കിസ്സകൾ

"ആരാടീ നിനക്കവൻ.. ഒന്നിച്ച് ബെെക്കിൽ വരാൻ മാത്രം എന്ത് ബന്ധമാടീ നിങ്ങൾ തമ്മിൽ"...

അച്ഛൻെ കെെ ആദ്യമായി  മുഖത്ത് പതിഞ്ഞ വേദനയെക്കാൾ കൂടുതൽ നെഞ്ചിൽ നീറ്റലുണ്ടാക്കിയത് വിനുവേട്ടനെപ്പറ്റിയുള്ള അച്ഛൻെറ ആ ചോദ്യമായിരുന്നു..

മുറിയിൽ കയറി തലയണയിൽ മുഖം പൊത്തിക്കരയുമ്പോഴും ആ ചോദ്യം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു...

മുറിയ്ക്ക് പുറത്ത് അമ്മയും അച്ഛമ്മയും ശബ്ദം ഉയർത്തിക്കൊണ്ട് തന്നെയിരുന്നു..

നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രായം തികഞ്ഞ പെണ്ണിനെ അടുത്ത വീട്ടിലെ ചെക്കനുമായി അടുത്തിടപെഴകാൻ വിട്ടതിന് സ്വയം പഴിച്ചും അതിന് പൂർണ സ്വാതന്ത്ര്യം തന്ന അച്ഛനെയും ചേട്ടനെയും കുറ്റപെടുത്തിയും അമ്മ ഏങ്ങലടിക്കുന്നത് കണ്ടപ്പോൾ മനസ് ശൂന്യമായിരുന്നു..

ആർക്കാണ് മാറ്റം സംഭവിച്ചത്?.....

ഏട്ടനും തനിക്കും ചോറു വാരിത്തരുന്നതിനോടൊപ്പം തൊട്ടടുത്ത വീട്ടിലേതായിരുന്നിട്ട് കൂടി വിനുവേട്ടനും വാരിക്കൊടുത്തിരുന്ന അച്ഛമ്മയ്ക്കോ??

കൊണ്ടുവരുന്ന പലഹാരപ്പൊതി  "രണ്ട് ഏട്ടന്മാർക്കും കൂടി കൊടുക്കണമെന്ന്" പറഞ്ഞ് നെറുകയിൽ മുത്തം തന്ന അച്ഛനോ??.

സ്കൂളിൽ പോകുമ്പോൾ "ഉണ്ണി ശ്രദ്ധിയ്ക്കില്ല. ൻെറ മോൾ വിനുവേട്ടൻെറ കയ്യിൽ മുറുകെ പിടിച്ചോണേ" എന്ന് പറഞ്ഞു വിട്ടിരുന്ന അമ്മയ്ക്കോ???..

ആർക്കൊക്കെ മാറ്റം വന്നാലും അമ്മൂട്ടീന്ന് വിളിച്ച് വരുന്ന വിനുവേട്ടനോടുള്ള തൻെറ സ്നേഹത്തിന് മാറ്റം വരുകയില്ല..

ഓർമ്മ വെച്ച നാൾ മുതൽ അമ്മൂന് രണ്ട് ഏട്ടന്മാരുണ്ടെന്ന് കേട്ടാണ് വളർന്നത്.. ബന്ധങ്ങളെപറ്റി മനസിലാക്കാൻ പ്രായമായപ്പോഴാണ് ഉണ്ണി സ്വന്തം ഏട്ടനാണെന്നും വിനുവേട്ടൻ അയൽവാസിയാണെന്നും തിരിച്ചറിഞ്ഞത്.. എന്നിട്ടും മനസിൽ പതിഞ്ഞത് തിരുത്തിയില്ല...

പക്ഷേ അത് പറഞ്ഞ് തന്നവർ തന്നെ ഇന്ന് തന്നെ ശാസിക്കുന്നു.. അതിരുകളിടുന്നു...

ഉണ്ണിയേട്ടൻെറ ബെെക്കിൻെറ ശബ്ദം കേട്ടപ്പോൾ അറിയാതെ നെഞ്ചിടിപ്പ് കൂടി...

