ഉമ്മ മരിച്ചു (193)

"ഉമ്മ മരിച്ചു.... !

'ആ വീട്ടിലൊരു കൂട്ട നിലവിളി ഉയർന്നു..
എത്ര കാലം ഈ തള്ളയുടെ തീട്ടവും മൂത്രവും
കോരണം എന്ന് ഇന്നലെ കൂടി പരസ്പരം
പറഞ്ഞ് ഉമ്മയെ പ്രാകിയ
മരുമക്കൾ രണ്ട് പേരുടെയും കണ്ണുകൾ കരച്ചിലിനിടയിലും കൂട്ടി മുട്ടി..

'ഇനി ഞങ്ങൾക്ക് ആരുണ്ട് ഉമ്മാ...
വയ്യെങ്കിലും ആ മുറിയിൽ ഉമ്മയുള്ളത്
ഒരു ആശ്വാസമായിരുന്നു എന്ന് മൂത്തവൾ
പറഞ്ഞപ്പോൾ ഇളയവൾ കരച്ചിലിനിടയിലും
ആശ്ചര്യത്തോടെ നോക്കി..
അവൾ ഭാവ വ്യത്യാസമില്ലാതെ
പറച്ചിലും കരച്ചിലും തുടർന്നു..!

'മൂത്തമകൾ മാളുമ്മു മരണ വിവരം
അറിഞ്ഞ  ഉടനെ തന്നെകിട്ടിയ
ഓരോട്ടോയിൽ തന്നെ കെട്ടിച്ചു വിട്ട
വീട്ടിൽ നിന്നും പുറപ്പെട്ടു..
പടിയുടെ ഇപ്പുറം വെച്ച് ഓട്ടോക്കാരനുമായി
പൈസയുടെ പേരിൽ ചെറിയൊരു തർക്കത്തിനും ശേഷമാണ് വീട്ടിലേക്ക് നടന്നത്..

'നാലാൾ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നുറപ്പായപ്പോൾ മാളുമ്മു നെഞ്ചിൽ
അടിച്ചു കരയാൻ തുടങ്ങി..
നോക്കി നിന്നവർ അടുത്തെത്തി
എന്നുറപ്പായപ്പോൾ പതിയെ കുഴഞ്ഞു വീഴുകയും ചെയ്തു..

'അധികം കരയാൻ വയ്യ ഇന്നലെ തല വേദനിച്ചിട്ട് ഒന്ന് രണ്ട് ഗുളിക ഒപ്പം കഴിച്ചപ്പോഴാണ് ഒരാശ്വാസം കിട്ടിയത്..
നെഞ്ചത്തും അധികം അടിക്കാൻ വയ്യ..
ഉച്ചയ്ക്കാണ് മയ്യത്ത് എടുക്കൂ..
അത് വരെ പിടിച്ച് നിൽക്കണ്ടെ..

'മാളുമ്മുവിന്റെ മകൻ ഫ്രീക്കനായ
അവൊക്കാർ ജെല്ല് ഇട്ട് വിഭ്രജിച്ചു നിർത്തിയിരുന്ന തന്റെ മുടി കുറച്ചു വെള്ളം ചേർത്ത് ഒരു സൈഡിലേക്ക് ഒതുക്കി
മുക്കാൽ സ്കിന്നി പാന്റ് മാറ്റി തുണി എടുത്തു..
മുഖത്തൊരു ശോകഭാവവും ഫിറ്റ് ചെയ്ത്
മരണ വീട്ടിലേക്ക് പുറപ്പെട്ടു..

'ഇളയ മകൾക്ക് എങ്ങനെ നോക്കിയിട്ടും
കരച്ചിൽ വരുന്നില്ല കാരണം രണ്ട് ദിവസം മുമ്പാണ് അവൾ വീട്ടിൽ വന്ന് പോയത്..
രണ്ട് ദിവസം ഉമ്മയോട് കൂടെ നിൽക്കാൻ
പറഞ്ഞെങ്കിലും അവൾ നിന്നില്ല..

'ഭാഗം വെക്കുമ്പോൾ ഏറ്റവും പുറകിലെ സ്ഥലം അവൾക്ക് കൊടുത്തതിന്റെ ദേഷ്യം
അന്നും എടുത്ത് പറഞ്ഞു ഉമ്മയെ കരയിപ്പിച്ചാണ് അവൾ പോയത്..

'ഉമ്മാക്ക് അതിൽ ഒരു പങ്കുമില്ല
അമ്മാവന്മാരും ആണ്മക്കളും കൂടിയാണ്
എല്ലാം ഭാഗം വെച്ചത് എന്ന് എന്നത്തേയും
പോലെ അന്നും ഉമ്മ പറഞ്ഞിരുന്നു..

'മയ്യത്തിന്റെ അടുത്ത് എത്തിയിട്ടും
കരച്ചിൽ വന്നില്ല അവസാനം മറ്റുള്ളവർ ഇരിക്കുന്ന കട്ടിലിന്റെ സൈഡിൽ എന്റെ
ഉമ്മാ എന്നും വിളിച്ചു കമഴ്ന്നു കിടന്നു..
കൈകൊണ്ട് കണ്ണ് തിരുമ്മി ചുവപ്പിച്ചു..

