മുത്തിനൊരു മഹർ

ഇക്കാക്കാ നാട്ടിൽക്ക് വന്നാലോന്ന് ആലോചിക്കുവാണ് മോളെ.മടുത്തു പ്രവാസം. എത്രയെന്ന് വെച്ചാ ഇവിടിങ്ങനെ തനിച്ച്…

ങ്ങളിപ്പോ ഇവിടേക്ക് വന്നിട്ട് എന്തിനാ ഇക്കാക്കാ. കൂട്ടും കൂടി ആ കലുങ്കിമ്മേൽ കുത്തിരിക്കാനല്ലേ. ന്റെ അഭിപ്രായത്തിൽ ഇക്കാക്കാ അവിടെ നിക്കുന്നതാണ് നല്ലത്.. ഓടിപ്പിടിച്ച് വരേണ്ട കാര്യം എന്താ ഇവിടെ.. ഉമ്മാക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഞാനും ഇത്താത്തയും എല്ലാം ണ്ടല്ലാ ഇവിടെ..

അൻക്കും താത്താക്കും എന്നെ ഒന്ന് കാണാൻ പോലും തോന്നുന്നില്ലേ മോളേ..

അയ്നിപ്പോൾ ങ്ങൾ ഇവിടേക്ക് വരണമെന്നുണ്ടോ ഇക്കാക്കാ.അതെക്കെ ഇപ്പോൾ ഫോണിമ്മേൽ ഒന്നമർത്തിയാൽ പരസ്പരം കാണാമല്ലോ..

ഓഹ്.. അത് ശരിയാണ് എന്നിട്ട് എന്റെ പെങ്ങൾ എന്താ പുയ്യാപ്ലയെ ഗൾഫിൽക്ക് അയക്കാത്തത്. ഫോണിമ്മേൽ ഒന്നമർത്തിയാൽ പരസ്പരം കാണാമല്ലോ..

ഇക്കാനെ പോലെയാണോ ഇക്കാക്ക.. ഇക്കാക്ക് എന്നെയും മോളെയും വിട്ട് നിക്കാൻ കഴിയൂല..

നീ തന്നെ ഇത് പറയണം.ഇക്കാക്കാക്ക് വരാനായില്ലേൽ നിക്കാഹ് വേണ്ട. മഹർ വാങ്ങൂല എന്നും പറഞ്ഞ് കരഞ്ഞ മോളാണ്. സ്വന്തം ജീവിതം ആയപ്പോൾ ഇക്കാക്കാ വരേണ്ട അല്ലേ..ഇക്കാക്കാ ആരും അല്ല അല്ലേ.. വേറെ വിശേഷം ഒന്നുമില്ലല്ലോ മോളെ.ഇക്കാക്കാ പിന്നെ എപ്പോഴേലും വിളിക്കാം..

ഇക്കാക്കാ വെക്കല്ലേ.. ഒരു കാര്യം കൂടെ പറയാൻ ഉണ്ടായിരുന്നു.. വീടിന്റെ വാർക്ക ആയി.. അതൂടെ കഴിഞ്ഞാലേ പെരുന്നാൾക്ക് മുൻപ് വീട് കൂടല് നടത്താൻ ആവൂ.. നിക്കാഹിന് ഇക്കാക്കാ തന്ന സ്വർണ്ണം ഉള്ളു ഇനി വിൽക്കാനോ പണയം വെക്കാനോ. അതിൽ ങ്ങടെ കഷ്ടപ്പാടും വിയർപ്പും ഇല്ലേ ഇക്കാക്കാ.അതാ ഞാൻ…

വേണ്ട മോളെ. സ്വർണ്ണം നഷ്ടപ്പെടുത്തണ്ട. ഇക്കാക്കാ ഉണ്ടല്ലോ ജീവനോടെ.ആയുസ്സുള്ള കാലം വരെ നിങ്ങൾ നീട്ടുന്ന കൈ ഇക്കാക്കാ തട്ടി മാറ്റില്ല.ഇക്കാക്കാ അയക്കാം…

ഫോൺ കട്ട് ചെയ്യ്തിട്ടും ഉള്ളിൽ ഒരു നോവായിരുന്നു അനിയത്തിയുടെ വാക്കുകൾ.. പ്രവാസവും മരണവും ഒരു പോലാണല്ലോ പടച്ചോനെ.ഒരിക്കൽ പ്രവാസി ആയാൽ മോചനം അസാധ്യം. മരണവും അത് പോലാണല്ലോ. കീഴടക്കിയാൽ പിന്നെ മടങ്ങി വരവ് ഇല്ലല്ലോ.   സ്വയം എരിഞ്ഞു തീരുവാണ് കുടുംബത്തിന് വേണ്ടി.. എന്റെ കണ്ണ് നിറഞ്ഞോട്ടെ അവരുടെ പുഞ്ചിരിക്ക് വേണ്ടി. ഞാൻ ഒരായുസ്സ് മുഴുവൻ വെയിൽ കൊണ്ടോളാം അവർക്കത് തണലാകുമെങ്കിൽ..