ഇനി ഉണ്ണിയേട്ടനും മാറിയിട്ടുണ്ടാവുമോ.. അത് മാത്രം തനിക്ക് സഹിക്കില്ല... ആരൊക്കെ സംശയിച്ചാലും ഉണ്ണിയേട്ടനു തന്നെ വിശ്വാസമാണെന്നതായിരുന്നു തന്റെ ധെെര്യം....

അമ്മയും അച്്ഛമ്മയും എന്തൊക്കെയോ ഏട്ടനോട് പറഞ്ഞ് കൊടുക്കണു...അച്ഛൻ ഒന്നും മിണ്ടണില്ല...

ഉണ്ണിയേട്ടൻ കതക് തുറന്ന് മുറിയിലേക്ക് വന്നു..

"ഈ കേട്ടതൊക്കെ സത്യാണോ അമ്മൂ"

ഏട്ടന്റെ ആ ചോദ്യത്തിന് ഉള്ളിലെ തേങ്ങലിനെ പുറത്ത് കൊണ്ടുവരാനുള്ള ശക്തിയുണ്ടായിരുന്നു...

" എനിക്കറിഞ്ഞൂടെടീ നിന്നേം അവനേം.. മുട്ടിലിഴയണ പ്രായം തൊട്ട് കൂടെയുണ്ടവൻ.. ആങ്ങളയുടെ സ്ഥാനത്ത് നിന്ന് എന്നേക്കാൾ നന്നായി അവൻ നിന്നെ നോക്കുന്നത് കണ്ട് എനിക്ക് പോലും അസൂയ തോന്നിയിട്ടുണ്ട്.. ഏട്ടന് വിശ്വാസമാട്ടോ ൻെറ കുട്ടിയെ"

വിതുമ്പുന്ന തന്നെ നെഞ്ചിൽ ചേർത്തു ഏട്ടൻ പറഞ്ഞ വാക്കുകൾ സന്തോഷത്തേക്കാൾ കൂടുതൽ ആത്മവിശ്വാസമാണ് നൽകിയത്...

"അവരു പറയണതൊന്നും കാര്യാക്കണ്ട.. അവരൊക്കെ പഴയ ആളുകളല്ലേ.. സ്വന്തം മകളെപറ്റി ആരെങ്കിലും മോശം പറയണ കേട്ടാൽ സങ്കടാവും.. അത്രേയുള്ളൂ.. മോളത് കാര്യാക്കണ്ട... പിന്നെ ഇന്നത്തെക്കാലത്ത് ആരെയാ വിശ്വസിക്കാൻ പറ്റുക.. അതിൻെറ പേടി കൊണ്ട് കൂടീയാ.. നിന്നെ നീ സൂക്ഷിച്ചാൽ മതി.. അതിനുള്ള പക്വത നിനക്കുണ്ട്..."

ശരിയാണ്.. രക്തബന്ധങ്ങൾക്ക് പോലും വിലയില്ലാത്ത ഇന്നത്തെക്കാലത്ത് അവർ പേടിച്ചതിൽ തെറ്റ് പറയാനാവില്ല...

" ഒരു വയറ്റിൽ പിറന്നില്ലേലും അമ്മു വിനൂന് അനിയത്തി തന്നെയാണ്.. അത് മനസിലാക്കാൻ കഴിയുന്നവർ മനസിലാക്കുക..."

മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഏട്ടൻ എല്ലാവരോടുമായി ഇത് പറഞ്ഞു ...

സംശയിച്ചവരോട് തോറ്റ് പിന്മാറാൻ താനും  ഒരുക്കമല്ലായിരുന്നു... കൂടെപ്പിറക്കാതെയും കൂടപ്പിറപ്പാകുമെന്ന് വിനുവേട്ടനും തനിക്ക് തെളിയിച്ച് തന്നു കൊണ്ടിരുന്നു..

ഇഷ്ടം  തോന്നിയ പെണ്ണിനെ പറ്റി ആദ്യം തന്നോട് പറഞ്ഞു  വിനുവേട്ടൻ.. ആ ഇഷ്ടത്തിന് സകല സപ്പോർട്ടും നൽകി കൂടെ നിന്നതും താനാണ്..

