ഒറ്റ പാദസരം (149)

ഒറ്റ പാദസരം

നവവരന്റെ വേഷത്തിൽ അനന്തേട്ടനെ കണ്ടപ്പോൾ ആദ്യം ചങ്കൊന്നു പിടച്ചു.. എങ്കിലും എന്റെ ആഗ്രഹം നിറവേറിയല്ലൊ എന്നോർത്ത് സമാധാനിച്ചു. എന്റെ സ്ഥാനത്ത് വേറൊരുത്തി നിക്കണ കണ്ടപ്പൊ സഹിക്കാൻ കഴിഞ്ഞില്ല. കരയാൻ എനിക്ക് കഴിയില്ല. കാരണം ഭ്രാന്തികൾ ചിരിക്കാറേയുള്ളൂ.......

വിവാഹ മണ്ഡപത്തിൽ നിന്ന് അനന്തേട്ടൻ നേരെ വന്നത് എന്നെ കാണാനാണ്....

അനന്തേട്ടൻ ഇനി എന്റെതല്ല എന്ന് ഒരു നിമിഷം കണ്ണുകൾ വിശ്വസിച്ചു പക്ഷെ എന്തോ എന്റെ മനസ്സ് വിശ്വസിക്കുന്നില്ല...

മിഴികളിൽ ചെറുനനവോടെ ഇടറിയ ശബ്ദത്തോടെ അനന്തേട്ടൻ പറഞ്ഞു.. "മാളൂ.... നിന്നെയല്ലാതെ ഒരു പെണ്ണിനേയും ഞാൻ സ്നേഹിച്ചിരുന്നില്ല.. ഈ വിവാഹം കൊണ്ട് മറ്റുള്ളവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ കിട്ടട്ടെ... ഇന്നു മുതൽ ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോവാ.. നിനക്ക് എന്റെ ഉള്ളിലുള്ള സ്ഥാനം ഞാൻ ആർക്കും നൽകില്ല.... നീയാവാൻ നിനക്കേ കഴിയൂ........."

പറഞ്ഞ് മുഴുവിക്കും മുമ്പേ അനന്തേട്ടനെ ഞാൻ കെട്ടി പിടിച്ചു.... കഴുത്തിൽ കിടക്കുന്ന പിച്ചകപ്പൂമാല പിച്ചിചീന്തി....... " ഇല്ല ഞാൻ സമ്മതിക്കില്ല.... സമ്മതിക്കില്ല.... അനന്തേട്ടൻ എന്റെയാ എന്റെ മാത്രാ'......

എന്റെ മാത്രാ....

എന്റെ മാത്രാ............" ..... പിന്നേയും എന്തോ പുലമ്പിക്കൊണ്ട് ഞാൻ കണ്ണുതുറന്നു....... അതെ അത് സ്വപ്നമായിരുന്നു'..... അനന്തേട്ടൻ ഇപ്പോളും നഷ്ടപ്പെട്ടിട്ടില്ല... ഇനിയും സമയമുണ്ട്......

വേണ്ട...... എന്നെ ശപിക്കുന്ന ആ വീട്ടിലേക്ക് ഇനിയും കയറി ചെല്ലാൻ എനിക്ക് വയ്യ.........

പിന്നിട്ട വിവാഹ ജീവിതം ഒരു ചിത്രം പോലെ മുമ്പിൽ തെളിഞ്ഞു.... എന്റെ അനന്തേട്ടനും ഞാനും..... ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ അനന്തേട്ടൻ പറയുമായിരുന്നു "മാളൂ...... മാളുവില്ലെങ്കിൽ അനന്തനില്ല" എന്ന് ........

വിവാഹം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടു.. അനന്തേന്റെ സ്നേഹത്തിൽ മതിമറന്ന് ആനന്ദിച്ചതുകൊണ്ടോ അഹങ്കരിച്ചതുകൊണ്ടോ എന്നറിയില്ല ദൈവം അമ്മയാവാനുള്ള എന്റെ ഭാഗ്യത്തെ നിഷേധിച്ചു.....

ആ ദിവസം..... ആ നശിച്ച ദിവസത്തെയാണ് ഞാനിന്ന് ശപിക്കുന്നത് '......... അന്ന് ഡോക്ടർ വെളിപ്പെടുത്തി മാളവികക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന്.....

ഒരു പെണ്ണിന്റെ ഏറ്റവും വലിയ ആഗ്രഹം....... അത് ഇനിയെനിക്ക് കഴിയില്ല എന്ന ബോധ്യം വന്നപ്പോഴാണ് അനന്തേട്ടനെ എനിക്ക് നഷ്ടപ്പെടുമെന്ന് ആദ്യമായ് എനിക്ക് തോന്നിയത്.... പാതി തളർന്ന ശരീരത്തിൽ മുഴുവൻ മരിച്ച ഒരു മനസ്സായിരുന്നു..........

പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് ഊർജം നൽകാൻ അനന്തേട്ടന്റെ ആശ്വാസവാക്കുകൾക്ക് കഴിഞ്ഞില്ല..... അനന്തേട്ടന്റെ അമ്മയുടെ കുത്തുവാക്കുകൾ കൊണ്ട് ഹൃദയം മുറിഞ്ഞ് രക്തം വാർന്നൊഴുകി......

