എന്റെ പൊട്ടി പെണ്ണ്

ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ ക്ലാസിൽ പുതിയതായി ഒരു അതിഥി വന്നത്. നൈഷാന എന്നായിരുന്നു ഓളുടെ പേര്.തട്ടം ചുറ്റിക്കെട്ടി ഇടുന്ന സുറുമ എഴുതിയ ഒരു സുന്ദരി മോള് .വയനാട് നിന്ന് മലപ്പുറം വന്ന് താമസിക്കുകയാണ് ഓളുടെ കുടുംബം. എനിക്കവളെ മോളെ എന്ന് വിളിക്കാം. കാരണം നാലാം ക്ലാസിലും ആറാം ക്ലാസിലും റ്റീച്ചർമാർ അത്ര പോരാത്ത കൊണ്ട് ഓരോ വർഷം കൂടുതൽ ഇരുന്ന് ആഴത്തിൽ പഠിച്ചതാണ് ഞാൻ.

എല്ലാവരും പുതിയ കൂട്ടുകാരിയെ പരിചയപ്പെടുന്ന തിരക്കിലാണ്. തിരക്ക് കഴിഞ്ഞപ്പോൾ ഞാനും ചെന്നു.

ന്റെ പേര് ഷഹനാസ്. തിരൂരാണ് വീട്.വീട്ടിൽ ഉപ്പ, ഉമ്മ ,അനിയത്തി, പിന്നെ ഞാൻ.

എന്റെ നിർത്താതെയുളള വിവരക്കേട് കേട്ടിട്ടാവണം ആ നുണക്കുഴിയി കവിളത്തൊരു ചിരി വിരിഞ്ഞു.ആ നിമിഷം മനസിൽ ആഗ്രഹിച്ചതാണ് ഓളെ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്. പഠിക്കാൻ മിടുക്കി ആണെങ്കിലും എട്ട് എഴുതാൻ ഓൾക്ക് ഇപ്പോഴും അറിയില്ല. പൂജ്യത്തിന് മേൽ പൂജ്യം ആണ് ഓളുടെ എട്ട്.അതൊന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ച റ്റീച്ചറോട് ' എങ്ങനെ എയ്തിയാലും എട്ടായാൽ പോരെ റ്റീച്ചറെ' എന്നായിരുന്നു മറുപടി. അതോടെ റ്റീച്ചർ ആ ശ്രമം ഉപേക്ഷിച്ചും എന്തായാലും അവളുടെ ഒപ്പം ക്ലാസിൽ ഇരിക്കാനുള്ള പൂതി പെരുത്ത് ഉള്ളത് കൊണ്ട് ഞാനും ഉഴപ്പാതെ പഠിക്കാൻ തുടങ്ങി. ഇതിനിടയിൽ പിരിയാനാവാത്ത ഒരു സൗഹൃദവും ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. അവൾക്ക് സൗഹൃദം ആവാം. എനിക്ക് പ്രണയമായിരുന്നു. ആ പ്രായത്തിൽ തോന്നുന്നതെക്കെ പ്രായത്തിന്റെ ആകർഷണം ആണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അത് തിരുത്തി എഴുതാൻ തന്നെയാണ് പത്താം ക്ലാസ് വരെ അവൾ പോലും അറിയാതെ അവളെ നെഞ്ചിൽ കൊണ്ട് നടന്നത്.

പത്താം ക്ലാസിലെ അവസാന ദിവസങ്ങളിൽ പരീക്ഷാ ചൂടിൽ ഒരു ദിവസം മറ്റൊരു ക്ലാസിലെ ഒരു ചെക്കൻ വന്ന് അവളോട് ഇഷ്ടം തുറന്ന് പറഞ്ഞു. ഞാൻ കൂടെ ഉള്ള സമയത്ത് തന്നെ. കുസൃതി കലർന്നൊരു നോട്ടം എനിക്ക് സമ്മാനിച്ച് അവൾ അവനോട് പറഞ്ഞു.

ദാ ഈ ചെക്കൻ സമ്മയ്ക്കോന്ന് ചോയ്ച്ചോക്ക്..

പെട്ടന്നുള്ള ആ മറുപടിയിൽ അവനും ഞാനും ചലനമില്ലാത്ത അവസ്ഥയിൽ ആയിപ്പോയി.

