൽ ഒന്ന് മാറ്റണേ ദേവീ...

ഞങ്ങൾക്കവളെ തിരിച്ച് വേണം ഞങ്ങളുടെ പഴയ മാളൂട്ടി ആയിട്ട്...

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്