'എന്നിട്ട് എല്ലാവരെയും ഒന്ന് അറിയാത്ത പോലെ ഒന്ന് വീക്ഷിച്ചു..
എല്ലാവരും ഗംഭീര വിഷമത്തിൽ
ആണെന്നറിഞ്ഞപ്പോൾ അവളങ്ങനെ
തന്നെ കിടന്നു..

'കുറച്ചു കഴിഞ്ഞപ്പോൾ മയ്യത്ത്
കുളിപ്പിക്കാൻ എടുത്തു..
മാളുമ്മു അതിനിടയിൽ ഉമ്മയുടെ
ആഭരണങ്ങൾ ഒക്കെ എടുത്ത് വെച്ചിട്ടില്ലേ
എന്ന് നാത്തൂന്മാരോട് ആന്വേഷിച്ചിരുന്നു..
വളകളും കാതിൽ ചിറ്റും ഒക്കെ ഉണ്ട് ഉമ്മാക്ക്..

'ഉമ്മയെ നോക്കിയ പേരും പറഞ്ഞ്
നാത്തൂന്മാർ അതൊക്കെ ഒറ്റക്ക്
എടുക്കേണ്ട എന്ന് അറിയിക്കാനാണ്
മാളുമ്മു അങ്ങനെ ചോദിച്ചത്..

'ഇനി ആരെങ്കിലും കാണാനുണ്ടോ...!

'ഇതാണ് അവസാന നാടകത്തിനുള്ള
അവസരം മക്കൾക്കും മരുമക്കൾക്കും
നല്ല വിഷമം ഉണ്ടെന്ന് അറിയിക്കാനുള്ള അവസരം..

'ഇപ്രാവശ്യം ചെറിയ മകൾ എല്ലാവരെയും
കടത്തി വെട്ടി ഉഗ്രനായി
നിലവിളിച്ചു കരഞ്ഞു..
മാളുമ്മു പിന്നെ ഒന്നും നോക്കിയില്ല
തല വേദനിച്ചാലും വേണ്ടില്ല എന്നുറപ്പിച്ചു
നെഞ്ചത്ത് അടിച്ചു തന്നെ കരഞ്ഞു..

'ഇത്രയും കാലം തള്ളയുടെ
തീട്ടവും മൂത്രവും കോരിയ തങ്ങൾ
അവസാന നിമിഷം പിന്തള്ളി പോകുന്നത്
മനസ്സിലാക്കിയ മരുമക്കളും വലിയ വായിൽ കരഞ്ഞു..

'കൂട്ടനിലവിളികൾക്ക് ഇടയിലൂടെ
മയ്യത്ത് പള്ളി കാട്ടിലേക്ക് പുറപ്പെട്ടു..

'ആണ്മക്കൾക്ക് കരയാനും ചിരിക്കാനും
ഒന്നും ഉണ്ടായിരുന്നില്ല അവർക്ക് ആശ്വാസം ആയിരുന്നു..
ഉമ്മ കിടപ്പിലായത് മുതൽ ഉമ്മയെ
നോക്കുന്നതിന്റെ പരാതി പറയുന്ന ഭാര്യമാരോട് ഏറ്റു മുട്ടിയും ഉമ്മയെ നോക്കുന്നത് ശരിയല്ല എന്ന് പറഞ്ഞുള്ള പെങ്ങന്മാരുടെ ലഹളക്കും ഒരു അന്ത്യം ഉണ്ടായിരിക്കുന്നു..

'മയ്യിത്ത് കബറടക്കി എല്ലാവരും പിരിഞ്ഞു...
കബറിന് അടുത്ത് ഒരാൾ മാത്രം നിന്നിരുന്നു..
ഉമ്മയുടെ മൂത്തമകൻ..

'ഇന്നലെ കൂടി ഉമ്മയുടെ വിഷമം
തനിക്ക് ഇടക്ക് ഉണ്ടാകുന്ന
ഒരു ചെറിയ ചൊമയുടെ പേരിൽ ആയിരുന്നു..
ഉമ്മ ചൊമ തുടങ്ങിയാൽ കട്ടിൽ
മുഴുവൻ ഇളകും എന്നാലും മകന്റെ ചൊമ കേട്ടാൽ പരിഭ്രമത്തോടെ നോക്കും..

'കൊത്തികിളച്ചു കൂട്ടിയിട്ടിരിക്കുന്ന
കബറിന് മേലേ വീണ കണ്ണ് നീർ തുള്ളികൾ
ആരെയും കാണിക്കാൻ ഉള്ളതായിരുന്നില്ല..
ഉമ്മ നഷ്ടപ്പെട്ട മകന്റെ വേദനയായിരുന്നു

'മീസാൻ കല്ലിന് അടുത്ത്
കുഴിച്ചിട്ട മൈലാഞ്ചി ചെടികൾ
ഒന്ന് പുഞ്ചിരിച്ചു..
അവസാന കാലടിയും കബറിന് അടുത്ത്
നിന്നും മറഞ്ഞു..
ഉമ്മ കിടന്ന മുറിയിൽ നിന്ന്
കർപൂരത്തിന്റെയും അത്തറിന്റെയും
സുഗന്ധം ഉയർന്നു..

സ്നേഹത്തോടെ Abdulla Melethil

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്