വർഷം അഞ്ചായി ഞാൻ പ്രവാസം സ്വീകരിച്ചിട്ട്. എന്നോ എന്റെ സ്വപ്നങ്ങൾ ഞാൻ ഈ മണൽക്കാറ്റിൽ പറത്തിയതാണ്.

ഉമ്മയെ വിളിച്ചാൽ ങ്ങനെ തന്നെയാണ് എപ്പോഴും.. ഒറ്റ വിളിക്ക് ഫോൺ എടുക്കില്ല. പേടിപ്പിച്ച കൊല്ലും. എന്തായീന്ന് അറിയാതെ നൂറു ചിന്തകൾ വരും മനസ്സിൽ. രണ്ട് മാസം മുൻപും കുളിമുറിയിൽ വഴുതി വീണതാണ്.

ങ്ങൾ എവിടാരുന്നു ഉമ്മ.. എത്ര വിളിച്ചു ഞാൻ..

ഉമ്മുമ്മാ വന്നിട്ടുണ്ട് കുഞ്ഞോനെ.. ഉമ്മ ച്ചിരി നെയ്ച്ചോർ വെക്കാരുന്നു. പടച്ചോനാണേ ഉമ്മ കഴിച്ചില്ലാട്ടോ. നല്ലൊരു കൂട്ടാൻ ഉണ്ടാക്കിയാലും ന്റെ കുട്ടി കഴിച്ചോ എന്നോർക്കും ഉമ്മ.. കഴിച്ചില്ലേലും ജ്ജ് ഉമ്മക്ക് വിഷമം ആകുമെന്ന് വെച്ച് പറയില്ലാന്നും അറിയാം..

ന്റെ ഉമ്മാ.. ങ്ങൾ പട്ടിണി ആവാതിരിക്കാനാണ് ഞാനീ കഷ്ടപ്പെടുന്നത് അത്രയും. ങ്ങൾ കഴിക്കാതെയും കുടിക്കാതെയും ഇരുന്ന് എന്തേലും ആയാൽ എനിക്ക് പിന്നെ ആരാണ്.. പിന്നെ ഞാൻ ജീവിച്ചിട്ട് എന്തിനാണ്.

ഉമ്മ ഒരു ആഗ്രഹം പറഞ്ഞാൽ കുഞ്ഞോൻ സാധിച്ച് തരണം.. വാക്ക് താ ഉമ്മാക്ക്..

ങ്ങളെ എക്കെ ആഗ്രഹം സാധിച്ച് തരാനല്ലേ ഉമ്മ ഞാൻ ജീവിക്കുന്നത് തന്നെ ..

ന്റെ കുട്ടി നാട്ടിൽക്ക് വരണം.ഉമ്മാക്ക് മോനെ കാണണം. അത് സാധിക്കാതെ ഉമ്മ മയ്യിത്തായാലോ. പ്രായായില്ലേ. കൂടെ അസുഖങ്ങളും. എല്ലാർക്കും നീ നല്ല ജീവിതം ആക്കി കൊടുത്തു. ഇനി എങ്കിലും നിനക്ക് വേണ്ടി നീ ജീവിച്ച് തുടങ്ങണം.. കൈ അയച്ച് കൊടുക്കാൻ നിന്നാൽ മരണം വരെ നിന്റെ കൂടപ്പിറപ്പുകൾ കൈ നീട്ടികൊണ്ടിരിക്കും. ഇനി മതി... സഹായിച്ചതെല്ലാം..

ഇപ്പോൾ വന്നാൽ ന്റെ കയ്യിൽ ഒന്നൂണ്ടാകില്ല ഉമ്മ. നാട്ടിൽ എന്തെങ്കിലും തുടങ്ങണേലും മ്മൾക്ക് ജീവിക്കണേലും പണം വേണ്ടേ ഉമ്മ..

കൂലിവേല ചെയ്യ്താലും മ്മൾക്ക് കഴിയാം കുഞ്ഞോനെ. ഏതവസ്ഥയിലും ഉമ്മാക്ക് മോൻ കൂടെ ഉണ്ടാകൂലോ.

