എന്റെ റൂഹിന്റെ പാതി

ഇൻക്ക് പഠിക്കണം ഉപ്പാ.. ന്റെ പൊന്നുപ്പാ അല്ലേ ന്റെ പഠിത്തം ഇല്ലാതാക്കല്ലേ.

ഉപ്പാക്ക് ആഗ്രഹല്ലാഞ്ഞിട്ടാണോ മോളെ. ഉപ്പയെ കൊണ്ട് കൂട്ടിയാൽ കൂടുലാ. അൻക്ക് താഴെ രണ്ട് പെൺകുട്ട്യോൾ കൂടെ ഉണ്ടെന്ന് മോൾ മറക്കരുത്. ഉപ്പാക്ക് ഇപ്പോഴെ വയ്യാണ്ടായി തുടങ്ങി.ന്റെ മക്കളുടെ പഠനവും വീട്ട് ചിലവും എല്ലാം കൂടെ ഉപ്പാക്ക് താങ്ങാനാകില്ല.

അവധി ദിവസങ്ങളിൽ ഞാനും എന്തേലും ജോലി നോക്കാം ഉപ്പ.. എന്റെ പഠിത്തത്തിന് ഉള്ളത് എങ്കിലും ആകുല്ലോ. ന്നാലും തന്നെ കെട്ടിച്ച് അയക്കല്ലേ ഉപ്പ.ഇൻക്ക് പഠിക്കണം.ഇൻക്ക് ഉറപ്പുണ്ട് പഠിക്കാനായാൽ മ്മളെ കുടുംബം രക്ഷപ്പെടുത്താൻ എനിക്കാവൂന്ന്.

വേണ്ട. ഉപ്പാന്റെ പൊന്നുമോൾ ഉപ്പ പറയുന്നത് അനുസരിക്കണം. നല്ല ആലോചനയാണ്.ഒരു തരി പൊന്നോ, പണമോ ഒന്നും അവര് ചോദിച്ചട്ടില്ല. അന്നെ അങ്ങ് കൈപിടിച്ച് കൊടുത്താ മതീന്നാ പറഞ്ഞത്.

ങ്ങൾക്ക് ന്നെ അങ്ങ്ട് കൊന്ന് കളഞ്ഞൂടായ്നോ ഉപ്പംഇതിലും ഭേദം അതാരുന്നു. അറവ് മാടുകളോട് പോലും കാണിക്കുന്ന ദയ എനിക്ക് നൽകാത്തത് എന്താ ഉപ്പ.

ഉപ്പാന്റെ ഗതികേടാണ് മോളെ.ന്റെ കുട്ടിക്ക് പഠിക്കണേൽ പഠിച്ചോ. ഉപ്പ വീണ് പോകും വരെ ഉപ്പാ ഉണ്ടാകും പട്ടിണി കിടന്നാലും ന്റെ കുട്ടീന്റെ ആഗ്രഹം നടക്കട്ടെ..

ഉമ്മയുടെയും അനിയത്തിമാരുടേയും കണ്ണിലെ നനവ് പടർന്ന ദയനീയത കണ്ട് നിക്കാൻ ആവില്ലല്ലോ പടച്ചോനെ .ന്റെ ഉപ്പാക്ക് പാടില്ലാഞ്ഞിട്ടാണ്. ല്ലേ എന്റെ ആഗ്രഹങ്ങൾക്ക് എതിര് നിക്കൂല. വയ്യാണ്ടായിരിക്കുന്നു. പഴയ പോലെ പണിക്കൊന്നും പോകാൻ പറ്റുന്നില്ല. കുടുംബത്തിന്റെ കണ്ണീരോളം വലുതല്ലല്ലോ എന്റെ ആഗ്രഹങ്ങൾ..

ഉപ്പ വിഷമിക്കേണ്ട. എനിക്ക് സമ്മതാണ് നിക്കാഹിന്..

അൽഹംദ് -ലില്ലാഹ്. നേരോ മോളെ.. ന്റെ കുട്ടീനെ ഉപ്പ വില പറഞ്ഞ് വിൽക്കാൻ വെച്ചിരിക്കുന്നു എന്ന് ചിന്തിക്കരുതേ. ഉപ്പാന്റെ കാലം കഴിയും മുൻപ് ഇതുങ്ങളെയും ഒരു കരക്ക് എത്തിക്കേണ്ടേ.. ന്റെ കുട്ടി ഉപ്പാനെ വെറുക്കരുത്.

ഇല്ല ഉപ്പ. ന്നെ ഓർത്ത് ന്റെ ഉപ്പ കണ്ണു നിറക്കരുത്..

