ജന്മരഹസ്യം

ജന്മരഹസ്യം
************

"നീയെന്താ സുകു ഈ പറയുന്നത് ?നിനക്കു  അഞ്ചു മക്കളേയുള്ളുന്നു എനിക്കറിയാവുന്നതല്ലേ
ഇപ്പോ എങ്ങനെ ആറു പേരായി ?"

"അവളെന്റെ മകൾ തന്നെയാടാ പാപ്പീ ..
നിനക്ക് ഓർമയില്ലാഞ്ഞിട്ടാ..കുഞ്ഞോളുടെ ഇളയതാ അവൾ "

അച്ഛന്റെ കൂട്ടുകാരൻ ഒരുപാട് വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ കാണാൻ വന്നതാണ്..
വന്നപ്പോൾ മുതൽ അദ്ദേഹം എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നത്.എല്ലാരും പരിചയപ്പെടുമ്പോൾ 'അമ്മ എന്നെ മാത്രം അടുക്കളയിലേക്കു കൂട്ടികൊണ്ടു പോന്നു..

ഇപ്പോൾ രാത്രി ഭക്ഷണം കഴിഞ്ഞു വീണ്ടും അയാൾ ആ വിഷയം എടുത്തിട്ടു..എല്ലാം കേട്ടുകൊണ്ട് ഒരു ചുവരിനിപ്പുറെ ഞാനും കൊച്ചേച്ചിയും ചേട്ടന്മാരും ഇരുന്നു..

ആറു മക്കളായിരുന്നു ഞങ്ങൾ.. മൂത്ത 
ചേച്ചിയെ കെട്ടിച്ചു വിട്ടു..മൂന്ന് ചേട്ടന്മാരും
ഞാനും കൊച്ചേച്ചിയും പഠിക്കുന്നു..

അച്ഛക്ക് ഏറ്റവും ഇഷ്ടം എന്നെ ആയിരുന്നു..എന്ത് വാങ്ങുമ്പോളും എന്റെ ഇഷ്ടത്തിനായിരുന്നു മുൻഗണന
അന്നുവരെ വീട്ടിൽ എല്ലാവരേക്കാളും വെളുപ്പും സ്റ്റൈലും എനിക്കാണ് എന്ന എന്റെ അഹങ്കാരം ഒറ്റദിവസം കൊണ്ട് ഭയമായി തീർന്നു

അന്ന് രാത്രി ആ വിഷയം തന്നെ.വീണ്ടും വീണ്ടും ചോദിച്ചു അയാളും അച്ഛയും തമ്മിൽ വഴക്കായി.അയാളിറങ്ങിപോവുകയും ചെയ്തു.

എല്ലാരും ആ വിഷയം മറന്നു പക്ഷെ എന്റെ ഹൃദയത്തിൽ അത് മായാതെ കിടന്നു..ഒരു പത്താം ക്‌ളാസുകാരിയുടെ ഉറക്കം നഷ്ടപ്പെടാൻ ഇതിനേക്കാൾ വലുത് എന്താണുള്ളത്.

അച്ഛയുടെയും അമ്മയുടെയും ഓരോ ചലനങ്ങളും അവരറിയാതെ ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു ഞാൻ..

ഇതുവരെ ശ്രദ്ധിക്കാത്ത പലതും അപ്പോളെന്റെ കണ്ണിൽ തെളിഞ്ഞു വന്നു..വീട്ടിൽ ആർക്കുമില്ല എന്റെ നിറം..എന്നോട് മാത്രം വല്ലാത്തൊരു സ്നേഹമാണ് അച്ഛക്കും അമ്മയ്ക്കും..

ഇന്നലെ വരെ ആസ്വദിച്ച ഓരോ ചെറിയ സന്തോഷവും ഇന്നെന്റെ ഏറ്റവും വലിയ
ഭയമായി മാറി..
ഏറ്റവും ഇളയതാണ് ഞാൻ ..എങ്കിലും കൊച്ചേച്ചിയേക്കാൾ വളർച്ച എനിക്കായിരുന്നു

വർഷങ്ങൾക്കു മുന്നേ ഇങ്ങോട്ടു കുടിയേറിയതാണ് ഞങ്ങടെ കാർഷികകുടുംബം പറയത്തക്ക ബന്ധുക്കളൊന്നും ഇല്ലാത്തതിനാൽ ആരുമായും വല്യ അടുപ്പമില്ലാത്ത ജീവിതം ആയിരുന്നു ഞങ്ങളുടേത്..