നിനക്ക് ന്റെ ഇഷ്ടം അറിയായ്നോ നൈഷൂന്ന് ചോദിച്ചപ്പോൾ ഓളുടെ മറുപടി ശരിക്കും ഞെട്ടിച്ചു.

മൂന്ന് വർഷായിട്ട് ഇൻക് അറിയാലോ ഷാനൂട്ടാ ങ്ങൾക്ക് ന്നെ ഇഷ്ടാന്ന്‌. എന്നെ തനിച്ചാക്കാതെ എപ്പോഴും കൂടെ നിൽക്കുന്നതും അത് കൊണ്ടാന്ന് ഇൻക് അറിയാലോ.

പടച്ചോനെ പ്രണയിച്ച് നടക്കേണ്ട മൂന്ന് വർഷമാണല്ലോ ഞാൻ നശിപ്പിച്ച് കളഞ്ഞത്.

അങ്ങനിപ്പോ ങ്ങൾ പ്രണയിക്കണ്ട. സമയാകുമ്പോൾ ഉപ്പയോട് വന്ന് സംസാരിച്ചാതി.

ഇവളെ ഞാൻ പ്രണയിച്ചതിൽ അതിശയം ഒന്നുമില്ല. കാരണം അവളുടെ ചിന്തകളും പ്രവൃത്തികളും മറ്റ് പെൺകുട്ടികളിൽ നിന്ന് അവളെ വ്യത്യസ്ഥ ആക്കുന്നു. കുടുംബം എന്ന് വെച്ചാൽ ജീവനാണ് അവൾക്ക്. മനസ്സറിഞ്ഞ് എന്തും ആർക്കും നൽകാനും മടിയില്ല. ഒരു മിഠായി കിട്ടിയാൽ പാതി എനിക്കായ് അവൾ മാറ്റിവെക്കും. ഉപ്പിലിട്ടത് വീട്ടിൽ നിന്ന് കൊണ്ട് വരുമ്പോൾ പാതി കടിച്ചിട്ട് ബാക്കി പാതി എനിക്കായ് നൻകും. ഒരു കണ്ണടച്ച് ഒരു കുസൃതി ചിരിയും. പന്ത്രണ്ടാം ക്ലാസ് എത്തിയിട്ടും ഇപ്പോളും എട്ടിന്റെ കാര്യത്തിൽ വൻ പരാജയം ആണ് എന്റെ പൊട്ടിപ്പെണ്ണ്.

ജീവിക്കാനുള്ള ചുറ്റുപാട് ഉള്ളത് കൊണ്ട് തന്നെ കല്യാണപ്രായം ആയപ്പോൾ എല്ലാവരുടെയും പൂർണ്ണ സമ്മതത്തോടെ അവളെ എനിക്ക് കിട്ടി.

മണിയറിയിലേക്ക് നാണത്തോടെ കടന്ന് വന്ന അവളെ കണ്ടപ്പോൾ ആദ്യം ചിന്തിച്ചത് 'ഇനി എന്തെക്കെ പൊട്ടത്തരങ്ങൾ കാണണം പടച്ചോനെ' എന്നാണ്.

പുതിയ പുതിയ പേരുകൾ ഇടാൻ പറ്റുന്ന ഇന്നോളം ആരും കഴിക്കാത്ത പലഹാരങ്ങൾ ഉണ്ടാക്കി എന്നെയും എന്റെ വീട്ടിൽ ഉള്ളവരെയും കഴിപ്പിക്കുമ്പോൾ ഉപ്പക്കും ഉമ്മക്കും ഒരു കുറുമ്പി മോളെ കിട്ടിയ സന്തോഷം ആയിരുന്നു. അനിയത്തിക്ക് ഒരു ഇത്താത്തേനയും. സ്വർഗ്ഗമായിരുന്നു ഞങ്ങളുടെ വീട്. അവൾ അങ്ങനെ ആക്കി മാറ്റിയെന്ന് പറയുന്നതാവും ശരി.

പെട്ടെന്നൊരു ദിവസം ഉമ്മ പള്ളിക്കാട്ടിൽ പേരെഴുതിയ ഒരു മീസാൻ കല്ലിന് അവകാശം നേടി പോയപ്പോൾ നൂല് പൊട്ടിയ പട്ടം പോലെയായി ഞങ്ങളുടെ അവസ്ഥ. മറ്റാരേക്കാളും സങ്കടം അവൾക്കായിരുന്നു.