ഗൾഫ്കാരനാണ് ചെക്കൻ.. അവിടുത്തെ ജോലി എല്ലാം മതിയാക്കി. പെണ്ണ് കെട്ടി നാട്ടിൽ കൂടാനാണ് ഇനി.ബാധ്യതകൾ ഒന്നുമില്ല. ഒറ്റ മോനാണ്.. അയാൾ കാണാൻ വന്നത് പ്രമാണിച്ചും എന്റെ ഉപ്പാക്ക് കൊർച്ച് പണം ചിലവായി. ചില്ല് പാത്രങ്ങളിൽ നിറമുള്ള പലഹാരങ്ങൾ നിരത്താൻ. ഗൾഫ്കാരനല്ലേ കുറക്കാൻ പറ്റൂല്ലല്ലോ..

പെണ്ണ് കാണാൻ വന്ന അയാളെ കണ്ട് ഞാനൊന്ന് ഞെട്ടി.നാല് വീട് അപ്പുറത്തുന്നേ അത്തറിന്റെ മണം ഇങ്ങെത്തി. ആവശ്യത്തിൽ ഏറെ നിറവും പ്രൗഢിയും ഉള്ളൊരാൾ. ഇയാൾ എന്തിനാണ് ദാരിദ്രം പിടിച്ച എന്റെ വീട്ടിൽ തന്നെ വന്നത്. അയാളുടെ യോഗ്യതക്ക് അനുസരിച്ച് എത്ര കുട്ടികളെ വേറെ കിട്ടിയേനെ. ന്റെ ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിക്കൊണ്ട് അയാൾ ചോദിച്ചു.

അൻക്ക് എന്നെ ഇഷ്ടായോ പെണ്ണെ?

ഒരുപാട് കാലത്തെ പരിചയം ഉള്ള പോലെ ആയിരുന്നു അയാളുടെ സംസാരം.അയാളുടെ ചോദ്യത്തിന് മറുപടി പറയാൻ എനിക്കായില്ല. നെഞ്ചിലൊരു ഭാരം പോലെ.

ഇഷ്ടല്ലാച്ചാ പറഞ്ഞോളൂട്ടോ..ന്തായാലും എൻക്ക് അന്നെ ഇഷ്ടായിക്ക്ണ്. എനിക്ക് ഒരു ആവശ്യവും മുന്നോട്ട് വെക്കാൻ ഇല്ല. സമ്മതമാണേൽ ഇയ്യ് മാത്രം മതി അന്റെ ഉപ്പാന്റെ സമ്പാദ്യത്തിന്റെ വിഹിതമായിട്ട് എനിക്ക്. മറ്റൊന്നും വേണ്ട. അൻക്ക് ന്നോട് എന്തോ പറയാൻ ഉണ്ടെന്ന് ന്റെ മനസ്സ് പറയുന്നു. പറ. എന്താ കാര്യം?

ഒന്നൂല്ല. ങ്ങൾക്ക് തോന്നിതാ..

അപ്പോൾ ന്നെ ഇഷ്ടായോ.

ഇഷ്ടായിക്ക്ണ്.

എന്റെ മറുപടിയിൽ  സന്തോഷിച്ചാണ് അയാൾ മടങ്ങിയത്.ഉപ്പയും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.

ഇടക്ക് ഉമ്മയെയും കൂട്ടി വന്ന് ഒരു വളയിട്ട് അയാളുടെ പെണ്ണാണ് ഞാനെന്ന് ഉറപ്പിച്ച് നിർത്തിയപ്പോഴും അയാൾ എന്നോട് ചോദിച്ചു എന്തേലും പറയാനുണ്ടോന്ന്. ഇല്ലാന്ന് ഉള്ള പഴയ ഉത്തരത്തിൽ ഞാൻ അയാളെ ഒഴിവാക്കി.

കല്യാണത്തിന് ഒരാഴ്ച മുൻപേ എനിക്കുള്ള പൊന്നും നിക്കാഹിനുള്ള പണവും എല്ലാം ഉപ്പയെ ഏൽപ്പിക്കുമ്പോഴും ഉപ്പ അത് വാങ്ങാൻ വിസമ്മതിച്ച് എന്റെ അനുവാദത്തിന് കാത്ത് നിന്നപ്പോഴും അയാൾ ഉപ്പയോട് പറയുന്നുണ്ടായിരുന്നു.