ഒരു ദിവസം എല്ലാവരും പറമ്പിൽ പണിയിൽ ആയതിനാൽ കുളിച്ചു ദീപം കൊളുത്താൻ അമ്മ എന്നെ വീട്ടിലേക്കയച്ചു..കുളിച്ചു ദീപം കൊളുത്തി മുറിയിലെ ഇരുട്ടിൽ നിന്നും വരാന്തയിലേക്ക്
ഇറങ്ങിയ എന്നെ പുറകിലൂടെ ആരോ ഇറുകെ കെട്ടിപിടിച്ചു ..

രണ്ടു നിമിഷം കൊണ്ട് ബലിഷ്ഠമായ ആ കൈകൾ എന്റെ വയറിലൂടെ മാറിലേക്ക് ഇഴഞ്ഞു..വിളക്ക് കൊണ്ട് വീശി ഒരടി അടിച്ചു ഞാൻ അയാളെ..അലർച്ച കേട്ട് തിരിഞ്ഞ  ഞാൻ കണ്ടത് ചോരയൊലിക്കുന്ന നെറ്റിയുമായി ഇറങ്ങി ഓടുന്ന നിഴൽ ആണ്..പക്ഷെ ഏതിരുട്ടിലും സ്വന്തം ചേട്ടന്റെ നിഴൽ അനിയത്തിക്കു തിരിച്ചറിയാതിരിക്കില്ലലോ..

ആദ്യം ഒരു ഞെട്ടൽ ആയിരുന്നു..പിന്നെ അത് മരവിപ്പായി...രക്തബന്ധത്തിന്റെ നൂലിഴകളാൽ ബന്ധിക്കപ്പെട്ട പരിപാവനമായ ഒരു സ്വർഗം ഒറ്റ നിമിഷം കൊണ്ടില്ലാതെയായി.ആ സ്ഥാനത്തു അറപ്പും വെറുപ്പും തോന്നുന്ന ആർത്തി പിടിച്ച ശരീരത്തിന്റെ ചലനം ബാക്കിയായി മനസ്സിൽ.

ഒന്നുമറിയാത്ത പോലെ ചെറിയൊരു
വീഴ്ചയുടെ പേരും പറഞ്ഞു തലയിൽ
വച്ചുകെട്ടുമായി രാത്രിയിൽ കയറിവന്ന ആ
രൂപം പിന്നീടെന്നും ഉള്ളിൽ ഭയം
കൂട്ടികൊണ്ടേ ഇരുന്നു

പിന്നീടുള്ള ഓരോ ദിവസങ്ങളും നിസ്സഹായതയുടെയും ഭയപ്പാടിന്റേതും ആയിരുന്നു..ആരോട് പറയും അറീല്ല..അച്ഛയ്ക്ക് തീരെ സുഖമില്ലാതിരിക്കയാണ് .'അമ്മ ആ വിഷമത്തിൽ ആകെ ആധി പിടിച്ചിരിപ്പാണ്..
എപ്പോളും ആലോചന..

ചെറുപ്പം മുതൽ എനിക്ക് അടുപ്പം വല്യേച്ചിയോടായിരുന്നു..വല്യേച്ചിയുടെ വിവാഹം കഴിഞ്ഞതോടെ തീർത്തും ഒറ്റപ്പെട്ട പോലെ ആയിരുന്നു ഞാൻ..ആ ശൂന്യത നികത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും  കൊച്ചേച്ചിക്കും കഴിഞ്ഞില്ല.

അമ്മയുടെ നിലവിളി കേട്ടാണ് ആ രാത്രി ഞങ്ങൾ
ഉണർന്നത്..അച്ഛയ്ക്ക് തീരെ വയ്യാതായിരിക്കുന്നു..ശ്വാസം ആഞ്ഞൂ വലിക്കുന്നുണ്ട്..

അരികിലിരുന്നു പൊട്ടിക്കരയുന്ന എന്റെ കൈകളിൽ മുറുകെ പിടിച്ചു അമ്മയുടെ കൈകളിലേക്ക് ചേർത്തുവച്ചു അച്ഛ..അമ്മയോട് എന്തോ പറയാൻ ശ്രമിച്ചു..കരച്ചിലിനിടയിലും അമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ തുളച്ചു കയറി.