ആഹാരം കഴിക്കാനാരിക്കുമ്പോൾ പോലും ഉമ്മാന്റെ കണ്ണീരിന്റെ നനവുള്ള ഓർമ്മകൾ ഞങ്ങളെ നോവിച്ച് കൊണ്ടിരുന്നു. അപ്പോഴെക്കെ അവൾ എനിക്കും എന്റെ കുഞ്ഞനിയത്തിക്കും ഉമ്മയായി. അവളുടെ സ്നേഹത്തിലും കരുതലിലും ഉപ്പ ജീവിതത്തിലേക്ക് തിരിതെ വന്നു. മഗിരിബിന്റെ സമയത്ത് ഉമ്മ ഖുർആൻ ഓതുമ്പോൾ ഞാൻ ആ മടിയിൽ കിടക്കും.ഉമ്മയുടെ വിരലുകൾ എന്റെ മുടിയിലൂടെ തലോടി പോകും. ആ സ്ഥാനത്ത് ഇപ്പോ നൈഷൂട്ടിയുണ്ട്.

പണ്ട് ഞാൻ കണ്ട പൊട്ടിപ്പെണ്ണല്ല ഇന്നവൾ. അവസരത്തിന് അനുസരിച്ച് ഉമ്മയാകാനും ഉപ്പയാകാനും പെങ്ങളാകാനും മകളാകാനും കാമുകി ആവാനും എന്റെ പൊട്ടിപ്പെണ്ണിന് കഴിയുന്നുണ്ട്. അതെനിക്ക് മനസ്സിലായത് പെങ്ങൾ മറ്റൊരുവന്റെ പാതിയായ് പടിയിറങ്ങി പോയപ്പോഴാണ്. അന്നും ഉപ്പ അവളെ കണ്ട് ആശ്വസിച്ചു.ഒരു മകൾ മറ്റൊരു വീട്ടിൽ മകളായപ്പോൾ ഉപ്പാക്ക് മറ്റൊരു മകള് കൂടെയുണ്ടല്ലോ എന്ന ആശ്വാസം. ഇവളുടെ കുറുമ്പിലും കുസൃതിയിലും അവളുടെ കുറവ് സാരമായി ഞങ്ങളെ ബാധിച്ചില്ല.

പണ്ട് അവൾ ക്ലാസിലേക്ക് കടന്ന് വന്ന പോലെ ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞു നൈഷുവോ ഷഹനാസോ കടന്ന് വരാൻ പോകുന്നു എന്നവൾ കാതിൽ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഉപ്പയും ഞാനും അവളെ ചേർത്ത് പിടിച്ചു.ഈ സന്തോഷം കാണാൻ ഉമ്മയില്ലല്ലോ എന്നത് ഒരു നൊമ്പരം തന്നെ ആയിരുന്നു.

തൊടിയിലെ മൂവാണ്ടൻ മാവിൽ നിന്ന് പച്ച മാങ്ങയും പറിച്ച് ഒപ്പം ഉപ്പ് കല്ലും കൊടുത്ത് ഞാനാ മുഖത്ത് നോക്കിയിരിക്കും. എന്റെ പൊട്ടിപ്പെണ്ണിന്റെ ഒരു കണ്ണടച്ചുള്ള കുസൃതിച്ചിരി കാണാൻ.

ടൗണിലേക്ക് പോയിട്ട് വരുമ്പോഴെല്ലാം ഉപ്പാന്റെ കയ്യിൽ വലിയ പൊതി പലഹാരം ഉണ്ടാകും. അതെല്ലാം അവളെ തീറ്റപ്പിക്കുമ്പോൾ ഉമ്മയുടെ കുറവറിയിക്കാതെ ഉപ്പ അവളെ നോക്കുന്നുണ്ടെന്ന് ആർക്കും മനസ്സിലാവും.

കയ്യും കാലും എക്കെ കടയുന്നു ഷാനുക്കാ എന്ന് പറഞ്ഞ് ചിണുങ്ങുമ്പോൾ ആ നുണക്കുഴി കവിളിൽ ഉമ്മ കൊണ്ട് മൂടി കയ്യും കാലും ഉഴിഞ്ഞ് കൊടുക്കും ഞാൻ. അവൾ ഉറങ്ങാൻ വേണ്ടി ഉറങ്ങാതെ കാവലിരുന്നിട്ടുണ്ട് ഞാൻ.