ചിലരുടെ ചില വാക്കുകൾക്ക് ഒരു ജീവിതം തന്നെ തകർക്കാൻ ശക്തിയുണ്ട്... തരം കിട്ടുമ്പോളൊക്കെ അനന്തേട്ടന്റെ അമ്മ എന്നെ കുറ്റപ്പെടുത്തി...... " എന്റെ മകന്റെ ജീവിതം തകർത്തവൾ തിന്നും കുടിച്ചുo തറവാട്ടിൽ സുഖമായ് കഴിയുന്നു..... കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ എനിക്കാകെയുള്ള ആൺതരിയാ.... അവന്റെ കാലം കഴിഞ്ഞാ എല്ലാം കഴിഞ്ഞു.... കുലം മുടിപ്പിക്കാൻ ഇത്തിൾക്കണ്ണിപ്പോലെ നിൽക്കാതെ ഒന്ന് ഇറങ്ങി തന്നൂടെ.''...............

അതെ...... എന്റെ അനന്തേട്ടന് വേണ്ടിയാണ് ഞാനിന്ന് ഇവിടെ.........

എന്റെ ഒറ്റക്കാലിലെ പാദസരം ഞാനണിഞ്ഞത് എന്റെ അനന്തേട്ടന് വേണ്ടിയാണ്....... പാദസരത്തിന്റെ ഒരറ്റം എന്റെ ഇടതു കാലിലും മറ്റേയറ്റം കട്ടിലിന്റെ കാലിലും................. ഹ..ഹ...ഹ....

അയ്യോ... അനന്തേട്ടൻ വരാൻ സമയമായ്..... ഓഫിസിൽ പോവും വഴി എന്നെ കണ്ടേ പോവൂ.....

അനന്തേട്ടന്റെ കാൽ പെരുമാറ്റം ഞാൻ തിരിച്ചറിഞ്ഞു.... കുഞ്ഞുങ്ങളെ താലോലിക്കാൻ ഇഷ്ടമുള്ള എനിക്ക് അവരേ പോലെ അഭിനയിക്കാനും കഴിഞ്ഞു....... കാലടികൾ അടുത്തടുത്ത് വന്നു....... ഞാനുറക്കെ പറഞ്ഞു....

" ഇല്ല.... മാളൂട്ടി സ്കൂളിൽ പോവില്ല........... മാളൂട്ടിക്ക് പനിയാ...... ഇന്ന് പോവൂല്ല........... മിഠായി തന്നാ വേണേൽ നാളെ പോവാം......."

എല്ലാ ദിവസത്തേയും പോലെ അനന്തേട്ടനെന്നെ പഴയ കാര്യങ്ങൾ ഓരോന്നും പറഞ്ഞ് ഓർമ്മിപ്പിക്കാൻ ശ്രമിച്ചു...... ആ വാക്കുകൾക്ക് ചെവികൊടുത്താൽ എന്റെ കണ്ണ് നനഞ്ഞു പോയാലോ എന്ന് ഞാൻ ഭയപ്പെട്ടു..... അതുമിതും പിറുപിറുത്ത് ഒരു ചങ്ങല ദൂരത്തിൽ ഞാനാ ഇരുണ്ട മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..........

ശ്രമം പരാജയപ്പെട്ടതുകൊണ്ടാവാം അനന്തേട്ടൻ തിരിഞ്ഞു നടന്നത്.....

തിരിഞ്ഞു നിക്കുന്ന എന്റെ ഇടം കാലിലെ ചങ്ങല അനങ്ങിയത് ഞാനറിഞ്ഞു... പിന്നെ കണ്ടത് വീണു കിടക്കുന്ന എന്റെ അനന്തേട്ടനേയാണ്........

എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല......... സ്നേഹം തിരമാല പോലെയൊഴുകി..... " അനന്തേട്ടാ....... എണീക്ക്........"

എന്റെ ചങ്ങലയുടെ വരമ്പ് കാരണം അനന്തേട്ടനെ തൊടാൻ പോലും കഴിയാതെ നിലത്ത് കിടന്ന് ഞാൻ നിലവിളിച്ചു........

ആ കൈകൾ എന്നെ എഴുന്നേൽപ്പിച്ചു.... വാരിപുണർന്നു.. .......ഒന്നേ പറഞ്ഞുള്ളൂ...... "മാളൂ ഭ്രാന്തികൾ കരയാറില്ല..... ചിരിക്കാറേയുള്ളൂ..... "....

മറുത്ത് പറയാൻ എന്റെ നാവിന് ശക്തിയില്ലായിരുന്നു..........

അനന്തേട്ടൻ വീണ്ടും പറഞ്ഞു....... " അനന്തേട്ടനെ സന്തോഷമുള്ള ജീവിതം സമ്മാനിക്കാൻ മാളു കണ്ടു പിടിച്ച വഴികൊള്ളാം........... നീ ഇവിടേയും തോറ്റൂ........ ഭ്രാന്തിയായ് നിനക്ക് അഭിനയിക്കാൻ കഴിയുമെങ്കിൽ ഒന്നു വീണു കിടക്കും പോലെ എനിക്കും അഭിനയിക്കാം..... "...........

..................

...... ചില വാക്കുകൾ നമ്മുടെ ജീവിതം തകർക്കും എന്നാൽ ചിലരുടെ ചില പ്രവൃത്തികൾ തകർന്ന ജീവിതത്തെ താലോലിക്കാൻ തോന്നിപ്പിക്കും........

അഞ്ജലി_മോഹനൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്