"എന്റെ മോള് തന്നെയാ..ഞാൻ നോക്കിക്കോളാം
ഒരു കുറവും വരുത്തില്ല."

കൂട്ടക്കരച്ചിലിനിടയിൽ അമ്മയുടെ ശബ്ദം മുങ്ങിപ്പോയി.അച്ഛയുടെ അവസാന വാക്കുകൾ ആയിരുന്നു അത് .നിശ്ചലമായ... പ്രാണൻ വേർപെട്ട ശരീരം ദയനീയമായി എന്നെത്തന്നെ നോക്കി കിടന്നു .കണ്ടു മതിവരാത്ത പോലെ..

ഒരിക്കലും പ്രതീക്ഷിക്കാത്ത ആ രണ്ടു ദുരന്തങ്ങൾ എന്നെ അടിമുടി തകർത്തു കളഞ്ഞു
ഓരോ നിമിഷവും അമ്മയുടെ വാക്കുകളും അച്ഛയുടെ അവസാന നോട്ടവും എന്നെ വേട്ടയാടി കൊണ്ടിരുന്നു..

തീർത്തും ഒരു വല്ലാത്ത മാനസിക അവസ്ഥയിലൂടെ സഞ്ചരിച്ച ദിവസങ്ങൾ..
ജീവിതം മുന്നോട്ടേക്കു നീക്കാനുള്ള കഷ്ടപ്പാടിൽ 'അമ്മ ഒന്നും അറിഞ്ഞില്ല..

ഒരു വശത്തു ജന്മ രഹസ്യത്തെ പറ്റിയുള്ള ആധി.
മറുവശത്തു സ്വന്തം സഹോദരനിൽ നിന്നും മാനം രക്ഷിക്കാനുള്ള കരുതൽ..ഓരോ ദിവസവും ഉമി തീയിൽ ഉരുകും പോലെ ആയിരുന്നു കടന്നു
പോയത്..

പലപ്പോളും ആലോചനയുടെ മൂർച്ച കൂടുമ്പോൾ അറിയാതെ ഞാൻ എന്നോട് തന്നെ പിറുപിറുത്തു തുടങ്ങി..പല ചരടുകളും 'അമ്മ ജപിച്ചു കിട്ടിയെങ്കിലും എന്റെ രാത്രികൾ ഉറക്കമില്ലാതെയും പകലുകൾ
ആലോചനയിലും കുഴഞ്ഞു കിടന്നു.

അടുത്ത വീട്ടിലെ കല്യാണത്തലേന്നായിരുന്നു എന്റെ ജീവിതത്തിലെ അടുത്ത വഴിത്തിരിവ്
പതിവുപോലെ  കൂടെ ചെല്ലാതിരുന്ന എന്നെ വീട്ടിൽ ഇരുത്തി അമ്മയും ചേച്ചിമാരും കല്യാണ വീട്ടിൽ പോയി..

അവർ തൊട്ടടുത്ത വീട്ടിൽ ഉള്ളതിനാൽ വാതിലടക്കാതെ കിടന്നു ഞാൻ.
ഉറക്കത്തിന്റെ ഏതോ തലത്തിൽ.
നെഞ്ചിൽ ഭാരം വച്ച് അമർത്തും പോലെ തോന്നിയപ്പോളാണ് ഉണർന്നത് ഞാൻ.

നിലവിളിക്കാൻ ശ്രമിക്കുമ്പോളേക്കും
വായടച്ചു പിടിച്ചു കഴിഞ്ഞിരുന്നു..മറ്റൊരു ശരീരത്തിനടിയിൽ ഞെരിയുകയാണ്
ഞാനെന്നു ഉൾക്കിടിലത്തോടെ
തിരിച്ചറിഞ്ഞു ഞാൻ.
ചെവിയിൽ കേട്ട മുരൾച്ച ഭയന്ന
ശബ്ദം തന്നെ ആയിരുന്നു..

"അടങ്ങികിടന്നോ..എന്റെ പെങ്ങളല്ല നീയെന്നു
എനിക്കറിയാം.ഇത്രേം കാലം തിന്നതിന്റെ കടം
വീടുക ആണെന്നു കരുതിക്കോ"

വസ്ത്രങ്ങളുടെ കുടുക്കുകൾ ഭ്രാന്തമായി അഴിക്കാൻ ഒരു കൈ മതിയാവാതായപ്പോൾ ചേട്ടൻ എന്റെ വായിൽ നിന്നും കൈ എടുത്തു..