കുഞ്ഞാവ വയറിനുള്ളിൽ കിടന്ന് ചവിട്ടിയും അവളെ നോവിച്ചുംഉപ്പ എവിടെ എന്ന് ഓളോട് ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഉണരുന്നതും ഉറങ്ങുന്നതും ആ വയറിമ്മേൽ ഉമ്മകൾ നൽകി ആയിരുന്നു. ഒന്ന് ഉറപ്പായി ഓളെ പോലെ തന്നെ കുറുമ്പിന് കയ്യും കാലും വെച്ച കുഞ്ഞാവ ആകും.

മോനാണോ മോളാണോ എന്ന് ഓളോട് ചോദിക്കുമ്പോൾ ഓൾ പുഞ്ചിരിച്ച് പറയും മോളാണ് ഷാനുക്കാ.ങ്ങൾക്ക് മോളെ അല്ലേ ഇഷ്ടമെന്ന്.

അതെ എനിക്ക് മോളെയാണ് ഇഷ്ടം. ഓളെ പോലൊരു പൊന്നുമോള് .

പ്രസവത്തിന് കൂട്ടാൻ ഓളെ വീട്ടിൽ നിന്ന് ഉപ്പയും ഉമ്മയും വന്നപ്പോൾ 'ഇൻക് വരാനാകില്ല ഉമ്മ .ഷാനുക്കാനെയും ഉപ്പയെയും വിട്ട് എൻക്ക് മാറി നിക്കാനാകില്ല' എന്നവൾ പറഞ്ഞു. അവൾ വീട്ടിൽ പോകല്ലേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു ഞാനും ഉപ്പയും.

ലേബർ റൂമിലേക്ക് അവളെ കൊണ്ട് പോകും വഴി അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ച് പറഞ്ഞു.

മ്മളെ മോളെ പൊന്നുപോലെ നോക്കണേ ഷാനുക്കാ എന്ന്. പിന്നെന്തെങ്കിലും പറയും മുമ്പ് ഞാൻ അവളുടെ വായ പൊത്തി. നെറ്റിയിലൊരു ഉമ്മയും കൊടുത്ത് അവളെ പറഞ്ഞയക്കുമ്പോൾ വല്ലാത്തൊരു അവസ്ഥ ആയിരുന്നു. ഓരോ സെക്കന്റും ഒരു ദിവസം പോലെയാണ് തോന്നുന്നത്.

ലേബർ റൂമിന്റെ വാതിൽ തുറന്ന് ഇറങ്ങി വന്ന നഴ്സ് ഷഹനാസ് ആരാണെന്ന് ചോദിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്.

'പെൺകുട്ടിയാണ്'

എന്നവർ പറഞ്ഞപ്പോൾ എന്റെ ദുആ അല്ലാഹ് കേട്ടല്ലോ എന്ന് ഓർത്ത് അൽഹംദ് ലില്ലാഹ് എന്ന് ഒരുപാട് പറഞ്ഞു.

പെട്ടന്നായിരുന്നു നൈഷൂന്റെ ഉമ്മാന്റെ നിലവിളി. വെള്ള പുതച്ചൊരു ശരീരത്തെ കെട്ടിപ്പിടിച്ച്.

പടച്ചോനെ എന്റെ നൈഷൂട്ടി. ഒരൽപ്പം കാരുണ്യം എന്നോട് കാണിക്കാമായിരുന്നു അല്ലാഹ്.

ഏഴ് ജൻമ്മത്തിലും ഓർത്തിരിക്കാനുള്ള സ്നേഹം തന്ന് അവൾ യാത്രയായപ്പോൾ അവൾക്കൊപ്പം പോകാൻ മനസ്സ് കൊണ്ട് തയ്യാറെടുത്തതാണ് ഞാൻ.

അപ്പോഴാണ് എന്റെ കവിളിൽ ഒരു കുഞ്ഞു കയ്യുടെ തലോടൽ.

എന്റെയും എന്റെ പൊട്ടിപ്പെണ്ണിന്റെയും ജീവന്റെ തുടിപ്പ്...

ഒപ്പം അവളുടെ വാക്കുകളും കാതിൽ മുഴങ്ങുന്നു.

"മ്മളെ മോളെ പൊന്നുപോലെ നോക്കണേ ഷാനുക്കാ"

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്