എന്നെ പ്പറ്റി ചിന്തിക്കാൻ ഉമ്മ എങ്കിലും ഉണ്ടല്ലോ എന്നോർത്തപ്പോൾ കണ്ണ് നിറഞ്ഞു. ഭൂമിയിലെ സ്വർഗ്ഗം ഉമ്മ തന്നെയാണ് എല്ലാ മക്കൾക്കും.ന്റെ പെങ്ങമ്മാർക്ക് മാത്രം ഇല്ലായ്മകൾ പറഞ്ഞ് കൈനീട്ടാനും വീട്ടിലെ സാധനങ്ങൾ സ്വന്തം വീട്ടിൽ എത്തിക്കാൻ സമ്മതം നൽകാനും മാത്രമുള്ള ഒരു മാർഗ്ഗമായിട്ടേ ഉമ്മയെ കാണാറുള്ളു.അവരോടും ഉമ്മാക്ക് സ്നേഹം മാത്രമേ ഉള്ളു.. ആ മനസ്സാണ് ഓരോ ഉമ്മമാരേയും സ്വർഗത്തിന് തുല്യരാക്കുന്നത്..

ഉമ്മാന്റെ വാക്കുകൾ ഇന്നോളം നിരസിച്ചിട്ടില്ല. ഇതും അനുസരിച്ചു.

വീട്ടിലെത്തി പെട്ടികൾ പൊട്ടിക്കും വരെ പെങ്ങമ്മാരും ഭർത്താക്കളാരും ഓരുടെ കുട്ടികളും എല്ലാം ഉണ്ടായിരുന്നു. ഇനി നിന്നിട്ടും പ്രയോജനം ഇല്ലാന്ന് അവർക്കറിയാം. കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ.ആ മക്കളെ ആദ്യമായി കാണുകയാണ് നേരിട്ട്. കൊതി തിരെ കാണും മുൻപേ അവരെക്കെ മടങ്ങുകയും ചെയ്തു. ഇപ്പോൾ ഉമ്മാക്ക് ഞാനും എനിക്ക് ഉമ്മയും മാത്രമായി.ഉമ്മറത്ത് ഉമ്മാന്റെ മടിയിൽ ആകാശം നോക്കി കിടക്കുമ്പോൾ മുടിയിലൂടെ ആ വിരലുകൾ ഓടി നടക്കും.ഉമ്മാന്റെ കൈകൾക്ക് പടച്ചോൻ എന്തോ പ്രത്യേകതകൾ നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ആ തലോടലിനും വാത്സല്യത്തിനും ഇത്രയും നല്ലൊരു അനുഭൂതി ഉണ്ടാവില്ലായിരുന്നു..

കുഞ്ഞോനെ അൻക്കും വേണ്ടേ ഒരു ജീവിതം.ഉമ്മാക്ക് അറിയുന്ന ഒരു കുട്ടിയുണ്ട്. മ്മൾക്ക് ഒന്ന് പോയി കണ്ടാലോ? മോനും ഒരു കുടുംബമായി കാണണം ഉമ്മിക്ക്..

ന്തിനാ ഉമ്മാ ഇപ്പോ ഒരു നിക്കാഹ്. ഓളെ കൂടി കഷ്ടപ്പെടുത്താനോ.. എന്തെങ്കിലും ഒരു ജോലി കണ്ടെത്തി ഒരു നിലനിൽപ്പ് ആയിട്ട് പോരെ..

മതി.. ഒന്ന് പോയി കാണാം മ്മൾക്ക്. ഉമ്മ ചെല്ലാന്ന് പറഞ്ഞു..

ഓര് ഗൾഫ്കാരൻ അന്നെന്ന് ഓർത്താല്ലേ ഉമ്മാ ആലോചിച്ചത്.ഗൾഫ്കാരന്റെ കയ്യിൽ ഒന്നുമില്ലാന്ന് അറിയുമ്പോൾ ഒഴിവാക്കിക്കോളും.ഉമ്മ പറഞ്ഞ സ്ഥിതിക്ക് മ്മൾക്ക് പോവാം. വാക്ക് പറഞ്ഞതല്ലേ ഉമ്മ.. പടച്ചോന്റെ വിധി എന്താന്ന് അറിയില്ലല്ലോ..

പെണ്ണിനെ ആർക്കായാലും ഇഷ്ടമാകും. അത്രക്ക് നല്ലൊരു കുട്ടി.. എനിക്കും ഇഷ്ടമായി.. അവളോട് സംസാരിക്കാൻ ഒരവസരം ചോദിച്ച് വാങ്ങി ഞാൻ എല്ലാം തുറന്ന് പറയാൻ. ആ കുട്ടിയെ വെറുതേ മോഹിപ്പിക്കണ്ടല്ലോ എന്നോർത്ത്.