അടുത്ത നിമിഷം അലറി കരഞ്ഞു ഞാൻ..അവന്റെ ഒരു നിമിഷത്തെ പതർച്ച മതി ആയിരുന്നു എനിക്ക്..അതോടെ എല്ലാവിധ തളർച്ചയും എന്നെ വിട്ടകന്നു..അവനെ ചവിട്ടി
തെറിപ്പിച്ചു അടുക്കളയിലേക്കു കുതിച്ചു ഞാൻ

അടുക്കളയിലെ മൂലയിൽ വച്ചിരുന്ന മണ്ണെണ്ണ കാനടക്കം തലയിലേക്ക് കമിഴ്ത്തി നിൽക്കുന്ന എന്നെ പിടിക്കാൻ ചേട്ടൻ വരുമ്പോളേക്കും തീപ്പെട്ടി എടുത്തു കഴിഞ്ഞിരുന്നു ഞാൻ..ഭ്രാന്തമായൊരു അഭിനിവേശം എന്നെ ബാധിച്ചിരുന്നു..

ഉരച്ച തീപ്പെട്ടികൊള്ളി കത്താതെ അടുത്തത് എടുക്കുമ്പോളേക്കും അമ്മയുടെ കരച്ചിൽ ചെവിയിൽ മുഴങ്ങി..അടുത്തത് ഉരയ്ക്കും മുന്നേ വല്യേച്ചി അലർച്ചയോടെ എന്റെ ദേഹത്തേക്ക് ചാടിവീണു പൊതിഞ്ഞു പിടിച്ചു..

എന്തൊക്കെ ആണ് ഞാൻ വിളിച്ചു പറഞ്ഞത് എനിക്ക് തന്നെ അറിയില്ല..മനസിലുള്ള എല്ലാ ദുഖങ്ങളും സംശയങ്ങളും ആർത്തലച്ചു പെയ്തു ചിലപ്പോൾ ചോദ്യമായി ചിലയിടത്തു അലർച്ചയായി അട്ടഹാസമായി..വല്യേച്ചിയുടെ നെഞ്ചിൽ കിടന്നു പതം പറഞ്ഞു കരയുന്ന എന്നെ നോക്കി മരവിച്ചു നിന്നമ്മ..

കുളിപ്പിച്ചെടുത്ത എന്നെയും കൊണ്ടാണന്ന് വല്യേച്ചി ഭർതൃവീട്ടിലേക്കു പോയത് .ചേച്ചിയുടെ ഭർത്താവിനും എന്നെ ഒരുപാടിഷ്ടമായിരുന്നു .
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കെട്ടുറപ്പുള്ള ആ കൊച്ചു വീട്ടിൽ ചേച്ചിയുടെ രണ്ടു ആണ്മക്കളുടെ കൂടെ കളിച്ചു ചിരിച്ചു
എല്ലാം മറന്നു നടന്നു ഞാൻ..

രാത്രികളിൽ ചേച്ചിയുടെ കൂടെ ഉള്ള കിടത്തം എല്ലാ ഭയവും മറന്നുറങ്ങിയ ദിവസങ്ങൾ ആയിരുന്നു അതൊക്കെ...പതിവുപോലെ അന്നും വല്യേച്ചിയെ കെട്ടിപിടിച്ചു സംസാരിച്ചുകൊണ്ടു ഉറക്കത്തിലേക്ക് വഴുതിവീണു ഞാൻ..

മുഖത്തു വെള്ളം വീണപ്പോളാണ് ഉറക്കം ഞെട്ടിയത് ഞാൻ..കണ്ണ് തുറന്ന ഞാൻ കണ്ടത് എന്നെ നോക്കിയിരിക്കുന്ന വല്യേച്ചിയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആയിരുന്നു.
പിടഞ്ഞെണീറ്റ എന്നെ നെഞ്ചോട് ചേർത്തു
പിടിച്ചു വല്യേച്ചി പറഞ്ഞു..

"മോള് വിഷമിക്കില്ലെങ്കിൽ വല്യേച്ചി ഒരു കാര്യം പറയാം " എന്റെ ഉള്ളിൽ അമ്മയുടെ മുഖമാണ് അപ്പോൾ തെളിഞ്ഞത്..അമ്മക്കെന്തെങ്കിലും വയ്യായ്ക ആണോ എന്ന ഭയത്തിൽ തളർന്നിരിക്കുന്ന എന്റെ ചെവിയിലേക്ക് വല്യേച്ചി പതുക്കെ ഒരേങ്ങലോടെ പറഞ്ഞു.