ഓളിപ്പോൾ എന്റെ പെണ്ണല്ലേ. ങ്ങൾക്ക് ആൺമക്കൾ ഇല്ലാത്തത് കൊണ്ട് ഞാനീ ചെയ്യുന്നത് എന്റെ കടമയായി കണ്ടാതി. ഓളെ കെട്ടാൻ പോകുന്നവൻ ആയി മാത്രം കാണാതെ എന്നെ മകനായിട്ട് കണ്ടൂടെ ഉപ്പാക്ക്.എൻക്ക് ഉപ്പയില്ല. ആ സ്ഥാനത്താണ് എനിക്ക് ങ്ങൾ..

കണ്ണ് നിറഞ്ഞൊഴുകി നിൽക്കുന്ന എന്നെ നോക്കി ഒരിക്കൽ കൂടെ അയാൾ ആ ചോദ്യം ചോദിച്ചു..

ന്റെ പെണ്ണിന് ന്നോട് എന്തെങ്കിലും പറയാനുണ്ടോ?

ഇല്ല. ഒന്നുമില്ല.

ഇപ്പോൾ ചെയ്യുന്ന സഹായം തന്നെ വലുതാണ്. ഇനി എനിക്ക് പഠിക്കണം എന്നും പറഞ്ഞ് ബുദ്ധിമുട്ടിച്ചാൽ എൻക് തീരെ മനസാക്ഷി ഇല്ലാന്ന് പടച്ചോൻ പോലും ഓർക്കും. നിക്കാഹ് കഴിഞ്ഞ് പിറ്റേ ദിവസാണ് പരീക്ഷ. എഴുതാനാവില്ലാന്ന് ഉറപ്പാണ്. മതി പഠനം. ഇനി ജീവിതം പഠിക്കാം.

ഉപ്പാന്റെ ആഗ്രഹം പോലെ എല്ലാം മൊഞ്ചായ് നടന്നു. എന്റെ നല്ല പാതിയായ് മാറി ആ അത്തറിന്റെ മണമുള്ള ഗൾഫ്കാരൻ.മണിയറയിൽ വെച്ചും അന്നത്തെ ചോദ്യം ആവർത്തിച്ചു.

ന്റെ ബീവിക്ക് ന്നോട് ന്തെങ്കിലും പറയാനുണ്ടോ?

ഇല്ല..

നടക്കാത്ത അഗ്രഹത്തിനെ കബറടക്കി ആ നെഞ്ചിൽ തല ചായ്ച്ച് കിടക്കുമ്പോൾ ഇക്ക പറഞ്ഞു.

നാളെ ഒരു വിരുന്നുണ്ട്. രാവിലെ പോവണം..

രാവിലെ തന്നെ ഇക്കാക്ക് ഒപ്പം പുറപ്പെടുമ്പോൾ എനിക്ക് അറിയില്ലായിരുന്നു എവിടേക്കാണ് യാത്രയെന്ന്. ആ യാത്ര അവസാനിച്ചത് എന്റെ കോളേജിന്റെ മുൻപിൽ ആയിരുന്നു.

നന്ദി പറയാൻ വാക്കുകൾ കിട്ടാതെ കരഞ്ഞ് നിൽക്കുന്ന എന്റെ കണ്ണുകൾ തുടച്ച് തരുമ്പോൾ ഇക്ക പറഞ്ഞു.

ഉപ്പയും ഞാനും വന്ന് എല്ലാം സംസാരിച്ച് ശരിയാക്കിയട്ടുണ്ട്.ന്റെ ബീവിക്ക് തുടർന്ന് പഠിക്കാം. അന്നെ ചങ്ങലകളിൽ ബന്ധിച്ചിടാനും അടുക്കളയിൽ തളച്ചിടാനും അല്ല ഞാൻ കൂടെ കൂട്ടിയത്..അന്റെ സ്വപനങ്ങൾക്ക് ചിറകുകൾ വെച്ച് പറന്നുയരുന്നത് കാണാൻ മറ്റാരേക്കാളും ഞാൻ ആഗ്രഹിക്കുന്നു..

ജീവിത പരീക്ഷയിൽ എന്നെ വിജയിപ്പിച്ച പടച്ചവനോട് ഈ പരീക്ഷയിലും എന്നെ വിജയിപ്പിക്കേണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ എക്സാം ഹാളിന്റെ ജനലഴികളിൽ കൂടെ കണ്ടു ഞാനെന്റെ റൂഹിന്റെ പാതിയെ. ക്ഷമയോടെ എന്നെ കാത്ത് നിൽക്കുന്ന ആ സ്നേഹത്തെ...

ദുനിയാവിൽ എന്നെ വിജയിപ്പിച്ച നാഥാ..

ആഖിറത്തിലും നീ എനിക്കെന്റെ ഇക്കായെ ഇണയായ് നൽകേണമേ..

ആയിഷ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്