ഞാൻ തുറന്ന് പറയുന്നത് കൊണ്ട് കുട്ടിക്ക് ഒന്നും തോന്നരുത്. ഗൾഫ്കാരനെന്ന് പേരേ ഉള്ളു. സമ്പാദ്യം ഒന്നുമില്ല.. രണ്ട് പെങ്ങമ്മാരെ കെട്ടിച്ചയച്ചു. അവരുടെ ഇത് വരെ ഉള്ള എല്ലാ കാര്യങ്ങളും ആഗ്രഹങ്ങളും നടത്തി കൊടുത്തു.വീട് പുതുക്കി പണിതു.കിട്ടുന്നത് അത്രയും നാട്ടിലേക്ക് അയക്കും പട്ടിണി കിടന്നും പച്ച വെളളം കുടിച്ചും. എനിക്കെന്നും പറഞ്ഞ് ഒന്നും മാറ്റിവെക്കാനായിട്ടില്ല. ഒരസുഖം വന്നാലും അതും പെനഢോളിൽ ഒതുക്കും. എന്റെ സമ്പാദ്യം എന്റെ കുടുംബമാണ്.ന്റെ ഉമ്മയാണ്. ന്റെ പെങ്ങന്മാരാണ്. ആ കൂടെ ഇയ്യും കൂടെ കൂടിയാലും എനിക്ക് സന്തോഷമേ ഉള്ളു. പക്ഷേ അർക്കായാലും കാണൂലേ വിവാഹം കഴിക്കുന്ന ആൾ എങ്ങനെ ആകണം എന്നുള്ള ആഗ്രഹങ്ങൾ..ഉപ്പ മരിച്ചപ്പോൾ ഉപ്പാന്റെ സ്ഥാനം ഏറ്റെടുത്ത കുടുംബം സംരക്ഷിക്കാൻ ഇറങ്ങിയതാണ്.അൻക്കൊരു മഹറ് തരണം എങ്കിലും ഒരു ജോലി കണ്ടെത്തണം.  അവിടുന്ന് വേണം എനിക്ക് എന്റെ ജീവിതം തുടങ്ങാൻ.ഒപ്പം കൂടിയാലും കുട്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വരും. എനിക്ക് ജീവനുള്ളിടത്തോളം ഞാൻ പട്ടിണിക്കിട്ടില്ല. ഞാൻ കഴിച്ചില്ല എങ്കിലും നിന്നെ ഞാനൂട്ടും. അത് വാക്കാണ്..

എന്റെ വാക്കുകൾ കേട്ടിട്ടും മറുപടി പറയാതെ നിൽക്കുന്ന ഓളെ കണ്ടപ്പോഴെ ഓൾക്കെന്നെ ഇഷ്ടായില്ലാന്ന് തോന്നി.. തുറന്ന് പറഞ്ഞ് മനസ്സിന്റെ ഭാരം ഒഴിവാക്കി ഞാൻ നടന്നകന്നപ്പോൾ പിന്നിൽ നിന്ന് ഓളെന്നെ വിളിച്ചു..

ഇക്കാ... ഒന്ന് നിക്കോ…

തീരെ പ്രതീക്ഷിക്കാതെയുളള ആ വിളിയിൽ ഞാൻ അത്ഭുതപ്പെട്ടു..

എൻക്ക് ഇക്കാന്റെ ഒപ്പം ജീവിക്കണം. ങ്ങളെ മഹറിന്റെ അവകാശി ആവണം എനിക്ക്.. ങ്ങൾ മഹറായ് തരുന്ന സ്വർണ്ണത്തിന്റെ തൂക്കത്തിന് അനുസരിച്ചാണോ ഞാൻ ങ്ങളെ സ്നേഹിക്കണ്ടതും മനസ്സിലാക്കേണ്ടതും. അല്ലല്ലോ. പട്ടിണി ആയാലും  മരണം വരെ ചേർത്ത് പിടിക്കാൻ ങ്ങൾ ഉണ്ടാവും എങ്കിൽ കഷ്ടപ്പെടാൻ ഞാൻ തയ്യാറാണ്..

പിന്നെ മഹറ് വേണം എനിക്ക്.ഒരു ഖുർആൻ.. ഏറ്റവും മൂല്യമുള്ള മഹർ അതാണ്. മുൻപോട്ടുള്ള ജീവിതത്തിൽ പ്രകാശമാകാൻ.വഴികാട്ടി ആവാൻ.. ഈ ലോകം നിലനിൽക്കുന്നിടത്തോളം അത് നിലനിൽക്കും. അത് പോലാവട്ടെ നമ്മുടെ സ്നേഹവും ജീവിതവും….

ഉമ്മയെ പോലെ എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പടച്ചോൻ ഒരു നല്ല പാതിയെ നൽകിയിരിക്കുന്നു..

ഇന്ന് തന്നെ എനിക്ക് വാങ്ങണം എന്റെ മുത്തിനൊരു മഹർ…

അവൾ ആഗ്രഹിച്ച മഹർ…

❤ആയിഷ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്