"നിന്റെ അമ്മ.... ഞാനാണ് മോളെ..എന്റെ പതിമൂന്നാമത്തെ വയസിൽ എന്റെ വയറ്റിൽ കുരുത്ത മാലാഖയാണ് നീ..ഞാനാണ് നിന്നെ പ്രസവിച്ചത്."

ഹൃദയം ഒരു മഞ്ഞുകട്ട പോലെ തണുത്തിരിക്കുന്നു..സ്വപ്നം ആണെന്നാണ് ആദ്യത്തെ കുറച്ചു നിമിഷങ്ങളിൽ തോന്നിയത്
ഒരിക്കലും സംഭവിക്കാത്ത ഒരു അതിശയം കേട്ടതുപോലെ ..ദേഹത്തൂടെ ഒരു കൊള്ളിമീൻ പാഞ്ഞു പോകുന്നു ആലോചിക്കുമ്പോൾ..
ഒരുപാടു മഞ്ഞിന്റെ പാളികൾക്കിടയിൽ വല്യേച്ചിയുടെ മങ്ങിയ രൂപം എന്തൊക്കെയോ സംസാരിച്ചു കൊണ്ടേ ഇരുന്നു,.

പന്ത്രണ്ടാം വയസിൽ പാപ്പന്റെ വീട്ടിലേക്കു പഠനത്തിനായി പോയ ദാരിദ്ര്യത്തിന്റെ നാളുകൾ.
ഒരു രാത്രി നേരിട്ട ശ്വാസം മുട്ടലും ദേഹം മുറിയുന്ന വേദനയും
ഒടുവിൽ ആരുടേതെന്നറിയാത്ത ഒരു കുഞ്ഞുണ്ട് വയറ്റിൽ എന്നുപോലും മനസിലാകാതെ ആ വലിയ കൂട്ടുകുടുംബത്തിലെ കഷ്ടപ്പാടുകൾ.

ഓണത്തിന് വീട്ടിലെത്തിയ നാളുകളിൽ അമ്മയുടെ കണ്ണിലെ നടുക്കം..നാട്ടിലെ ആശുപത്രിയിൽ പോയപ്പോൾ സമയം കഴിഞ്ഞു പോയെന്നുള്ള ഡോക്ടറുടെ മുന്നറിയിപ്പ്..
മറ്റൊരു നാട്ടിലേക്കുള്ള കൂട്ടപാലായനം അവിടൊരു മഠത്തിലെ തന്റെ ഒളിച്ചുതാമസം
ഒടുവിൽ പ്രസവശേഷം ആ കുഞ്ഞിനേയും കൊണ്ട് എല്ലാം വിറ്റുപെറുക്കി അവിടെനിന്നും ഇങ്ങോട്ടേക്കു.ഇവിടെ ആ കുഞ്ഞു മുത്തശ്ശിയുടെ മകളായി മുത്തശ്ശൻ അവൾക്കു അച്ഛനായി..

നേരം പുലർന്നു വരുന്നേയുള്ളൂ...
ആരും ഉണർന്നിട്ടില്ല..ഇനിയെങ്ങോട്ടെന്നറീല്ല.
എങ്കിലും ഇറങ്ങി..ഒരിക്കലും ചേച്ചിയെ അമ്മയായി കാണാൻ കഴിയില്ല..
അവരുടെ കുടുംബം തകരാതെ സന്തോഷമായിരിക്കട്ടെ...

ഇനിയും വീട്ടിലേക്കു പോയി വീണ്ടുമൊരു അനാഥക്കുഞ്ഞു രക്തബന്ധത്തിൽ ജനിക്കുന്നതിനേക്കാൾ നല്ലതു എങ്ങോട്ടെന്നില്ലാത്ത ഈ യാത്ര തന്നെ
ആണ്...ഇതിന്റെ അവസാനം എവിടെയെന്നറിയില്ല എങ്കിലും
പോവുകയാണ് എന്നെന്നേക്കുമായി..

(അനുഭവത്തിന്റെ തീച്ചൂള കടന്നുവിജയിച്ച എന്റെ പ്രിയ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു ഓരോ വാക്കുകളും )

വിനീത അനിൽ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്