ഇഷ്ടം വീട്ടിലറിഞ്ഞ് വിവാഹം നടത്താനുള്ള തീരുമാനത്തിലെത്തിയപ്പോൾ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അമ്മൂൻെറ കല്ല്യാണം കഴിഞ്ഞ് മതി എന്റേതെന്ന് വിനുവേട്ടൻ ഉറപ്പിച്ച് പറഞ്ഞു....

തനിക്ക് ചെക്കനെ കണ്ടെത്താനും  വിവാഹം ഉറപ്പിക്കാനും മുന്നിൽ വിനുവേട്ടൻ ഉണ്ടായിരുന്നു..

കല്ല്യാണത്തിൻെറ  ഒരുക്കങ്ങൾക്കായി ഒാടി നടക്കുന്ന വിനുവേട്ടനെ കണ്ടപ്പോൾ പലരുടെയും ഉള്ളിലെ സംശയങ്ങൾ ഉരുകിയൊലിച്ചിരുന്നു.....

കല്ല്യാണത്തലേന്ന് വിയർത്തൊലിച്ച് വന്ന് ഒരു ജോടി സ്വർണകൊലുസ് തൻെറ കയ്യിലേക്ക് വെച്ചു തന്ന് ധൃതിയിൽ പോയ വിനുവേട്ടനെ നോക്കി നിന്നപ്പോൾ നെഞ്ചു പിടഞ്ഞു....

കല്ല്യാണത്തിന് ഉണ്ണിയേട്ടനുൾപ്പെടെ  എല്ലാവരുടെയും അനുഗ്രഹം വാങ്ങിയപ്പോൾ അച്ഛനാണ് വിനുവേട്ടനെ കൂട്ടിക്കൊണാടു വന്നത്..

"ആ കുട്ടി മടുത്തിട്ടുണ്ടാവും.. മതിയാക്കൂ "എന്ന് ആരോ പറഞ്ഞപ്പോഴും വെറ്റിലയും അടയ്ക്കയുമായി ചെന്ന് "ഇതും ൻെറ സ്വന്തം ഏട്ടനാ"ന്ന് പറഞ്ഞ് താൻ ആ കാലിൽ തൊട്ട് നമസ്കരിച്ചപ്പോൾ താനും വിനുവേട്ടനും മാത്രമല്ല അച്ഛനും അമ്മയും അച്ഛമ്മയും കരഞ്ഞു.....

താലി കെട്ടിൻെറ സമയത്ത് രണ്ടാളെയും അവിടെങ്ങും കണ്ടില്ല..

സദ്യയുടെ നേരത്ത് രണ്ടാളും വിളമ്പാൻ മുന്നിലുണ്ടായിരുന്നു..

്അടുത്ത് നിന്ന ആരോ അതാണ് പെണ്ണിൻെറ ആങ്ങളമാർ എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു.....

യാത്ര പറഞ്ഞിറങ്ങാൻ നേരം രണ്ടാളും മുന്നിൽ വന്നു.. കരയുന്ന തന്നെ കളിയാക്കി യാത്രയാക്കുമ്പോഴും അവരുടെ നിറഞ്ഞു വരുന്ന കണ്ണുകളെ തടഞ്ഞു നിർത്താൻ അവർ ശ്രമിച്ചിരുന്നു...

ജനിച്ച വീട്ടിലെ വിരുന്നുകാരിയായി തിരിച്ചു വരുമ്പോൾ തന്നെ കാത്തിരിക്കുന്ന രണ്ട് ഏട്ടന്മാരുടെ കരുതലും വാത്സല്യവുമായിരുന്നു പുതിയ ജീവിതത്തിലേക്കുള്ള തന്റെ മുതൽക്കൂട്ട്....

സഹോദരങ്ങളാകാൻ കൂടെപ്പിറക്കണമെന്നില്ല.  രക്തബന്ധമല്ലാതിരുന്നിട്ട് കൂടി സാഹോദര്യം കാത്തു സൂക്ഷിക്കുന്ന ഒരുപാട് നല്ല മനസുകളുണ്ട്. സമൂഹത്തിൻെറ കഴുകൻ കണ്ണുകൾ കൊത്തി വലിക്കുമ്പോഴും സാഹോദര്യത്തിൻെറ പവിത്രത കളയാതെ കാക്കുന്ന കുറേ ബന്ധങ്ങൾ...

Sandhrapt

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്